ഭാര്യ രാത്രി മുഴുവൻ ഫോണിൽ ആണ് കുഞ്ഞിന്റെ കാര്യം പോലും നോക്കുന്നില്ല ഭർത്താവ് അജയ്‌ക്ക് ഇത് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു ശേഷം

EDITOR

രാത്രി മുഴുവൻ ആ ഫോണും കുത്തിപ്പിടിച്ച് ഇരിക്കും എന്നിട്ട് രാവിലെ എണീക്കാൻ മടി. എന്തേലും ഒന്ന് പറഞ്ഞാൽ അപ്പോൾ കരച്ചിൽ. നീ എന്തേലും ഒരു തീരുമാനം ആക്ക്. ഇങ്ങനെ തോന്നിയ പോലെ ജീവിക്കാൻ ആണെങ്കിൽ എന്തിനാണ് കല്യാണം കഴിച്ചത്? എന്റെ കാര്യം പോട്ടെ. ആ കുഞ്ഞിന്റെ കാര്യം എങ്കിലും നോക്കണ്ടേ?എന്തു ചെയ്യണം എന്നറിയാതെ അവൾ തലയും താഴ്ത്തി ഇരുന്നു. അജയ് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മിത്രയുടെ കാതിൽ വീണില്ല. വീണ്ടും അവൻ തട്ടി എണീപ്പിച്ചു.മിത്രാ, നോക്ക് മോൻ എണീറ്റു. അവനെ റെഡി ആക്കി നഴ്സറിയിൽ വിടണ്ടേ? അവന് കൊടുത്തു വിടാനുള്ള ഭക്ഷണം എങ്കിലും റെഡി ആക്കണ്ടേ? ഞാൻ അവനെ പല്ല് തേപ്പിച്ചു കുളിപ്പിക്കാം. നീ എണീറ്റ് പോയി എന്തേലും ഉണ്ടാക്ക്. ” അജയ് മോനെയും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി.അടുക്കളയിൽ കയറിയിട്ടും മിത്രക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്തു ചെയ്യണം എന്ന്. എന്തുണ്ടാക്കണം എന്ന് ആലോചിച്ചു അവൾ കുറെ നേരം ഓരോന്നെടുത്തു നോക്കി.

ഒന്നിനും അവൾക്ക് തീരുമാനം ഉറപ്പിക്കാൻ പറ്റുന്നില്ല. ഒന്നെടുക്കുമ്പോൾ അതിനു മുടക്കായി മറ്റെന്തെങ്കിലും അവക്കൂടെ മനസ്സ് കൊണ്ടു വരുന്നു. തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് അവൾക്ക് മനസിലാവുന്നില്ല.അവസാനം എന്തൊക്കെയോ ഒപ്പിച്ചു മോന് ഭക്ഷണവും കൊടുത്തു അവനെയും അജയ് യേയും യാത്രയാക്കി. ഇറങ്ങാൻ നേരം അജയ് തിരിഞ്ഞു നിന്ന് അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു,നീ ഓരോന്ന് ചിന്തിച്ച് കൊണ്ടിരുന്നു വെറുതെ മൂഡ് ഓഫ്‌ ആവേണ്ട. ഒക്കെ ശരിയാവും ഹാപ്പിയായി ഇരിക്ക്. എന്തേലും ആവശ്യം ഉണ്ടേൽ, എന്തേലും അസ്വസ്ഥത തോന്നിയാൽ വിളിക്കാൻ മടിക്കണ്ട.അവൾക്ക് എന്തിനെന്നറിയാതെ കരച്ചില് വന്നു. ആ മനുഷ്യൻ എത്രത്തോളം തന്നെ സഹിക്കുന്നു എന്ന ചിന്ത അവളിൽ വീണ്ടും തേങ്ങലുകൾ ഉണ്ടാക്കി. പക്ഷെ അടുത്ത നിമിഷം വീണ്ടും മനസ്സിലേക്ക് മരവിപ്പ് പടർന്നു കയറി.അവൾ വീണ്ടും പോയി കിടന്നു. പക്ഷെ ഉറക്കം വരുന്നില്ല. വിശപ്പും. ഫോണിൽ ഓരോരോ സോഷ്യൽ മീഡിയ ആപ്പ് എടുത്തു കൊണ്ട് വെറുതെ സ്ക്രോൾ ചെയ്തു കൊണ്ടിരുന്നു.

