അറുപതിനായിരം പെൻഷൻ ഉള്ള ഞാൻ മക്കൾക്ക്എല്ലാം എഴുതി കൊടുത്ത ശേഷം അവരുടെ സ്വഭാവം മാറുന്നത് കണ്ടു വീട് വിട്ടു ഇറങ്ങി കടൽ തീരത്തെത്തി ശേഷം ചെയ്തത്

EDITOR

കഥ:ലൈഫ് മാനേജർ ജിബു ബസ്സിൽ നിന്നും ചിന്നക്കട ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ അയാൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു എങ്ങോട്ട് പോകണമെന്ന്. ഏകദേശം ഒരു മണിക്കൂർ അവിടെത്തന്നെ നിന്നു. എന്നിട്ട് ഒരു ആട്ടോക്കാരനോട് ചോദിച്ചു ഇവിടെ സ്വസ്ഥമായി കുറെ നേരം ഇരിക്കാൻ ഏതെങ്കിലും ഒരു സ്ഥലമുണ്ടോ ?ആട്ടോ ഡ്രൈവർ അയാളെ അടിമുടിയൊന്നു നോക്കി. എന്നിട്ട് പറഞ്ഞു അതിനല്ലേ സാറേ കൊല്ലം ബീച്ച്. സാറ് വാ. കൊണ്ടുവിടാം.ബീച്ച് റോഡിൽ കുറെ മുന്നോട്ട് പോയിട്ട് അയാൾ ചോദിച്ചു.ബീച്ചിൽ കുറെ ആളുകൾ കാണില്ലേ. പിന്നെ എങ്ങനെ എനിക്ക് സ്വസ്ഥത കിട്ടും?സാറേ, ബീച്ചിൽ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ഇരുന്നുകൊണ്ട് വിശാലമായ കടലിലേക്ക് നോക്കി തിരമാലകൾ ദൂരെ നിന്നു വരുന്നതു നോക്കൂ. കഴിയുമെങ്കിൽ മണിക്കൂറിൽ എത്ര എണ്ണം വരുന്നു എന്ന് എണ്ണി നോക്കുക. സാർ എല്ലാം മറക്കുംബീച്ചിലെത്തി, ആട്ടോക്കൂലി കൊടുത്തു കഴിഞ്ഞ് ഒരു ആളൊഴിഞ്ഞ സ്ഥലത്ത് തന്റെ ബാഗ് തറയിൽ വച്ചിട്ട് കടലിലേക്ക് നോക്കി ഇരുന്നു. ഇടയ്ക്കിടെ ചില ആളുകൾ വന്നുംപോയുമിരുന്നു. അല്പസമയം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ അയാളുടെ അടുത്ത് വന്നിരുന്നു. കുറെ നേരം കഴിഞ്ഞ് അയാൾ ചോദിച്ചു ഇനി എന്ത് ? ഞാനിനി എങ്ങോട്ട് ?. ഇതല്ലേ സാറിനെ അലട്ടുന്ന പ്രശ്നം ?അതിശയത്തോടെ അയാൾ ചോദിച്ചു

എന്റെ മനസ്സിൽ എന്താണെന്ന് നിങ്ങളെങ്ങനെ അറിഞ്ഞു. ?ഞാൻ മുഖലക്ഷണം കണ്ട് പറഞ്ഞതാ. വേണമെങ്കിൽ സാറിനെ ഞാൻ സഹായിക്കാം. എന്റെ പേര് ജിബു. ഗ്രാജ്വേറ്റ് ആണ്. ജോലിയില്ല.ജിബുവിനെ സൂക്ഷിച്ചു നോക്കി അയാൾ ചോദിച്ചു നിങ്ങൾക്ക് എങ്ങനെ എന്നെ സഹായിക്കാൻ പറ്റും ?സാറ് പ്രശ്നം പറ. എന്നിട്ട് തീരുമാനിക്കാം അതിന് എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്. പക്ഷേ ഞാൻ കാശ് വാങ്ങുംചിരിച്ചു കൊണ്ട് ജിബു മറുപടി കൊടുത്തു.അല്പനേരം ആലോചിച്ചു കഴിഞ്ഞ് അയാൾ പറഞ്ഞു എന്റെ പേര് അശോകൻ. കായംകുളത്ത് ഇറിഗേഷൻ വകുപ്പിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി റിട്ടയർ ചെയ്തു. അഞ്ച് വർഷമായി.അങ്ങ് മാവേലിക്കര ഓലകെട്ടിയ അമ്പലത്തിന്റെ അടുത്താണ് വീട്”. പതിയെ എഴുന്നേറ്റ് നടന്നു കൊണ്ട് അയാൾ തന്റെ കഥ പറയാൻ തുടങ്ങി.ഭാര്യ സുമതിയും ഒരേയൊരു മകൻ സുനിലുമായി സന്തോഷം നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അയാളുടേത്. ഇറിഗേഷൻ വകുപ്പിൽ നല്ല പേരും പ്രശസ്തിയുമോടെ അയാൾ ജോലി ചെയ്തു.

