അമ്മയുടെ അമ്മ വെന്റിലേറ്ററിൽ ആണ് കിടക്കുന്നത് എന്ന് പറഞ്ഞിട്ട് ഞങ്ങൾ ഐസിയുവിൽ കയറി കാണുമ്പോൾ വെന്റിലേറ്റർ ഒന്നും കണ്ടില്ലല്ലോ അമ്മയുടെ ആ ചോദ്യം ആദ്യം എന്നെ ഒന്ന് ഞെട്ടിച്ചു

EDITOR

മോനെ, അമ്മാമ്മ വെന്റിലേറ്ററിൽ ആണ് കിടക്കുന്നത് എന്ന് പറഞ്ഞിട്ട് ഞങ്ങൾ ഐസിയുവിൽ കയറി കാണുമ്പോൾ വെന്റിലേറ്റർ ഒന്നും കണ്ടില്ലല്ലോ.അമ്മയുടെ ആ ചോദ്യം ആദ്യം എന്നെ ഒന്ന് ഞെട്ടിച്ചു.അത്രയും വലിയ ഒരു മെഷീൻ അവിടെ ഉണ്ടായിട്ട് ‘അമ്മ അത് കണ്ടില്ലേ.പിന്നെ ഞാൻ കരുതി സാധാരണക്കാരായ ഒരാൾക്ക് രോഗിയുടെ അടുത്തിരിക്കുന്ന ആ മെഷീനെയാണ് വെന്റിലേറ്റർ എന്ന് വിളിക്കുന്നത് എന്ന് എങ്ങനെ മനസ്സിലാകും.അമ്മ ഐസിയുവിൽ കയറി അമ്മാമ്മയെ കാണുമ്പോൾ അമ്മാമ്മയുടെ വായിലൂടെ ഒരു ട്യൂബ് ഇട്ടിരിക്കുന്നത് കണ്ടോ, ആ ട്യൂബ് മറ്റൊരു വലിയ ട്യൂബിലൂടെ അവിടെ അടുത്തുള്ള ഒരു മെഷീനിൽ ഘടിപ്പിച്ചിട്ടില്ലേ. ആ മെഷീൻ ആണ് വെന്റിലേറ്റർ എന്ന് പറയുന്നത്.ഞാൻ പറഞ്ഞു.’വെന്റിലേറ്ററിലാണ് എന്ന് കേൾക്കുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് രോഗിയെ ഒറ്റയ്ക്ക് ഒരു റൂമിൽ ചില്ലുകൂട് പോലെ എന്തിലെങ്കിലും ഒന്നിൽ വെച്ച് ചികിത്സിക്കുന്നതാണ് എന്നാണ് കരുതിയത്.അമ്മ പറഞ്ഞു.മെഡിക്കൽ ഫീൽഡിൽ ഉള്ള ഒരാൾക്ക് ഇതൊക്കെയും ദിവസവും കൈകാര്യം ചെയ്യുന്നത് ആയത് കൊണ്ട് ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ അവർക്ക് അതിശയമായി തോന്നാം.

സാധാരണക്കാർ ഒരുപക്ഷേ സിനിമയിലും സീരിയലുകളിലും ഒക്കെ ആയിരിക്കും വെന്റിലേറ്റർ കണ്ടിട്ടുള്ളത്. അതും വലിയ രസമാണ്, നെബുലൈസേഷൻ മാസ്‌ക്ക് വെച്ചിട്ട് രോഗി വെന്റിലേറ്ററിൽ ആണ് എന്ന് കാണിക്കുന്നവരാണ് ഇവരിൽ ഏറെയും.നിങ്ങൾക്ക് വലിയ കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാൻ വെന്റിലേറ്ററിനെ കുറിച്ചുള്ള കുറച്ച് അടിസ്ഥാന വിവരങ്ങൾ ഇവിടെ പങ്കുവെയ്ക്കാം.സ്വന്തമായി ശരിയായ രീതിയിൽ ശ്വസിക്കാൻ കഴിയാത്തത് ജീവൻ അപകടപ്പെടുത്തുന്ന ഒരു അടിയന്തിരാവസ്ഥയാണ്.ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോ സ്വന്തമായി ശ്വസിക്കാൻ കഴിയാത്തതോ ആയ അവസ്ഥകളിൽ ശ്വാസകോശങ്ങളെ പ്രവർത്തിപ്പിക്കാൻ കൃത്രിമമായി ശ്വാസോച്ഛ്വാസം നൽകാൻ സഹായിക്കുന്ന ഒരു ജീവൻരക്ഷാ യന്ത്രമാണ് വെന്റിലേറ്റർ. ഒരു വെന്റിലേറ്റർ വായുവിനെ ശ്വാസകോശത്തിനകത്തേക്കും പുറത്തേക്കും തള്ളാൻ സഹായിക്കുന്നു. അങ്ങനെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നു.