വായിക്കാതെ കിടക്കുന്ന ഒത്തിരി വാട്സ്ആപ്പ് മെസ്സേജുകൾ അവഗണിച്ചു കൊണ്ട് അവൾ ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും യൂട്യൂബിലേക്കും പോയി. എന്തൊക്കെയോ കാണുന്നുണ്ടായിരുന്നു. കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും അകത്തോട്ടു കയറുന്നില്ല. എല്ലാത്തിനും അടിയിൽ ഗതി അറിയാതെ ചിന്തകൾ ഒഴുകുന്നത് അവൾ അറിയുന്നു. പക്ഷെ നിയന്ത്രിക്കാൻ പറ്റുന്നില്ല.
എവിടെയും തങ്ങി നിൽക്കാൻ ആവാതെ എന്തൊക്കെയോ ചെയ്തു കൊണ്ട് അവൾ അവസാനം ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. അടുക്കളയിൽ വന്നു ഭക്ഷണം കഴിക്കാനായി എടുത്തു. കഴിച്ച് കഴിഞ്ഞ് നേരം നോക്കിയപ്പോൾ 11:30.ഭക്ഷണം കഴിച്ച് പാത്രം അടുക്കളിലെ സിങ്കിൽ ഇട്ടു വീണ്ടും തിരികെ ബെഡ്റൂമിലേക്ക് പോകാൻ നേരം ആണ് കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നു നോക്കിയപ്പോൾ, സ്മിത ചേച്ചിയാണ്. സ്മിതചേച്ചിയും അരവിന്ദേട്ടനും കുടുംബ സുഹൃത്തുക്കൾ ആണ്. ഒരു തരത്തിൽ, ഒരു മൂത്ത ചേച്ചിയുടെയോ അമ്മയുടെയോ ഒക്കെ സ്ഥാനമാണ് മിത്രയുടെയും അജയ്യുടെയും ജീവിതത്തിൽ സ്മിത ചേച്ചിക്ക്.

നിനക്കെന്താ പറ്റിയെ മിത്രെ? അജയ് നിന്നെ വിളിച്ചു നോക്കിയിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു പേടിച്ച് എന്നേ വിളിച്ചതാ. ഫോൺ എവിടെ?ഫോൺ സൈലന്റ് ആണെന്ന് തോന്നുന്നു ചേച്ചി. എനിക്ക് അതിന്റെ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഒരു ബുദ്ധിമുട്ടാ. പിന്നെ ഫോൺ എപ്പോഴും അടുത്ത് ഉള്ളത് കൊണ്ട് കോൾ വരുന്നത് കാണുമല്ലോ. അങ്ങനെ സൈലന്റ് ആക്കിയതാ. പിന്നെ അജയ് അല്ലാതെ വേറെ ആരും വിളിക്കാനും ഇല്ലല്ലോ. അച്ഛനും അമ്മയും എല്ലാം രാത്രിയിലെ വിളിക്കു. അതും മോനെ കാണാൻ ഉള്ളത് കൊണ്ട് വീഡിയോ കോൾ ചെയ്യുള്ളു. ചേച്ചി കേറി വാ.സ്മിത മിത്രയോടൊപ്പം അകത്തേക്ക് കയറി.ഇതെന്തു കോലമാണ് മിത്രെ ഈ വീടിന്റെ?എനിക്ക് ഒരു സുഖമില്ലായ്മ പോലെ. പിന്നെ ജോലിക്കാരി വൈകിട്ടാ വരാ. മോൻ വരുന്ന നേരം ആവുമ്പോൾ. അവളും ഞാനും കൂടെ ആണ് അടുക്കി പെറുക്കലെല്ലാംഅതൊക്കെ ശരിയാണ്. പിന്നെ ഒരു ചെറിയ കുട്ടിയുള്ള വീടാണ്. അതിന്റെ പ്രശ്നങ്ങൾ ഉണ്ടാവും. എന്നാലും മൊത്തത്തിൽ എന്താ നിനക്ക് പറ്റിയെ?അജയ് വ്യക്തമായി ഒന്നും പറഞ്ഞില്ല. എന്നാലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ? ഞാൻഅരവിന്ദേട്ടനെ കൊണ്ട് സംസാരിപ്പിക്കണോ?

സ്മിത മിത്രയേ അടുത്ത് പിടിച്ചിരുത്തി സ്നേഹത്തോടെ ചോദിച്ചു.പ്രശ്നം ഒന്നും ഇല്ല ചേച്ചി. എനിക്ക് മൊത്തത്തിൽ ഒരു സുഖമില്ല.കുട്ടിയുണ്ടായി ആദ്യത്തെ കുറച്ച് കാലം ഇതുപോലെ വന്നിരുന്നല്ലോ. അത് പിന്നെ മാറുകയും ചെയ്തല്ലോ ല്ലേ.അതേ ചേച്ചി.അത് പോലെ ഒക്കെ വീണ്ടും തോന്നാ. ഒരു തരം ഡിപ്രെഷൻ പോലെ.” മിത്രയുടെ വാക്കുകളിൽ നിരാശ തളം കെട്ടി.ഈ ഡിപ്രെഷൻ എന്നൊക്കെ പറഞ്ഞാൽ അവനവൻ ചിന്തിച്ച് കൂട്ടി ഉണ്ടാക്കുന്നതാണ് എന്നേ ഞാൻ പറയു. ഇപ്പഴത്തെ കുട്ടികൾക്കൊക്കെ ഉണ്ട് ഇത്. പ്രായത്തിന്റെ പക്വത മനസ്സിനില്ലാതെ അമ്മയാവുമ്പോൾ തോന്നുന്നത ഇതൊക്കെ. ഞങ്ങളൊക്കെ ഇതിലും ഇളയ പ്രായത്തിൽ പ്രസവിച്ചതാ. പക്ഷെ ഞങ്ങൾക്കൊക്കെ നേരത്തേ ജീവിതത്തെ പറ്റിയും കുട്ടികളെ പറ്റിയും മാതൃത്വത്തെ പറ്റിയും ഒക്കെ ഒരു ധാരണ ഉണ്ടായിരുന്നു.ഇപ്പഴത്തെ കുട്ടികൾക്ക് പഠിത്തവും ജോലിയും ഒക്കെ മുൻഗണന ആയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ആണ് ഇത്. ഒരു ചെറിയ വേദന താങ്ങാൻ വയ്യ. ഒന്നും അഡ്ജസ്റ്റ് ചെയ്യാൻ വയ്യ. പിന്നെ ഓരോ പുതിയ അസുഖങ്ങളും കണ്ടു പിടിച്ചിരിക്കാ സൗകര്യത്തിന് പഴി ചാരാൻ. നിനക്ക് അതൊന്നും ഇല്ല കുട്ടി.അല്ലേലും നിന്റെ ഭാഗ്യം നോക്കു. നിന്റെ എല്ലാ ബുദ്ധിമുട്ടിലും നിന്നു തരുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലേ? അരവിന്ദേട്ടൻ ഒക്കെ ആവണം.