കൂടുതലൊന്നും സമ്പാദിച്ചില്ല. എന്നിട്ടും സ്വന്തം വീടും പുരയിടവും ഒക്കെ ഉണ്ടാക്കി. റിട്ടയർമെന്റ് കഴിഞ്ഞ് കിട്ടിയ തുക ബാങ്കിൽ നിക്ഷേപിച്ചു. ഇതിനിടെ സുമതിയ്ക്ക് കാൻസർ ബാധിച്ചു.എത്ര ചികിത്സിച്ചിട്ടും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ വർഷം സുമതി മരിച്ചു. അതോടെ മാറി അയാളുടെ ജീവിതവും.സുമതി ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ വിവാഹം നടത്തിക്കൊടുത്തു. കോട്ടയത്ത് നിന്നും ഒരു ശാലിനിയുമായി. കുറെ നാളത്തേക്ക് എല്ലാം നല്ല രീതിയിൽ നടന്നു.കഴിഞ്ഞ വർഷം മുതൽ മകന്റെയും മരുമകളുടെയും സ്വഭാവമൊക്കെ മാറി. മകനും മരുമകളും നിർബന്ധിച്ച് അയാളുടെ സ്വത്തുക്കളെല്ലാം അവരുടെ പേരിൽ എഴുതി വാങ്ങി. ബാങ്ക് അക്കൗണ്ടിന്റെ ATM കാർഡ് വരെ അവർ ബലമായി പിടിച്ചു വാങ്ങി. മാസം തോറും കിട്ടുന്ന പെൻഷൻ അവരുടെ കയ്യിലായി. അയാളുടെ കാര്യങ്ങളെല്ലാം അവരല്ലേ നോക്കുന്നത്. പിന്നെ അയാൾക്കെന്തിനാണ് പണവും സ്വത്തും എന്നവർ വാദിച്ചു. ഈ കാര്യങ്ങളൊന്നും അയാൾ ആരെയും അറിയിച്ചില്ല. കുടുംബത്തിന് നാണക്കേട് ആയതു കൊണ്ട്. ഒരു തടവുകാരനെപ്പോലെ ആ വീട്ടിൽ അയാൾ ജീവിച്ചു.ഇന്നലെ സുനിലും ശാലിനിയും സിനിമയ്ക്ക് പോയ തക്കം നോക്കി അവരുടെ അലമാരയിൽ നിന്നും തന്റെ ATM കാർഡും ആധാർ കാർഡും അയാളെടുത്തു.

