കഴിഞ്ഞ ആഴ്ച്ച ഒരു ബംഗാളി ക്ലിനിങ് സ്റ്റാഫ് അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ് ഓഫീസിൽ വന്നു മുഖവുര ഇല്ലാതെ അവൻ സംസാരിച്ചു തുടങ്ങി, എനിക്ക് വെക്കേഷൻ പോകേണ്ട സമയമായിട്ടുണ്ട് പക്ഷേ ഞാനിപ്പൊ പോകുന്നില്ല, പകരം എനിക്ക് രണ്ട് വർഷത്തെ സെറ്റിൽമെന്റ് തന്നാ മതി.ഞാൻ അവന്റെ ഐഡി ചെക്ക് ചെയ്ത് നോക്കീപ്പൊ ആറ് വർഷമായി നാട്ടിൽ പോയിട്ട്, മാത്രമല്ല അതിന് മുന്നത്തെ ഓരോ രണ്ട് വർഷം കൂടുമ്പോഴുമുള്ള സെറ്റിൽമെന്റും വാങ്ങീട്ടുണ്ട്.ഞാനവനോട് ചോദിച്ചു നീയെന്താ ഇത്രേം കാലമായിട്ടും നാട്ടിൽ പോക്കാഞ്ഞേ, വീട്ടിൽ ആരൊക്കെയുണ്ട് ??വീട്ടിൽ ഉമ്മ പെങ്ങൾ, ഭാര്യ പിന്നെ ഒരു മോള്.Mashaa allaah…..മോൾക്ക് എത്ര വയസായി മോൾക്ക് പത്താമത്തെ വയസാകുന്നു, ഞാൻ വരുമ്പൊ ഭാര്യ ഗർഭിണിയാണ്, പക്ഷേ ആ സമയത്താണ് വിസ വന്നത് കുറച്ച് കടങ്ങളൊക്കെ ഉള്ളതുകൊണ്ട് കൂടുതലൊന്നും ആലോചിച്ച് നിന്നില്ല പെട്ടെന്ന് ഇങ്ങോട്ട് കയറി വന്നു, വന്നത് ഒരു അറബി വീട്ടിലേക്കാണ്, അയാൾക്ക് കൊറേ ഫാമൊക്കെ ഉണ്ട്, അവിടേം അയാൾടെ വീട്ടിലെയും ഫാമിലിയും എല്ലാ ജോലിയും ചെയ്യുമായിരുന്നു.
ശമ്പളമൊന്നും കൃത്യമായി കിട്ടിയിരുന്നില്ല, നാല് വർഷം അവടെ പണിയെടുത്തു, പിന്നെ അറബാബ് മരിച്ചപ്പൊ റിലീസ് തന്നു അങ്ങനെയാണ് ഇവിടെ എത്തിയത്.ഇവടെ വന്നിട്ടിപ്പൊ ആറ് കൊല്ലം ആയില്ലേ, എന്നിട്ടെന്തേ നാട്ടിൽ പോകാത്തെ, അതോ ഇപ്പഴും കടങ്ങളൊക്കെ ഉണ്ടോ ??കടങ്ങളൊന്നും കാര്യമായിട്ട് ഇല്ല, പിന്നെ പെങ്ങളെ കെട്ടിക്കണം പക്ഷേ അതൊന്നും നാട്ടിൽ പോകുന്നതിന് തടസമല്ല.പിന്നെന്താ പ്രശ്നം.??മോളെ കാണണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, വീഡിയോ കോളൊക്കെ ചെയ്യണതോണ്ട് വല്യ കൊഴപ്പല്ല പക്ഷേ, പക്ഷേ രണ്ട് കൊല്ലത്തോളമായിട്ട് ഉമ്മാക്ക് സുഖമില്ല, അയക്കുന്ന പൈസയൊന്നും ഹോസ്പിറ്റൽ കേസിന് പോലും തികയുന്നില്ല, ക്യാൻസറാണ്. ഹോസ്പ്പിറ്റലിന്നും മടക്കി.ഇത് പറഞ്ഞപ്പഴേക്കും അവൻ കരഞ്ഞു പ്രാരാബ്ധ കഥകളൊക്കെ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാത്ത മോൾടേം ഉമ്മാന്റേം കാര്യം പറഞ് കെട്ടപ്പോ അവന്റെ കൂടെ എന്റെ മനസും ഒന്ന് പതറി കൂടുതലൊന്നും ആലോചിച്ചില്ല, എല്ലാം ശെരിയാകും എന്ന് പറഞ് ആശ്വസിപ്പിച്ച് വിട്ടു
