ഭർത്താവ് കളഞ്ഞിട്ട് പോയ ശേഷം മക്കളെ നോക്കാൻ ഗൾഫിൽ എത്തി ഇന്ന് മക്കളുടെ കല്യാണം കഴിഞ്ഞു എന്നാൽ മക്കൾ ഇത് വരെ പറഞ്ഞിട്ടില്ല അമ്മ നിർത്തി വാ ഇനി കഷ്ടപ്പെടേണ്ടാ എന്ന്

EDITOR

ഇരുപത്തി നാലാമത്തെ വയസ്സിൽ അങ്ങേര് ഇട്ടേച്ചുപോയേപ്പോ, കീയോ കീയോ പരുവത്തിലുള്ള മൂന്നെണ്ണം വാലിൽ തൂങ്ങി നടപ്പുണ്ടാരുന്നു മൂന്നും പെണ്ണ് ആണല്ലോ നീയെന്നാ ചെയ്യും എന്ന് അയലോക്കം കാര് ചോദിച്ചപ്പോഴും കേറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു പേരേം അഞ്ചു സെന്റും ഉണ്ടല്ലോ എന്നോർത്ത് സമാധാനിച്ചുവറീതേട്ടന്റെഹോട്ടലിൽ പാത്രം കഴുകിയും അവരുടെ തന്നെ വീട്ടിലെ പുറം പണി ചെയ്തും കിട്ടുന്ന കാശുകൊണ്ട് മൂത്തോളെ പത്തിൽ വരെയെത്തിച്ചു , നടുക്കത്തോൾ എട്ടിലും ഇളയവൾ ആറിലും ആയിട്ട് പിള്ളേര് വേഗം വളരുന്നല്ലോ എന്നോർക്കുമ്പോ ഇടയ്ക്കൊക്കെ ഒരാന്തലാരുന്നുആ പറയാൻ മറന്നു ഇതിനിടയ്ക്കൊരിക്കൽ അങ്ങേരു വന്നാരുന്നു, അന്നെനിക്കൊരു ഇരുപത്തൊമ്പതൊക്കെയായിക്കാണും ഹോട്ടലീന്ന് പണീം കഴിഞ്ഞ് വന്നപ്പോ തിണ്ണേലിരിപ്പോണ്ട്.ദൂരെന്ന് കണ്ടപ്പോ ഏതാണ്ടൊക്കെ പറയാൻ തോന്നിയെങ്കിലും ഞാനാ ഭാഗത്തേക്ക് നോക്കിയതേയില്ല പിള്ളേര് കഞ്ഞിയോ വെള്ളമോ ഏതാണ്ടൊക്കെ കൊടുത്തെന്ന് തോന്നുന്നു ഒരു രണ്ടുമൂന്നാഴ്ച അവിടൊക്കെ നിന്നിട്ടും ഞാന്നോക്കാനേ പോയില്ല ഇങ്ങേര് പോയ സമയത്തൊക്കെ എന്നേലും തിരിച്ചുവന്നാൽ നല്ല നാല് വർത്താനം പറയണം എന്നോർത്തോണ്ടിരുന്നതാ പക്ഷേ കണ്ടപ്പോ ഇങ്ങനൊരാൾ മരിച്ചുപോയപോലാ തോന്നീത്.

