തമിഴന്‍ ഇപ്പോള്‍ ജോലി തെണ്ടി മറ്റു നാടുകളില്‍ പോകേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു തമിഴ്‌നാട്ടില്‍ തന്നെ നല്ല ശമ്പളത്തില്‍ ഇഷ്ടം പോലെ ജോലികള്‍ ഉണ്ട് പക്ഷെ നമ്മുടെ അവസ്ഥ

EDITOR

ആ തമിഴ് തൊഴിലാളികൾ എവിടെ പോയി?കുറച്ചു കാലം മുൻപുവരെ പട്ടണങ്ങളിലിൽ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു. ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്. അന്നും വിയര്‍പ്പിന്റെ അസുഖമുള്ള മലയാളികള്‍ പുച്ഛം വാരിവിതറി ഇവരെ ‘പാണ്ടി’കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി പകരം ബംഗാളികള്‍ ആ സ്ഥാനം ഏറ്റെടുത്തു.ഇത് ഇവിടെ ഇപ്പോള്‍ പറഞ്ഞതെന്താണെന്ന് ചോദിച്ചാല്‍.

തമിഴന്‍ ഇപ്പോള്‍ ജോലി തെണ്ടി മറ്റു നാടുകളില്‍ പോകേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു. തമിഴ്‌നാട്ടില്‍ തന്നെ നല്ല ശമ്പളത്തില്‍ ഇഷ്ടം പോലെ ജോലികള്‍ ഉണ്ട്. അതും ഒല, അമസോണ്‍,എല്‍ജി, മാരുതി തുടങ്ങിയ അഗോള ഭീമന്‍മാരുടെ കമ്പനികളില്‍.
കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 100ല്‍ അധികം വ്യവസായിക എസ്‌റ്റേറ്റുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ കൂടി മലയാളികള്‍ അടക്കം നാല് കോടിയില്‍ അധികം പേര്‍ പ്രത്യക്ഷമായും പരോഷമായും ജോലികള്‍ ചെയ്യുന്നു.ഒരോ ജില്ലകള്‍ക്കും അനുയോജ്യമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച് അവിടേയ്ക്ക് വ്യവസായം ആകര്‍ഷിക്കാന്‍ തമിഴ്‌നാട്ടിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ആയിട്ടുണ്ട്. അങ്ങനെയാണ് കേരളത്തില്‍ തുടങ്ങിയ വി-ഗാര്‍ഡിനെ വരെ അവര്‍ കോയമ്പത്തൂരില്‍ എത്തിച്ചത്. വാളായാര്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന വ്യവസായ പാര്‍ക്കില്‍ നമ്മുടെ വി-ഗാര്‍ഡ് പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കി സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്്.

അതുപോലെ തന്നെ തിരുവള്ളൂര്‍ (ഓട്ടോ മോട്ടീവ്), ചെന്നൈ (ഇലട്രോണിക്‌സ്,ഐടി  വെല്ലൂര്‍(ലതര്‍), കാഞ്ചീപുരം (സില്‍ക്ക്), സേലം (സ്റ്റീല്‍), ഈ റോഡ് (പവര്‍ലൂം), നാമക്കല്‍ (ട്രാന്‍സ്‌പോര്‍ട്ട്), പെരുംമ്പത്തൂര്‍( സിമിന്റ്),തിരുച്ചിറപ്പള്ളി (കോച്ച് ബില്‍ഡിങ്ങ്), കോയമ്പത്തൂര്‍ (വ്യവസായം,ഐടി) എന്നീ ഹബ്ബുകളാക്കി വ്യവസായികളെ ആകര്‍ഷിച്ചു. തമിഴ്‌നാട് സ്ഥാപിച്ച ഒരു വ്യവസായ പാര്‍ക്കിലും കേരളത്തിലേത് പോലെ പൂച്ച പെറ്റു കിടപ്പില്ല. സമ്പൂര്‍ണ ശേഷിയില്‍ ഉല്‍പാദനം നടക്കുന്നുണ്ട്.മൊബൈല്‍ ഫോണില്‍ വിപ്ലവം സൃഷ്ടിച്ച നോക്കിയ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങിയത് തമിഴ്‌നാട്ടിലായിരുന്നു. മൂന്നു പ്ലാന്‍ുകള്‍ക്ക് വെള്ളവും വെളിച്ചവും സ്ഥലവും നല്‍കി ജയലളിത തമിഴ്‌നാട്ടില്‍ എത്തിക്കുകയായിരുന്നു. ഈ പ്ലാന്റ് പിന്നീട് പൂട്ടിയെങ്കിലും തമിഴ്‌നാടിന്റെ തലവരമാറ്റിയ തീരുമാനമായിരുന്നു ഇത്. നോക്കിയയയുടെ ചുവട് പിടിച്ചാണ് ഒലയും ആമസോണും, എല്‍ജിയും മാരുതിയും സിമിന്റ് ഫാക്ടറികളും തമിഴ്‌നാട്ടിലെത്തിയത്.തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇന്ത്യന്‍ ഐടി സെക്ടറിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് തമിഴ്‌നാടാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന വ്യവസായിക ഉല്‍പ്പനങ്ങളില്‍ 13 ശതമാവും തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്.

