രണ്ടുപേരും എൻജിനീയർമാർ കാണാനും കൊള്ളാം കുടുംബക്കാർ എല്ലാം കൊണ്ടും പരസ്പരം ചേരുന്നവർ രണ്ടരമാസം കഴിഞ്ഞില്ല നീന വീട്ടിൽ തിരിച്ചെത്തി കാരണം പറയുന്നത്

EDITOR

തീരുമാനങ്ങൾ നീനയുടെ ഫോൺകാൾ വന്നപ്പോൾ ഞാൻ അപ്പുവിന് സ്ക്കൂളിൽ കൊണ്ടുപോകാനുള്ള ലഞ്ച് ബോക്സ് റഡിയാക്കുകയായിരുന്നു.സ്ക്കൂളിൽ നോൺവെജ് കൊണ്ടുപോകാൻ പാടില്ല, അവനാണെങ്കിൽ പച്ചക്കറികളോട് അനിഷ്ടവും.അവനെ അനുനയിപ്പിക്കാൻ ഫുഡ് ആർട്ട് പോലും പഠിച്ചു ഞാൻ.ഇന്നത്തെ വിഭവങ്ങളിൽ വെജിറ്റബിൾ ഓംലറ്റുണ്ട്. ചപ്പാത്തിയും സാലഡുമുണ്ട്. ഉണക്കമുന്തിരിയും പൈനാപ്പിളുമുണ്ട്. വൈകിട്ട് തിരിച്ചു വരുമ്പോൾ ലഞ്ച് ബോക്സ് ഒഴിഞ്ഞിരിക്കുമെന്ന പ്രത്യാശയായിരുന്നു മനസ്സിൽ.നീന, എന്തു പറ്റി, അതിരാവിലെ ഒരു ഫോൺ കാൾ ?സുമിച്ചേച്ചി വീട്ടിലുണ്ടോ ?.ഞാൻ അങ്ങോട്ടു വരുന്നു. രണ്ടുദിവസം മാറി നിൽക്കണം, ഈ വീട്ടിൽ നിന്ന്.സത്യത്തിൽ എനിക്കൊന്നും പിടികിട്ടിയില്ല. വിശദമായി ചോദിക്കും മുൻപ് കാൾ കട്ടു ചെയ്തിരുന്നു. മാറി നിൽക്കുകയോ? ഏതു വീട്ടിൽ നിന്ന്? ഒരു രാത്രി പോലും ഇത്രനാളിനിടയ്ക്ക് ഈ വീട്ടിൽ വന്നു താമസിച്ചിട്ടില്ല.കാശ്മീർ ടൂറും, തറവാട്ടിലേയ്ക്കുള്ള യാത്രയും എല്ലാംകൂടി കഴിഞ്ഞമാസം എനിക്ക് മൊത്തം തിരക്കായിരുന്നു. അതുകൊണ്ടുതന്നെ ഒരു മാസമായി നീനയുടെ വിശേഷം ഒന്നും അറിഞ്ഞില്ല.എൻ്റെ ചിന്തകൾ മനസ്സിൽ ചുറ്റിത്തിരിയുമ്പോൾ അവൾ കടന്നു വന്നു, നീന, നേവീ ബ്ലൂ കുർത്തിയിൽ സുന്ദരിയായി.

