അനാഥ മന്ദിരത്തിൽ മറ്റു കുട്ടികളുടെ കൂടെയാണ് കഴിയുന്നതെങ്കിലും എപ്പഴും ഒറ്റക്കിരിക്കാനായിരുന്നു അപ്പുവിന് താൽപര്യം.മറ്റു കുട്ടികൾ പല കളികളിൽ ഏർപ്പെടുമ്പോഴും അവൻ ഒറ്റയ്ക്ക് എവിടെയെങ്കിലും താടിക്ക് കൈ കൊടുത്ത് മറ്റുള്ളവർ കളിക്കുന്നത് നോക്കിയിരിക്കുകയാണ് പതിവ്.അവരിൽ ചിലരെയൊക്കെ ഏതെങ്കിലും അച്ഛനമ്മമാർ വന്നു കൊണ്ടുപോകുന്നത് അവൻ പലപ്പോഴും കാണാറുണ്ട്.താൻ എങ്ങനെ ഇവിടെ എത്തിയെന്നോ തനിക്ക് ആരെങ്കിലും ഉണ്ടോ എന്നോ അച്ഛൻ ആരെന്നോ അമ്മയാരെന്നോ അറിയാത്തവനാണവൻ.മറ്റുള്ളവരെ പോലെ എന്നെങ്കിലും ഒരിക്കൽ തന്നെയും അന്വേഷിച്ച് ആരെങ്കിലും വരുമായിരിക്കും എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് അവൻ.അപ്പുവിന്റെ ഈ ഏകാന്തത പരിപാലിക്കുന്നവരിൽ പലർക്കും അറിയാവുന്നതാണ്. ഒറ്റയ്ക്കിരിക്കുന്നത് എന്തെന്ന് ചോദിച്ചാൽ അവൻ വെറുതെ തലയാട്ടും. പിന്നെ എഴുന്നേറ്റ് നടക്കും.ഇനിയിപ്പോ തനിക്ക് മറ്റുള്ളവരെ പോലെ സൗന്ദര്യം ഇല്ലാത്തതുകൊണ്ടാണോ തന്നെ അന്വേഷിച്ച് ആരും വരാത്തതും കൊണ്ടുപോകാത്തതും?
ബംബർ അടിച്ച പോലെ ഒരിക്കൽ അവനു വേണ്ടിയും വന്നു ഒരു അച്ഛനും അമ്മയും.
പ്രാർത്ഥിക്കാൻ പ്രായമായി ല്ലെങ്കിലും പലപ്പോഴും അവൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു ആ കെട്ടിടത്തിന് പുറത്തുള്ള ലോകത്തെക്കുറിച്ച് അറിയാൻ.അപ്പുവിനെ ഓഫീസിലേക്ക് വിളിപ്പിച്ചു ഒരു അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി.അപ്പുവിന് ഇവരെ കൂടെ പോകണോ?ഇവർ നിനക്ക് പുതിയ ഉടുപ്പുകൾ കൊണ്ടുവന്നിട്ടുണ്ട്.പിന്നെ ഇവരുടെ വീട്ടിൽ പോയാൽ ധാരാളം മിഠായികൾ കിട്ടുകയും ചെയ്യും.അവൻ ഒന്നും മിണ്ടാതെ നിന്നു.അതിൻറെ കാരണം അവിടത്തെ കൂട്ടുകാരെ വിട്ട് പോകാൻ അവന് മനസ്സില്ലായിരുന്നു എങ്കിലുംപോകുന്നില്ല എന്ന് പറയാൻ തോന്നിയതുമില്ല.കൊണ്ടുപോകാൻ വന്ന അമ്മ അവനെ പിടിച്ചു മടിയിൽ ഇരുത്തി മോന്റെ പേരെന്താണ് എന്ന് ചോദിച്ചു.പതിഞ്ഞ സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.അപ്പു.പുതിയ ഉടുപ്പൊക്കെ മാറ്റി അവരുടെ കൂടെ അവൻ അന്ന് യാത്രയായി.അവരുടെ വാഹനത്തിനുള്ളിൽ തന്നെ അമ്മയുടെ മടിയിലായി അവൻ ഇരുന്നു.പോകും വഴി പലതരം മിഠായികൾ അവന് മേടിച്ചു നൽകി.മിഠായിക്കും കാറിനുള്ളിലും നല്ല തണുപ്പ്.വലിയ ഒരു ഗേറ്റിന്റെ മുമ്പിൽ വണ്ടി നിർത്തി.പാന്റും ഷർട്ടും തൊപ്പിയും ധരിച്ച ഒരു വൃദ്ധൻ വന്ന് ഗേറ്റ് സാവധാനം തുറന്നു.
