ഞങ്ങൾ അധ്യാപകർക്ക് കൗൺസിലിന് നു ഒരു സ്ത്രീ വന്നു ഒത്ത വണ്ണ൦ ബോയ് കട്ട് ചെയ്ത ഹെയർ ജീൻസും ഷർട്ടുമാണ് വേഷം അവരുടെ വേഷം കണ്ടപ്പോൾ അധ്യാപകർ പറഞ്ഞു

EDITOR

കൗമാരക്കാരിയുടെ അമ്മ ഇന്ന് ടീച്ചേഴ്സിന് പ്രത്യേകം കൗൺസിലിങ് സെക്ഷൻ ഉണ്ടെന്നു പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിരുന്നു.എന്നും കുട്ടികൾക്കുള്ള കൗൺസിലിങ് ആണ്.ഇന്ന് കുട്ടികൾക്കില്ല അധ്യാപകർക്ക് മാത്രം ആണത്രേ.കുട്ടികളെ ഉച്ചയ്ക്ക് വീട്ടിൽ വിട്ടു.എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്ന് പറഞ്ഞപ്പോളാണ് അതിന്റെ ഗൗരവം ഉൾക്കൊണ്ടത്.ക്ലാസ്സെടുക്കാൻ വന്നതു ജാക്‌ലിൻ ഫെർണാണ്ടസ് എന്നൊരു മാഡം ആയിരുന്നു.നല്ല ഗൗരവക്കാരിയായ ഒരു സ്ത്രീ .നല്ല നീളവും ഒത്ത വണ്ണവും,ബോയ് കട്ട് ചെയ്ത ഹെയർ സ്റ്റൈൽ ,ജീൻസും ഷർട്ടുമാണ് വേഷം.ശാന്തമായ രീതികൾ.എല്ലാത്തിലും പക്വതയുടെ കയ്യൊപ്പുകൾ.എല്ലാ ടീച്ചേഴ്സും മീറ്റിംഗ് റൂമിൽ ഹാജരായി.മുപ്പത്തിയഞ്ചോളം ടീച്ചേർസ്, സാരിയൊക്കെ അണിഞ്ഞു ജാകിലിൻ ഫെർണാഡസിന് ചുറ്റും നിരന്നിരുന്നു .അവരുടെ വേഷം കണ്ടപ്പോൾ അടുത്തിരുന്ന മീനയുടെ കയ്യിലൊരു പിച്ച് കൊടുത്തു.സ്കൂളിൽ വരുമ്പോൾ ഈ വേഷം ഒഴിവാക്കാമായിരുന്നു.അതിന് ഇവർ വളർന്നതും പഠിച്ചതും പുറത്താകും,ഒരു കേരളീയ ടച്ച് ഇല്ലല്ലോ.അതായിരിക്കില്ല പേര് കേട്ടിട്ട് ഒരു ആംഗ്ലോ ഇന്ത്യൻ സാദൃശ്യം തോന്നുന്നില്ലേ.ഒരു പക്ഷെ ഹാഫ് ഇന്ത്യൻ ആകും.

അവർ പ്രസന്റേഷൻ സ്ലൈഡുകൾ സ്റ്റാർട്ട് ചെയ്യുന്നവരെ ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ടേയിരുന്നു.സ്ലൈഡുകൾ കാണിച്ചു തുടങ്ങി.പതിവ് പോലെ കൗമാര പ്രശ്നങ്ങൾ പതിവ് പോലെ ബോറടി.ചിലരൊക്കെ ഉറങ്ങാനും തുടങ്ങി. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന നിലയിൽ ജാകിലിന്റെ സ്ലൈഡ് ഷോ തുടർന്നു.ഇടയ്ക്കു ചായക്ക്‌ സമയമായി.എല്ലാവരും പിരിഞ്ഞു.ബാക്കി ക്ലാസ് നാളെയുണ്ടാകുമെന്നു പറഞ്ഞു ജാകിലിനും പോയി.ക്ലാസ് തീർന്ന ആശ്വാസം .പക്ഷെ നാളെയും ഉണ്ടെന്ന് കേട്ടപ്പോൾ ഒരു നിരാശയും.മിഡ് ടെർമിനൽ പരീക്ഷകൾ വരുന്നു.എന്തൊക്കെ ജോലി കിടക്കുന്നു .പോർഷൻ തീർക്കണം .ചോദ്യ പേപ്പർ തയാറാക്കണം .അതിനിടയിൽ ഏതോ മദാമ്മയുടെ ബോറൻ ക്ലാസും. ഇതിനെയൊക്കെ ക്ലാസ്സെന്നു വിളിക്കാമോ.?വൈകിട്ട് മീനയോടൊപ്പം അവളുടെ വീട്ടിൽ പോയി.പോകുന്ന വഴിയിൽ അവളെനിക്കൊരു വീട് കാണിച്ചു തന്നു.
ഞാൻ നെയിം ബോർഡ് വായിച്ചു.ജാകിലിൻ ഫെർണാണ്ടസ് ,ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ,സ്പെഷ്യലിസ്റ്റ് ഇൻ ടീനേജ് പ്രോബ്ലെംസ്.