ഒരു ബാഗിൽ അത്യാവശ്യം വേണ്ട തുണികളുമായി വീട്ടിൽ നിന്നും ഇറങ്ങി. സ്വന്തം വീട്ടിൽ നിന്നും, ജീവിതത്തിൽ നിന്നും, ഒരു ഒളിച്ചോട്ടം. വഴിയിൽ വച്ച് ആദ്യം കിട്ടിയ ട്രാൻസ്പോർട്ട് ബസ്സിൽ കയറി. ബസ്സ് എങ്ങോട്ട് പോകുന്നു എന്ന് പോലും അറിയാതെ. പിന്നീടാണറിഞ്ഞത് ബസ്സ് കൊല്ലത്തേക്കാണെന്ന്. അങ്ങനെ അയാൾ കൊല്ലത്ത് ബസ്സിറങ്ങിയത്.അപ്പോൾ സാറിന് ഇനിയുള്ള ജീവിതം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. അതിരിക്കട്ടെ സാറിന് സ്ഥിരം വരുമാനം ഉണ്ടല്ലോ ?ജിബു ചോദിച്ചു.ഉണ്ട്. മാസം തോറും അറുപതിനായിരം രൂപ പെൻഷൻ വരും, ബാങ്കിൽ.അശോകൻ മണ്ണിൽ ഇരുന്നു കൊണ്ട് പറഞ്ഞു.സാറിന്റെ ജീവിതത്തെപ്പറ്റിയുള്ള എല്ലാം കാര്യങ്ങളും നോക്കാൻ ഒരാള് വേണം. ഒരു ലൈഫ് മാനേജർ. അത് ഞാനാകാം. പക്ഷേ എനിക്ക് ശമ്പളം കിട്ടണം. ഒരു ജോലിക്കാരനായി.ജിബു അശോകന്റെ അടുത്ത് ഇരുന്നു. കുറച്ചു നേരം ആലോചിച്ചു കഴിഞ്ഞ് അശോകൻ ചോദിച്ചു.ഒന്ന് വിശദമായി പറയാമോ ?ശരി. ആദ്യമായി ഈ കടലിനെ സാക്ഷി നിർത്തി ഞാൻ വാക്ക് തരുന്നു. ഞാൻ വഞ്ചിക്കില്ല. സത്യസന്ധമായി കൂടെയുണ്ടാകും.സാറിന് താമസിക്കാൻ ഒരിടം വേണം. ഹോട്ടലിനേക്കാൾ നല്ലത് ലോഡ്ജാണ്. ചിന്നക്കടയിൽ വാടക കൂടും. എന്നാൽ ചിന്നക്കടയിൽ നിന്നും അല്പം ദൂരെയായി റൂമെടുത്താൽ വാടക അല്പം കുറയും.

ആഹാരം ഹോട്ടലിൽ നിന്നുമാകാം.വേണമെങ്കിൽ ഞാൻ വീടുകളിൽ നിന്നും ‘ഹോം ഫുഡ്’ സംഘടിപ്പിച്ചു തരാം. കൊല്ലത്ത് ചികിത്സാ സൗകര്യങ്ങൾ ആവശ്യത്തിനുണ്ട്.എല്ലാം ഞാൻ ശരിയാക്കിത്തരാം. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും പിന്നെ വൈകിട്ട് അഞ്ച് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഞാൻ കൂടെയുണ്ടാകും. രാവിലെയും വൈകിട്ടും നടക്കാൻ പോകാനും ആഹാരം കഴിക്കാൻ വേണ്ടത് വാങ്ങി കൊണ്ടുവന്നു തരാനും, ആശുപത്രിയിൽ കൂടെ പോകാനും, സിനിമയ്ക്ക്, ഉത്സവത്തിന്, പാർട്ടിക്കാരുടെ പ്രസംഗം കേൾക്കാൻ,കമ്പോളത്തിൽ പോകാൻ, ടൂർണമെന്റ് കാണാൻ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഞാൻ കൂടെയുണ്ടാകും. അതിനുപരി ഏത് പാതിരാത്രിയിൽ വിളിച്ചാലും ഞാൻ ഉടനെ വരും. ഇവിടെ അടുത്ത് പള്ളിമുക്കിലാണെന്റെ വീട്.ജിബു തുടർന്നു.എല്ലാക്കാര്യങ്ങളും എന്റെ മേൽനോട്ടത്തിൽ നടക്കും. ഒരു മാനേജർ എന്ന നിലയിൽ എനിക്ക് മാസം പതിനായിരം രൂപ ശമ്പളം കിട്ടണംഅല്പം ആലോചിച്ചിട്ട് അശോകൻ പറഞ്ഞു