ഈ പുറമേക്ക് കാണുന്നത് പോലെ ഒന്നും അല്ല മൂപ്പര്. ഞാനെപ്പോഴും മൂപ്പരോട് പറഞ്ഞിരുന്നു, മിത്ര മോനെ പ്രസവിച്ചു കിടന്ന സമയത്ത് എത്ര നന്നായിട്ടാണ് അജയ് നിങ്ങളെ രണ്ടാളെയും നോക്കിയത്.അതൊക്കെ പോട്ടെ അല്ലേലും അതിപ്പോ കാലം കുറച്ചായല്ലോ ഈ അസ്വസ്ഥത പറയാൻ തുടങ്ങിയിട്ട്. മോനെ നഴ്സറിയിൽ വിടാൻ തുടങ്ങി. വീട്ടിൽ ഇരുന്നു ബോറടിക്കാ എന്ന് പറഞ്ഞിട്ടല്ലേ, അരവിന്ദേട്ടൻ കൂടെ ഇടപെട്ട് ഈ ജോലി ശരിയാക്കിയത്. ഇപ്പോൾ എന്താ പ്രശ്നം? ഇങ്ങനെ ലീവ് ഒക്കെ എടുത്തു വീട്ടിൽ വെറുതെ ഇരിക്കാൻ?”എനിക്കറിയില്ല ചേച്ചി. ജോലികൾ ചെയ്യുമ്പോഴൊന്നും ഒന്നും അറിയില്ല. അത് കഴിഞ്ഞ് വല്ലാത്ത ക്ഷീണം.. വീട്ടിൽ വന്നാൽ ഇവിടത്തെ ജോലികൾ ഒന്നും ചെയ്യാൻ തോന്നില്ല. അങ്ങനെ ഒക്കെയാ തുടങ്ങിയത്. പക്ഷെ പിന്നെ പിന്നെ എനിക്ക് തോന്നാ ജോലിയുടെ പ്രശ്നം ഒന്നും അല്ല എന്ന്. എന്താണെന്ന് വ്യക്തമായി മനസ്സിലാവുന്നുമില്ല.അതുകൊണ്ടാണ് ലീവ് എടുത്തത്. രണ്ടു ദിവസമായി ലീവ്. നാളെ ഓഫീസിൽ പോണം. പക്ഷെ ഈ മൂന്നു ദിവസം കൊണ്ടും പറയത്തക്ക മാറ്റം ഒന്നും എനിക്ക് ഉണ്ടായില്ല. വിശ്രമിക്കാനൊന്നും തോന്നുന്നുമില്ല. ആരോടേലും സംസാരിക്കുമ്പോൾ കുഴപ്പമില്ല. പക്ഷെ അത് കഴിഞ്ഞാൽ വീണ്ടും ഇങ്ങനെ തന്നെ.ഇതൊക്കെ ഉണ്ടല്ലോ, ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഇല്ലാത്തതിന്റെ പ്രശ്നമാണ്. പിന്നെ ഏറ്റവും വലിയ പ്രശ്നം ഈ ഫോൺ ആണ്. വിളിക്കാൻ മാത്രം ഉപയോഗിച്ചാൽ പോരെ അത്? അല്ലേൽ എന്തേലും അത്യാവശ്യങ്ങൾക്ക്. അതിലിങ്ങനെ സമയം കൊല്ലുമ്പോൾ ഓരോന്ന് മനസ്സിൽ കേറുന്നതിന്റെ ആണ് ഇതൊക്കെ.