അപ്പു അവന്റെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല അത്ര വലിയ വീട്.അമ്മ കതക് തുറന്നു.അപ്പോഴേക്കും അച്ഛൻ വണ്ടി ഒതുക്കിയിട്ട് കയറി വന്നു.കയറി ചെല്ലുന്നിടത്ത് തന്നെ വിശാലമായ ഒരു ഹാൾ.അതിൽ നിറയെ സോഫ സെറ്റുകളും നിലത്ത് വിരിപ്പുളും കസേരകളും ഒരുക്കി വെച്ചിരിക്കുന്നു.ടേബിളിൽ ഒരു പാത്രത്തിൽ മുന്തിരിയും ആപ്പിളും ഓറഞ്ചും ഒക്കെ വെച്ചിട്ടുണ്ട്.അപ്പുവിന് കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവർ പറയാതെ എങ്ങനെ എടുത്തു കഴിക്കും?ഒരാഴ്ചയോളം എടുത്തു അവന് സ്വപ്ന സമാനമായ ആ വീട്ടിൽ ഒന്ന് നേരെ ശ്വാസം വിടാൻ.അതിനു കാരണം അവൻ അതിനൊക്കെ അർഹനാണോ എന്ന ചിന്ത തന്നെയായിരുന്നു.പക്ഷേ ആ അച്ഛനമ്മമാരുടെ സ്നേഹം അവരുടെ ലാളന എല്ലാംകൂടിയായപ്പോൾ അവന് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.വർഷം നാലഞ്ച് കഴിഞ്ഞപ്പോൾ അവൻ ശരിക്കും ആ വീട്ടിലെ കുഞ്ഞായി മാറിയിരിക്കുന്നു.അച്ഛൻ വീട്ടിലെത്തിയാൽ ആദ്യം അപ്പു എന്നാണ് വിളിക്കുക.അമ്മയ്ക്ക് ആണെങ്കിൽ തൊട്ടതിനും പിടിച്ചതിനും എല്ലാം അപ്പു അരികിൽ തന്നെ വേണം.സ്കൂളിലേക്ക് പോകുമ്പോൾ അപ്പുവിന്ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി പാത്രത്തിൽ വെച്ചുകൊടുക്കും അമ്മ.
ഒരു ദിവസമെങ്കിലും എന്തെങ്കിലും ഒരു കളിപ്പാട്ടം ഇല്ലാതെ അച്ഛൻ ആ വീട്ടിലേക്ക് കയറി വന്നിട്ടില്ല.ഒരു നേരം അപ്പുവിനെ കണ്ടില്ലെങ്കിൽ ആ വീട്ടിലെ വളർത്തുനായ കുരച്ചു തുടങ്ങും. അപ്പുവിനെമാറോടണച്ചാണ് എന്നും അമ്മഉറങ്ങുന്നത്.പലപ്പോഴും അച്ഛൻറെ നെഞ്ചിലെ ചൂടും അവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.താൻ അനാഥൻ ആണെന്ന കാര്യം അവൻ എന്നോ മറന്നു കഴിഞ്ഞിരുന്നു. ഒരിക്കൽബാത്റൂമിൽ ചെറിയ തോർത്ത് എടുത്തു നിൽക്കുന്ന അപ്പുവിനെ കുളിപ്പിക്കുമ്പോൾഅമ്മ ഒന്ന് ഛർദ്ദിച്ചു.കുളികഴിഞ്ഞ് ഡ്രസ്സ് മാറി അപ്പുവിനെ സ്കൂളിൽ വിടാൻ തുടങ്ങുംമുമ്പും അമ്മ വീണ്ടും ഛർദ്ദിച്ചു.അച്ഛൻ അമ്മയുടെ പുറത്ത് ഉഴിഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു.വേലക്കാരി അമ്മയുടെ കൈപിടിച്ച് സോഫയിൽ കൊണ്ടുപോയി ഇരുത്തി.എല്ലാദിവസവുംഅപ്പുവിനെ സ്കൂളിൽ കൊണ്ടു വിടുന്ന ഓട്ടോറിക്ഷ ഉമ്മറത്ത് വന്ന് ഹോർണടിച്ചു.അച്ഛൻ അപ്പുവിനെ ഓട്ടോയിൽ സ്കൂളിൽ ആക്കി.അന്ന് സ്കൂൾ വിട്ടു വന്നപ്പോൾ അമ്മ അവനോട് ഒരു കാര്യം പറഞ്ഞു.അമ്മയുടെ വയറ്റിൽ അപ്പുവിന് ഒരു അനിയൻ വളരുന്ന കാര്യം അവനെ ധരിപ്പിച്ചു.