വലിയൊരു കോമ്പൗണ്ടിലെ ഒറ്റപ്പെട്ട വീട് .കാർപോർച്ചിൽ കിടക്കുന്ന ഒരു പഴയ ഫിയറ്റ് കാർ,മുറ്റത്തൊരു പടർന്ന് പന്തലിച്ച മാവ് ,വീടിന്റെ മുൻവശത്തെ വലിയൊരു ഒറ്റപ്പാളി ജനൽ,അതിന്റെ വഴിയിലേക്ക് തുറന്ന ജനൽ പാളികൾ ,ജനലിന്റെ തിട്ടയിലിരുന്നു റോഡിലേയ്ക്ക് നോക്കിയിരിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി.അവളുടെ കൈവശം ഇപ്പോഴും കരുതുന്ന ക്യാൻവാസും ബ്രഷും കളർ പാലെറ്റും.എപ്പോഴും വരയ്ക്കുന്ന ജനലരികിലെ പെൺകുട്ടി.മീനയുടെ കവിയായ ഭർത്താവ് ഈ പെൺകുട്ടിയെ പറ്റി ഇങ്ങനൊരു കവിത രചിച്ചിട്ടുണ്ടെന്നു അതൊരു മത്സരത്തിൽ അയാളെ സമ്മാനാർഹനാക്കിയിട്ടുണ്ടെന്നും പുതിയ അറിവായിരുന്നു.
“ഇതാരാണ് മീനേ ?ജാകിലിന്റെ മകളാണെന്ന്‌ പറയുന്നു .ചിന്നു ഡിസൂസ.നല്ലൊരു ആർട്ടിസ്റ്റ് ആണ് .ഇടയ്ക്കു ടൌൺ ഹാളിൽ ചിത്ര പ്രദർശനം വയ്ക്കാറുണ്ട് .എല്ലാം നോക്കുന്നത് ജാകിലിനാണ്.മകൾ അധികമൊന്നും ആരോടും സംസാരിക്കാറില്ല.ഒരു കഴുത്ത് ഏപ്പോഴും ചരിച്ച് വച്ചാണ് ഇരിക്കാറുള്ളത്.മിക്കവാറും കഴുത്തിൽ ഒരു കോളറും കാണും പിറ്റേ ദിവസം ജാകിലിൻ ക്ലാസ്സെടുക്കാൻ വന്നു. അവർ ഓഫ് വൈറ്റ് കളർ സാരിയിൽ അടിപൊളി ലുക്കിൽ ആണ് വന്നത്.അവരുടെ ക്ലാസ്സിലേക്ക് കാലെടുത്ത് വയ്ക്കുന്നത് വരെയുള്ള മുഖഭാവം ആയിരുന്നില്ല ആർക്കും ഉള്ളിൽ കയറി ഇരുന്നതിന് ശേഷം.ഇന്ന് പ്രസൻറ്റേഷൻ സ്‌ക്രീനിൽ ജനാലയുടെ അരികിലിരിക്കുന്ന പെൺകുട്ടിയുടെ പടം ആയിരുന്നു കാണിച്ചത്.അത് ചിന്നു ആയിരുന്നു .കോളർ ചുറ്റിയ ഒരു പെൺകുട്ടി വീൽ ചെയറിൽ ഇരിക്കുന്നു.അവർ പറഞ്ഞു തുടങ്ങി.