ഞാൻ പറയാം അതൊന്ന് കേൾക്ക്.രാവിലേ ഒരു നാലുമണിക്ക് എഴുന്നേൽക്കാൻ തുടങ്ങു. എന്നിട്ട് രാവിലെ ഇത്തിരി നേരം യോഗ ചെയ്യാ. രാവിലെ തന്നെ കുളിച്ചു ഇത്തിരി നേരം വിളക്ക് കൊളുത്തി പ്രാർത്ഥിക്കാ. എന്നിട്ട് അടുക്കളയിൽ കേറി രാവിലത്തെ കാര്യങ്ങൾ ഒക്കെ ചെയ്യാ. ജോലിക്ക് പോയി എല്ലാ കാര്യങ്ങളും നല്ല പോലെ ചെയ്ത് വൈകിട്ട് വന്നു മോന്റെയും അജയ് ടേം കൂടെ കുറെ നേരം സമയം ചിലവഴിക്കാ. ഇടക്കൊക്കെ ഒരു ട്രിപ്പ്‌ പോകാ. ഇതൊക്കെ ചെയ്താൽ തന്നെ മാറും.ഞാൻ നിന്നെ ഞങ്ങളുടെ യോഗ ക്ലാസ്സിന്റെ ഗ്രൂപ്പിൽ ചേർക്കാം. അവിടെ ഓരോ സാറുമ്മാരുടെ ഒക്കെ ക്ലാസ്സ്‌ കേൾക്കണം. എല്ലാ മാനസിക പ്രശ്നവും മാറാനുള്ള വഴി പറഞ്ഞ് തരും അവർ.അല്ലേലും ആ കുഞ്ഞിന്റെ മുഖം കണ്ടാൽ, മാറാത്ത എന്തു പ്രശ്നം ആണ് ഉള്ളത്? കുട്ടികൾ ഒരു മരുന്ന് തന്നെയാണ്. ഇത്രേം നല്ലൊരു ഭർത്താവിനെയും മോനെയും കിട്ടിയിട്ട്. എന്തിന്റെ കുറവാ നിനക്ക് ഉള്ളത്? നിന്റെ ചുറ്റിനും ഉള്ള ഓരോരുത്തരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഓർത്തു നോക്ക്. അപ്പോൾ മാറും നിന്റെ ഈ പ്രശ്നങ്ങൾ ഒക്കെ. വേറെ ഒരു പ്രശ്നവും ഇല്ലാത്തതിന്റെ പ്രശ്നമാണ് നിനക്ക്.മിത്രക്ക് സങ്കടം മുട്ടി വരുന്നുണ്ടായിരുന്നു.ചേച്ചി, ഞാൻ ഒന്ന് അജയ് യേ വിളിക്കട്ടെ.ശരി. ഞാനും പോവാ. നീ ഒന്ന് പോയി കുളിച്ചു നല്ല കോലത്തിൽ ഒക്കെ നിൽക്കു.പെൺകുട്ടികൾ ഇങ്ങനെ നിൽക്കുന്നതേ വീടിനു ഐശ്വര്യക്കേടാണു. ശീലങ്ങൾ ഒക്കെ നേരെ ആക്കിയാൽ എല്ലാം നേരെ ആവും. എന്നാ ശരി ഞാൻ പോട്ടെ.

പണികൾ ഉണ്ട് അവിടേം.സ്മിത പോകാൻ ഇറങ്ങി. ഒന്ന് ആലോചിച്ചു തിരിഞ്ഞു നിന്നിട്ട് സംശയത്തിൽ മിത്രയോട് ചോദിച്ചു.ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും കരുതരുത്. ഓഫീസിൽ ആരോടെങ്കിലും ഒരു അടുപ്പകൂടുതൽ വല്ലോം ഉണ്ടോ? അങ്ങനെ എന്തോ ഒന്ന് അരവിന്ദേട്ടൻ പറഞ്ഞു. അവിടെ സ്റ്റാഫിന്റെ ഇടയിൽ ഒരു സംസാരം ഉണ്ടെന്ന് കേട്ടു. പുതിയതായി സ്ഥലം മാറി വന്ന ഒരു പയ്യനുമായി സംസാരം കൂടുതൽ ആണെന്നും മറ്റും.നിന്നെയും അജയ് യെയും എനിക്കറിയാം… പക്ഷെ കാലം മോശമാണ്. ഈ അടുപ്പം കാണിക്കുന്ന ആണുങ്ങളുടെ ഉള്ളിലെ ഉദ്ദേശമൊക്കെ വളരെ മോശം ആവും. അബദ്ധങ്ങളിൽ ചെന്നു പെടാതെ, നമ്മള് പേര് കേൾപ്പിക്കാതെ നോക്കാ. അതേ സാധിക്കു. നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്. ആരേലും ഇതുപോലൊക്കെ പറഞ്ഞു, അത് അജയ് അറിഞ്ഞാൽ? ഒന്ന് ആലോചിച്ചു നോക്കു.നിന്റെ ഈ അവസ്ഥയുടെ കാരണം അതൊന്നും അല്ലല്ലോ ല്ലേ. ഇങ്ങനെ ലീവും എടുത്തു വീട്ടിൽ ഇരുന്നാൽ അത് പറയാനും ആൾക്കാരു കാണുമെ.അതും പറഞ്ഞു സ്മിത തിരികെ വീട്ടിലേക്ക് പോയി. വാതിൽ അടച്ചു തിരികെ വന്ന മിത്രയുടെ തലയിലൂടെ മിന്നൽ പിണരുകൾ പോലെ ചോദ്യങ്ങൾ പാഞ്ഞു കൊണ്ടിരുന്നു. അങ്ങനെയുള്ള സംസാരങ്ങളും ഉണ്ടോ? തന്നെപ്പറ്റി ഓഫീസിൽ ഉള്ളവർ എന്തു കരുതിക്കാണും. അജയ് അറിഞ്ഞാൽ എന്തു കരുതും? ഞാൻ പറയുന്നത് വിശ്വസിക്കുമായിരിക്കുമോ?

