ഒരിക്കൽ ഗുരു ശിഷ്യന്മാരോട് കുറച്ചു അരി വീട്ടിൽ നിന്ന് മോഷ്ടിച്ചു കൊണ്ട് വരാൻ പറഞ്ഞു എല്ലാവരും മോഷ്ടിച്ചു പക്ഷെ അതിൽ ഒരാൾ കൊണ്ട് വന്നത് ഗുരുവിനെ ഞെട്ടിച്ചു

EDITOR

ഒരിക്കൽ ഒരു ഗുരുതന്റെ ശിഷ്യന്മാരോട് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി കുറച്ച് അരി മോഷ്ടിച്ചു കൊണ്ടു മൂന്ന് ദിവസത്തിനകം വരണം എന്നു പറഞ്ഞു. നിങ്ങൾ മോഷ്ടിക്കുന്നത് ആരും, കാണരുത്, അറിയരുത് എന്ന് കർശനമായി ഓർപ്പിച്ചു. മൂന്നുദിവസം കഴിഞ്ഞപ്പോൾ എല്ലാവരും മടങ്ങി വന്നു. ഒരാൾ ഒഴികെ എല്ലാവരുടെയും കൈവശം മോഷ്ടിച്ച അരി ഉണ്ടായിരുന്നു. അരിയില്ലാതെ മടങ്ങിവന്ന ശിഷ്യനോട്: “എന്തുകൊണ്ടാണ് മോഷ്ടിക്കാൻ കഴിയാഞ്ഞത്” എന്ന് ചോദിച്ചു. ആ ശിഷ്യൻ പറഞ്ഞു: “ഞാൻ പലപ്രാവശ്യം മോഷ്ടിക്കാൻ ശ്രമിച്ചു. അപ്പോഴെല്ലാം ഒരാൾ എന്നെ കാണുന്നുണ്ടായിരുന്നു. അതിനാൽ മോഷ്ടിക്കാൻ കഴിഞ്ഞില്ല”. “അതാരായിരുന്നു” ഗുരു ചോദിച്ചു, ശിഷ്യൻ പറഞ്ഞു: “ഞാൻ തന്നെ”. ഞാൻ കാണാതെ എനിക്ക് ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ഗുരു ആ ശിഷ്യനെ അനുമോദിച്ചു. ഈ ശിഷ്യൻ സ്വാമി വിവേകാനന്ദൻ ആയിരുന്നു.

നാം ചെയ്യുന്ന തെറ്റുകൾ മറ്റാരും കണ്ടില്ലെങ്കിൽ തന്നെ, നാം അത് കാണുന്നുണ്ട്, അറിയുന്നുണ്ട്. മറ്റാരും നമ്മെ കുറ്റക്കാരായി കണ്ടില്ലെങ്കിലും നമ്മുടെ സ്വന്തം മനസ്സിന്റെ മുൻപിൽ, മനസ്സാക്ഷിയുടെ മുൻപിൽ നാം കുറ്റക്കാരാവുകയാണ്.പലരും തങ്ങളുടെ കുറ്റം മറച്ചുവച്ചു തെറ്റായ വിവരങ്ങൾ കോടതികളിൽ ബോധിപ്പിക്കാറുണ്ട്. അങ്ങനെ ചിലപ്പോൾ കേസിൽ നിന്നും രക്ഷപ്പെടുവാൻ കഴിഞ്ഞേക്കും. എന്നാൽ തങ്ങൾ ബോധിപ്പിച്ചത് സത്യമല്ല എന്ന് മറ്റാരെക്കാളും വ്യക്തമായി അവർക്ക് അറിയാമല്ലോ. അവരുടെ സ്വന്തം മനസ്സാക്ഷിയുടെ കോടതിയിൽ അവരെന്നും കുറ്റക്കാരായിരിക്കും. വാക്കുകളുടെ ശക്തികൊണ്ട് നാം കുറ്റക്കാരല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞേക്കും, എന്നാൽ നമ്മുടെ മനസ്സിനെ ബോധ്യപ്പെടുത്തുവാൻ ഏതു വാക്കാണ് ഉപയോഗിക്കുക? നമ്മുടെ സ്വന്തം കണ്ണുകളിൽ നിന്ന് നമ്മുടെ തെറ്റിനെ മറച്ചുവയ്ക്കുവാൻ എന്തു വിദ്യയാണുള്ളത്? അങ്ങനെ ഒരു വിദ്യ ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലല്ലോ.

