കഠിനമായ വയറുവേദനയും മറ്റുഅസ്വസ്ഥതകളും വിട്ടുമാറാതായപ്പോഴുള്ള പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു ഒരു കുഞ്ഞു വേണം എന്ന മോഹം നഷ്ടമായെന്ന് കരുതി പക്ഷെ ഡോക്ടർ

EDITOR

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ മുതൽ മുംബൈ ലോകമാന്യതിലക് സ്റ്റേഷൻ വരെ പോകുന്ന ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സ് അൽപ്പസമയത്തിനുള്ളിൽ പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്തിച്ചേരുന്നതാണ്.തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ഹിമയുടെ കാതിൽ വീണ അനൗൺസ്മെന്റായിരുന്നു അത്. അവൾ കയ്യിലെ വാച്ചിൽ സമയം നോക്കി. 2:30PM. ഇനിയും സമയമുണ്ട്. ആശ്വാസത്തിന്റെ നിശ്വാസം ഉതിർന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നും അഞ്ചു മിനിട്ട് നേരത്തെ കാത്തുനിൽപ്പിനൊടുവിൽ ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോറം രണ്ടിലേക്ക് നടന്നു. ജനറൽ കമ്പാർട്ട്മെന്റ് വരുന്ന ഭാഗത്തെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു. പതിനഞ്ചു മിനിട്ട് താമസിച്ചേ ട്രെയിൻ വരൂ എന്നു യാത്രക്കാരിലൊരാൾ പറയുന്നത് കേട്ടു.ഇരിപ്പിടത്തിലേക്ക് ചാഞ്ഞിരുന്നപ്പോൾ ഓർമ്മകൾ ഏഴു വർഷം പിറകോട്ടു സഞ്ചരിച്ചു. വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോഴാണ് ഗർഭപാത്രത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. കഠിനമായ വയറുവേദനയും ബ്ലീ- ഡിംഗും മറ്റുഅസ്വസ്ഥതകളും വിട്ടുമാറാതായപ്പോഴുള്ള പരിശോധനയിൽ രോഗം തിരിച്ചറിഞ്ഞു.

അർബുദത്തിന്റെ തുടക്കമായിരുന്നു. ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തു അർബുദചികിത്സയിലൂടെ മുന്നോട്ട് പോവുക മാത്രമേ മുന്നിൽ വഴിയായി തെളിഞ്ഞുള്ളൂ. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ തുടരാനുള്ള തീരുമാനത്തിനൊപ്പം അവിടുത്തെ ഡോക്ടർമാർ മറ്റൊരു കാര്യം കൂടി ചെയ്തു. ഗർഭപാത്രം ഇല്ലാതാവുകയെന്നാൽ സ്വന്തമായൊരു കുഞ്ഞ് എന്ന സ്വപ്നമാണ് അവിടെ പൊലിയുന്നത്. അതുകൊണ്ട് അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുള്ള ഏർപ്പാട് കൂടി ചെയ്തു. എല്ലാത്തിനും കൂടെ നിന്നു കരുത്തു പകർന്നത് ഭർത്താവ് തന്നെയായിരുന്നു. ഒപ്പം കുടുംബത്തിന്റെ അകമഴിഞ്ഞ സ്നേഹവും. തീവ്രമായ ചികിത്സാനുഭവങ്ങളിലൂടെ ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് കടന്നു വന്നു. ശരീരത്തിലെ മുറിവുകളും വേദനയുമകന്നു. പക്ഷേ മനസ്സ് അനപത്യതാദുഃഖത്തിന്റെ നെരിപ്പോടിലുരുകി.അങ്ങനെയിരിക്കുമ്പോഴാണ് വാടകഗർഭപാത്രത്തിലൂടെ ഗർഭധാരണത്തിന്റെ സാധ്യതയെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത്. പിന്നെ അതിന്റെ നിയമസാധുതകളും അതിനുള്ള വ്യക്തിയെക്കുറിച്ചൊക്കെ അന്വേഷിച്ചു തുടങ്ങിയത്. ഒന്നു രണ്ടു വർഷത്തെ ശ്രമത്തിനൊടുവിൽ പ്രത്യേകസാഹചര്യവും പരിഗണിച്ച് അനുമതി കിട്ടി. പിന്നീട് ഗർഭവാഹകയ്ക്കു വേണ്ടിയുള്ള തിരച്ചിലായിരുന്നു. രണ്ടുവർഷം കൂടുമ്പോഴുള്ള പരിശോധന ആർ സി സിയിൽ നിന്നും കഴിഞ്ഞു വരുന്ന വഴി ട്രെയിനിൽ വച്ചാണ് കണ്ണൂർ സ്വദേശി സുമതിയെ പരിചയപ്പെടുന്നത്.