പെട്ടെന്ന് തന്നെ അവന്റെ സെറ്റിൽമെന്റും നാട്ടിൽ പോകാനുള്ള ടിക്കറ്റും റെഡിയാക്കാനുള്ള ഏർപ്പാട് ചെയ്തു, സൗദി മാനേജറെ വിളിച്ച് ഇവന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.നമ്മളെയൊക്കെ പോലെ ഉമ്മാനെ ഒരുപാട് സ്നേഹിക്കുന്ന അയാൾ പിറ്റേ ദിവസം തിരിച്ചു വന്നത് ഇവന് കൊടുക്കാൻ വേണ്ടി മറ്റു സ്റ്റാഫിൽ നിന്നും സ്വരൂപിച്ച് കൂട്ടിയ 13000 റിയാലും കൊണ്ടാണ്, പിന്നെ ഇവന് കൊടുക്കാൻ രണ്ടോ മൂന്നോ കവറില് എന്തൊക്കെയോ സാധനങ്ങളും.രണ്ടാം ദിവസം അവന് പോകാനുള്ളതെല്ലാം റെഡിയാക്കി, സെറ്റിൽമെന്റ് റെഡിയായി എന്ന് പറഞ് സൗദി തന്നെ അവനെ ഓഫീസിലേക്ക് വിളിപ്പിച്ച് സെറ്റിൽമെന്റിന്റെ കൂടെ ടിക്കറ്റും പൈസയും കൂടി കൊടുത്തിട്ട് പറഞ്ഞു നാട്ടിൽ പോയിട്ട് കൊറേ ആയില്ലേ, പോയി ഉമ്മാനേം മോളെയും ഒക്കെ കണ്ടിട്ട് വാ.നാട്ടിൽ പോക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അവൻ സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ മുഖമൊക്കെ വല്ലാതെയായി നിന്നു, അയാൾ വീണ്ടും അവന്റെ കയ്യിൽ കുറച്ച് പൈസ കൊടുത്തു ഇത് അയ്യായിരം റിയാലുണ്ട്, ഉമ്മാക്കുള്ളതാണ്,ഉമ്മാനോട് എന്റെ സലാം പറയണം എന്ന് പറഞ് അയാളവനെ കെട്ടിപ്പിടിച്ചു അവന്റെ മുതുകിൽ കൊട്ടീട്ട് പറഞ്ഞു.Insha allaah എല്ലാം ശെരിയാകും അവനിന്നലെ നാട്ടിൽ പോയി ജോലിയിൽ കയറിയിട്ട് ആദ്യമായിട്ടാണ് എനിക്ക് വാട്സപ്പിൽ മെസേജയക്കുന്നത്, പക്ഷേ ഒന്നും എഴുതീരുന്നില്ല, അവൻ കിനാവ് കണ്ട രണ്ട് മുഖങ്ങൾ മാത്രം ഒന്ന് മരിക്കുന്നതിന് മുന്നെ മകനെ കണ്ട സന്തോഷത്തിലിരിക്കുന്ന ഉമ്മാന്റെ മുഖവും, മറ്റൊന്ന് ആദ്യമായി ഉപ്പാന്റെ മടിയിൽ പുഞ്ചിരിച്ച് ഇരിക്കുന്ന മോൾടെ മുഖവും മനസും കണ്ണും നിറയാൻ വേറെന്ത് വേണം
എഴുതിയത് : സാജിദ്