ജ്യോതിഷത്തിൽ പ്രമുഖമായ സ്ഥാനമാണ് ജാതകത്തിനുള്ളത് ഇതിന്റെ അടിസ്ഥാനം സമയമാണ് ഞാൻ ഇത് എഴുതുന്ന അബുധാബിയിൽ സമയം രാത്രി പതിനൊന്നു മണി കുറിപ്പ്

EDITOR

സുരേഷ് മഠത്തിൽ വളപ്പിൽ എഴുതുന്നു  ജ്യോതിഷം സത്യമാണ് എന്റെ മുത്തച്ഛൻ കൊച്ചിരാജാവിന്റെ ആസ്ഥാന ജോതിഷിയായിരുന്നു. തന്റെ മരണം ഏതു ദിവസം ഏതു സമയത്ത് എങ്ങനെ സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അത് കൃത്യമായി സംഭവിക്കുകയും ചെയ്തു.ഞാൻ ആകെ കൺഫ്യൂഷനിൽ ആയി.ഇത് പറഞ്ഞ എന്റെ സുഹൃത്ത്‌ പരമ്പരാഗതമായി ജ്യോതിഷ കുടുംബത്തിൽ ജനിച്ച ആളാണ്.എങ്കിലും അയാൾ എന്നോട് ഒരു നുണ പറയുമെന്ന് ഞാൻ കരുതുന്നില്ല.പത്തനംതിട്ടയിലെ നരബലിയിലുംഇപ്പോൾ പാറശാലയിൽ യുവാവിന് വിഷം നൽകി കൊന്നതിലും അടക്കം ജോതിഷത്തിന് ഉള്ള പങ്കിനെപ്പറ്റി സംസാരിക്കവെയാണ് സുഹൃത്ത്‌ എന്നോട് തന്റെ മുത്തച്ഛന്റെ കാര്യം പറയുന്നത്.സത്യത്തിൽ ഈ ജ്യോതിഷത്തിൽ എന്തെങ്കിലും ഉണ്ടോ?ഇല്ലെന്നാണ് എന്റെ അറിവ്, അനുഭവം.അറിവ് എന്നുവച്ചാൽ വാസ്തുവിദ്യ പഠിക്കുന്ന കൂട്ടത്തിൽ ജ്യോതിഷത്തിന്റെ ചില അടിസ്ഥാന വസ്തുതകൾ ഞാനും പഠിച്ചിട്ടുണ്ട്‌, അല്ലാതെ ഞാൻ ആ വിഷയത്തിൽ ഒരു പണ്ഡിതനോ വിദഗ്ദനോ ആണെന്ന് അർത്ഥമില്ല.

ജ്യോതിഷത്തിൽ വളരെ പ്രമുഖമായ സ്ഥാനമാണ് ജാതകത്തിനുള്ളത്, ജാതകത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നതുതന്നെ സമയം ആണ്.ഇനി നമുക്ക് എന്താണ് സമയം എന്ന് നോക്കാം.ഞാൻ ഇപ്പോൾ ഇത് എഴുതുന്നത് അബുധാബിയിൽ ഇരുന്നാണ്, ഇവിടെ സമയം രാത്രി പതിനൊന്നു മണിയായി.അതായത് ഇപ്പോൾ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടര.ഇനി ഞാൻ പറയുന്ന കാര്യങ്ങൾ നകുലൻ ശ്രദ്ധയോടെ കേൾക്കണം.ഇന്ത്യൻ സമയം എന്ന് പറഞ്ഞാൽ പടിഞ്ഞാറു ഗുജറാത്ത് മുതൽ, കിഴക്ക് അരുണാചൽ പ്രദേശ് വരെ രാത്രി പന്ത്രണ്ടര ആണ് എന്നർത്ഥം.അപ്പോൾ പിന്നെ വാഗായിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരന്റെ വാച്ചിലും സ്വാഭാവികമായി പന്ത്രണ്ടര മണി ആയിരിക്കണം.ഇനിയാണ് തമാശ.ഇതേ വാഗാ അതിർത്തിയിൽ ഏതാണ്ടൊരു പത്തു മീറ്റർ അകലെ പാക്കിസ്ഥാൻ ഭാഗത്തു കാവൽ നിൽക്കുന്ന പട്ടാളക്കാരന്റെ വാച്ചിൽ സമയം അരമണിക്കൂർ പിന്നിലാണ്.അയാൾക്ക് സമയം രാത്രി പന്ത്രണ്ടു മണി ആണെന്ന് സാരം.അതായത് സമയം എന്ന് പറയുന്ന സംഭവം തീരുമാനിക്കുന്നത് രാഷ്ട്രങ്ങളാണ്, അല്ലാതെ ജ്യോതിഷികൾ അല്ല.

