ബൈക്ക് എന്റെ വണ്ടിയുടെ മുന്നിലൂടെ തെറിച്ച് റോഡിന്റെ നടുക്കുള്ള ഡിവൈഡറിലിടിച്ച് വീണു വണ്ടിയിൽ ഒരു പെൺകുട്ടിയും ചെറുപ്പക്കാരനും ശേഷം

EDITOR

ഇന്നലെ (04Oct2022) ഉച്ചക്ക് ഏകദേശം 1 മണിക്കും 2 മണിക്കും ഇടയ്ക്ക് ബൈപ്പാസിൽ ഇൻഫോസിസ് കഴക്കൂട്ടം ദിശയിൽ ഇന്ഫോസിസിന് ശേഷം ഏകദേശം പഴയ ദാബാ പ്രോജക്ട് ഹോട്ടലിന്റെയും TSC ആശുപത്രിയുടെയും മുൻഭാഗത്തായി അമിതവേഗതയിൽ ഇടത്‌ ട്രാക്കിലൂടെ വന്ന ഒരു കാർ, റോഡിന്റെ ഇടത് ചേർന്ന് പോകുകയായിരുന്ന ഒരു ബൈക്കിനെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ തട്ടുകയും നിർത്താതെ പോകുകയും ചെയ്തു. ബൈക്ക് എന്റെ വണ്ടിയുടെ മുന്നിലൂടെ തെറിച്ച് റോഡിന്റെ നടുക്കുള്ള ഡിവൈഡറിലിടിച്ച് വീണു. വണ്ടിയിൽ ഉണ്ടായിരുന്നവർ ഒരു പെൺകുട്ടിയും ചെറുപ്പക്കാരനും എന്റെ കാറിന്റെ മുന്നിലേക്കാണ് തെറിച്ചു വീണത്. പെട്ടെന്ന് ബ്രെക്ക് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് മാത്രം വണ്ടി അവരുടെ ദേഹത്തേക്ക് കയറാതെ, അവർ രക്ഷപ്പെട്ടു. എനിക്ക് പകരം, അമിതമായ വേഗത്തിൽ വന്ന ഒരു വണ്ടി ആയിരുന്നെങ്കിൽ ഉറപ്പായും അവരുടെ ദേഹത്തേക്ക് കയറിയേനെ.അത്രക്ക് പെട്ടെന്ന്, വളരെ അടുത്ത ദൂരത്തിലാണ് എല്ലാം സംഭവിച്ചത്. അതിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. പെട്ടെന്ന് വണ്ടി നിർത്തി, ആവരുടെ അടുത്തേക്ക് ഇറങ്ങി ചെന്നപ്പോൾ അവർ വിറച്ചുകൊണ്ട് നിൽക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണവരുടെ അവസ്‌ഥ ഊഹിക്കാൻ പോലും പറ്റുന്നില്ല. പറഞ്ഞുവരുന്നത് നമുക്ക് നല്ല സ്പീഡിൽ ഓടിക്കാൻ പറ്റുന്നൊരു റോഡ് ഉണ്ട്, പക്ഷെ റെസ്പോൻസിബിൾ ആയി ഡ്രൈവ് കൂടി ചെയ്താലേ ഗുണം ഉള്ളൂ.

എന്റെ കാറിൽ ഇരുന്നുകൊണ്ട് കണ്ടതിന്റെ ഒരു അടിസ്ഥാനത്തിൽ ബൈക്കിൽ തട്ടിയ സ്ഥിതിക്ക് ആ കാറുകാരൻ അത് അറിയാതിരിക്കാൻ വഴിയില്ല.അയാൾ ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ, ഈ പോസ്റ്റ് കാണുകയാണെങ്കിൽ അയാളുടെ കൂടി അറിവിലേക്കായി മാത്രമാണ് ഇതിവിടെ പോസ്റ്റുന്നത്. നിങ്ങൾ കാരണം രണ്ടുപേരുടെ ജീവൻ ഇന്നലെ റോഡിൽ പൊലിഞ്ഞേനെ.റോഡിനുനിറം കറുപ്പാണ് അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ജീവിതത്തിലും കരിനിഴൽ വീഴ്ത്തും. ആരും ഒരിക്കലും പഠിച്ചുതീരാത്ത ഒരേയൊരു പണി നമ്മുടെ പണിയാ ഡ്രൈവിംഗ്. റോഡപകടങ്ങൾ വരുമ്പോൾ പരസ്പരം പഴിചാരുന്നത് കേൾക്കാം. നമുക്കും കൂട്ടായ ഉത്തരവാദിത്വമുണ്ട്. കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നത് ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടാവാം. റോഡിൽ മര ണപ്പെ ടുന്നവരുടെ എണ്ണം കൊല്ലന്തോറം കൂടുകയല്ലാതെ കുറയുന്നില്ല. പ്രതൃേകിച്ച് കേരളത്തിലെ റോഡുകളിൽ. ശ്രദ്ധിക്കാം നമുക്ക് നമ്മുടെ കൈയ്യബദ്ധം കൊണ്ട് ഒരു ജീവനും പൊഴിയല്ലേവാഹനം ഓടിക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കാം, നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ പൊലിയാതിരിക്കാൻ അപേക്ഷയാണ് .അരുൺ വാര്യർ.