അമ്മയോട് ക്ഷമിക്കാൻ പറ്റുമോന്ന് ചോദിയ്ക്കാൻ മൂത്തോളോട് പറഞ്ഞുവിട്ടു കൊച്ചിനെന്നാ അറിയാം അതിനോട് എന്നാ പറയാനാ, ഞാനൊന്നും പറയാമ്പോയില്ല കുറെ ദിവസം കഴിഞ്ഞപ്പോൾ അങ്ങേര് എങ്ങാണ്ടെലെ പോയി എന്നിട്ടുംഎനിക്കൊന്നും തോന്നിയില്ല എനിക്കയാൾ പണ്ടേ മരിച്ചവനാരുന്നല്ലോ വറീതേട്ടന്റെരു ചങ്ങായിക്ക്എന്നോടൊരിഷ്ടം ഉണ്ടെന്ന് വറീതേട്ടന്റെ വീട്ടുകാരി ശോശാമ്മചേടത്തിയാപറഞ്ഞത് മൂന്ന് പെങ്കൊച്ചുങ്ങളുള്ള എനിക്കിനി അങ്ങനൊന്നും പറ്റുവേല എന്ന് പറഞ്ഞപ്പോഅവരെ കെട്ടിച്ചുവിട്ടാപ്പിന്നെ നിനക്കാരുണ്ട് എന്നാണ് അവര് ചോദിച്ചത്.ആരൂല്ലാത്തോർക്ക് തമ്പുരാൻ കാണും എന്നൊരു മറുപടി മാത്രേ പറഞ്ഞുള്ളൂ.അതിപ്പിന്നെ അയാളെ കാണുമ്പോ ചങ്കിനകത്തൊരു പിരുപിരുപ്പാരുന്നു.കടേൽ അയാള്‌വന്നാൽ എങ്ങനേലും അടുക്കളപ്പുറത്തൂടെ വീട്ടിപോകാൻനോക്കും.അങ്ങേർക്ക് മനസ്സിലായിക്കാണണം കൂടുതലൊന്നും ചോദിച്ചുമില്ല ,പറഞ്ഞുമില്ല അതങ്ങനെ കഴിഞ്ഞു പത്ത് കഴിഞ്ഞപ്പോഴേ മൂത്തോളെ ചോദിച്ച് കല്യാണക്കാര് വരാൻ തുടങ്ങി

അവൾക്കാണേൽ കുറേക്കൂടി പഠിക്കണം എന്നാരുന്നു എത്ര കഷ്ടപ്പെട്ടാലും സ്വന്തം കാലേൽ നിക്കാനൊരു തൊഴില് കിട്ടുന്ന പണിയുണ്ടാക്കി കൊടുത്തിട്ടേ കെട്ടിച്ചു വിടുന്നുള്ളൂ എന്ന് ഞാനങ്ങ് തീരുമാനിച്ചു അങ്ങനാ അവൾ ബുട്ടീഷൻ പഠിക്കാൻ പോയത് പിന്നെപ്പോഴും അനിയത്തിമാരുടെ തലേലും മുഖത്തും ആരുന്നു അവടെ പരീക്ഷണം പഠിച്ചു കഴിഞ്ഞ് അവക്കൊരു ചെറിയ ജോലി കിട്ടി നടുക്കത്തോളു പത്തു കഴിഞ്ഞ് പഠിക്കാൻ പോന്നില്ലാന്ന് തീർത്തു പറഞ്ഞു അന്നേരമാ രണ്ടാടിനെ വാങ്ങിച്ചത് ആടിനേം കൊഴിയേം ഒക്കെയായി അവള് വീട്ടിലിരുന്നു.കൊച്ചവളാണേൽ ചെറുപ്പം മുതലേ ഡാൻസ് കാരിയാ എനിക്കീ പെമ്പിള്ളേര് ഒരു പ്രായം കഴിഞ്ഞാൽ ഡാൻസ് കളിയ്ക്കാൻ പോകുന്നതൊന്നും അത്ര ഇഷ്ടമില്ല പക്ഷേ അവള് ഒറ്റ വാശിയിൽ നിന്നു, റോഡിന്റപ്രത്തെ വീട്ടിലെ സരസമ്മ ടീച്ചർ ചെറുപ്പം മുതലേ വേറെ പിള്ളാരെയൊക്കെ പഠിപ്പിക്കുന്ന കൂട്ടത്തിൽ ഇവളേം ഏതാണ്ടൊക്കെ പഠിപ്പിക്കുവാരുന്നു .പിന്നെ അമ്പലത്തിലും സമാജം കാരും ഒക്കെ പരിപാടി അവതരിപ്പിക്കാൻ വിളിക്കും ആ വഴിക്ക് അവക്കും പത്ത് കാശ് കിട്ടാൻ തുടങ്ങി ഞാൻ പക്ഷേ ഇന്നേവരെ അവൾ സ്റ്റേജിൽ ഡാൻസ് കളിക്കുന്നത് കണ്ടിട്ടില്ല എല്ലാരും നല്ലത് പറയുന്ന കേൾക്കുമ്പോ മനസ്സ് നിറയും എല്ലാടത്തും കൊണ്ടോകുന്നത് സരസമ്മ ടീച്ചർ തന്നെയാ കൈയിലുണ്ടാരുന്ന പൊന്നും കടം വാങ്ങീതും എല്ലാം കൂടി മൂത്തോളെ നല്ലൊരുത്തന്റെ കൂടെ കെട്ടിച്ചു വിട്ടു അവക്ക് രണ്ട് പിള്ളേരുണ്ട് നടുക്കത്തോൾക്കു കല്യാണം വന്ന കൂടെത്തന്നെയാ ഇളയവളെ ചോദിച്ച് അവിടെ അടുത്തുള്ള ഒരു കൂട്ടർ വന്നത്രണ്ടും കൂടി എങ്ങനെ നടത്താനാ എന്നാലോചിച്ചിരിക്കുമ്പോ ഇളയവളെ ആലോചിച്ചവര് പറഞ്ഞത് ഇച്ചേയി വിഷമിക്കുവോന്നും വേണ്ട ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി

എന്ന് ഇവര് തമ്മിൽ അടുപ്പമായിരുന്നു എന്ന് തോന്നുന്നു ചെക്കന് ഇവളെ മതീന്നും പറഞ്ഞ് വീട്ടിൽ നിർബന്ധം ആണത്രേ അത്യാവശ്യം കഴിയാനുള്ള വകയുണ്ട് പിന്നെ കൂടുതൽ ആലോചിക്കാമ്പോയില്ല.ഉണ്ടാരുന്ന വീടും പറമ്പും പിന്നീട് നടുക്കത്തോൾക്ക് കൊടുക്കാമെന്ന വാക്ക് പറഞ്ഞു തത്കാലത്തേക്ക് പ്രമാണം കോപ്പറേറ്റീലോട്ട് വെച്ച് രണ്ടുപേരടേം കാര്യോം നടത്തി എല്ലാം കഴിഞ്ഞപ്പോഴാശ്വാസം നേരെ വീണത് ഇടയ്ക്ക് വയ്യാണ്ടായി പോയി പണിക്കൊന്നും പോകാതെ കിടപ്പായി ബാങ്കുകാർ വിളിയോട് വിളി അവിടേം ഇവിടെമുള്ള കടക്കാര് വേറേം അപ്പോഴാ ഗൾഫിലൊരു വീട്ടിലേക്ക് ആളെ വേണമെന്ന് പറഞ്ഞത് കിട്ടുന്നതാവട്ടെ എന്ന് കരുതി എല്ലാം ചെയ്തത് വറീതേട്ടന്റെ മോനാപാസ്സ്പോര്ട്ടുണ്ടാക്കീതും പൈസ തന്നതും എല്ലാം അവരാ ഈ വയ്യാത്ത കാലത്ത് ഇനീം ഗൾഫിനൊക്കെ പോണോ എന്ന് വറീതേട്ടന്റെ വീട്ടുകാരി ശോശാമ്മ പറഞ്ഞപ്പോഴും രണ്ടു വർഷത്തെ കാര്യമല്ലേയുള്ളൂ പോയിട്ട് വരാം എന്നും പറഞ്ഞ് പോന്നതാ പോകണ്ടാന്ന് മക്കളാരും പറഞ്ഞുമില്ലഇവിടെ വന്നിട്ടിപ്പോ പന്ത്രണ്ട് കൊല്ലമായി കടോം വീട്ടി മക്കളുടെ പ്രസവോം, വീടുകൂടലും ഒക്കെയായി കടമകളെല്ലാംതീർത്തപ്പോഴേക്കും കൈയിൽ സമ്പാദ്യം ബാക്കിയൊന്നും ഇല്ലെന്ന് മാത്രം.നാട്ടിൽ പോയി മക്കളെയൊക്കെ കാണണംഎന്ന് തോന്നുമ്പോ ഫോണിൽ വീഡിയോ കാൾ വിളിച്ച് കാണും.ഇത്രേം വയ്യാണ്ടായില്ലേ,മതിഅമ്മയിങ്ങ് പോര് ഞങ്ങള്നോക്കിക്കോളാമെന്ന് മക്കളാരും ഇതുവരെ പറഞ്ഞില്ല അവര് എന്തേലുമൊന്ന് പറയാതെ അങ്ങോട്ട് ചെന്ന് വയ്യാത്ത കാലത്തു അവർക്കൊരു ഭാരമാകാനും തോന്നുന്നില്ല

എഴുതിയത് : ബിന്ദു അനിൽ