കണ്ണുകളിൽ ഇരുട്ട് കട്ട പിടിച്ചു കയറി. വീഴാൻ പോകുന്നത് പോലെ തോന്നിയപ്പോൾ കയ്യിൽ കിട്ടിയത് ഡൈനിങ്ങ് ടേബിളിലെ കസേരയിൽ ആണ്. അവളുടെ ഭാരം താങ്ങാനാവാതെ ആ കസേര നിരങ്ങി പോയി. അവളുടെ തല നേരെ ചെന്ന് ഡൈനിങ് ടേബിളിന്റെ കൂർത്ത മൂലയിൽ തട്ടി അവൾ താഴെ വീണു. കണ്ണുകൾ അടഞ്ഞു പോകുന്നതിനു മുന്നേ മുഖത്തുകൂടെ നിലത്തേക്ക് ഒഴുകി ഇറങ്ങുന്ന ചോര അവൾ കണ്ടു.ഉച്ച തിരിഞ്ഞു ജോലിക്ക് വന്ന ജോലിക്കാരിയുടെ പേടിച്ചുള്ള കരച്ചിൽ കേട്ടാണ് അടുത്തുള്ളവർ ഓടി വന്നത്. ഉടനെ തന്നെ നാട്ടുകാർ മിത്രയേ ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോൾ തന്നെ ജോലിക്കാരി വിവരം അജയ് യേ വിളിച്ചു പറയുകയും അവൻ ഹോസ്പിറ്റലിൽ എത്തുകയും ചെയ്തു. പുറകെ തന്നെ അരവിന്ദനും സ്മിതയും എത്തി. വൈകാതെ മിത്രയുടെയും അജയ് യുടെയും അച്ഛനമ്മമാരും. എന്താണ് പറ്റിയതെന്നറിയാൻ ചോദിക്കുന്നവരോട് മറുപടി പറയാനാവാതെ അജയ് വലഞ്ഞു.ഉച്ചക്ക് വീട്ടിൽ ചെന്നതും, സംസാരിച്ചു ഇറങ്ങി പോരുന്നത് വരെ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്നതു സ്മിതയും എല്ലാവരോടും പറഞ്ഞു. ഒടുക്കം, കുറച്ച് ദിവസമായുള്ള ജോലി തിരക്കും അകാരണമായ ക്ഷീണവും കാരണം മിത്ര തലകറങ്ങി വീണതാവും എന്ന നിഗമനത്തിൽ തന്നെ എല്ലാവരും എത്തി.ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ മിത്രയുടെ പ്രിയപ്പെട്ടവർ സംസാരിക്കുന്നത് കണ്ടു കൊണ്ട് അവരുടെ ശബ്ദം കേൾക്കാത്ത അകലത്തു കോറിഡോറിൽ ചുവരിൽ ചാരി നിന്ന് രോഹിത് മിത്രയുടെ വാക്കുകൾ ഓർത്തു.

അജയ് ഇപ്പോൾ എന്റെ ഭർത്താവ് എന്നതിനേക്കാൾ കൂടുതൽ ചിക്കുവിന്റെ അച്ഛനായാണ് പെരുമാറുന്നത്. എന്നേ പറ്റി മാത്രം ചിന്തിച്ചിരുന്ന അജയ് ഇപ്പോൾ എന്നേ പറ്റി ചിന്തിക്കുന്നതേ ഇല്ല എന്നൊക്കെ തോന്നാ എനിക്ക്. എല്ലാം മോനെ പറ്റി മാത്രം. പിന്നെ അജയ്യെയും കുറ്റം പറയാൻ പറ്റില്ല. ഞാനോ ഇങ്ങനെ. ചിക്കുന്റെകാര്യത്തിൽ ആർക്കേലും ഒരു ശ്രദ്ധ വേണമല്ലോ.
എനിക്ക് എന്റെ മോന്റെ കാര്യത്തിൽ താൽപ്പര്യം ഇല്ല എന്നോ അവനോട് സ്നേഹം ഇല്ല എന്നോ അല്ല. ചില സമയത്ത് എനിക്ക് എന്താ പറ്റുന്നെ എന്ന് എനിക്ക് തന്നെ അറിയില്ല. ചിലപ്പോൾ പ്രസവശേഷമുണ്ടായ പ്രശ്നങ്ങളിൽ നിന്ന് ഞാൻ ഇത് വരെയും പുറത്ത് കടന്നു കാണില്ല.മൂന്നാളും കൂടെ ഇടക്ക് പുറത്ത് പോവുകയും എൻജോയ് ചെയ്യുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ ഓക്കേ ആണ്. പിന്നെയും രണ്ടു ദിവസം കഴിഞ്ഞാൽ എന്താ പറ്റുന്നെ എന്നറിയില്ല. ചിലപ്പോൾ തോന്നും സ്മിത ചേച്ചി പറയുന്നത് പോലെ എനിക്ക് മടിയാണെന്ന്. എല്ലാ ഭാഗ്യങ്ങളും ഉള്ളതിന്റെ അഹങ്കാരം ആണെന്ന്. പക്ഷെ അല്ല. ചില ദിവസങ്ങളിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല. എല്ലാ ജോലികളും ചെയ്യാനും മോന്റെയും അജയ്യുടെയും കാര്യങ്ങൾ നോക്കാനും നല്ല ഉത്സാഹം ആണ്.ചിലപ്പോൾ എല്ലാരോടും സംസാരിക്കാൻ ഇഷ്ടമാണ്. ചിലപ്പോൾ ആരേലും മിണ്ടുന്നതു പോലും അസഹ്യമാവും. ചിലപ്പോൾ എല്ലാരോടും കുറെ സംസാരിക്കണം എന്ന് തോന്നും.

