വീടിനടുത്തു ഒരു വൃദ്ധസദനമുണ്ട് സ്റ്റാഫുകൾ അവിടുത്തെ അമ്മമാരേ വീൽ ചെയറിൽ വീടിനു അടുത്തൂടെ കൊണ്ടു പോകാറുണ്ട് ഒരിക്കൽ അതിൽ ഒരു അമ്മ ചോദിച്ചത് കണ്ണ് നിറച്ചു കുറിപ്പ്

EDITOR

കാനഡയിലെ ഞങ്ങടെ വീടിന്റെ ഒരു വശത്തു കൂടി മനോഹരമായ ഒരു നടപ്പാതയുണ്ട്.പാതയുടെ മറു വശത്തൂടെ സ്വച്ഛമായൊഴുകുന്ന തേയിംസ് നദിയും,ഇടതൂർന്നു വളരുന്ന ചെടികളും,മരങ്ങളും,അതിൽ നിറയെ കിളികളും അവയുടെ സംഗീതവും.അങ്ങനെ പ്രകൃതി അണിയിച്ചൊരുക്കിയ മനോഹരമായ കാഴ്ചകളുള്ള ആ വഴിയിൽ കൂടിയാണ് ഞങ്ങളുടെ കമ്മൂണിറ്റിയിലുള്ള ഭൂരിപക്ഷം ആളുകളും നടക്കാൻ പോകുന്നതും,സൈക്കിൽ സവാരി നടത്തുന്നതും.വഴിയോട് ചേർന്നു നിൽക്കുന്ന വീടായതുകൊണ്ട് അതുവഴി കടന്നു പോകുന്നവർ നമ്മളോട് “ഹായ് ,ഹൌ ആർ യൂ” എന്ന് ചോദിച്ചിട്ടേ പോകു.പരിചയം ഉള്ളവരാണെങ്കിലും അല്ലെങ്കിലും നമ്മളെ കണ്ടാൽ കാനഡയിലെ ആളുകൾ അങ്ങനെ ചോദിക്കും. അതിവിടുത്തെ മര്യാദയുടെ എഴുതപ്പെടാത്ത നിയമമാണത്.വീടിന്റെ അടുത്തായി ഒരു വൃദ്ധസദനമുണ്ട്.സ്റ്റാഫുകൾ ഇടക്കിടക്ക് അവിടുത്തെ അന്തേവാസികളെ വീൽ ചെയറിൽ ഈ വഴിയിൽ കൂടി കൊണ്ടു വരും.

വല്ലപ്പോഴുമൊക്കെ അങ്ങനെ വരാറുള്ള 90 വയസുള്ള റോസ് മേരി എന്ന ഒരു മുത്തശ്ശിയുണ്ട്.രണ്ടു ദിവസ്സം മുൻപേ ഇതുവഴി വന്നപ്പോൾ വാതിൽക്കൽ നിന്ന എന്നേ ആ മുത്തശ്ശി കൈ കാട്ടി അടുത്തേക്കു വിളിച്ചിട്ട് ചോദിച്ചു:ഐ ഹാവ് എ വിഷ്.ക്യാൻ യൂ ഹെല്പ് മീ…? എനിക്കൊരു ആഗ്രഹമുണ്ട്,നിനക്കെന്നെ സഹായിക്കാൻ പറ്റുമോ.എന്താണ് പറഞ്ഞോളൂ.വിറക്കുന്ന ശിരസ്സ് ഒന്നൂടെ ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി അപേക്ഷാ ഭാവത്തിൽ മുറിഞ്ഞ വാക്കുകളിൽ അവർ പറഞ്ഞു “ഐ വാണ്ട്‌ ടു സീ മൈ മദർ വൺ മോർ ടൈം”( എനിക്കെന്റെ അമ്മയെ ഒന്നൂടെ കാണണം അവരുടെ ചോദ്യം കേട്ട് ഒരു നിമിഷം എന്തു മറുപടി പറയണമെന്നറിയാതെ ആ അമ്മയുടെയും അവരുടെ കൂടെയുള്ള സ്റ്റാഫിന്റെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി.കൂടെയുള്ള ആ സ്ത്രീ സത്യത്തിൽ ചിരിക്കുകയായിരുന്നു.മേരിയിൽ നിന്ന് കേട്ടു മടുത്ത ചോദ്യം പോലെ തോന്നി അവരുടെ ഭാവം കണ്ടിട്ട്.

ഐ ആം സോറി,ഈ കാര്യത്തിൽ എനിക്ക് നിങ്ങളെ സഹായിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു അതു കേട്ട് വിഷമത്തോടെ അവർ വീണ്ടും ചോദിച്ചുക്യാൻ ഐ ടോക്ക് ടു ഹേർ ഫോർ എ സെക്കന്റ്‌ ? (ഒരു നിമിഷത്തേക്ക് എനിക്കെന്റെ അമ്മയോട് സംസാരിക്കാനെങ്കിലും പറ്റുമോ..?)പ്രായാധിക്യത്താൽ എന്തൊക്കെയോ പുലമ്പുന്ന,ഓർമ്മകൾ മങ്ങിയ ആ 90 വയസ്സുകാരി മുത്തശ്ശിക്ക് എന്നോ മരിച്ചു പോയ തന്റെ മാതാവിനെ കാണണം അല്ലെങ്കിൽ സംസാരിക്കണമെന്ന് കേൾക്കുമ്പോൾ ചിരി തോന്നുമായിരിക്കാം. പക്ഷേ അതവരുടെ ഇനി ഒരിക്കലും നടക്കാനോ ആർക്കും നടത്തിക്കൊടുക്കുവാനോ സാധിക്കാത്ത ആഗ്രഹമായി അവശേഷിക്കും.കോടിക്കണക്കിനു കടന്നലുകൾ കൂടിളകിവന്ന് തലച്ചോറിൽ കൊമ്പു കുത്തിയിറക്കുന്നതു പോലെ തോന്നി.അടുത്ത നിമിഷം ആര് ആരേ വിളിക്കുമ്പോഴാണ് മറുവശത്തു മറുപടിയില്ലാതെ വരുന്നതെന്ന് ആർക്കറിയാം.ഇപ്പോൾ മാത്രമാണ് സമയം.പിന്നീട് കാണാമെന്നോ വിളിക്കാമെന്നോ ഉറപ്പു പറയാൻ നമ്മളാര്?

രാജേഷ് പീറ്റർ, കാനഡ