നഴ്സുമാർ യാതൊരു പതർച്ചയുമില്ലാതെ മേൽ വയറിൽ നിന്ന് അടിവയറ്റിലേക്ക് അമർത്തി തടവിപ്പിച്ചു അപ്പോഴാണ് ആരോ എന്റെ അവിടെ ഒരു കീറ് തന്നത് ആ വേദന

EDITOR

ശ്രീജിത്ത് ഇരവിൽ എഴുതുന്നു കാലുകൾ രണ്ടുമകത്തി കിടന്ന് ഞാനന്ന് നിലവിളിക്കുമ്പോൾ ലേബർ റൂമിന്റെ ചുമരുകളും ഇളകുന്ന പച്ച കർട്ടണുകളും എന്നെ കളിയാക്കി ചിരിക്കുന്നത് പോലെയാണ് അന്നെനിക്ക് തോന്നിയത്.അടങ്ങി കിടക്കെടിയെന്നും പറഞ്ഞ് തീരെ കരുണയില്ലാത്തയൊരു നഴ്സ് വന്നെന്റെ വാ തുറന്ന് നിൽക്കുന്ന യോ  -നിയിൽ തൊട്ട് നോക്കിക്കൊണ്ട് അമർത്തി മുക്കാൻ പറഞ്ഞിട്ട് തുടയിൽ രണ്ടടി തന്നപ്പോൾ ഞാൻ കരഞ്ഞുപോയി.ഇടതുഭാഗത്തെ ഭിത്തിയിൽ ഒട്ടിച്ച് വെച്ചയൊരു നവജാത ശിശുവിന് മുലകൊടുക്കുന്നയൊരു സ്ത്രീയുടെ ചിത്രത്തിൽ നിന്നാ കുഞ്ഞെന്നെ നോക്കി കണ്ണിറുക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ മൂന്നും കൽപ്പിച്ച് മുക്കിയമറി.ആ അങ്ങനെ തന്നെ തല കാണുന്നുണ്ട് മോള് പേടിക്കല്ലേ.എന്നൊക്കെ പറഞ്ഞ് രണ്ടും മൂന്നും പെറ്റ നഴ്സുമാർ യാതൊരു പതർച്ചയുമില്ലാതെയെന്നെ കൊണ്ട് മേൽ വയറിൽ നിന്ന് അടിവയറ്റിലേക്ക് അമർത്തി തടവിപ്പിച്ചു. അടിമുടി വിറക്കുന്ന ശരീരത്തിൽ നിന്ന് കിടന്ന കിടപ്പിൽ പ്രാണൻ മേലോട്ട് പൊങ്ങുന്നത് പോലെ തോന്നിയപ്പോഴാണെന്ന് തോന്നുന്നു ആരോയെന്റെ യോനിയുടെ മേൽത്തുമ്പിലൊരു കീറ് തന്നത്.

സകലയെല്ലുകളും വലിഞ്ഞ് മുറുകി ഇടുപ്പിൽ വന്ന് മുഴച്ച് നിൽക്കുന്നയാ നേരത്ത് എനിക്കാ മൂർച്ചയിൽ കീറിയ വേദനയൊന്നും പ്രത്യേകം തിരിച്ചറിയാൻ സാധിച്ചില്ല. ഡോക്റ്ററാണോ നഴ്സാണോ എന്നൊന്നുമെനിക്കറിയില്ല, എന്നിൽ നിന്ന് ആരോയെന്തോ വലിച്ച് പുറത്തേക്കെടുത്തു ഞാറ്റുവേല നേരം മഴ പെയ്തപ്പോൾ കണ്ടത്തിലെ ബണ്ട് പൊട്ടിയത് പോലെ ഞാനൊലിച്ച് പോയെന്ന് എനിക്കന്ന് തോന്നി. കൊഴുത്ത ദ്രാവകങ്ങളിലും രക്തം പടർന്ന പാടകളിലും പുരണ്ടൊരു രണ്ടര ചാൻ വലിപ്പത്തിലൊരു പെൺ കുഞ്ഞിനെയെനിക്കവർ ഒരു നോക്ക് പൊക്കി കാണിച്ച് തന്നു. എന്നിട്ടെങ്ങോട്ടോ കൊണ്ടുപോയി.ആദ്യത്തേത് ആയത് കൊണ്ടാണീ അലർച്ചയെന്നും പറഞ്ഞ് പേറെടുത്തവരെല്ലാം എന്നെ തുടച്ച് വൃത്തിയാക്കി മാറ്റി കിടത്തിയിട്ട് അടുത്ത നിറവയറുകാരിക്കായി സജ്ജമായി.