ശരി, സമ്മതിച്ചു.ജിബു അശോകന്റെ ബാഗ് തറയിൽ നിന്നും എടുത്തിട്ട് പറഞ്ഞു വരൂ സർ, പോകാം ഉടനെ തന്നെ ഒരു ആട്ടോ റിക്ഷയിൽ രണ്ടു പേരും കോളേജ് ജംഗ്ഷനിലെ ശ്രീ നാരായണ ലോഡ്ജിൽ എത്തി. ജിബു തന്നെ എല്ലാ കാര്യങ്ങളും സംസാരിച്ചു ശരിയാക്കി. സ്ഥിരതാമസം ആയത് കൊണ്ട് വാടക അല്പം കുറച്ചു കിട്ടി. പിന്നീട് അത്യാവശ്യം വേണ്ട സാധനങ്ങൾ കോളേജ് ജംഗ്ഷനിലെ കടകളിൽ നിന്നും വാങ്ങി. ഒരു മുറിയിൽ സ്ഥിരമായി താമസിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തു.പിറ്റേന്ന് രാവിലെ മുതൽ ജിബു ജോലിക്ക് വന്നു തുടങ്ങി. പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടന്നു. എപ്പോഴും കൂടെയുണ്ടായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അപ്പോഴും.മാസങ്ങൾ, വർഷങ്ങൾ കടന്നു പോയി. ആദ്യവർഷം പതിനായിരം രൂപ ശമ്പളം മാസം തോറും കൊടുത്തു. വർഷം പോയതിനനുസരിച്ച് ആയിരം രൂപ വീതം ശമ്പളം കൂട്ടിക്കൊടുത്തു.അശോകന് വയസ്സായി. അസുഖം മൂലം കിടപ്പിലായി. ഒരു ദിവസം അശോകൻ ജിബുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചുജിബൂ,എനിക്ക് മരണം സംഭവിച്ചാൽ എന്റെ ശവസംസ്കാരം എങ്ങനെ നടക്കും ?ചിരിച്ചു കൊണ്ട് ജിബു മറുപടി പറഞ്ഞു.

അതിനല്ലേ സാറേ ഞാൻ ?എല്ലാ കാര്യങ്ങളും ഭംഗിയായി വേണ്ട രീതിയിൽ ഞാൻ ചെയ്യാം. എന്റെ മ-രണശേഷം എല്ലാ ക്രീയകളും ചെയ്യാനായി എന്റെ മാനേജർ ജിബുവിനെ ചുമതലപ്പെടുത്തുന്നു’ എന്ന രേഖ എഴുതി ഒപ്പിട്ടു തരണം. അതുപോലെതന്നെ സാറിന്റെ അക്കൗണ്ടിൽ ബാക്കി വരുന്ന പണം ഏത് അഗതിമന്ദിരത്തിന് കൊടുക്കണമെന്നും രേഖാമൂലം എന്നെ അറിയിക്കണം.അശോകന്റെ കണ്ണു നിറഞ്ഞു.ജിബു തുടർന്നുസാറിന്റെ മരണശേഷം, എന്റെ ജോലി പോകും. പുതിയ ഒരു ജോലി കിട്ടാൻ കുറഞ്ഞത് മൂന്നു മാസമെങ്കിലും എടുക്കും. അതുകൊണ്ട് മൂന്നു മാസത്തെ ശമ്പളം എനിക്ക് ഗ്രാറ്റ്വിറ്റി ആയിട്ട് തരണം. എനിക്കും ജീവിക്കണ്ടേ സർ ?ഇതാ തന്നിരിക്കുന്നുചിരിച്ചു കൊണ്ട് അശോകൻ ജിബുവിന്റെ കൈപിടിച്ചു കുലുക്കി. എന്നിട്ട് നിറകണ്ണുകളോടെ പറഞ്ഞു
എന്നെപ്പോലെ ആരുമില്ലാതാകുന്ന വൃദ്ധർക്ക് നിന്നെപ്പോലെ സത്യസന്ധരായ മാനേജർമാരെ ദൈവം കാട്ടിക്കൊടുക്കട്ടെ അശോകൻ പിന്നെയും നാലു വർഷം ജീവിച്ചു. ജിബുവിന്റെ മേൽനോട്ടത്തിൽ
എഴുതിയത് : കേണൽ രമേശ് രാമകൃഷ്ണൻ