വാഹന നിര്‍മാണ ഫാക്ടറികള്‍ 46,091 കോടിയാണ് തമിഴ്‌നാട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ 2.21ലക്ഷം പേരാണ് തൊഴില്‍ എടുക്കുന്നത്. ലതര്‍ വ്യവസായത്തില്‍ 9000 കോടിയാണ് നിക്ഷേപം. ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ 42 ശതമാനം ലതറും തമിഴ്‌നാട് ഉല്‍പാദിപ്പിച്ച് നല്‍കുന്നുണ്ട്.പേപ്പര്‍ വ്യവസായത്തില്‍ 2011-12 വര്‍ഷത്തില്‍ മാത്രം 2000 കോടി നിക്ഷേപം തമിഴ്‌നാട്ടില്‍ എത്തി. നാലു ലക്ഷം ടണ്‍ പേപ്പറാണ് തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് ആവശ്യമായ 18 ശതമാനം കെമിക്കല്‍, പ്ലാസ്റ്റിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിദേശത്തേട്ട് 12 ശതമാനം കയറ്റി അയക്കുകയും ചെയ്യുന്നു.അതു പോലെതന്നെ ഇന്ത്യന്‍ വസ്ത്ര വിപണിയുടെ 36 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. വെളിരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ 27 ശതമാനവും. ഹാന്റ് ലൂം പവര്‍ ലൂം മേഖലയില്‍ 3.50 കോടി പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വെബ് സൈറ്റ് പറയുന്നത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തുറന്നത് ഏഴ് വലിയ സിമിന്റ് ഫാക്ടറികളാണ്. അതും ശതകോടികളുടെ നിക്ഷേപത്തില്‍…. ഇതാണ് നമ്മള്‍ പാണ്ടികളെന്ന് വിളിച്ച തമിഴരുടെ ഇപ്പോഴത്തെ അവസ്ഥ.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയം നോക്കാതെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടുണ്ട്.അതാണ് നമ്മള്‍ പോലും തമിഴ്‌നാട്ടില്‍ പോയി ജോലി ചെയ്യേണ്ട അവസ്ഥയില്‍ എത്തിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യവസായ ഹബ്ബായി തമിഴ്‌നാട് മാറാന്‍ വലിയ താമസം ഒന്നും ഇല്ല നമ്മള്‍ അന്നേരവും അവരെ നോക്കി കൊഞ്ഞനംകുത്തികൊണ്ടിരിക്കും.കേരളത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടിയില്‍ അധികം നിക്ഷേപിച്ച എന്റെ അറിവില്‍ ഒരേ ഒരു കമ്പനിയെ ഉള്ളൂ.. അത് വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കാനത്തെിയ ഗൗതം അദാനിയാണ്. പക്ഷേ, ഈ കാലത്ത് കേരളത്തില്‍ നിന്ന് വി-ഗാര്‍ഡിനെയും കിറ്റക്‌സിനെയും നിസാനെയും പോലെ നിരവധി കമ്പനികളെ തുരത്താന്‍ നമ്മുക്ക് ആയിട്ടുണ്ട്.അതുകൊണ്ട് ഇവിടുത്തെ യുവ തലമുറ ഇന്നും ജോലി തെണ്ടി നാടുവിട്ട് വിമാനംകയറുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടെന്ന് അഭിമാനത്തോടെ നമ്മള്‍ പറയും.അത് അഭിമാനമാണോ അപമാനമാണോ എന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഇത്രയും ഡാറ്റകള്‍ തപ്പിയെടുത്ത് ഏഴുതിയിട്ടത് എന്താണെന്ന് ചോദിച്ചാല്‍.നമ്മള്‍ സൂപ്പര്‍ അയല്‍പ്പക്കക്കാര്‍ എല്ലാം മോശ എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ചില സുഹൃത്തുക്കള്‍ക്കായും കേരളത്തില്‍ ഇനി വേണ്ടത് വ്യവസായിക നിര്‍മാണ ഫാക്ടറികളാണ് എന്നു പറയാനും വേണ്ടിയാണ്.ഇലട്രിക്ക് യുഗം തുടങ്ങി കഴിഞ്ഞു.എണ്ണയില്‍ മാത്രം നിലനില്‍ക്കുന്ന ഗള്‍ഫ് മോടി അവസാനിക്കാന്‍ വലിയ താമസം ഇല്ല. അതിന്റെ അലയൊലകള്‍ കേരളത്തെയാണ് ഏറ്റവും ബാധിക്കുക വലിയ അസമത്വങ്ങള്‍ അത് ഇവിടെ ഉണ്ടാക്കും