മറ്റൊരു ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ കിടപ്പിലായിപ്പോയ ചെറുപ്പക്കാരെ സന്ദർശിച്ചാൽ പിന്നെ ഒരിക്കലും വാഹനം അമിതവേഗതയിൽ ഓടിക്കാൻ നിങ്ങൾക്ക് തോന്നുകയേയില്ല.അഥവാ നിങ്ങൾ അമിത വേഗതയിൽ ഓടിച്ച വാഹനം ഇടിച്ച് മറ്റാരെങ്കിലുമാണ് മരണപ്പെടുന്നത് അല്ലെങ്കിൽ ശയ്യാവലംബിയാകുന്നത് എന്ന് കരുതുക. അത് ചിലപ്പോൾ ഒരു കുടുംബത്തിലെ മൊത്തം ഭാരം തലയിലേന്തുന്ന ഗൃഹനാഥനാകാം, അല്ലെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞുമക്കളുടെ അമ്മയാകാം അതുമല്ലെങ്കിൽ ഒരു കുടുംബം മൊത്തം പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന മക്കളാവാം.. അത്തരക്കാർ മരിക്കാനോ ശയ്യാവലംബിയാവാനോ നിങ്ങൾ കാരണമായി തീർന്നാൽ പിന്നെ ഈ ജന്മം നിങ്ങൾക്ക് മനസ്സമാധാനം കിട്ടുമോ? ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളും സന്തോഷവും തകർത്തല്ലോ എന്ന കുറ്റബോധം നിങ്ങളെ മരണം വരെ വേട്ടയാടിക്കൊണ്ടിരിക്കും. തീർച്ച.മക്കളേ, അമിത വേഗതയിൽ വാഹനമോടിക്കുന്നതൊന്നും ഒരിക്കലും ഒരു ഹീറോയിസം അല്ല. കാണാനും കയ്യടിക്കാനും ആരാധിക്കാനും ഒക്കെ തൽക്കാലത്തേക്ക് കുറച്ചുപേർ ഉണ്ടാകും.

പക്ഷേ കിടപ്പിലായി കഴിഞ്ഞാൽ ഒരു പട്ടി പോലും നിങ്ങളെ തിരിഞ്ഞുനോക്കില്ല.. മലവും മൂത്രവും മണക്കുന്ന കിടക്കയിൽ ശരീരത്തിലെ വ്രണങ്ങളിൽ വന്നിരിക്കുന്ന ഈച്ചയെ പോലും ആട്ടിയോടിക്കാൻ ശേഷിയില്ലാതെ നരകതുല്യമായി കഴിച്ചുകൂട്ടേണ്ടി വരും ബാക്കി കാലം… എത്ര ആഗ്രഹിച്ചാലും മരണം പോലും നിങ്ങളെ കയ്യൊഴിഞ്ഞുകളയും അതുകൊണ്ട് ഇനിയെങ്കിലും വാഹനം എടുക്കുമ്പോൾ നന്നായി ആലോചിക്കുക. വൈകിട്ട് നിങ്ങൾ വരാൻ 10 മിനിറ്റ് വൈകിയാൽ ആധിപിടിക്കുന്ന, നിങ്ങളെ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന കുറേ മനസ്സുകൾ വീട്ടിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. നിങ്ങളെ ഇന്നത്തെ ഈ നിങ്ങൾ ആക്കിയെടുക്കാൻ അവർ കുറേയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരോട് നിങ്ങൾക്ക് കടമയും കടപ്പാടും സ്നേഹവുമുണ്ട്.അതുകൊണ്ട് ഇനിമുതൽ ഞാൻ അമിതവേഗതയിൽ വാഹനം ഓടിക്കില്ല എന്ന ഒരു ദൃഢപ്രതിജ്ഞ എടുക്കുക. അത് ഒരിക്കലും തെറ്റിക്കാതെ പാലിക്കുക. വാഹനം സ്പീഡ് കൂട്ടണമെന്ന് തോന്നിയാൽ നിങ്ങളുടെ സ്നേഹനിധിയായ അമ്മയുടെ, അച്ഛന്റെ, അനിയത്തിയുടെ അനിയന്റെ മുഖം മനസ്സിലോർക്കുക.