പിന്നെ പൊടുന്നനെ ഒരു ദിവസം എന്തു പറ്റിയതാണ് എന്നറിയാതെ ഒരു മൗനം വരാൻ തുടങ്ങും. ഉള്ളിൽ പേടി പോലെ. അത്രെയും കാലം പേടിയില്ലാത്ത വിഷയങ്ങളോട് പേടി. രാത്രി കിടക്കുമ്പോൾ ഉറക്കം വരാതെ കാൽപാദങ്ങൾ തിരുമ്മികൊണ്ടേ ഇരിക്കും. എങ്ങനെ കിടന്നാലും ഉറക്കം. വരില്ല. ഒരു തരി വെളിച്ചമോ ശബ്ദമോ പോലും എന്നേ ദേഷ്യം പിടിപ്പിക്കും. അടുത്തുള്ളത് മോനോ അജയ്യോ എന്ന് നോക്കാതെ ആ ദേഷ്യം കാണിക്കുകയും ചെയ്യും.രാത്രിയിൽ മോൻ ഉണരുകയോ എന്റെ മേലേക്ക് കാലെടുത്തിടുകയോ ചെയ്യുമ്പോൾ ഞാൻ അസ്വസ്ഥയാവും. രോഹിത്തിനു അറിയുമോ? മോനെ ഇപ്പോൾ ഞങ്ങൾക്കിടയിൽ കിടത്താറില്ല. അജയ് മോനെ അവന്റെ വശത്തു കിടത്തും. അജയ് ആണ് ഇപ്പോൾ. അവനെ ഉറക്കുന്നതും. എന്നിലെ അമ്മ പലപ്പോഴും നാണക്കേട് കൊണ്ട് ചൂളി പോകാറുണ്ട്.
മോന് അസുഖം വന്നപ്പോഴും അവൻ വാശി പിടിക്കുമ്പോഴും രാത്രിയിൽ കരഞ്ഞുകൊണ്ട് എഴുന്നേൽക്കുമ്പോഴും ഒന്നും ഞാൻ അറിയുന്നതേ ഇല്ല. ഇടക്കൊക്കെ എനിക്ക് തോന്നും ഞാൻ ഇല്ലായിരുന്നെങ്കിൽ, എന്റെ സ്ഥാനത്തു മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവരുടെ ജീവിതം എത്ര ഭേദം ആയേനെ എന്ന്. എത്ര മോശം അമ്മയും ഭാര്യയും ഒക്കെ ആണ് ഞാൻ എന്ന്. എന്റെ മോൻ വലുതായാൽ അവൻ എന്നേ ഇട്ടിട്ട് പോകും. അവനെ ഞാൻ സ്നേഹിച്ചില്ല എന്ന് പറഞ്ഞ്.ഈ ചിന്തകളിൽ മുഴുകി നിന്നപ്പോഴാണ് അരവിന്ദൻ രോഹിത്തിന്റെ അടുത്ത് ചെന്ന് തോളിൽ തട്ടിയത്.

ആരാണ്?”എന്റെ പേര് രോഹിത്. ഞാൻ മിത്രയുടെ കൂടെയാണ് ജോലി ചെയ്യുന്നത്. പിന്നെ..രോഹിത് മുഴുമിക്കുന്നതിനു മുന്നേ, സ്മിത മുന്നിലേക്ക് വന്നു.അപ്പോൾ നീയാണല്ലേ അത്? അജയ് ഇതാണ് ഞാൻ പറഞ്ഞ ആള്. രോഹിത് അജയ് തിരിഞ്ഞു നോക്കി. ചിക്കുവിനെ മിത്രയുടെ അമ്മയുടെ കയ്യിൽ കൊടുത്ത ശേഷം അജയ് രോഹിത്തിന്റെ അടുത്തെത്തി. സ്മിതയുടെ പെരുമാറ്റത്തിൽ അന്ധാളിച്ചു നിൽക്കുന്ന രോഹിതിനോട് അജയ് സൗമ്യനായി പറഞ്ഞു.രോഹിത്, ഞാൻ അജയ്. മിത്രയുടെ ഭർത്താവാണ്. നീ അവളുടെ ആരാണെങ്കിലും, നിങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ സ്വഭാവം എന്താണെങ്കിലും ഇപ്പോൾ നീ ഇവിടെ നിന്ന് പോകണം. എനിക്ക് നിന്നോട് സംസാരിക്കാൻ ഉള്ള താൽപ്പര്യം ഇപ്പോൾ ഇല്ല. ഞാൻ വരും പിന്നീട് നിന്നെ കാണാൻ.രോഹിത്തിന്റെ കണ്ണുകളിലെ അന്ധാളിപ്പു കൂടി നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? മിത്ര എന്റെ ഒരു നല്ല സുഹൃത്ത്‌ മാത്രമാണ്. പിന്നെ മിത്രയോട് ഞാൻ കൂടുതൽ സംസാരിച്ചത്, അവളുടെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലായത് കൊണ്ടും കൂടുതൽ വിവരങ്ങൾ അറിയാനും വേണ്ടിയാണ്. പതിയെ പതിയെ ഒരു ഡോക്ടറെ കാണുന്നതിന് വേണ്ടി അവളെ സമ്മതിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ഇത് പോലെ ഒരവസ്ഥയിലൂടെ കടന്നു വന്നതാണ് എന്റെ ഭാര്യയും. പക്ഷെ കൃത്യ സമയത്തു തന്നെ അവൾക്ക് വേണ്ട ചികിത്സ കൊടുക്കാൻ സാധിച്ചത് കൊണ്ട് എനിക്ക് അവളെ തിരിച്ചു കിട്ടി.