നമ്മുടെ തന്നെ ദൃഷ്ടിയിൽ നാം കുറ്റക്കാർ ആകുന്നുവെങ്കിൽ, ഹൃദയങ്ങളെയും അന്തരേന്ദ്രിയങ്ങളെയും ശോധന ചെയ്യുന്ന ദൈവത്തിന്റെ ദൃഷ്ടിയിൽ നാം എന്നും കുറ്റക്കാർ ആയിരിക്കില്ലേ? തെറ്റുകൾ പ്രവർത്തിക്കുമ്പോഴും അവയെ മറച്ചുവയ്ക്കുമ്പോഴും ആയുഷ്ക്കാലം മുഴുവൻ കുറ്റക്കാരായി ജീവിപ്പാൻ നാം നമ്മെ തന്നെ വിധിക്കുകയാണ്.അത് എത്ര ഭയങ്കരം! ചില ഭൗതിക നേട്ടങ്ങൾക്കു വേണ്ടി തെറ്റുകൾ ചെയ്യുമ്പോൾ, താത്കാലിക നേട്ടത്തോടൊപ്പം ആത്യന്തിക നഷ്ടമാണ് നാം സമ്പാദിക്കുന്നത് എന്നത് വിസ്മരിക്കരുത്. എന്തിനാണ് നാം നമ്മെത്തന്നെ കുറ്റവാളികൾ ആക്കി തീർക്കുന്നത്? കോടതി നമ്മെ കുറ്റവിമുക്തരാക്കിയാലും, നമുക്ക് തന്നെയും മറ്റനേകർക്കും അറിയാം, യഥാർത്ഥ കുറ്റവാളി നാം തന്നെയായിരുന്നു എന്ന്. ആരെല്ലാം നമ്മെ കുറ്റം വിധിച്ചാലും, നമ്മുടെ കണ്ണുകൾക്ക് മുൻപിൽ നാം കുറ്റക്കാരല്ലെങ്കൽ ദൈവവും നമ്മോട് കരുണ കാണിക്കും.ആകയാൽ നമ്മുടെ കണ്ണുകൾക്ക് മുൻപിലും സർവ്വശക്തനായ ദൈവത്തിന്റെ കണ്ണുകൾക്ക് മുൻപിലും കുറ്റക്കാരാകാതിരിപ്പാൻ വിശുദ്ധിയോടെ ജീവിക്കുന്നതിന് നമ്മെ സമർപ്പിക്കാം

മറ്റൊരു കഥ പറയാം വാഹനങ്ങൾക്ക് പിന്നാലെ ഓടുന്ന നായ്ക്കളെ നാം കണ്ടിട്ടുണ്ടല്ലോ. ഒരു കർഷകന്, വാഹനങ്ങൾ വരുന്നതും കാത്ത് റോഡരികിൽ ഇരിക്കുന്ന ഒരു നായ് ഉണ്ടായിരുന്നു. ഒരു കാർ വന്നാലുടൻ അതിന്റെ പിന്നാലെ കുരച്ചും കൊണ്ട് കുറേ ദൂരം ഓടും. ഒരു ദിവസം ഒരു അയൽക്കാരൻ കർഷകനോട് ചോദിച്ചു “നിങ്ങളുടെ നായ്ക്ക് എപ്പോഴെങ്കിലും ഒരു കാർ പിടിക്കാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” കർഷകൻ മറുപടി പറഞ്ഞു, “അതല്ല വിഷയം, എപ്പോഴെങ്കിലും ഒരു കാർ പിടിക്കാൻ സാധിച്ചാൽ തന്നെ, അതുകൊണ്ട് ഈ നായ് എന്ത് ചെയ്യാനാണ്? ഈ നായയെ പോലെ, ജീവിതത്തിൽ അർത്ഥശൂന്യമായ ലക്ഷ്യങ്ങൾ പിന്തുടരുന്ന അനേകരുണ്ട്. നാട്ടിൽ സാധാരണയായി പറയാറുണ്ടല്ലോ: “നായ്ക്കിരിക്കാൻ നേരമില്ല, നായ് നടന്നാൽ ഫലവുമില്ല”. രാത്രിയും പകലും എല്ലാം നായ് ഓട്ടമാണ്, എന്തു സാധിക്കുന്നു? അനേകർക്കും ജീവിതത്തിൽ എന്തൊരു തിരക്ക്! എന്താണ് നേടുന്നത്? ചില ആളുകൾ എത്ര ഓടിയാലും എത്ര അദ്ധ്വാനിച്ചാലും യാതൊരു നേട്ടവും കൈവരിക്കാൻ കഴിയാതെ പോകുന്നു.