അവർ ഭർത്താവിന്റെ അർബുദചികിത്സയുമായി ബന്ധപ്പെട്ട് ആർ സി സിയിൽ വന്നതായിരുന്നു. രോഗം ഭേദമായെങ്കിലും ജോലിക്കൊന്നും പോകാൻ പറ്റാത്ത ആരോഗ്യസ്ഥിതിയിലായിരുന്നു അവരുടെ ഭർത്താവ്. ഒപ്പം രണ്ടു കുട്ടികളും. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വാടകഗർഭധാരണത്തിനു സ്വമനസ്സാലെ അവർ തയ്യാറായി. പ്രതിഫലേച്ഛയോടെയല്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഉള്ള മോചനത്തിനായി വേണ്ടുന്ന സാമ്പത്തികപരമായ എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന തീരുമാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയി. ഹിമയുടെ ശീതികരിച്ച അണ്ഡവും ഭർത്താവിന്റെ ബീജവും ലാബിൽ വച്ചു സംയോജിപ്പിച്ച് ഭ്രൂണമാക്കി സുമതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. മൂന്നു തവണത്തെ ശ്രമത്തിനൊടുവിൽ ഫലം കണ്ടു. അങ്ങനെ സുമതിയുടെ വയറ്റിൽ ഇരട്ടക്കുട്ടികൾ ജന്മമെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിവാസത്തിനു ശേഷം അഞ്ചു മാസം കഴിഞ്ഞപ്പോൾ അവളെ സ്വന്തം വീട്ടിൽ പോകാനനുവദിച്ചു. ഒപ്പം ചികിത്സയും പ്രസവവും കണ്ണൂരിൽ തന്നെയുള്ള ആശുപത്രിയിലേക്ക് മാറ്റി. നാളെയാണ് പ്രസവത്തിനുള്ള ഡേറ്റ് പറഞ്ഞിരിക്കുന്നത്. അവിടേക്ക് പോവാനാണ് ഇപ്പോൾ റയിൽവേസ്റ്റേഷനിൽ എത്തിയിരിക്കുന്നത്. ഇതേ ട്രെയിനിൽ തന്നെ ഭർത്താവുമുണ്ട്. ജോലിസ്ഥലമായ തിരുവനന്തപുരത്തുനിന്നും നേരിട്ട് വരികയാണ് അദ്ദേഹം.
ഒരിക്കലും സാധിക്കില്ലെന്നു കരുതിയ ആഗ്രഹത്തിന്റെ സാഫല്യത്തിനായുള്ള പ്രയാണത്തിന്റെ കാത്തിരിപ്പിനവസാനമായി പതിയെ ട്രെയിൻ സ്റ്റേഷനിലേക്കെത്തി ചേർന്നു. പ്രതീക്ഷാനിർഭരമായ മനസ്സോടെ ഹിമയുടെ യാത്ര ജീവിതപാളങ്ങളിലൂടെ മുന്നോട്ട് ചലിച്ചു കൊണ്ടിരിക്കുന്നു.
എഴുതിയത് :നിഷിബ എം നിഷി