വെന്റിലേറ്ററിൽ നിന്ന് ശ്വാസകോശത്തിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നതിന് മുഖത്ത് ഒരു മാസ്‌ക് ഘടിപ്പിച്ച് കൊണ്ടാകാം ഇത് സാധ്യമാക്കുന്നത്. അല്ലെങ്കിൽ, നിങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാണെങ്കിൽ, തൊണ്ട കുഴിയിലേക്ക് ഒരു ട്യൂബ്‌ കടത്തിവിട്ട് ശ്വാസകോശത്തിലേക്ക് നേരിട്ട് ഓക്സിജൻ എത്തിക്കുന്നു.മസ്തിഷ്കം, ഹൃദയം, കരൾ, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ലെങ്കിൽ അത് അവയവങ്ങളുടെ പ്രവർത്തനത്തെ കാര്യക്ഷമമായി ബാധിക്കുന്നു.ഇത് തടയാനും അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാനും വെന്റിലേറ്ററിലൂടെ സാധിക്കും.പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കാം,അവയിൽ ചിലത് താഴെ കൊടുത്തിരിക്കുന്നവയാണ് : അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് , ആസ്ത്മ, മസ്തിഷ്ക ക്ഷതം,ഹൃദയ സ്തംഭനം,ന്യുമോണിയ സ്ട്രോക്ക് ,കോമ അല്ലെങ്കിൽ ബോധക്ഷയം,മയക്കുമരുന്നിന്റെ അമിത അളവ് ,ശ്വാസകോശ അണുബാധ
ര- ക്തത്തിലെ അണുബാധ

ഒരു രോഗിയെ എത്ര സമയം വെന്റിലേറ്ററിൽ വയ്‌ക്കേണ്ടി വരുന്നു എന്നുള്ളത് ശ്വസിക്കാൻ സഹായം ആവശ്യമുള്ളതിന്റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു.ഒരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് വെന്റിലേറ്റർ ആവശ്യമെങ്കിൽ, ഇത് ചിലപ്പോൾ കുറച്ച് മണിക്കൂറുകൾ മാത്രമേ വേണ്ടി വരികയുള്ളൂ.എന്നാൽ മറ്റെന്തെങ്കിലും രോഗകാരണങ്ങളാലോ ശാരീരികഅവസ്ഥയോ ആണ് ഒരു രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റാനുള്ള കാരണമെങ്കിൽ അത് ദിവസങ്ങളോ ആഴ്ചകളോ അതിൽ കൂടുതലോ ആകാം.ഒരു അസുഖം സുഖപ്പെടുത്തുന്നതിനുള്ള ചികിത്സയോ പരിഹാരമോ അല്ല വെന്റിലേറ്റർ.ഇത് ഒരു സപ്പോർട്ടീവ് തെറാപ്പി മാത്രമാണ്.ഒരു രോഗിയുടെ രോഗകാരണംകണ്ടെത്തി അതിന് ആവശ്യമായ ചികിത്സയുടെ ഭാഗമായാണ് വെന്റിലേറ്റർ ഉപയോഗിക്കുന്നത്. ശരീരം അണുബാധയെയോ രോഗത്തെയോ ചെറുക്കുമ്പോൾ അല്ലെങ്കിൽ പരിക്കിൽ നിന്ന് കരകയറുമ്പോൾ ശ്വസിക്കാൻ സഹായിക്കുക എന്നതാണ് വെന്റിലേറ്ററിന്റെ ജോലി

എഴുതിയത് : ലാൽ കിഷോർ