മറ്റു ചിലർക്ക് ഭൗതികമായോ സാമ്പത്തികമായോ ചില നേട്ടങ്ങൾ കൈവരിപ്പാൻ ചിലപ്പോൾ സാധിച്ചേക്കാം. എന്നാൽ ജീവിതത്തിന്റെ പ്രതിസന്ധികളിൽ അവയൊന്നും ഉപകരിക്കപ്പെടാതെ പോകുന്നു. നമ്മുടെ നേട്ടങ്ങൾ പ്രതിസന്ധികളിൽ ഉപകരിക്കപ്പെടുന്നില്ലെങ്കിൽ അവ കൊണ്ടുള്ള പ്രയോജനം എന്താണ്? ചുറ്റുപാടും ധാരാളം വായു ഉണ്ടെങ്കിലും, ശ്വാസം എടുക്കുവാൻ കഴിയാത്ത ഒരാളിന് അതുകൊണ്ട് എന്തു ഗുണം? പണം ധാരാളമുണ്ടെങ്കിലും ഭക്ഷണം കഴിക്കാൻ സാധിക്കാത്ത വിധം രോഗിയാണെങ്കിൽ തന്റെ പണംകൊണ്ട് എന്തു ഗുണം? നമ്മുടെ ധനത്തിനോ പ്രശസ്തിക്കോ ജീവിതത്തിൽ സമാധാനം നൽകുവാൻ കഴിയുന്നില്ലെങ്കിൽ അവ കൊണ്ട് എന്ത് പ്രയോജനം?

നമ്മുടെ നേട്ടങ്ങൾക്കൊന്നും നമ്മുടെ ജീവനെ പിടിച്ചുനിർത്താൻ കഴിയുന്നില്ലെങ്കിൽ നേട്ടങ്ങളെല്ലാം വൃഥാവായി പോകില്ലേ? ഈ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമാധാനവും സന്തോഷവും. ഒരു മനുഷ്യന് സമാധാനം ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ യാതൊരു നേട്ടവും അർത്ഥപൂർണ്ണം ആകയില്ലല്ലോ. അതുകൊണ്ടല്ലേ സമ്പന്നരായ പലരും ആത്മഹത്യ ചെയ്തിട്ടുള്ളത്? ആകയാൽ അർത്ഥമില്ലാത്ത ലക്ഷ്യങ്ങളിലേക്ക് ഓടാതെ, ഈ ലോകം കൊണ്ട് അവസാനിക്കാത്ത നിത്യ ജീവിതത്തെ ലാക്കാക്കി ജീവിക്കാൻ നമുക്കൊരുങ്ങാം. അതിന് സഹായകരമാം വിധം സ്രഷ്ടാവായ ദൈവത്തിൽ ആശ്രയിക്കാം. ദൈവത്തിന് നമ്മുടെ ജീവിതത്തെ കുറിച്ചുള്ള പ്ലാൻ നിറവേറുവാൻ, ദൈവഹിത പ്രകാരം ജീവിക്കാൻ നമ്മെ സമർപ്പിക്കാം. അപ്പോൾ ജീവിതത്തിനു അർത്ഥമുണ്ടാകയും ജീവിതം സന്തോഷവും സമാധാനവുമുള്ളതായി രൂപാന്തരപ്പെടുകയും ചെയ്യും.