നാട്ടുകാരുടെ വിചാരം പത്തിരുപത് നിലയുടെ മുകളിൽ തൂങ്ങി പെയിന്റ് അടിക്കുന്നത് സിംപിൾ എന്ന് നൂറു രൂപ കൂട്ടി ചോദിച്ചാൽ പ്രശ്നം ആയി കുറിപ്പ്

EDITOR

പെയിന്റിംഗ് പണിക്കാരന്റെ രോദനം.പുറം കാഴ്ചയിൽ ഒരു വീട് ഭംഗിയുള്ളതായി തോന്നണമെങ്കിൽ ചായം പൂശുന്നവന്റെ ഒരായിരം വിയർപ്പ് തുള്ളികൾ ഉറ്റി വീഴണം.
നിലത്ത് വിരിച്ച ഇറ്റാലിയൻ മാർബിളായാലും അതിന്റെ ഭംഗി കിട്ടണമെങ്കിൽ അകം ചുമരിലും പെയിന്റിംഗ് തൊഴിലാളിയുടെ വിയർപ്പ് പൊടിയണം.ഉടമസ്ഥന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്ലാസ്റ്റർ ചെയ്തപ്പോൾ വന്ന വിടവും വയറിങ്ങിന്റെ തൊഴിലാളികളും കാർ പെന്ററും തുടങ്ങി വീട് പണിക്ക് പെയിന്റർക്ക് മുമ്പായി കയറിയവരുടെ അടയാളങ്ങൾ മുഴുവൻ തീർത്ത് പരുപരുത്ത ചുമരിൽ പൊട്ടിയിട്ട് പൊടിയും ശ്വസിച്ച് മിനുക്കിയെടുത്ത് അടയാളങ്ങളും ചുമരിലെ പരുക്കും തീർത്ത് വില കൂടിയതോ കുറഞ്ഞതോ ആയ ചായം പൂശിയാലേ നിലത്ത് വിരിച്ച ഇറ്റാലിയനായാലും മാർബിളായാലും കാവിയായാലും ഭംഗി കിട്ടുന്നുള്ളൂ.
എന്നാലും പെയിന്റിംഗ് തൊഴിലാളി രണ്ടാം തരം തന്നെ.പ്ലാസ്റ്ററിങ്ങ് ചെയ്യാൻ ഉയരത്തിന് വേണ്ടി കെട്ടുറപ്പുള്ള ഉയരങ്ങൾ കെട്ടി വർക്ക് ചെയ്യുമ്പോൾ പെയിന്റിംഗ് ചെയ്യുന്നവൻ മുന്നിൽ കണ്ട ശക്തി കുറഞ്ഞ തടിക്കഷണങ്ങൾ കൊണ്ട് ഉയരം കെട്ടിയോ രണ്ട് കോണികൾ വെച്ച് കെട്ടിയോ വർക്ക് ചെയ്യുന്നു. ആ സമയം ഒരുവൻ താഴെ സഹായത്തിനായി നിന്നാൽ ഉടമസ്ഥന്റെ ചോദ്യം വരും.

എന്തിനാ അതിന് രണ്ട് പേര് എന്ന്. അതും സഹിച്ച് (രണ്ട് കോണി കെട്ടിവെച്ച് മുകളിൽ കയറുന്നവന് അറിയാത്തതല്ല ഒന്ന് തെറ്റിയാൽ താഴെ നിക്കുന്നവന് ഒരു സഹായവും ചെയ്യാൻ കഴിയില്ലെന്ന് ) ബോഡറും ഉയരം കൂടിയ പുറത്തേയും അകത്തേയും ചുമരുകൾ ചായം പൂശി നയന മനോഹരമാക്കിയാലും പെയിന്റർ രണ്ടാം തരം പണിക്കാരൻ തന്നെ.പൊതുവേ പെയിന്റിംഗ് പണി നിസ്സാരമായ വർക്കെന്ന് പഴി കേട്ട് വരവേയാണ് ഈ അടുത്തായി ഇറങ്ങിയ സിനിമയിലെ പെയിന്റിംഗ് പണിക്കാരനായ നായകന്റെ സൂപ്പർ ഡയലോഗ് വന്നത്. അതും കൂടി ആയപ്പോൾ വർക്കുകളിലെ ഏറ്റവുംനിസാരമായതും ആർക്കും എപ്പോഴും ചെയ്യാൻ പറ്റുന്ന തൊഴിലാണ് പെയിന്റിംഗ് എന്ന ധാരണ ഉറപ്പിച്ചതും.സത്യം അറിയണമെങ്കിൽ ചുരുങ്ങിയത് ഒരു പത്ത് ദിവസം പെയിന്റിംഗ് പണിക്ക് പോയി നോക്കണം.വീടിന്റെ അകത്തെ ജനാല കമ്പികൾക്ക് പെയിന്റടിക്കുക എന്നത് മാത്രമല്ല പെയിന്റിംഗ്. നട്ടുച്ച വെയിലിൽ ടെറസിന് മുകളിൽ പാകിയ ഓടിന് പെയിന്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ . കാണാൻ നല്ല ചേലാണ്. ഒരു പിടിവള്ളിയും ഇല്ലാതെ വെയില് കൊണ്ട് ഉറ്റി വീഴുന്ന വിയർപ്പ് തുള്ളികളേ തുടച്ച് ചൂടായ ഓടിന് മുകളിൽ ഇരുന്ന് ആസനം പുകഞ്ഞ് കാൽ മുട്ട് വേദനിച്ച് കാല്പാദം പൊള്ളി യാലും എത്രയും വേഗത്തിൽ തീർക്കാൻ പാട് പെടുന്ന പെയിന്റിംഗ് പണി ഒരു ദിവസം എടുത്ത് നോക്കണം

