ഒരുപാടു ചികിത്സകൾക്ക് ശേഷം എനിക്ക് കുഞ്ഞു ജനിക്കാൻ പോയപ്പോ ഒരുപാടാളുകൾ അനുഗ്രഹിച്ചു പക്ഷെ എല്ലാവരും ആൺകുഞ്ഞു പിറക്കട്ടെ എന്നാണ് അനുഗ്രഹിച്ചത് കുറിപ്പ്

EDITOR

(ഇത് വെറുമൊരു കഥയല്ല,ഇത് ശരിക്കും എന്റെ അനുഭവത്തിൽ ഉള്ളതാണ്)
മാറ്റം അനിവാര്യമായ ഈ കാലത്തും മാറാത്ത ഒരുകൂട്ടം മനുഷ്യർ നിലനിൽക്കേ ഇത് ഇവിടെ പങ്കു വെക്കണമെന്ന് തോന്നി.എന്റെ പേര് രാജേശ്വരി, M Com B Ed ബിരുധദാരി. B ed ഈ അടുത്ത് ആണ് എടുത്തത്.M com ന് ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ M com വരെയുള്ള കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് വിവാഹം. 2016 മാർച്ചിൽ ആയിരുന്നു വിവാഹം.വിവാഹശേഷം ഏതാണ്ട് 6 മാസങ്ങൾക് ശേഷം ഉദരത്തിൽ ജീവന്റെ ഒരു തുടിപ്പ് ഉണ്ടായെങ്കിലും അത് തിരിച്ചറിയാൻ വൈകിയത്കൊണ്ട് നഷ്ടപ്പെടുകയും ചെയ്തു.അങ്ങനെ ജോലി നിർത്തി വിശ്രമത്തിലായി.പിന്നീട് ഈ കഴിഞ്ഞ 6 വർഷങ്ങൾ കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു. ആശുപത്രികൾ കയറിയിറങ്ങി ജീവിതം ആകെ ഇല്ലാതെ ആകുന്ന അവസ്ഥ എത്തിയപ്പോൾ എന്തെങ്കിലും എൻഗേജ്മെന്റ് ഉണ്ടായേ തീരൂ എന്ന് സ്വയം മനസിലായപ്പോ ഈ 2019-21 ഇൽ B Ed ന് ചേർന്നു. ഇതിനിടയിൽ ആശുപത്രിയിൽ പൊകുന്നുമുണ്ട്.കോഴ്സ് ന്റെ തിരക്ക് കാരണം ട്രീറ്റ്മെന്റ് ചെറുതായി മുടങ്ങി. തുടർന്നു നിരവധി ആരോഗ്യപ്രശ്നങ്ങൾ തലപൊക്കി. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ കോവിഡ്, ലോക്‌ഡോൺ ഒക്കെ എത്തുന്നത്. അപ്പോ പിന്നെ കോഴ്സ് മുടങ്ങാതെ ട്രീറ്റ്മെന്റ് മുന്നോട്ട് പോകാൻ പറ്റി.