ഈ പ്രായത്തിൽ പഠിക്കുക എന്നത് മാത്രമാണ് നിങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അത് ഭംഗിയായി ചെയ്യുക. അതിന് തടസ്സം വരുന്ന എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കുക. ചീത്ത കൂട്ടുകെട്ടുകളെ അകറ്റി നിർത്തുക. ലഹരി ഉപയോഗം പോലെയുള്ള കാര്യങ്ങളിൽ ഒരിക്കലും പെട്ടുപോകരുത്. ‘എടാ, നീയൊക്കെ ആണാണോ, ഇതൊക്കെ ഒരു പ്രാവശ്യം ഉപയോഗിച്ച് നോക്കെടാ ‘ എന്ന് പ്രലോഭിപ്പിക്കുന്ന കൂട്ടുകാർ ഉണ്ടാകും. നമ്മളെ അടിമയാക്കാൻ ആദ്യം രണ്ടോ മൂന്നോ വട്ടം അവർ ലഹരിവസ്തുക്കൾ സൗജന്യമായി നൽകും. അത്തരക്കാരെ പരാമാവധി അകറ്റി നിർത്തുക. അത്തരക്കാർ സ്വയം നശിച്ച് മറ്റുള്ളവരെകൂടി നശിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവർ ആണ്. മയക്കുമരുന്ന് പോലുള്ള കാര്യങ്ങളിൽ ഒരിക്കൽ പെട്ടാൽ പിന്നീട് അതിന് അടിമയായി തീരും. പിന്നെ മയക്കുമരുന്ന് വാങ്ങാൻ പണമില്ലാതെ വരുമ്പോൾ മോഷണമോ കൊലപാതകമോ നടത്തിയോ മയക്കുമരുന്ന് കച്ചവടം നടത്തിയതിനോ ഒക്കെ ശിഷ്ടജീവിതം ജയിലിൽ ഹോമിക്കേണ്ടി വരും. നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒക്കെ ഒറ്റപ്പെട്ട് ബുദ്ധിയും ഓർമ്മയും ശാരീരികമായ എല്ലാ പ്രവർത്തനങ്ങളും മാനസികാരോഗ്യവും താളം തെറ്റി അങ്ങേയറ്റം ദുരിത പൂർണ്ണമായ ഒരന്ത്യം ആയിരിക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. അത് മറക്കരുത്.

പ്രലോഭനങ്ങളിൽ പെട്ടുപോകും എന്ന് തോന്നിയാൽ നിങ്ങളുടെ അമ്മയുടെ മുഖം മനസ്സിലോർക്കുക അമ്മയോട് അല്പമെങ്കിലും സ്നേഹം മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ലഹരി ഉപയോഗിക്കാൻ തോന്നില്ല എന്നുറപ്പ്.ഒരിക്കലും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നയാളുടെ ഒപ്പം ഒരിക്കലും യാത്ര ചെയ്യാതിരിക്കുക. നമ്മൾക്ക് എല്ലാം നിയന്ത്രണത്തിൽ ആണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഒരിക്കലും അങ്ങനെ ആയിരിക്കില്ല കാര്യങ്ങൾ. എത്ര അടുപ്പമുള്ള കൂട്ടുകാരൻ ആണെങ്കിലും ലഹരി ഉപയോഗിച്ചിട്ട് അവൻ ഓടിക്കുന്ന വാഹനത്തിൽ കയറാനായി ക്ഷണിച്ചാൽ ഒരു മടിയും കൂടാതെ മുഖത്ത് നോക്കി NO പറയാൻ പഠിക്കുക. അവന് വേണ്ടി നിങ്ങളും കുടുംബവും എന്തിന് കണ്ണീരു കുടിക്കണം??എനിക്ക് വാഹനം ഓടിക്കാൻ നന്നായി അറിയാം എന്നും എത്ര സ്പീഡിൽ ഓടിച്ചാലും വാഹനം എനിക്ക് നിയന്ത്രിക്കാൻ കഴിയും എന്നതുമൊക്കെ തെറ്റായ വിശ്വാസമാണ്.

വാഹനം അമിതവേഗതയിൽ പോകുമ്പോൾ ചിലപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം നിങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് പോയി എന്നിരിക്കും. അതോടെ എല്ലാം തീരും… നിങ്ങൾക്കും കുടുംബത്തിനും തീരാദുഖം മാത്രം ബാക്കിയാവും.അതുകൊണ്ട് മിതമായ വേഗത്തിൽ മോട്ടോർവാഹനഗതാഗത നിയമങ്ങൾ എല്ലാം പാലിച്ച് മാത്രം വാഹനം ഓടിക്കുക. കാൽനടക്കാരെയോ റോഡ് ക്രോസ്സ് ചെയ്യുന്നവരെയോ കണ്ടാൽ വാഹനം നിർത്തി കൊടുക്കുക. രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തു കൊടുക്കുക. പ്രായപൂർത്തി ആവാതെയും ലൈസൻസ് ഇല്ലാതെയും ഒരു കാരണവശാലും വാഹനം ഓടിക്കരുത്. താൽക്കാലികമായ ഒരു ഹീറോ പരിവേഷത്തിലും എത്രയോ നല്ലതാണ് വരാനിരിക്കുന്ന വർണശബളമായ ഒരു ജീവിതം!!
സുധീർ കെ എച്ച്‌.