ഇതെന്റെ മകൾ ചിന്നു.പഠിക്കാൻ മിടുക്കിയായിരുന്നു.നന്നായി പടം വരയ്ക്കും.ഡോക്ടർ ആകാമായിരുന്നു ആഗ്രഹം.അതിനായി ഞാനവളെ ദൂരെയുള്ള ഒരു എൻട്രൻസ് കോച്ചിങ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.അവൾക്കു എല്ലാ വിഷയത്തിനും നല്ല സ്കോർ കിട്ടി.ഞാനും അവളുടെ പപ്പയും സന്തോഷിച്ചു .അവൾ ഡോക്ടറാകുക എന്നത് ഞങ്ങളുടെ പ്രസ്റ്റീജ് ഇഷ്യൂ ആയിരുന്നു,അവൾക്കു കുറെ ടീനേജ് ഇഷ്യൂസ് ഉണ്ടായിരുന്നു.ആരോടും ഒന്നും സംസാരിക്കാൻ പോലും ഹോസ്റ്റലിൽ അനുവദിച്ചിരുന്നില്ല.ഫ്രണ്ട്സിന്റെ കമ്പനി കൂടുതൽ ഇഷ്ടം,അവൾക്ക് പെട്ടെന്ന് ദേഷ്യം വരും.രക്ഷപെടാനായി കള്ളം പറയും.ഫോണിന്റെ അമിതോപയോഗം,പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ.പാട്ടു കേൾക്കുമ്പോൾ കരയുക.
ഹോസ്റ്റലിൽ ആയതു കൊണ്ട് ഞങ്ങൾ ആ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. ഹോസ്റ്റൽ വാർഡൻ പറഞ്ഞത് ഗൗരവമായിട്ടെടുത്തതുമില്ല. സെക്കൻഡ് ടേമിലെ സ്‌കോറുകൾ നല്ലതു പോലെ കുറഞ്ഞപ്പോഴാണ് ഞങ്ങൾ വലിയ രീതിയിൽ ടെൻഷൻ ആയത് .സ്കൂളിൽ പോയി അന്വേഷിച്ചു.അവൾക്കൊരു കൗമാര പ്രണയം. ഞങ്ങളേക്കാൾ അവനെ യാണ് ഇഷ്ടവും വിശ്വാസവും.ഞങ്ങൾ അവളെ ശാരീരികമായി ഉപദ്രവിക്കുകയും സ്കൂളിൽ നിന്നും ടി സി വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു.അവസാന ഘട്ട കോച്ചിങ് ആയത് കൊണ്ട് പ്രിൻസിപ്പൽ ഫാദർ ട്രാൻസ്ഫർ സമ്മതിച്ചതുമില്ല.

അങ്ങനെ തൽക്കാലം സ്കൂൾ മാറ്റുന്നില്ല, വീട്ടിൽ സ്പെഷ്യൽ ട്യൂഷൻ നൽകാം ഹോസ്റ്റലിൽ നിന്ന് മാറ്റി വീട്ടിൽ കൊണ്ട് വരാൻ തീരുമാനിച്ചു ഞങ്ങൾ മടങ്ങി.സ്കൂളിന്റെ റാങ്ക് പ്രതീക്ഷയായിരുന്നു അവൾ .ഹോസ്റ്റലിലെ അവസാന ദിവസം ,റൂമിലേയ്ക്ക് ബാഗെടുക്കാൻ പോയ ചിന്നു മടങ്ങി വന്നില്ല.ആരും അവളെ കണ്ടതുമില്ല.ഞങ്ങൾ അവളെ കൊണ്ട് പോകാനായി വന്ന കാറിന്റെ മുൻപിലേക്ക് അവളുടെ ശരീരം വന്നു വീഴുകയായിരുന്നു.നട്ടെല്ലിന് പരിക്ക് പറ്റി,കഴുത്തൊടിഞ്ഞ രീതിയിൽ ,പിന്നെയവൾ പഠിച്ചില്ല.ചില ന്യൂറോ പ്രശ്നങ്ങൾ.ഇപ്പോൾ ഈ അവസ്ഥയിൽ.സ്വന്തമായി ഒന്നും തനിയെ ചെയ്യാനാകാതെ.ഇപ്പോൾ അവൾ ജീവിക്കുന്നത് ഞാൻ വായിച്ചു കൊടുക്കുന്ന കഥകളിലൂടെ ,ചെറിയ അക്ഷരങ്ങൾ വായിക്കാൻ പാടാണ് അവൾക്ക്,കഥകളുടെ ചിത്രവിഷ്കാരം അവൾ ചെയ്തു കൊണ്ടേയിരിക്കും.അവർ തെല്ലൊന്നു നിർത്തി.ഞാനവൾക്കു വേണ്ടി സൈക്കോളജിസ്റ്റായി മാറി.അവളെ പോലെ അനേകം ചിന്നുമാർക്കു വേണ്ടി.
പറയൂ അദ്ധ്യാപകരെ ,ഞങ്ങൾ അന്ന് മാതാപിതാക്കൾ എന്ന രീതിയിൽ ചെയ്തത് ശരിയായിരുന്നോ? ഞങ്ങൾ എങ്ങനെയായിരുന്നു ചിന്നുവിന്റെ പ്രശ്നത്തെ പരിഹരിക്കേണ്ടിയിരുന്നത്?.അവളെ പോലെ കൗമാരത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന അനേകം കുട്ടികളുണ്ട്.

