റെയിൽവെയിൽ അസ്സിസ്റ്റന്റ്റ് ലോക്കോ പൈലറ്റ് ആയി ജോലിയിൽ കയറിയിട്ട് 3 വർഷം ആകുന്നു. ഈ കാലയളവിൽ ഉള്ള ആദ്യത്തെ വേദനാജനകമായ അനുഭവം ആണ്.ഇന്ന്(07/10/22) കോലാപ്പൂർ- തിരുപ്പതി ഹരിപ്രിയ എക്സ്പ്രസ്സിൽ ൽ ബെല്ലാരി മുതൽ ഗുന്തക്കൽ വരെയുള്ള റൂട്ടിലായിരുന്നു ഡ്യുട്ടി.പുലർച്ചെ 12:15 ന് ബെല്ലായിരിയിൽ സൈൻ ഓൺ ചെയ്താൽ രാവിലെ 7 മണിക്ക് തിരിച്ചു ബെല്ലാരിയിൽ അമരാവതി എക്സ്പ്രെസ്സിൽ ൽ വന്ന് സൈൻ ഓഫ് ചെയ്യാം.ചെറുതായിട്ട് മഴ പെയ്യുന്നതു കൊണ്ട് നേരത്തെ വീട്ടിൽ നിന്നിറങ്ങി 12 മണിക്ക് മുന്നേ തന്നെ റെയിൽവേ സ്റ്റേഷനിൽ ൽ എത്തി സൈൻ ഓൺ ചെയ്തു. വണ്ടിയുടെ യഥാർത്ഥ സമയം 12:40 ആണെങ്കിലും ഇന്ന് അര മണിക്കൂർ മുന്നേ തന്നെ വണ്ടി എത്തി. ഞാൻ ലോക്കോ പൈലറ്റിനെ നെ കാത്തു നിൽക്കാതെ വണ്ടി ചാർജ് എടുക്കാൻ പ്ലാറ്റഫോം ലൂടെ നടക്കുന്നതിനിടയിൽജനറൽ കമ്പാർട്ട്മെന്റ് അടുത്ത് ആൾക്കൂട്ടം കണ്ട് കാര്യമന്വേഷിച്ചപ്പോൾ ഒരാൾ വണ്ടിക്കും പ്ലാറ്റഫോം നും ഇടയിലൂടെ ട്രാക്കിൽ വീണിട്ടുണ്ടെന്നു മുറി ഹിന്ദിയിൽ അവിടെ കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു.
ഞാൻ എത്തി വലിഞ്ഞു നോക്കിയപ്പോൾ അയാൾ ട്രാക്കിൽ ഇരിക്കുന്നതായി കാണുകയും മറ്റുള്ളവർ ചേർന്ന് അയാളെ മുകളിലേക്ക് എടുക്കാൻ ശ്രമിക്കുന്നതും കണ്ടു. കാണുമ്പോൾ വലിയപരിക്കൊന്നും സംഭവിച്ചതായി തോന്നിയില്ല.ഞാൻ നേരെ എൻജിൻ ലക്ഷ്യമായി നടന്നു.ചാർജ് എടുക്കുമ്പോൾ അവിടെ വരെ വണ്ടി കൊണ്ടുവന്ന ലോക്കോ പൈലറ്റ് നോട് കാര്യം പറയുകയും,ലോക്കോ പൈലറ്റ് ട്രെയിൻ മാനേജർ (ഗാർഡ് ) നേയും വിവരം അറിയിച്ചു.ഞാൻ ലോക്കോ ചെക്കിങ് ഒക്കെ കഴിഞ്ഞ് ട്രാക്കിലേക്ക് വീണയാൾക്ക് പരിക്ക് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കുവാനായി ആക്സിഡന്റ് സംഭവിച്ച കമ്പാർട്ട്മെന്റ് നു അടുത്തേക്ക് ചെന്നപ്പോൾ അയാളെ അവിടെ കിടത്തിയിരിക്കുന്നു കൂടെ 3 പോലീസുകാരും ഉണ്ട്.പുറമെ കാണാൻ വലിയ പരിക്കൊന്നും ഇല്ല, ഇടതു കൈ നല്ല വേദന അനുഭവപ്പെടുന്നതായി അയാൾ പറയുന്നുണ്ടായിരുന്നു. പൊലീസുകാർ അയാളുടെ വിവരങ്ങൾ ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു. തിരുപ്പതിയിൽ പോകാനായി ഇറങ്ങിയതാണെന്നും, വീട് ബെല്ലാരിയിൽ ആണെന്നും,വയസ്സ് 30 ആയെന്നും,പേരും വീട്ടിലെ നമ്പറും ഒക്കെ അയാൾ പറഞ്ഞു കൊടുത്തു. ഇതൊക്കെ പറയുമ്പോഴും അയാൾക്ക് നല്ല വേദന അനുഭവപ്പെടുന്നതായി തോന്നി.