സത്യത്തിൽ ഞാൻ ഇന്ന് എന്റെ ഭാര്യയെ കൂട്ടി ആണ് ഇങ്ങോട്ട് വന്നത്. അവൾ അവളുടെ ഡോക്ടറുടെ അടുത്ത് മിത്രയേ പറ്റി പറയാൻ പോയിരിക്കാ. എന്നേക്കാൾ അധികം മിത്രയേ മനസ്സിലാവുന്നത് അവൾക്കാവുമല്ലോ. മിത്ര അപകടനില തരണം ചെയ്താൽ അവളെ നിർബന്ധമായും ആ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകണം. ഇത് വെറുമൊരു അപകടമായി കണ്ടു സ്റ്റിച്ചു ഉണങ്ങിയാൽ തിരികെ കൊണ്ടു പോവരുത്. അവൾക്ക് മെഡിക്കൽ അറ്റൻഷന്റെ ആവശ്യം ഉണ്ട്.”ഞാൻ ഞാനിതൊന്നും അറിയാതെ…” അജയ് വാക്കുകൾക്ക് വേണ്ടി പാടു പെട്ടു.എനിക്ക് മനസ്സിലാവും. ഈ സ്ഥാനത്തു ഒരിക്കൽ നിന്നതാണ്‌ ഞാനും.” രോഹിത് അജയ് യുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.പക്ഷെ എങ്ങനെ? പോസ്റ്റ്‌ പാർട്ടം പ്രശ്നങ്ങൾ ഒക്കെ മാറിയതായിരുന്നു. അവൾ ഹാപ്പി ആയിരുന്നു.” അജയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല.അത് നല്ലവണ്ണം പരിശോധിച്ചാലെ മനസ്സിലാവു. ചിലപ്പോൾ ഒരു കാരണം കണ്ടു പിടിക്കാൻ പോലും പറ്റി എന്ന് വരില്ല. അനുഭവിക്കുന്ന ആളിന് പോലും മനസ്സിലാവില്ല ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് എന്ന്.മറ്റെല്ലാരും മിത്രയേ ഉപദേശിക്കാൻ നിന്നപ്പോൾ, അവളെ കേൾക്കാൻ കൂട്ടാക്കിയത് ഞാൻ ആയത് കൊണ്ടാവാം അവൾ എന്നോട് തുറന്ന് സംസാരിച്ചത്. മിത്ര പറഞ്ഞ് എനിക്ക് അജയ് യേ നന്നായി അറിയാം. നമുക്ക് എത്ര മനസ്സ് ഉണ്ടേലും നമ്മൾ എത്ര സഹായിക്കാൻ ശ്രമിച്ചാലും ചിലപ്പോഴൊന്നും നമുക്ക് അത് സാധിച്ചു എന്ന് വരില്ല. എന്റെ ഭാര്യ ഇല്ലായിരുന്നേൽ എനിക്കും ഇതൊന്നും മനസ്സിലാവില്ലായിരുന്നു.