എന്തായാലും കോഴ്സ് പൂർത്തിയായി.പലയിടത്തും ജോലിക്ക് നോകിയെങ്കിലും ഈ ട്രീറ്റ്മന്റ് മുന്നോട്ട് പോകണമെങ്കിൽ ഓരോ മാസവും നീണ്ട ലീവുകൾ വേണ്ടി വരും. സ്വകാര്യ സ്ഥാപനങ്ങൾ അത് അനുവദിച്ചു തരാറില്ല. അത്കൊണ്ട് തന്നെ ജോലി എന്ന ശ്രമം തത്കാലം മാറ്റിവച്ചു.ജോലി പിന്നീട് ആയാലും നടക്കും, അതുമല്ലെങ്കിൽ എന്തെങ്കിലും സ്വയം തൊഴിൽ എങ്കിലും ചെയ്യാം. പക്ഷേ ഈ ട്രീറ്റ്മെന്റ് എടുക്കുമ്പോൾ മതിയായ വിശ്രമം ആവശ്യമാണ്. പോരാത്തതിന് പ്രായം മറ്റൊരു തടസവും ആകും. അങ്ങനെ എന്തും വരട്ടെ എന്ന് കരുതി ചികിത്സ മുന്നോട്ട് പോയി.
എന്തായാലും ഫലം കിട്ടി. ഇന്ന് ഈ പോസ്റ്റ്‌ ഇടുമ്പോൾ 7മാസം വളർച്ച എത്തിയ ഒരു കുഞ്ഞ് എന്റെ ഉള്ളിലുണ്ട്പറയാൻ വന്നത് ഇതൊന്നുമല്ല. ഞാൻ പ്രെഗ്നന്റ് ആയി എന്ന് അറിഞ്ഞ നിമിഷം മുതൽ ഓരോ ആളുകൾ സന്തോഷം അറിയിക്കുകയും ആശംസകൾ അറിയിക്കുകയും ഒക്കെ ചെയ്തു. ഒരുപാട് ആളുകളുടെ പ്രാർത്ഥനകൾ എനിക്കായ് ഉണ്ടായിരുന്നു.എന്നാൽ എന്നെ അനുഗ്രഹിച്ച കുറെ ആളുകൾ ഉണ്ട്. അവരൊക്കെയും എന്നെ വന്നു കണ്ടിട്ട് അനുഗ്രഹിച്ചത് “നല്ല ആരോഗ്യമുള്ള മിടുക്കനായ ഒരു ആൺ കുഞ്ഞു പിറക്കട്ടെ ” എന്നാണ്. പൗരോഹിത്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആൾ പോലും ഇങ്ങനെ ആണ് അനുഗ്രഹിച്ചത്.

അത് എന്നെ വല്ലാതെ ഹോണ്ട് ചെയ്തു. എന്തുകൊണ്ട് ആണ് ആരുടെയും നാവിൽ ഒരു പെൺകുഞ്ഞു പിറക്കട്ടെ എന്ന് പറയാൻ പറ്റാത്തത്.ആണായാലും പെണ്ണായാലും നല്ല ആരോഗ്യമുള്ള, ഒരു കുഞ്ഞു പിറക്കട്ടെ എന്ന് പറഞ്ഞ ഒന്നോ രണ്ടോ പേര് മാത്രം.
മനുഷ്യൻ ഈ യുഗത്തിലും ഇങ്ങനെ തന്നെ വേർതിരിവ് കാണിക്കാൻ തുടങ്ങിയാൽ വരുന്ന തലമുറ എങ്ങനെ ആവും.എന്തുകൊണ്ടോ കൗമാരം കടന്ന കാലം മുതൽ ഒരു പെൺകുഞ്ഞിനെ ആണ് ഞാനും സ്വപ്നം കണ്ടു തുടങ്ങിയത്, എന്റെ ഭർത്താവും കൂടുതൽ ആഗ്രഹിച്ചത് പെൺകുഞ്ഞിനെ, എങ്കിലും ദൈവം തരുന്ന ദാനം അത് പെണ്ണായാലും ആണായാലും പരിപൂർണ അവസ്ഥയിലുള്ള ഒരു കുഞ്ഞാവണേ എന്നാണ് പ്രാർത്ഥന. കാരണം ഇല്ലാതെ ഇരുന്ന് കണ്ണുനീർ ഒഴിക്കിയ കാലമത്രയും ഒരു കുഞ്ഞിനെയെങ്കിലും തരണേ ദൈവമേ എന്നാണ് പ്രാർത്ഥിച്ചിട്ടുള്ളത്, ദൈവം അത് നിറവേറ്റി തന്നു. അപ്പോൾ പിന്നെ നമ്മൾ എങ്ങനെ ഡിമാൻഡ് ചെയ്യും എനിക്ക് പെണ്ണ് മതി, അല്ലെങ്കിൽ ആണ് മതി എന്ന്.ആണായാലും പെണ്ണായാലും അത് ഈശ്വരന്റെ ദാനമെന്ന് കരുതി ദൈവത്തോട് നന്ദിയുള്ളവരാകുക. നാളേക്കുള്ള സൃഷ്ടിപ്പിന് ദൈവം നിയോഗിച്ചിരിക്കുന്നത് പെണ്ണിനെയെന്നിരിക്കെ പെണ്ണ് പിറക്കുന്നത് കുറവായി കാണാതിരിക്കാൻ ഏവർക്കും കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം

എഴുതിയത് : രാജി രഞ്ജു