എനിക്കെന്റെ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞപ്പോൾ കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും മണിക്കൂർ രണ്ട് കഴിഞ്ഞാൽ മുറിയിലേക്ക് പോകാമെന്നും പറഞ്ഞ് അവരാ രംഗമൊഴിഞ്ഞു.ഒഴിഞ്ഞ വയറുമായി ഞാനപ്പോഴെന്റെ അമ്മയെ ഓർക്കുകയായിരുന്നു.അന്ന് നിങ്ങളാരുമെനിക്ക് വേണ്ടായെന്ന് പറഞ്ഞ് പ്രേമിച്ചവന്റെ കൂടെയിറങ്ങി പോയപ്പോഴും, പലവട്ടം ആവർത്തിച്ച് വിളിച്ചിട്ടും കാണാൻ കൂട്ടാക്കാതെ ഞാനെന്റെ വാശി കാണിച്ചപ്പോഴും അമ്മയെത്ര നൊന്ത് കാണുമെന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. അറിഞ്ഞുകൊണ്ടല്ലെങ്കിലും അമ്മയെ നോവിച്ച ഓർമ്മളെല്ലാമെന്നെ പൊള്ളിച്ചപ്പോൾ, എത്ര പെയ്തിട്ടും നിറയാത്തയൊരു മഴക്കുഴിയായി ഞാൻ താനേ മണ്ണിൽ താഴുന്നുത് പോലെയെനിക്ക് തോന്നി.അവസാനം ഡോക്റ്ററുമാർ കുറിച്ച് തന്ന തീയതിക്ക് മുമ്പേയെന്റെ വേദനയളന്ന് പ്രസവ വാർഡിലേക്ക് കൊണ്ട് വരാനും, താടിക്ക് കൈയ്യും കൊടുത്തിരിക്കുന്ന കെട്ടിയവനോട് ഞാനില്ലേ ധൈര്യമായിരിക്കെന്ന് പറയാനും അമ്മ തന്നെ വേണ്ടി വന്നു.

പൊക്കിൾ കൊടി വേർപെടുത്തി എന്നിൽ നിന്നൊരു ജീവൻ പുറത്തേക്ക് വന്നപ്പോഴാണ് ഒരമ്മയും കുഞ്ഞും തമ്മിലുള്ള പ്രപഞ്ച കിരണങ്ങളോളം ദിവ്യമായ ആത്മബന്ധം അതിന്റെയെല്ലാ അർത്ഥത്തിലും എനിക്കപ്പോൾ തിരിച്ചറിയാൻ സാധിച്ചത്.അച്ഛന്റെ മരണത്തിന് ശേഷം താഴത്തും തറയിലും വെക്കാതെയെന്നെ വളർത്തിയാളാക്കിയ അമ്മയുടെ കയ്യിലായിരിക്കുമെന്റെ കുഞ്ഞിപ്പോൾ.ഒരുനോക്ക് മാത്രം കണ്ടെന്റെയാ കുഞ്ഞിനെയോർത്തങ്ങനെ കിടന്നപ്പോൾ അൽപ്പ നേരം മുമ്പ് മൂന്നും കൽപ്പിച്ച് മുക്കിയമറുമ്പോഴെന്റെ ഇടതുഭാഗത്തെ ഭിത്തിയിൽ ഒട്ടിച്ച് വെച്ചയാ നവജാത ശിശുവിന്റെ ചിത്രമെന്നിൽ വീണ്ടും തെളിഞ്ഞു.അതിനെ മാറോട് ചേർത്ത് നിർവൃതിയിൽ മുലയൂട്ടുന്നയാ സ്ത്രീക്ക് എന്റെയമ്മയുടെ മുഖമായിരുന്നില്ലേയെന്ന് ഞാനാ നിമിഷങ്ങളിൽ ശരിക്കും സംശയിച്ചുപ്പോയി.