കുട്ടികൾക്ക് അധ്യാപകർ മാതൃക കാണിച്ചു കൊടുക്കേണ്ടവരാണ് വസ്ത്ര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി പരിസരബോധം ഇല്ലാതെ വസ്ത്രം ധരിക്കരുത്

EDITOR

ലെഗിങ്സ് ഇസ്തിരി ഇടേണ്ട, മഴയാണെങ്കിലും വെയിൽ ആണെങ്കിലും 100% കംഫർട്ട്, പിന്നെ കാലുകൾക്ക് അവ അർഹിക്കുന്നതിലും അധികം ഭംഗിയും കിട്ടും. വസ്ത്ര സ്വാതന്ത്ര്യം എന്നുള്ളത് ഓരോരുത്തരുടെയും അവകാശമാണ്. സംഗതി ഒക്കെ ശരിയാണ് പക്ഷേ ഓരോ സ്ഥലം സന്ദർഭം എന്നിവ അനുസരിച്ച് അനുയോജ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നമ്മുടെ മാന്യതയും അന്തസ്സിനും എപ്പോഴും നല്ലത്. കല്യാണത്തിനിടുന്ന വസ്ത്രം ഇട്ട് മരണവീട്ടിൽ പോകരുത്, ഓരോ വേഷവും ഏറ്റവും യോജിച്ച സാഹചര്യത്തിൽ ധരിക്കുമ്പോൾ ആണ് അത് കൂടുതൽ സ്വീകാര്യമാകുന്നത്.നേരെ നോക്കി നടക്കുന്ന നമ്മളുടെ ശ്രദ്ധ തിരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഈ ലെഗിൻസ്. ലെഗിൻസ് എന്നു പറയുന്നത് അടിസ്ഥാനപരമായി ഒരു അടിവസ്ത്രമാണ്. വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങൾക്ക് റോൾ മോഡൽ ആയി മാറേണ്ട അധ്യാപകർ തികച്ചും മാന്യവും അനുകരിക്കാൻ യോഗ്യവുമായ വസ്ത്രമാണ് ധരിക്കേണ്ടത് പ്രത്യേകിച്ച് മിക്സഡ് ക്ലാസിൽ.

വിദ്യാലയങ്ങൾ ദേവാലയത്തിന് തുല്യമായി കരുതേണ്ട ഇടമാണ് ദേവാലയം എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് പരിപാവനമായ ഇടം എന്നാണ്. ലെഗിൻസ് ധരിക്കുന്നത് തങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യമാണെന്ന് വാദിക്കാമെങ്കിലും കുട്ടികളുടെ മുന്നിൽ അവർക്ക് മാന്യത കിട്ടുന്ന വസ്ത്രധാരണം തന്നെയാണ് നല്ലത്.
അധ്യാപകർ വെറും പുസ്തകത്തിൽ ഉള്ളത് മാത്രം പറഞ്ഞു കൊടുക്കുന്നവരല്ലെന്ന് ബോധമെങ്കിലും ഇത്തരം ടീച്ചേഴ്സിന് ഒക്കെ ഉണ്ടാവട്ടെ. ഡ്രൈവർ വക്കീൽ കണ്ടക്ടർ നേഴ്സ് പോലീസ് പട്ടാളം എന്തിന് ഹരിത കർമ്മ സേനയ്ക്ക് പോലും ഇപ്പോൾ യൂണിഫോം ഉണ്ട്. എങ്കിൽ പിന്നെ അധ്യാപകർക്കും ഒരു യൂണിഫോം ആയി കൂടെ? കുട്ടികളുടെ മുന്നിൽ ഫാഷൻ പരേഡ് നടത്താൻ അല്ല ടീച്ചർമാരെ സ്കൂളിൽ നിയമിച്ചിട്ടുള്ളത്. നിലവാരമില്ലാത്ത അധ്യാപകർ തന്നെയാണ് നിലവാരമില്ലാത്ത തലമുറയെ സൃഷ്ടിക്കുന്നത്. വിദ്യാലയങ്ങളിൽ പഠനത്തിനായി വരുന്ന കുട്ടികൾക്ക് അധ്യാപകർ മാതൃക കാണിച്ചു കൊടുക്കേണ്ടവരാണ്. വസ്ത്ര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി പരിസരബോധം ഇല്ലാതെ വസ്ത്രം ധരിക്കരുത് അത് ടീച്ചർ ആയാലും ഡോക്ടറായാലും.

എഴുതിയത് : വിനോദ് പണിക്കർ