പ്രണയ നൈരാശ്യം,വീട്ടിലെ പ്രശ്നങ്ങൾ ,പരീക്ഷ പേടികൾ .അങ്ങനെ പ്രശ്നങ്ങൾ അവർക്കേറെയാണ്.അവരെ കേൾക്കാൻ ആരും തയാറാകുന്നില്ല.അവർക്കു ആരെയും വിശ്വാസവുമില്ല.നിങ്ങളുടെ ക്ലാസ്സിലിരിക്കുന്ന ഓരോ കൗമാരക്കാരേയും നിങ്ങൾ നിരീക്ഷിക്കുക .അവരുടെ പ്രശ്ന പരിഹാരകർ ആകുക.അന്നത്തെ ക്ലാസ്സിൽ കുറെ ടീനേജ് അനുഭവങ്ങൾ വീഡിയോ ആക്കി ജാകിലിൻ ഞങ്ങൾക്ക് കാട്ടി തന്നു.ഞങ്ങൾ കുട്ടികളെ അറിയേണ്ടവരാണ്.മാതൃക ആകേണ്ടവരാണ് .എവിടെയൊക്കെയോ പിഴച്ചു പോകുന്ന കൗമാരക്കാർ.നല്ല നിരീക്ഷണ പാടവമുള്ള അദ്ധ്യാപകരും മാതാപിതാക്കളുമുണ്ടെങ്കിൽ ഒരു കൗമാരക്കാരനും വഴി പിഴക്കില്ല.ലഹരിയുടെ പിറകെ പോകില്ല.ഇവരാണ് നാളത്തെ തലമുറ,നാളത്തെ പൗരന്മാർ.അന്ന് മുതൽ എല്ലാ ദിവസവും ഞാൻ മീനയുടെ വീടിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി.ജനലരികിലിരിക്കുന്ന കഴുത്തൊടിഞ്ഞ പെൺകുട്ടി ,ഒരു സൂര്യ ശോഭയാണ്.അവളുടെ അനുഭവങ്ങൾ പല കുട്ടികൾക്കും രക്ഷയായിട്ടുണ്ട്.പല മാതാപിതാക്കളുടേയും കണ്ണ് തുറപ്പിച്ചിട്ടുണ്ട്.ആർട്ട്സ് ക്ലബ് സെക്രട്ടറി എന്ന നിലയിൽ ഈ വർഷത്തെ ആർട്ട്സ് ഡേയ്ക്ക് ചീഫ് ഗസ്റ്റ് ആയി ചിന്നുവിനെ കൊണ്ട് വരാൻ പറ്റി എന്നത് എൻ്റെ വിജയമാണ്.ചിന്നുവിന്റെ നിഷ്കളങ്കമായ ചിരിയും അവളുടെ ചിത്രങ്ങളും അവളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.അതിലും ഏറെ രസകരമായത് അവൾ അവളുടെ ജനനം മുതൽ ഈ നിമിഷം വരെ അവൾ കടന്ന് പോയ വിവിധ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ, അവളുടെ അവൾ തന്നെ വരച്ച ജീവിതച്ചിത്രങ്ങളുടെ പ്രദർശനമാണ് .അതിൽ അച്ഛൻ്റേയും അമ്മയുടെയും തൊട്ടു മുന്നിൽ വീണു കഴുത്തൊടിഞ്ഞു കിടക്കുന്ന ചിന്നുവിന്റെ ചിത്രം എല്ലാവരുടേയും കണ്ണ് നിറയിച്ചു.ഇനി ഒരു ചിന്നുവും ഇങ്ങനെ അവസാനിക്കാതെയിരുന്നെങ്കിൽ….
എഴുതിയത് : നിശീഥിനി