അപ്പോഴറിയാം പെയിന്റിംഗ് പണിയുടെ സുഖം.പൊട്ടിയുടെ പൊടി ശ്വസിച്ച് വില കൂടിയ പെയിന്റിന്റെ കെമിക്കൽ ആസ്വദിച്ച് അനുദിനം രോഗത്തിന്റെ പിടിയിലേക്ക് പോകുന്നെന്ന് അറിഞ്ഞിട്ടും ഇതിൽ പിടിച്ച് നിക്കുന്നത് ആ തൊഴിലിനോടുള്ള ഇഷ്ടം കൊണ്ടാണ്. അല്ലാതെ ഈസിയായ ജോലി ആയത് കൊണ്ടല്ല.ഒരു വർഷം കൂടുമ്പോഴോ മറ്റോ വാങ്ങുന്ന കൂലിയിൽ ഒരമ്പത് രൂപ കൂട്ടിയാൽ അത് ഏറ്റവും വലിയ കൂലിയായി വ്യാഖ്യാനിക്കപ്പെടുന്ന വിഭാഗവും പെയിന്റിംഗ് മേഖല മാത്രമാവും.കമ്പനിക്കാർ പറയുന്ന വാക്ക് വിശ്വസിച്ച് ഓരോ പ്രോഡക്ടും വീട്ട്ടുമസ്ഥനോട് പരിചയപ്പെടുത്തി വാറണ്ടിയും ഗ്യാരണ്ടിയും നൽകി പിറ്റേ വർഷത്തിൽ പൂപ്പൽ പിടിച്ചാൽ കമ്പനിയും കൈ മലർത്തും. അതിനോടും പടപൊരുതി ആഴ്ചയിൽ 500 രൂപ സമ്പാദിക്കാൻ കഴിയാത്ത നാട്ടിൽ നിന്ന് ഇവിടെയെത്തി ദിവസം അഞ്ഞൂറ് രൂപ കിട്ടിയാൽ ലോട്ടറിയടിക്കുന്ന അതിഥി തൊഴിലാളിയെന്ന ഓമനപ്പേരിൽ വിളിക്കുന്നവന്റെ വില പേശലും അതി ജീവിച്ച് ഒരു വീടിന്റെ വർക്ക് തീർത്ത് കൊടുത്ത് കാശിനായി കൈ നീട്ടുമ്പോൾ ഇല്ലാത്ത കുറ്റങ്ങളും കുറവുകളും പറഞ്ഞ് തരാനുള്ള കാശിൽ കുറവ് വരുത്തി ബാക്കി കാശിനായി പത്ത് പ്രാവശ്യം പിന്നാലെ നടക്കേണ്ടതും പെയിന്റിംഗ് തൊഴിലിന്റെ ഭാഗം മാത്രമാവുന്നു.

വർഷങ്ങളായി ഒരു സംഘടനയുടേയും ലേബലില്ലാതെ ഒരു അസ്ഥിത്വമില്ലാതെ കൂടി ചേരലുകളോ കൂട്ടി ചേർക്കലുകളോ ഇല്ലാതെ ജാതിയുടേയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ വേർതിരിവില്ലാതെ അവനവന്റെ പണി എടുത്ത് പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും തീരാതെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതം മുന്നോട്ട് ഗമിക്കവേ എവിടെയോ ഞങ്ങൾക്കായി പിറവിയെടുത്ത രക്ഷകനായി വരുന്ന സംഘ ശക്തിയുടെ വിളംബരം കെട്ടി ആഘോഷിക്കവേ കേൾക്കാൻ തുടങ്ങുന്നു. പിടലപിണക്കങ്ങളുടേയും വിഴുപ്പലക്കലിന്റേയും വാഗ്വാദങ്ങളുടേയും ശബ്ദങ്ങൾ. തീർന്നു സാധാ പെയിന്റ് പണിക്കാരന്റെ സർവ്വ പ്രതീക്ഷകളും.കമ്പനിക്കാരുടെ കീഴിലായാലും കോൺട്രാക്ടറുടെ കീഴിലായാലും വീട്ടുടമസ്ഥന്റെ കീഴിലായാലും എടുക്കുന്ന പണിക്ക് മാന്യതയും അർഹതപ്പെടുന്ന കൂലിയും കിട്ടിയാൽ മതിയെന്ന ആഗ്രഹം മാത്രമേ ഏതൊരു സാധാരണ പെയിന്റിംഗ് തൊഴിലാളിക്കും ഉണ്ടാവൂ.
നിങ്ങൾ സംഘടന ഉണ്ടാക്കിയാലും ഇല്ലെങ്കിലും പെയിന്റിംഗ് പണിയുടെ അവസ്ഥ മാറുമെന്ന് പ്രതീക്ഷയില്ല.സമൂഹം ഒരു രണ്ടാം തൊഴിലായി പെയിന്റിംഗ് മേഖല കാണുന്ന കാലത്തോളം കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
അപ്പൂസ്