പൊലീസുകാരോട് അന്വേഷിച്ചപ്പോൾ ആംബുലൻസ് വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു.അതിനിടയിൽ അയാൾ എന്നോട് വെള്ളം ചോദിച്ചു. (കോളേജിൽ പഠിക്കുന്ന സമയത്ത് കൊടൈക്കനാലിലേക്കുള്ള യാത്രയിൽ രണ്ടു സുഹൃത്തുക്കൾക്ക് ആക്സിഡന്റ്റ് സംഭവിച്ചപ്പോൾ അവർക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച ഞങ്ങളെ അവിടെ കൂടിയിട്ടുള്ളവർ തടയുകയും ആ സമയത്തു വെള്ളം കൊടുത്താൽ കൂടുതൽ ദോഷം ചെയ്യുമെന്നും പറഞ്ഞു) ആ ഓരോർമ്മയിൽ ഞാൻ അയാളോട് അറിയാവുന്ന കന്നഡയിൽ ഈ സമയത്തു വെള്ളം കുടിച്ചാൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറഞ്ഞു. അപ്പോഴേക്കും സമയം 12:45 ആയിരിക്കുന്നു. വണ്ടി എടുക്കാനുള്ള സിഗ്നൽ തെളിഞ്ഞപ്പോൾ ലോക്കോ പൈലറ്റ് ഹോൺ മുഴക്കി,ഞാൻ പൊലീസുകാരോട് കാര്യം പറഞ്ഞ് എൻജിൻ ലക്ഷ്യമാക്കി ഓടി. ആ സമയമത്രയും ആംബുലൻസിനായി കാത്തിരിക്കുകയായിരുന്നു അവർ.
വണ്ടി എടുത്തപ്പോഴും ആ ചെറുപ്പക്കാരനെകുറിച്ചായിരുന്നു എന്റെ ചിന്ത.പുറമെ കാണാൻ വലിയ പരിക്കില്ലാത്തതും ആള് അബോധവസ്ഥയിലല്ലാത്തതും മനസ്സിന് തെല്ലൊരാശ്വാസം നൽകി.രാവിലെ 06:45 ആയപ്പോൾ തന്നെ അമരാവതി എക്സ്പ്രസ് ഉം കൊണ്ട് ബെല്ലാരിയിൽ തിരിച്ചെത്തി വണ്ടി അടുത്ത crew ന് കൈമാറി. Sign Off ചെയ്യാനായി ക്രൂ ബുക്കിങ് ലോബി യിലേക്ക് നടക്കുന്നതിനിടയിൽ രാത്രി സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരിൽ ഒരാളെ കാണുകയും , ആളുടെ അടുത്ത് ചെന്ന് ആക്സിഡന്റ്റ് പറ്റിയ ആൾക്ക് എങ്ങനെയുണ്ട് എന്നു ചോദിച്ചപ്പോൾ തീവണ്ടി പുറപ്പെട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ ആംബുലൻസ് വന്നു എന്നും അടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി എന്നും പുലർച്ചെ 4 മണിയോടെ ആ ചെറുപ്പക്കാരൻ ഇ ലോകം വിട്ടു പോയി എന്നും അറിഞ്ഞു .ആ വാർത്ത വല്ലാത്ത ഒരു shock ആയിപ്പോയി. രാത്രിയിൽ എന്നോട് വെള്ളം ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതും അയാൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ മനസ്സിന് വല്ലാത്ത കുറ്റബോധവും സങ്കടവുമായി.
ഒരു പക്ഷെ വണ്ടി നിൽക്കുന്നതിനു മുന്നേ ആ ചെറുപ്പക്കാരൻ വണ്ടിയിൽ കയറാൻ ശ്രമിച്ചില്ലെങ്കിൽ, അല്പമൊന്ന് ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇന്ന് അയാൾക്ക് അയാളുടെ ലക്ഷ്യസ്ഥാനത്ത് എത്തി അയാളുടെ ആവശ്യങ്ങൾ നിറവേറ്റമായിരുന്നിരിക്കാം, അയാളുടെ വീട്ടുകാർക്ക് ഇന്ന് എന്നത്തേയും പോലെ നല്ലൊരു ദിവസവുമായിരുന്നിരിക്കാം. പക്ഷെ ഒരു നിമിഷത്തെ അശ്രദ്ധയും തിരക്കും അയാളെ യാതൊരു തിരക്കും ഇല്ലാത്ത മറ്റൊരിടത്തേക്കെതിച്ചിരിക്കുന്നു, അയാളുടെ വീട്ടുകാരെ എന്നെന്നും ദുഃഖത്തിലേക്കെത്തിച്ചിരിക്കുന്നു.ഈ കുറിപ്പ് ഇവിടെ എഴുതാൻ കാരണം: സ്ഥിരമായി കാണുന്നതാണ് എല്ലാവർക്കും തിരക്കും ഞാൻ ആദ്യം എന്നുമുള്ള ചിന്ത. അതിനുവേണ്ടി വണ്ടി നിൽക്കുന്നതിനു മുന്നേ ഇറങ്ങുന്നതും കയറുന്നതും ഓടുന്ന വണ്ടിയിൽ ചാടി കയറുന്നതും. എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ് ഈ സാഹസത്തിനു മുതിരുന്നത്പക്ഷെ ചെറിയൊരു പിഴവ് മതി ജീവിതം തന്നെ അവസാനിക്കാനും അല്ലെങ്കിൽ മറ്റൊരു തലത്തിലേക്ക് മാറ്റിയെഴുതപ്പെടാനും.ഇന്ന് അപകടത്തിൽ മര ണപ്പെ ട്ട സഹോദരന് കണ്ണീർ പ്രണമങ്ങളോടെ ഒരു Asst. Loco Pilot ശരത് ചന്ദ്രൻ