പിതാവിനു തിരക്ക് ആയതിനാൽ ആ മകന് അച്ഛനെ കാണാൻ കഴിഞ്ഞിരുന്നില്ല ഒരിക്കൽ അവൻ അച്ഛനോട് 200 രൂപ തരാം തന്റെ കൂടെ ഇരിക്കാമോ എന്ന് ചോദിച്ചു ശേഷം മറുപിടി

EDITOR

10 വയസ്സുള്ള ജിം ആ കുടുംബത്തിലെ ഏക പുത്രനാണ്. അവന്റെ പിതാവ് വളരെ തിരക്കുള്ള ഒരു ബിസിനസ് മാൻ ആണ്. ജിമ്മിന് പിതാവിനെ കാണുവാനുള്ള അവസരം വളരെ വിരളമാണ്. ഒരു ഉച്ചകഴിഞ്ഞ സമയം പിതാവ് ഭവനത്തിൽ ഉണ്ടായിരുന്നു. അപ്പോൾ ജിം ചോദിച്ചു: “ഇന്ന് ഡാഡിക്ക് പ്രോഗ്രാം ഒന്നുമില്ലായിരുന്നുവോ?” പിതാവ് പറഞ്ഞു: “ഇന്നൊരു പ്രോഗ്രാം ക്യാൻസൽ ആയി”. ജിം പറഞ്ഞു: എന്നാൽ ഇന്ന് നമുക്ക് ബീച്ചിൽ ഒന്ന് പോകാം. പിതാവ് പറഞ്ഞു: “മോനെ സമയമില്ല 2 മണിക്കൂർ കഴിഞ്ഞിട്ട് ഡാഡിക്ക് വീണ്ടും മറ്റൊരു പ്രോഗ്രാം ഉണ്ട് “. അവൻ പിതാവിനോട് ചോദിച്ചു: ഒരു മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഡാഡിക്ക് എത്ര പണം ലഭിക്കും? പിതാവ് പറഞ്ഞു: ” അത് കൃത്യം കണക്കാക്കാനാവില്ല, എങ്കിലും ഏകദേശം നൂറ് ഡോളർ”. ഉടൻ അവൻ തന്റെ മുറിയിലേക്ക് ഓടി, തന്റെ ലഘു സമ്പാദ്യങ്ങൾ സൂക്ഷിക്കുന്ന വഞ്ചി എടുത്തു കൊണ്ടു വന്നു. അത് പൊട്ടിച്ചു നോക്കിയപ്പോൾ 250 ഡോളർ ഉണ്ടായിരുന്നു.

അതു മുഴുവൻ അവൻ ഡാഡിയുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു: “ഡാഡി രണ്ടു മണിക്കൂറിന്റെ പണമുണ്ട്. രണ്ടു മണിക്കൂർ ഡാഡി എന്നോടൊപ്പം ചിലവഴിക്കണം”. ആ പിതാവ് സ്തംഭിച്ചു പോയി. ആ പിതാവ് പറഞ്ഞു: മോനെ ഡാഡി മോനു വേണ്ടിയല്ലേ പണം ഉണ്ടാക്കുന്നത്?” അവൻ പറഞ്ഞു: “എനിക്ക് പണം വേണ്ട ഡാഡി എന്റെ കൂടെ ഇരുന്നാൽ മതി”. അനേകം മാതാപിതാക്കളും ഇങ്ങനെയാണ്. മക്കൾക്കു വേണ്ടി ധാരാളമായി ധനം സ്വരൂപിക്കും. പക്ഷേ അവർക്ക് ആവശ്യമായിരിക്കുന്നത് ധനവും പണവും അല്ല, മാതാപിതാക്കളുടെ സ്നേഹവും ലാളനയും പരിപാലനവുമാണ്. മക്കളോടൊപ്പം വിനോദിക്കുവാൻ, കഥകൾ പറഞ്ഞു കൊടുക്കുവാൻ, അവരെ സ്നേഹിക്കുവാൻ, മാതാപിതാക്കളെ കുറിച്ച് അവർ ആഗ്രഹിക്കുന്നു. അവർക്കു വേണ്ടത് മാതാപിതാക്കളുടെ സ്നേഹമാണ്. ‘സ്നേഹം എന്നാൽ സമയം കൊടുക്കലാണ്’, നമ്മുടെ സമയം അവരുമായി പങ്കുവയ്ക്കുക. അവരോടൊപ്പം സമയം ചിലവഴിക്കുക, അതാണ് അവർ ആഗ്രഹിക്കുന്നത്. ആ സ്നേഹം അവർക്ക് ലഭിക്കുന്നില്ലെങ്കിൽ അത് ലഭിക്കുന്ന ഇടം തേടി അവർ പോകും. അത് ഒരുപക്ഷേ നല്ല ഇടങ്ങൾ ആയിരിക്കണം എന്നില്ല.

നാം അവർക്ക് നൽകുന്ന സമയങ്ങൾ അവർക്ക് സന്തോഷകരമാകുന്നതോടൊപ്പം അവരുടെ ജീവിതത്തിന് ആവശ്യമായ മാർഗ്ഗദർശനം നൽകുന്നതിനും തെറ്റുകളെ തിരുത്തുന്നതിനും എല്ലാം ഇടയാകും. ഈ സ്നേഹവും കരുതലും മാതാപിതാക്കൾക്ക് അല്ലാതെ മറ്റാർക്കാണ് നൽകുവാൻ കഴിയുക. മക്കൾക്കു വേണ്ടി ധനം സമ്പാദിക്കുന്നതല്ല, ഈ ലോകത്തിൽ ധന്യമായ, അനുഗ്രഹീതമായ ഒരു ജീവിതം നയിപ്പാൻ തക്കവണ്ണം അവരെ പ്രാപ്തമാക്കുന്നതാണ് പ്രാധാന്യമർഹിക്കുന്ന കാര്യം. ഓർക്കുക പണമല്ല മക്കൾക്ക് വേണ്ടത് സ്നേഹമാണ്, ആ സ്നേഹത്തിന്റെ ഭാഗമായി എന്തൊക്കെ വേണമെങ്കിലും നൽകാം. എന്നാൽ പരമപ്രധാനം സ്നേഹം തന്നെയാണ്. ഈ ലോകത്തിൽ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള വാഞ്ച എല്ലാ ഹൃദയങ്ങളിലും ഉണ്ട്. അത് ദൈവികമായ ഭാവമാണ്. ആ വാഞ്ച നിറവേറപ്പെടുന്നില്ലെങ്കിൽ ജീവിതം അസംതൃപ്തമായിരിക്കും, നിരാശാകരമായിരിക്കും. ജീവിതത്തിന് അർത്ഥമില്ല എന്ന് തോന്നും. അതെ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നത്. നമുക്ക് സ്നേഹിക്കാം! മക്കളെ സ്നേഹിക്കാം! സഹോദരങ്ങളെയും സ്നേഹിക്കാം! എല്ലാവരെയും സ്നേഹിക്കാം! സമയം പങ്കുവയ്ക്കാം.