ഞാനീ മുറിയിലാണ് ഉറങ്ങുന്നത്..” ഇടത്തേയറ്റത്തെ ബഡ്റൂമിൽ കയ്യിലെടുത്തിരുന്ന ബാഗ് കൊണ്ടുവയ്ക്കുന്നതിനിടയ്ക്കാണ് അവൾ അതു പറഞ്ഞത്.ആദ്യം നീയീ ജ്യൂസ് കുടിയ്ക്ക് .എന്നിട്ടു നമുക്ക് സംസാരിക്കാം.അവൾ പിന്നീട് പറഞ്ഞതെല്ലാം കേട്ട് വാസ്തവത്തിൽ ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ ഒരു മാസക്കാലത്തിനിടയ്ക്ക് എന്തെല്ലാം അപ്രതീക്ഷിതസംഭവ വികാസങ്ങൾനാലുമാസം മുൻപ് അത്യാഡംബര പൂർണ്ണമായാണ് ചെറിയച്ഛനും ചെറിയമ്മയും നീനയുടെ വിവാഹം നടത്തിയത്. രണ്ടുപേരും എൻജിനീയർമാർ .കാണാനും കൊള്ളാം.നല്ല കുടുംബക്കാർ. എല്ലാം കൊണ്ടും പരസ്പരംചേരുന്നവർ.രണ്ടരമാസം കഴിഞ്ഞില്ല. നീന വീട്ടിൽ തിരിച്ചെത്തി,ഇനി തിരിച്ച് അഭയൻ്റെ വീട്ടിലേക്കില്ല എന്ന ദൃഢനിശ്ചയവുമായി.ഒരിക്കലും ഒത്തു പോകാനാകാത്ത സ്വഭാവമാണ്. അമ്മയുടെ വാക്കുകൾ ക്കൊത്ത് തുള്ളുന്ന അയാൾക്ക് വേണ്ടത് ഭാര്യയെയല്ല, അടിമയെയാണ്. അയാൾക്കൊപ്പം തന്നെയാണ് ഞാനും.ഒന്നിലും പിന്നിലല്ല. പഠിപ്പിലും ജോലിയിലും ഒന്നും .ആത്മാഭിമാനം നഷ്ടപ്പെടുത്തിക്കൊണ്ട് ,എല്ലാം സഹിച്ച് ഒപ്പംജീവിക്കാൻ ഞാനില്ല. പരമാവധി ശ്രമിച്ചതാണ് ഒത്തു പോകാൻ.ചേച്ചിക്കെങ്കിലും എന്നെ മനസ്സിലാക്കാനാകും എന്ന് കരുതിയാണ് ഞാനിങ്ങു വന്നത്. ഇനി വേഗം ഒരു ഹോസ്റ്റൽ കണ്ടെത്തണം. ലീവ് ക്യാൻസൽ ചെയ്ത് ജോലിക്കു കയറണം.

നീനാ,നീയൊന്നു സമാധാനിക്ക്. നമുക്ക് വേണ്ടതു ചെയ്യാം.സുമിചേച്ചിക്കറിയോ? അമ്മയ്ക്കാണ് ഞാൻ തിരിച്ചു വന്നതിൽ എതിർപ്പ്. നമ്മുടെ ബന്ധുക്കളുടെ കൂട്ടത്തിലാരും ഇതുവരെ വിവാഹമോചനം നേടിയിട്ടില്ല. ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാണ് എന്നെല്ലാമാണ് അമ്മയുടെ ഭാഷ്യം. അയൽക്കാരെ, ബന്ധുക്കളെ,സമൂഹത്തിനെ എല്ലാം ഭയമാണമ്മയ്ക്ക്. സമൂഹത്തിൻ്റെ വിമർശനങ്ങളെ നേരിടാനുള്ള കരുത്തെനിക്കുണ്ട് എന്ന് പറഞ്ഞിട്ടും അമ്മ സമ്മതിക്കേണ്ടേ.?ചുറ്റുമുള്ള സമൂഹത്തിൻ്റെ ഇഷ്ടത്തിനനുസരിച്ച് എല്ലാം സഹിച്ച് ഞാൻ ജീവിക്കണമെന്ന് പറയുന്നത് എന്ത് അനീതിയാണ്? സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് സാധിക്കുമ്പോൾ ഞാനാരെ പേടിക്കണം.! അച്ഛൻ എല്ലാം കേട്ടു, ഒന്നും പറഞ്ഞില്ല എന്തെങ്കിലും മറുപടി പറയും മുൻപ് പോർച്ചിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.ചെറിയച്ഛനാണ്.ഞാൻ ഡൈനിംഗ് ടേബിളിൽ എടുത്തു വച്ച മുന്തിരി ജ്യൂസ് കയ്യിലെടുത്തു കൊണ്ടാണ് ചെറിയച്ഛൻ വിഷയത്തിലേക്ക് കടന്നത്.നീനാ.സുമിയുടെ അരികിലേയ്ക്ക് ഓടിയിറങ്ങിവന്നതുപോലെ ഒരു നിമിഷം പോലും ആലോചിക്കാതെയല്ലല്ലോ എൻ്റെ മോൾ ഭാവിജീവിതത്തെക്കുറിച്ച് തീരുമാനമെടുത്തത്? അച്ഛന് അതാണറിയേണ്ടത്.