ജ്യോതിഷവും വാസ്തുവും ഒക്കെ ആർഷ ഭാരതത്തിന്റെ സംഭാവന അല്ലെ ചേട്ടാ, ഇതിൽ പാക്കിസ്ഥാനികൾക്ക് എന്ത് കാര്യം എന്നൊരു ചോദ്യം വരാം.അനിയാ നിൽ.ഭാരതം എന്നുകൂടി വിളിക്കപ്പെടുന്ന ഇന്ത്യ എന്ന് പറയുന്ന നമ്മുടെ മഹാ രാജ്യത്തെത്തന്നെ രണ്ടു സമയ മേഖലകളായി വിഭജിക്കണം എന്നുള്ള ആവശ്യം പതിറ്റാണ്ടുകളായി നിലവിലുണ്ട്.ഒരു സുപ്രഭാതത്തിൽ ബീഹാറിന് അപ്പുറമുള്ള കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പ്രത്യേക സമയമേഖല അനുവദിച് അവിടെയുള്ളവന്മാരോട് വാച്ചിലെ സമയം അരമണിക്കൂർ മുന്നോട്ടാക്കാൻപറഞ്ഞാൽ അതുവരെ എഴുതിയ ജാതകങ്ങൾ എല്ലാം ഹുദാഗവാ.അല്ലെങ്കിൽത്തന്നെ എന്ത് പിണ്ണാക്കിനാണ് ഈ ജാതകം കല്യാണം കഴിക്കാനാണ് എന്ന് പറയുന്നവരുണ്ട്. കല്യാണത്തിന് ജാതകമേ വേണ്ടെന്നു പറയുന്നവരും ഈ രാജ്യത്തുണ്ട്.
കാക്കമാരും, അച്ചായന്മാരും എന്തോ ചെയ്യട്ടെ. നമ്മൾ ഹിന്ദുക്കൾക്ക് അതില്ലാതെ പറ്റില്ല എന്ന് പറയുന്നവരുണ്ട്.ഒലക്കയാണ്. ഒലക്ക.ഹിന്ദു സംസ്കാരത്തിൽ ഒരിടത്തും കല്യാണത്തിന് ജാതകം നോക്കണമെന്ന് പറഞ്ഞിട്ടില്ല.

ശ്രീരാമൻ സീതയെ വിവാഹം ചെയ്തത് ജാതകം നോക്കിയിട്ടല്ല. വില്ല് ഒടിച്ചു പ്രൂവ് ചെയ്തിട്ടാണ്.അർജ്ജുനൻ അർജ്ജുനനും സുഭദ്രയും ഒളിച്ചോടി കല്യാണം കഴിച്ചതാണ്.ശ്രീകൃഷ്ണന്റെ കാര്യമാണെങ്കിൽ പറയാനുമില്ല.പുള്ളി രുഗ്മിണിയെ കല്യാണം കഴിക്കുന്നതുതന്നെ അളിയൻ രുഗ്മിയുടെ കൂമ്പ് ഇടിച്ചു പപ്പടമാക്കിയിട്ടാണ്.ജാമ്പവതിയെ കല്യാണം കഴിക്കുന്ന കാലത്ത് അമ്മായിയപ്പൻ ജാമ്പവാനിട്ടാണ് പെരുക്കിയത്.പാണ്ഡവർ ദ്രൗപദിയെ കല്യാണം കഴിച്ചതും, ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും ഒക്കെ സീതാദേവിയുടെ സിസ്റ്റേഴ്സിനെ കല്യാണം കഴിച്ചതും ജാതകം നോക്കിയിട്ടല്ല.ശ്രീകൃഷ്ണനും ശ്രീരാമനും ഒക്കെ ദൈവങ്ങളല്ലേ ചേട്ടാ, അവർക്ക് എന്തുമാകാം. ആരും ചോദിക്കില്ല ” എന്ന് സമാധാനിക്കുന്നവരുണ്ടാവാം.പക്ഷെ അങ്ങനെ സമാധാനിക്കാൻ വരട്ടെ.വ്യക്തമാക്കാം.ഈയടുത്തകാലം വരെ കേരളത്തിലെ അപ്പർ ക്ളാസിലുള്ള ചിലഹൈന്ദവ സമുദായങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന്സ്വയംവരംഎന്നാണു പറഞ്ഞിരുന്നത്.ഒരു പെൺകുട്ടി അവർക്കിഷ്ടമുള്ള ഒരാളെ ബാഹ്യ പ്രേരണയില്ലാതെ വിവാഹം കഴിക്കുന്നതിനെയാണ്സ്വയംവരം എന്ന് വിളിച്ചിരുന്നത്.

