ഈ പെൺകുട്ടികൾക്കു വേണ്ടി കൈയടിക്കൂ മനോരമ പത്രത്തിന്റെ പാലക്കാട് എഡിഷനിൽ ഒരു കോളം ന്യൂസിൽ മാത്രം ഒതുങ്ങേണ്ട വാർത്തയല്ല ഇത്. രാത്രി യാത്രയിൽ നിരന്തര മായി സംഭവിക്കുന്ന റോഡപകടങ്ങളെ ഒരു പരിധി വരെ ദൂരീകരിക്കാൻ കഴിയുന്ന ഒരു കണ്ടുപിടിത്ത മോഡലിനെക്കുറിച്ചുള്ള വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറയേണ്ടതാണ്.പാലക്കാട് കാണിക്കമാത ഹയർ സെക്കന്ററി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ എസ്. റോഷ്ണിയും ജെ. അമൃതയും വെറുമൊരു സബ് ജില്ലാ ശാസ്ത്ര മേളയ്ക്കാണ് മലമ്പുഴയിലെത്തുന്നത്. പിന്നീടിവർ മണ്ണാർക്കാട് വച്ചു നടന്ന ജില്ലാ മേളയിലും പങ്കെടുത്തു. എന്നാൽ അവരുടെ ചിന്ത നിറയെ ഇക്കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ വച്ചു നടന്ന സ്ക്കൂൾ ബസ് അപകടത്തിന്റെ നിലവിളികളായിരുന്നു. ബസ് ഡ്രൈവർ ഉറക്കം തൂങ്ങിയതു നിമിത്തമുണ്ടായ അപകട മരണത്തിന്റെ നടുക്കത്തിൽ നിന്നാണ് റോഷ്ണിയും അമൃതയും തങ്ങളുടെ ശാസ്ത്ര ചിന്തയെ ആ വഴിക്കു തിരിച്ചു വിടുന്നത്. സ്ക്കൂൾ അധികൃതർ അവർക്ക് കൂട്ടാവുകയും ചെയ്തു.അമേരിക്കയിലെ നാസയിൽ നിന്നും എത്ര റോക്കറ്റുകൾ ഉയർന്നു ?
ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ ഗഗൻയാൻ പദ്ധതിയിൽ ഏത് ബഹിരാകാശ യാത്രികനായിരിക്കും നറുക്കുവീഴുക എന്നൊക്കെ തലപുകച്ചിരുന്ന റോഷ്ണി ആദ്യമായാണ് ഇത്തരമൊരു ഗവേഷണ ചിന്തയിലേക്ക് വരുന്നത്. കണ്ണിന്റെ ചലനം തിരിച്ചറിയുന്ന ഐ ബ്ലിങ്ക് സെൻസർ സംവിധാനത്തിലൂടെ ആൻറി സ്ലീപ് അലാം സംവിധാനത്തിന്റെ പ്രവർത്തന മാതൃകയുണ്ടാക്കിയതിനാണ് ഈ കുട്ടികളുടെ സ്കൂളിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. വണ്ടിയോടിക്കുന്ന ഡ്രൈവർ ഉറക്കം തൂങ്ങിയാൽ ഈ അലാം ശബ്ദമുണ്ടാക്കും. പിന്നീട് വാഹനത്തിന്റെ വേഗത താനേ കുറയും. പിന്നിൽ വരുന്ന വാഹനങ്ങൾക്ക് സൂചന നൽകുകയും ചെയ്യും.
രാത്രി റോഡപകടങ്ങൾ കുറയ്ക്കാൻ ഇപ്പോഴും നമ്മുടെ മാർഗ്ഗങ്ങൾ പ്രാകൃതമാണ്. കേരള പോലീസിന്റെ ഒരു പദ്ധതി തന്നെ രാത്രി ഓടി വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി ഡ്രൈവറെ മുഖം കഴുകിച്ച് കട്ടൻ കാപ്പി കൊടുക്കുന്ന ഏർപ്പാടാണ്. നൂറ് ഉപഗ്രഹങ്ങളെ ഒന്നിച്ചു പറത്തിയും ഗോളാന്തരയാത്ര നടത്തിയും ഇന്ത്യ മുന്നേറുന്ന ഇക്കാലത്ത് ഈ കുട്ടികളുടെ കണ്ടെത്തലാണ് പ്രാബല്യത്തിൽ വരേണ്ടത്. ഈ കണ്ടുപിടിത്തം നിസ്സാരമല്ല. ഒരു മനുഷ്യ ജീവനും ഇനി നടുറോട്ടിൽ പൊലിയാതിരിക്കുകയാണ് വേണ്ടത്.
റോഷ്ണിയുടേയും അമൃതയുടേയും കണ്ടുപിടിത്തങ്ങൾ ഇവർ പഠിക്കുന്ന സ്കൂളിനു പുറത്തക്ക് ഉടൻ കടക്കേണ്ടതുണ്ട്. ഇതിന് വലിയ വാർത്താപ്രാധാന്യം അന്താരാഷ്ട്ര തലത്തിൽ തന്നെ വരണം. നമ്മുടെ കേന്ദ്ര-സംസ്ഥാന ഗതാഗത വകുപ്പുമന്ത്രിമാർ ഈ കുട്ടികളുടെ വലിയ ചിന്തയെ പ്രയോഗത്തിൽ കൊണ്ടു വരുന്നതിന് ഉടൻ നടപടികളെടുക്കണം. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഈ കുട്ടികളെയും ഇവരുടെ സ്കൂളിനേയും അഭിനന്ദിക്കാനെങ്കിലും തയ്യാറാവണം. ഈ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന കാണിക്കമാതാ സ്കൂളിനെ നമ്മളോരോരുത്തരും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അമൃത പാലക്കാട് ടൗണിനടുത്തു തന്നെയാണ് താമസം. ജീവിത സാഹചര്യങ്ങൾ കുറവായ റോഷ്ണിയുടെ പഠന ചിലവുകൾ വഹിക്കുന്നത് ഡോ.എ.വി.അനൂപിന്റെ നേതൃത്വത്തിലുള്ള ചെന്നൈയിലെ എ.വി.എ. ചാരിറ്റബിൾ ട്രസ്റ്റാണ്.ഈ കുട്ടികൾ നാളത്തെ ശാസ്ത്രജ്ഞരാണ്. ലോകമറിയേണ്ടവർ. മാധ്യമങ്ങൾക്കും ഭരണകർത്താകൾക്കും ഒപ്പം നമുക്കോരോരുത്തർക്കും ഇവരുടെ ഉയർച്ചയിലും വിജയത്തിലും പങ്കുണ്ടാവണം. ഈ രണ്ടു പെൺകുട്ടികളെ അഭിനന്ദിക്കുകയെങ്കിലും ചെയ്യൂ .അത് അവർക്കുള്ള പ്രോത്സാഹനമാണ്. മറ്റുള്ളവർക്കും. ശാസ്ത്രജ്ഞരാവേണ്ടവർ ഗുമസ്ഥരാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്.
എഴുതിയത് : വിനോദ് മങ്കര