പ്രയത്നവും അംഗീകാരവും.ഒരിക്കൽ ഒരു കുട്ടി ഒരു ടെലിഫോൺ ബൂത്തിൽ ചെന്ന് ഫോൺ ചെയ്തു. ആ ഫോൺ എടുത്തത് ഒരു സ്ത്രീയായിരുന്നു. അവൻ ആസ്ത്രീയോട് പറഞ്ഞു: “മാഡം, നിങ്ങളുടെ പുൽത്തകിടി (lawn) കട്ട് ചെയ്ത് ഭംഗിയാക്കുന്ന ജോലി എനിക്ക് തരുമോ”? അവർ പറഞ്ഞു: “എനിക്കിപ്പോൾ അതിന് ഒരാളുണ്ടല്ലോ”. ആ കുട്ടി പറഞ്ഞു: “ഇപ്പോൾ ജോലി ചെയ്യുന്ന ആളിന് കൊടുക്കുന്ന ശമ്പളത്തിന്റെ പകുതി എനിക്ക് തന്നാൽ മതിയാകും”. ആ സ്ത്രീ മറുപടി പറഞ്ഞു: “ഇപ്പോൾ ജോലിചെയ്യുന്ന ആൾ നന്നായി ചെയ്യുന്നുണ്ട് ഞാൻ തൃപ്തയാണ് “. അവൻ വീണ്ടും പറഞ്ഞു: “അതേക്കാൾ കൂടുതൽ ഭംഗിയായി ഞാൻ ചെയ്യാം, പകുതി ശമ്പളവും തന്നാൽ മതി”. ആ സ്ത്രീ പറഞ്ഞു: “ഇല്ല, ഇപ്പോഴത്തെ ആൾ ആ ജോലി ചെയ്യുന്നിടത്തോളം നാൾ അയാൾ മതി”. ഫോൺ കട്ട് ചെയ്തപ്പോൾ, ബൂത്തിന്റെ ഉടമ പറഞ്ഞു: “മോനെ നിന്റെ വാക്കുകൾ ഞാൻ കേട്ടു, നിന്റെ ഉത്സാഹത്തിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ നിനക്കൊരു ജോലി തരാം”. ആ കുട്ടി പറഞ്ഞു: “നന്ദി സർ, എനിക്കൊരു ജോലിയുണ്ട്”. അയാൾ ചോദിച്ചു: “പിന്നെ എന്തിനാണ് നീ ഒരു ജോലിക്ക് വേണ്ടി ആവശ്യപ്പെട്ടത് “. അവൻ പറഞ്ഞു: “ആ സ്ത്രീയുടെ പുൽത്തടി കട്ട് ചെയ്യുന്ന ജോലി ഞാനാണ് ചെയ്യുന്നത്”. എന്റെ ജോലി അവർക്ക് എത്രമാത്രം തൃപ്തികരമാണ് എന്നറിയുവാനാണ് ഞാൻ ഫോൺ ചെയ്തത്”.
നാം ചെയ്യുന്ന ജോലികൾ മറ്റുള്ളവർ എങ്ങനെ വിലയിരുത്തുന്നു എന്നറിയുവാൻ എല്ലാവർക്കും താൽപര്യമുണ്ട്. മറ്റുള്ളവർ നമ്മെക്കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുന്നത് എല്ലാവർക്കും സന്തോഷമാണ്. എന്നാൽ പലപ്പോഴും തെറ്റുകളും കുറ്റങ്ങളും ഉണ്ടാകുമ്പോൾ നാം കുറ്റപ്പെടുത്തുമെങ്കിലും, നന്നായി ചെയ്യുമ്പോൾ ഒരു പ്രോത്സാഹന വാക്കും പറയാറില്ല. അതുകൊണ്ടുതന്നെ ആവാം പലപ്പോഴും നന്നായി പ്രവർത്തിക്കാൻ അനേകർക്കും കഴിയാതെ പോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിലിന്റെ കുക്ക് തന്റെ ജോലി രാജിവച്ചു. കാരണമന്വേഷിച്ചപ്പോൾ, തന്റെ പാചകത്തെക്കുറിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും ഒരു വാക്കും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല എന്നതായിരുന്നു പ്രശ്നം. നന്നായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ഒന്ന് പറയുന്നത് കേൾക്കുവാൻ വളരെ കൊതിച്ചു, അങ്ങനെ പറഞ്ഞില്ല, എന്നാൽ ഒരു കുറവെങ്കിലും പറയണ്ടേ? അതും പറഞ്ഞിട്ടില്ല. അതിനാൽ ജോലി ചെയ്യുവാൻ ഉത്സാഹമില്ല. ഇത് എല്ലാവരുടെയും മാനസിക അവസ്ഥയല്ലേ? നമുക്ക് പ്രോത്സാഹനം ലഭിക്കുന്നത് സന്തോഷമാണ്, മറ്റുള്ളവരും അതുപോലെയാണ് എന്നോർക്കുക. തങ്ങളുടെ പ്രവർത്തികൾ നന്നായിരുന്നു എന്ന് കേൾക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ അവർ കൂടുതൽ നല്ലത് ചെയ്യുവാൻ ശ്രമിക്കുമായിരുന്നു. ചെറിയ ജോലി ചെയ്യുന്നവർക്ക് പോലും തങ്ങൾ നന്നായി പ്രവർത്തിച്ചു എന്ന് കേൾക്കുന്നത് ഒരു വലിയ ഉത്തേജനമാണ് പ്രദാനം ചെയ്യുന്നത്. അത് നൽകുവാൻ നമുക്ക് കഴിയണം. തങ്ങളുടെ ജോലിക്ക് ലഭിക്കുന്ന അംഗീകാരം, വിശ്വസ്തമായും സത്യസന്ധമായും കൂടുതൽ ഉത്സാഹത്തോടെയും പ്രവർത്തിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുന്നു.