ഇതിന്റെ പ്രൊസീജർ ലളിതമാണ്.ഒരു പെൺകുട്ടിക്ക് വിവാഹപ്രായമായാൽ വീട്ടുകാർ ഒരു ദിവസം നിശ്ചയിക്കും.അവളെ കല്യാണം കഴിക്കണം എന്നാഗ്രഹിക്കുന്ന നാട്ടിലെ സകലമാന ആളുകളും അന്നേ ദിവസം അവിടെയെത്തും.പെൺകുട്ടി കയ്യിൽ ഒരു മാലയുമായി വരും ഒപ്പമുള്ള തോഴി ഓരോരുത്തരുടെയും ബയോഡാറ്റ ഉറക്കെ വായിക്കും.ഇഷ്ടപ്പെട്ട ചെറുക്കനെ അവൾ മാലയിടും.ബാക്കിയുള്ളവർ ശാപ്പാടും കഴിച്ചു ഏമ്പക്കം വിട്ടു വീട്ടിൽ പോകും.അല്ലാതെ ന സ്ത്രീ സ്വാതന്ത്രമർഹതി എന്നൊരു പരിപാടി ഈ നാട്ടിൽ ഉണ്ടായിരുന്നില്ല.ഇതിലൊക്കെ എവിടെയാണ് ജാതകം?അതുപോലെ കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ നിലനിന്നുപോന്ന വേറൊരു ഏർപ്പാടാണ് സംബന്ധം.നമ്പൂതിരി കുടുംബങ്ങളിലെ മൂത്ത ചേട്ടന് മാത്രമേ വിവാഹം കഴിക്കാൻ സ്വാതന്ത്രം ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ എല്ലാം മേൽപ്പറഞ്ഞ സംബന്ധം എന്ന താൽക്കാലിക സെറ്റപ്പാണ് പിന്തുടർന്നിരുന്നത്.ചൊവ്വാദോഷമുള്ള പെൺകുട്ടിയെ സംബന്ധം ചെയ്തതിന്റെ പേരിൽ ഫ്യൂസ് അടിച്ചുപോയ എത്ര നമ്പൂതിരിമാരുണ്ടെടോ നിങ്ങടെ നാട്ടിൽ?അതാണ് പറയുന്നത്.

ഇത് വെറും തട്ടിപ്പാണെന്ന്.ഉന്മൂലനം ചെയ്യപ്പെടേണ്ട തട്ടിപ്പ്.ഏതു മതക്കാരനായാലും വേണ്ടില്ല ഇജ്‌ജാതി പരിപാടിയുമായി നടക്കുന്ന സകലവനെയും പെറുക്കി അകത്തിടണം.ഇന്ത്യ ക്രയോജനിക് യുഗത്തിൽ കുതിക്കുകയാണ്. അതിനെ പിന്നോട്ടടിക്കാൻ, ലോകത്തിന്റെ മുന്നിൽ കേരളത്തെ, ഇന്ത്യയെ നാണം കെടുത്താൻ ഈ പാഴ്ജന്മങ്ങളെ അനുവദിക്കരുത്.ആത്മീയത ആവാം. ജംഷഡ്ജി ടാറ്റയെ ബാങ്ക്ലൂരിലെ വിശ്വവിഖ്യാതമായ ഇന്ത്യൻ ഇസ്ടിട്യൂറ്റ് ഓഫ് സയൻസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ച സ്വാമി വിവേകാനന്ദന്റെ ആത്മീയത. എന്തായാലും എന്റെ സുഹൃത്ത് പറഞ്ഞ കാര്യത്തെക്കുറിച്ചു കൂടുതലറിയാൻവേണ്ടി പിന്നീടൊരു ദിവസം ഞാൻ അയാളെ വിളിച്ചു.നിങ്ങളുടെ മുത്തച്ഛൻ എങ്ങനെയാണ് മരിച്ചത് സുഹൃത്ത് ആദ്യം മറുപടി പറഞ്ഞില്ല. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു കൊച്ചി രാജാവ് മൂപ്പരെ പിടിച്ചു തൂക്കിക്കൊല്ലുകയായിരുന്നു എന്തായിരുന്നു കുറ്റം?ഏതോ പ്രവചനം തെറ്റിപ്പോയെന്നോ മറ്റോ ആണ് കേട്ടത് വാ പോകാം