അതു കേട്ടതും അപ്പുവിന് വല്ലാത്ത സന്തോഷമായി.പതിവുപോലെ തന്നെ അച്ഛനും അമ്മയും അപ്പുവിനെ കൂടെ കിടത്തി ഉറക്കി.അന്ന് അച്ഛൻ പറഞ്ഞു ഇനി മോൻ അച്ഛൻറെ കൂടെ മാത്രം കിടന്നാൽ മതികെട്ടോ.അപ്പു ഒന്നു മൂളി.അമ്മയുടെ അടുത്ത് കിടന്നാൽ നീ ഉറങ്ങുമ്പോൾ അറിയാതെ കയ്യോ കാലോ കുഞ്ഞുവാവയുടെ മേൽ തട്ടിയാലോ?അത് ശരിയാണല്ലോ എന്ന് അപ്പുവിനും തോന്നി.എന്നാലും അമ്മയുടെ ചൂടേറ്റ് കിടക്കുന്ന ആ സുഖം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ അവന് ദുഃഖം തോന്നാതിരുന്നില്ല.എന്നാലും നെഞ്ചിൽ നിറയെ രോമങ്ങളുള്ള അച്ഛൻറെ നെഞ്ചിൽ വിശാലമായ ഒരിടം ഉണ്ടല്ലോ എന്ന് സമാധാനിച്ചു അവൻ.കുറച്ചുകാലം കഴിഞ്ഞപ്പോൾ അമ്മ പ്രസവിച്ചു.അമ്മ അന്ന് പറഞ്ഞതുപോലെ അനിയൻ തന്നെ.അവൻറെ കൈകാലുകളും കരയുന്ന ശബ്ദവും കേൾക്കാൻ തന്നെ എന്തൊരു രസമാണ്.അടക്കാനാവാത്ത സന്തോഷം അപ്പുവിന്റെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു. ആദ്യമൊക്കെ കുഞ്ഞിനെ കളിപ്പിക്കുന്നത് അമ്മക്ക് ഇഷ്ടമായിരുന്നെങ്കിലും പിന്നീട് അമ്മ അവന്റെ കൈ തട്ടാൻ തുടങ്ങി.അപ്പുവിനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ പലപ്പോഴും അമ്മ അച്ഛനോട് കയർത്തു കൊണ്ടിരുന്നു.അവൻ കുഞ്ഞല്ലേ അവൻറെ അനിയൻ അല്ലേ എന്നൊക്കെ അച്ഛൻ പറയുന്നുണ്ടെങ്കിലും അമ്മയുടെ ആദ്യത്തെ മുഖമായിരുന്നില്ല പിന്നീട് അപ്പു കണ്ടത്.
അന്നത്തെ ആ അമ്മയല്ലേ ഇന്നത്തെ ഈ അമ്മ എന്ന് അപ്പുവിന് പലപ്പോഴും സംശയം തോന്നിത്തുടങ്ങി.പക്ഷേ അച്ഛൻറെ പെരുമാറ്റത്തിൽ അന്നും ഇന്നും ഒരു മാറ്റവും ഇല്ല.അവൻ ഇപ്പോഴും കിടക്കുന്നത് അച്ഛൻറെ കൂടെ തന്നെ.പക്ഷേ അത് അമ്മക്ക് അത്ര രസിച്ചില്ല എന്ന മട്ടിൽ താഴെ മറ്റൊരിടത്ത് അപ്പുവിനെ കിടത്താൻ തുടങ്ങി.അപ്പുവിന്റെ കാര്യം പറഞ്ഞ് പലപ്പോഴും അച്ഛനമ്മമാർ പിണങ്ങി തുടങ്ങി.തൻറെ അനിയനെ ഒന്ന് തലോടാണോ താലോലിക്കാനോ അമ്മ അനുവദിച്ചിരുന്നില്ല.പലപ്പോഴും അമ്മ കാണാതെയാണ് അവൻ നെറുകയിൽ ഒരു ഉമ്മ എങ്കിലും വെച്ചു പോന്നിരുന്നത്.പിന്നീട് പലപ്പോഴും അമ്മ ശകാരിക്കുക മാത്രമല്ല ശാരീരികമായി ശിക്ഷിക്കാനും തുടങ്ങി.അച്ഛൻ ഇല്ലാതെ ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയാൻ പോലും ഭയമായി തുടങ്ങി അപ്പുവിന്.അന്നൊരിക്കൽ അമ്മയുടെ വീട്ടിൽ നിന്നും ആരൊക്കെയോ വിരുന്നിനു വന്നിരുന്നു.അവർക്കും അപ്പുവിനെ അത്ര രസിച്ചില്ല എന്ന് മാത്രമല്ല അപ്പുവിന് അവർ പുതിയ ഒരു പേരും നൽകി.അസത്ത്.അപ്പോഴാണ് പുറത്തുനിന്നും വളർത്തുനായ വല്ലാതെ കുരക്കുന്ന ശബ്ദം കേട്ടത്.അപ്പു അവന്റെ അരികിലേക്ക് ഓടി.