നിൻറമ്മ പറയും പോലെ സമൂഹത്തിൻ്റെ വിമർശനങ്ങളെ അച്ഛന് ഭയമില്ല. മീഡിയ പോലെതന്നെ സെൻസേഷണൽ ന്യൂസിൻ്റെ പിന്നാലെയാണ് സമൂഹവും. അല്പായുസ്സുകളാണ് പ്രതികരണങ്ങളും.സമൂഹത്തെ ഭയന്ന്, ഇഷ്ടമില്ലാത്തതെല്ലാം സഹിച്ച് ജീവിക്കാനൊന്നും അച്ഛൻ പറയില്ല. പക്ഷേ തീരുമാനങ്ങൾ ചിന്തിച്ചു തന്നെയെടുക്കണം. തെറ്റിപ്പോയല്ലോ എന്ന ചിന്ത പിന്നീടൊരിക്കൽ മനസ്സിനെ വേദനിപ്പിക്കാനിടവരുത്തരുത്. ഇനി അഥവാ തെറ്റിപ്പോയെന്നു തോന്നുന്നുണ്ടെങ്കിൽ തിരുത്തുകയും വേണം.തീരുമാനമെന്തായാലും എൻ്റെ മോൾക്കൊപ്പം അച്ഛനുണ്ട്. തിരിച്ചു പോകുന്നില്ലെങ്കിൽ ഓർക്കുക, നമ്മുടെ വീട് എൻ്റെ മോളുടേതു കൂടിയാണെന്ന് . മോൾക്ക് എന്നും അവിടെ ജീവിക്കാം, വിവാഹത്തിനു മുൻപെന്ന പോലെത്തന്നെ, സർവ്വ സ്വാതന്ത്ര്യത്തോടും കൂടി.പക്ഷേ മക്കളുടെ പ്രശ്നങ്ങളും തീരുമാനങ്ങളും അച്ഛനമ്മമാരും അറിയുന്നതാണ് നല്ലത്. കാരണം അവർക്ക് അനുഭവസമ്പത്തുണ്ട്. തീരുമാനമെടുക്കുന്നതിൽ തീർച്ചയായും അവർക്ക് സഹായിക്കാനാകും. പുതിയ തലമുറയ്ക്ക് ഉപദേശങ്ങൾ ഇഷ്ടമല്ലെന്നറിയാം.കുടം കമിഴ്ത്തിവച്ച് വെള്ളമൊഴിക്കും പോലെ വിഫലമാകില്ല അച്ഛൻ്റെ വാക്കുകൾ. അല്ലേ മോളേ. ചെറിയച്ഛൻ്റെ കേട്ടു നിൽക്കേഎൻ്റെ നെഞ്ചിലെ ഭാരമൊഴിഞ്ഞു. ഞാൻ പറയാനാഗ്രഹിച്ചതൊക്കെ ചെറിയച്ഛൻ്റെ വാക്കുകളിലുണ്ട്.

നീന നിശ്ശബ്ദയായി കേട്ടു നിന്നു, അവളുടെ ആവനാഴിയിലെ അമ്പുകൾ ഒഴിഞ്ഞതുപോലെ.അല്ലെങ്കിലും എല്ലാ തലങ്ങളും സ്പർശിച്ചു കൊണ്ടുള്ള ചെറിയച്ഛൻ്റെ വാക്കുകളെ എങ്ങനെ തള്ളിക്കളയാനാകും.അവൾ ചിന്തിക്കട്ടെ.ഞാനവളെ തനിയെ വിട്ടുകൊണ്ട് മുറ്റത്തെ ചെടികൾക്കിടയിലേക്കിറങ്ങി പിന്നാലെ ചെറിയച്ഛനും. പുതിയ സംഭവ വികാസങ്ങൾ സൃഷ്ടിച്ച വീർപ്പുമുട്ടലുണ്ടാകും മനസ്സിൽ.
ഏറെ നേരം കഴിഞ്ഞില്ല വാതിൽക്കൽ നിൽക്കുന്നുണ്ട് നീന.എന്നാൽ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോയാലോ അച്ഛാ?തിരിച്ചു പോകാനോ? സുമിയുടെ ഉച്ചയൂണിൻ്റെ രുചിയറിയാതെ ഞാൻ എങ്ങോട്ടുമില്ല.വിഭവങ്ങളൊരുക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ പിന്നിൽ നീനയുടെ ചിണുക്കം കേട്ടു.അച്ഛാ, ഉമ്മ. എൻ്റെ അച്ഛനെയാണെനിക്കിഷ്ടം, ഏറെയിഷ്ടം, എന്നെ മനസ്സിലാക്കുന്ന എൻ്റച്ഛനെ ഒരെടുത്തു ചാട്ടക്കാരിയാണ് ഞാനെന്നച്ഛനു തോന്നുന്നുണ്ടോ? ഒന്നുറപ്പു തരാം നല്ലവണ്ണം ചിന്തിച്ചു തന്നെയാണ് തീരുമാനമെടുത്തതെന്ന് .ചെറിയച്ഛൻ നീനയെ കരവലയത്തിലൊതുക്കുന്നുണ്ട്, മോൾക്ക് അച്ഛനുണ്ട്കൂടെ എന്ന് പറയാതെ പറയും പോലെ.
എഴുതിയത് :ഡോക്ടർ.വീനസ്