സ്മിത ചേച്ചിയോടും ഇത് തന്നെയാ എനിക്ക് പറയാനുള്ളത്. ചേച്ചിയുടെ ഉപദേശങ്ങളെ പറ്റിയും, നിർദേശങ്ങളെ പറ്റിയും, അതെല്ലാം പരീക്ഷിച്ചു നോക്കി പാളി പോകുന്നതിനെ പറ്റിയും മിത്ര പറഞ്ഞിട്ടുണ്ട്. ചേച്ചിയുടെ ഉദ്ദേശം എല്ലാം നല്ലതായിരുന്നു. ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് മിത്ര എല്ലാം ശ്രമിച്ചതും. പക്ഷെ ചില സമയങ്ങളിൽ നമ്മൾ മനസ്സിലാക്കണം നമ്മുടെ ഉപായങ്ങളോ പ്രാർത്ഥനയോ മുറിവൈദ്യമൊ ഒന്നുമല്ല, കഴിവും പരിചയവും ഉള്ള ഒരു ഡോക്ടറുടെ സഹായമാണ് ഇത്തരക്കാർക്ക് വേണ്ടത് എന്ന്.ഒരാളുടെ ബുദ്ധിമുട്ട് കണ്ടാൽ സഹായിക്കാൻ തോന്നുന്നത് സ്വഭാവികമാണ്. നല്ല മനസ്സ് ഉള്ളവർക്കേ അത് തോന്നു. പക്ഷെ നമ്മളെ കൊണ്ട് സാധിക്കാത്ത പലതും ഉണ്ട്. നേരെയാക്കാൻ പറ്റും എന്ന അമിത ആത്മവിശ്വാസമോ, നമ്മൾ ചെയ്താൽ മാത്രേ ശരിയാവു എന്ന തോന്നലോ മാറ്റി വെച്ചിട്ട്, അതിനുള്ള കഴിവുള്ളവരുടെ അടുത്തേക്ക്, അത് ഒരു ജോലിയായി ചെയ്യുന്നവരുടെ അടുത്തേക്ക് ഇവരെ പറഞ്ഞു വിടണം.കുട്ടികൾക്ക് ജലദോഷവും പനിയും വരുമ്പോൾ നമ്മൾ ആദ്യം വീട്ടിലെ പൊടിക്കൈകൾ ഒക്കെ ചെയ്തു നോക്കി, വീട്ടിൽ ഇരിപ്പുള്ള മരുന്നൊക്കെ കൊടുത്തു നോക്കി, എന്നിട്ടും ഭേദം ആയില്ലെങ്കിൽ ഡോക്ടറുടെ അടുത്ത് കൊണ്ടു പോകുന്ന ഒരു ഏർപ്പാടില്ലേ. അതെങ്കിലും മാനസിക ആരോഗ്യത്തിന്റെ കാര്യത്തിലും കാണിക്കണം.

ചിലപ്പോൾ ഈ പൊടിക്കൈകൾ പോലെ, ഒന്ന് തുറന്നു സംസാരിക്കുകയോ, ഒരു ഔട്ടിംഗിന് പോവുകയോ ഒക്കെ ചെയ്താൽ ചിലരുടെ പ്രശ്നം മാറും. ചിലർക്ക് ചില കൗൺസിലിംഗ് അല്ലെങ്കിൽ തെറാപ്പി ഒക്കെ മതിയാവും. പക്ഷെ മിത്രയുടെ പോലത്തെ കേസുകൾക്ക് മരുന്നുകൾ തന്നെ വേണം. അതിനു വെച്ചു താമസിപ്പിക്കാതെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കുകയാണ് വേണ്ടത്.
അജയ്ക്ക് കാര്യങ്ങൾ മനസ്സിലായി എന്ന് ഞാൻ കരുതുന്നും എല്ലാം ശരിയാവട്ടെ. എന്നിട്ട് ഞങ്ങൾ രണ്ടാളും കൂടെ വരുന്നുണ്ട്. മിത്രയേ കാണാൻ. അജയ് യുടെ കയ്യിൽ മുറുകെ അമർത്തി രോഹിത് തിരികെ നടന്നു. കോറിഡോറിന്റെ അറ്റത്തു അവനെ കാത്ത് അവന്റെ ഭാര്യ നിൽപ്പുണ്ടായിരുന്നു.അത് നോക്കി നിന്ന അജയ് യുടെ പുറകിൽ വാതിൽ തുറന്ന് ഡോക്ടർ വെളിയിൽ വന്നു.മിത്ര അപകടനില തരണം ചെയ്തിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും.സ്മിത, നിറഞ്ഞ കണ്ണുകളുമായി ക്ഷമാപണം പോലെ അജയ് യുടെ കയ്യിൽ പിടിച്ചു.

ചേച്ചി ഒന്നും പറയണ്ട. ചേച്ചിക്ക് ഞങ്ങളോട് സ്നേഹം മാത്രമേ ഉള്ളൂ എന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം. പലയിടത്തും പറഞ്ഞും കേട്ടും ഈ അവസ്ഥ മുന്നിൽ ഉണ്ടായിട്ടും അവളെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടു പോകാതെ ഇരുന്ന എന്റെ അടുത്തും ഇത്രയും തന്നെ തെറ്റുണ്ട്. എന്തായാലും നമുക്ക് മിത്രയേ തിരിച്ചു കിട്ടിയല്ലോ. അത് മതി. ഇനി ഇവിടുന്ന് അങ്ങോട്ടുള്ള കാര്യങ്ങൾ മാത്രം നോക്കാം നമുക്ക്. ഇത്തിരി വൈകിയെങ്കിലും, ഒത്തിരി വൈകാതെ, വലിയ കേടുപാടുകൾ ഇല്ലാതെ അവളെ നമുക്ക് തിരിച്ചു കിട്ടിയല്ലോ.ഇത്രേം ദിവസമായി, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു യുദ്ധം അവൾ അവളോട് തന്നെ പൊരുതുകയായിരുന്നിരിക്കണം. അവളെ അതിൽ നിന്ന് പുറത്ത് കടത്താനുള്ള ശ്രമം നടത്താം നമുക്കിനി.പുതിയ ഒരു ലോകത്തേക്ക് കണ്ണ് തുറക്കാനായി കാത്തുകൊണ്ട്, ആ ചില്ലിട്ട മുറികൾക്ക് ഉള്ളിലെവിടെയോ മിത്ര മയങ്ങി കിടക്കുന്നുണ്ടായിരുന്നു. പുതിയ ഒരു ജീവിതത്തിലേക്ക്.

എഴുതിയത് : രമ്യ ഭാരതി