വളർത്തുനായ കുര നിർത്തി എന്ന് മാത്രമല്ല അപ്പുവിനെ കണ്ടതും അവൻ മുരളാൻ തുടങ്ങി.അപ്പു അടുക്കളയിൽ പോയി കുറച്ചു ഭക്ഷണം എടുത്ത് അവൻറെ പാത്രത്തിൽ ഇട്ടുകൊടുത്തു.അതു കഴിക്കുന്നതിനിടയ്ക്കിടക്ക് അപ്പുവിനെ അവൻ നോക്കുന്നുണ്ടായിരുന്നു.പിന്നീട് ഒരു ദിവസം തൊട്ടിൽ കിടന്നു കരയുന്ന കുഞ്ഞിനെ അപ്പു വെറുതെ ഒന്ന് ആട്ടി നോക്കി.അവന്റെ കഷ്ടകാലത്തിന് കുഞ്ഞിന്റെ തല ചുമരിൽ ചെറുതായി ഇടിച്ചു.അത് കണ്ട് അങ്ങോട്ട് വന്ന അമ്മ അമ്മയായല്ല ഒരു പിശാചിനെപ്പോലെയാണ്അപ്പുവിനോട് പെരുമാറിയത്.ചുമരിൽ തലയിടിച്ചാൽ എങ്ങനെയാണെന്ന് നിനക്ക് ഞാൻ കാണിച്ചു തരാം എന്നു പറഞ്ഞ് അപ്പുവിന്റെ തല ആ അമ്മ ചുമരിൽ ഇടിച്ചു.അവൻറെ കണ്ണിലൂടെ പൊന്നീച്ച പാറി.അവൻ തുടർച്ചയായി കരഞ്ഞു കൊണ്ടേയിരുന്നു.ഉറക്കെ കരഞ്ഞാൽ കുഞ്ഞ് ഉണരും അതുകൊണ്ട് പുറത്തുപോയി കരഞ്ഞോ എന്ന് പറഞ്ഞു അമ്മ അവനെ പുറത്താക്കി.രണ്ടുദിവസമായി അച്ഛൻ വീട്ടിൽ ഇല്ല.സ്കൂളിലേക്ക് ഒരുക്കി പറഞ്ഞയക്കാൻ അമ്മ തയ്യാറായതുമില്ല.രണ്ടുദിവസം കഴിഞ്ഞപ്പോൾ അച്ഛൻ വീട്ടിലേക്ക് വന്നു.
അപ്പുവിനെ പുറത്തു നിർത്തി അച്ഛനും അമ്മയും കഥകടച്ചു പരസ്പരം ശബ്ദമുണ്ടാക്കുന്നുണ്ട് എന്ന് മാത്രം അപ്പുവിന്റെ അറിയാം.അതെന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും അപ്പുവിന് മനസ്സിലായില്ല.പുറത്തുവന്ന അച്ഛൻ അപ്പുവിനെ വാരിപ്പുണർന്നു മുഖത്ത് പലവുരു ഉമ്മ വച്ചു.അപ്പുവിനോട് പുതിയ ഷർട്ടും പാന്റും മാറ്റി വരാൻ പറഞ്ഞു അച്ഛൻ.പുത്തൻ ഉടുത്തു പുറത്തുവന്ന അപ്പുവിനെ കണ്ടപ്പോൾ വളർത്തുനായ വീണ്ടും കുറക്കാൻ തുടങ്ങി.അച്ഛൻ അപ്പുവിനെയും കൂട്ടി കാറിൽ കയറി എങ്ങോട്ടോ പോയി.ആ വാഹനം ചെന്നു നിന്നത് അവൻ അന്നുപുറത്തുവന്നഅതേ അനാഥാലയത്തിന്റെ മുൻപിൽ ആണ്.അപ്പുവിന്റെ നറുകിൽഒരു ഉമ്മ വെച്ച് ഗേറ്റ് കടത്തിവിട്ട് അച്ഛൻവാഹനം എടുത്ത് വന്ന വഴിയെ തിരിച്ചു പോയി.കാണാ മറയത്ത് എത്തും മുമ്പ് അപ്പുവിനെ ദയനീയമായ ഒരു നോട്ടം മാത്രം നോക്കി അയാൾ വാഹനം ഓടിച്ചു കൊണ്ട് മുന്നോട്ടുപോയി.അന്നത്തെ ആ പള്ളിയിൽ നിന്ന് കേട്ട മണിമുഴക്കം അവൻറെ തലക്ക് ആരോ അടിച്ചത് പോലെ തോന്നി അപ്പുവിന്.
എഴുതിയത് Hameed C PML
(ചിത്രം കടപ്പാട്)