എന്റെ കാര്യം നോക്കാൻ അച്ഛനുണ്ട് അമ്മ അടുക്കളയിൽ പണി വല്ലോം ഉണ്ടെങ്കിൽ ചെയ്യ് എടുത്തടിച്ച പോലെ മകളുടെ സംസാരം നെഞ്ചിൽ തറച്ചു കേറും പോലെ തോന്നി

EDITOR

അമ്മയോടാരാ അഭിപ്രായം ചോദിച്ചത്.എന്റെ കാര്യം നോക്കാനിവിടെ അച്ഛനുണ്ട്. അല്ലെങ്കിൽ തന്നെ ഇതിലൊക്കെ അഭിപ്രായം പറയാൻ അമ്മയ്ക്ക് വല്ല കാര്യവും അറിയാമോ. അമ്മ പോയി അടുക്കളയിൽ പണി വല്ലോം ഉണ്ടെങ്കിൽ ചെയ്യാൻ നോക്ക്. അല്ലാതെ എന്റെ കാര്യത്തിൽ ഇടപെടേണ്ട.മകളാണ് നിത്യ.എടുത്തടിച്ച പോലെയുള്ള അവളുടെ സംസാരം ആദ്യത്തേതല്ലെങ്കിൽ പോലും ഇത്തവണ അതു വന്നു നെഞ്ചിൽ തറച്ചു കേറും പോലെ തോന്നി.പ്ലസ് ടു കഴിഞ്ഞു മുന്നോട്ടുള്ള പഠനത്തിന് ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന അച്ഛന്റെയും മകളുടെയും ചർച്ചയ്ക്കിടയിൽ അഭിപ്രായം പറഞ്ഞതിന് കിട്ടിയതാണ്.ഒന്നും മിണ്ടാതെ തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കും വഴി പ്രസാദേട്ടനെ ഒന്ന് നോക്കി.. ആള് ഇതൊന്നും കേട്ട ഭാവം ഇല്ല.ചുണ്ടിന്റെ ഒരറ്റത്തു ചെറിയൊരു പരിഹാസച്ചിരി ഒളിച്ചിരിപ്പുണ്ടെന്നു തോന്നി.അല്ലെങ്കിലും അച്ഛനും മകൾക്കുമിടയിൽ എന്നും അമ്മ ഒരനാവശ്യ വസ്തുവാണെന്നു തോന്നിയിട്ടുണ്ട്.

രാവിലെ തന്നെ മനസ് ചത്തു.അടുക്കളയിൽ വന്നു രാവിലത്തെ കാപ്പിക്കൊപ്പം അച്ഛനും മകൾക്കും കൊണ്ട് പോകാനുള്ള ചോറും കറികളും തയാറാക്കിയത് പൊതിഞ്ഞുകെട്ടി മാറ്റി വച്ചു.വെളുപ്പിനെ തുടങ്ങുന്ന യുദ്ധം. ഇങ്ങനെയൊരാളിവിടെ ഉള്ളത് എപ്പോ ഉണരുന്നുവെന്നോ ഉറങ്ങുന്നുവെന്നോ അന്നെഷിക്കാൻ ആരും തന്നെയില്ലാത്തതിനാൽ അടുക്കളയിൽ മാത്രമവൾ റാണിയായി വിരാജിക്കുന്നു.അവിടെയുള്ള പാത്രങ്ങളോട് കലഹിക്കാം.പുതിയ പരീക്ഷണങ്ങൾ നടത്തി വിജയം കൊയ്യാംഉള്ളിലെ വേദനകളെ അലക്കുകല്ലിൽ തല്ലി പിഴിഞ്ഞുണക്കാനിടാംആർക്കും പരാതിയില്ല.ചിന്തകൾ കാടു കയറിയതിനാലാവണം ചെറുതായി തല വേദനിക്കാൻ തുടങ്ങി.എടീ സരയൂനീ കാപ്പി തരുന്നുണ്ടോ? എനിക്ക് പോകാറായി.വല്ലതും ഉണ്ടെങ്കിൽ കൊണ്ട് തരാൻ നോക്ക്.മേശയ്ക്ക് ഇരുപുറവുമായി അച്ഛനും മകളും കഴിക്കാനിരുന്നു.അച്ഛാ എന്നെ കൂടി കൊണ്ടോണേ.. ഇന്ന് ക്ലാസ്സ്‌ നേരത്തെയാണ്.പ്രസാദിനോടായി നിത്യ പറഞ്ഞു.അതൊക്കെ ഞാൻ കൊണ്ടോവാം വെക്കേഷൻ സമയത്ത് മാത്രം മതി ഈ കമ്പ്യൂട്ടർ പഠിത്തം. വേഗം അഡ്മിഷൻ കാര്യങ്ങൾ നോക്കിക്കോണം കേട്ടല്ലോ.

അയാൾ അവളോടായി പറഞ്ഞു.എന്ത് കോഴ്സ് ആണ് ചേട്ടാ ഞാൻ പറഞ്ഞ പോലെ ഡിഗ്രി ആണോ. അങ്ങനെ ആണേൽ അത് കഴിഞ്ഞു b. Ed എടുക്കാല്ലോസരയു സന്തോഷത്തോടെ ചോദിച്ചു.നിനക്കിത് എന്താടി.. അവൾ ആദ്യമേ പറഞ്ഞില്ലേ നിന്റെ ഉപദേശം വേണ്ട എന്ന്. അവളു b.tech എടുത്തോളും അത് മതി.പ്രസാദ് പറഞ്ഞു.ഇത്തവണ അച്ഛനിൽ നിന്നു മാറി ആ പുച്ഛം മകളിൽ സ്ഥാനം ഉറപ്പിച്ചു.കൊണ്ടു വച്ച ഇഡ്ഡലിയും സാമ്പാറും ചട്നിയും അവരിരുവരും സ്വാദോടെ കഴിക്കുന്നത് നോക്കി സരയു മാറിനിന്നു.ഒരിക്കലും അവർക്കിടയിൽ ഇരുന്ന് ഒരു പിടി ആഹാരം കഴിക്കാൻ കഴിഞ്ഞിട്ടില്ല.. ഇരുന്നാൽ തന്നെ ഒന്നുകിൽ അച്ഛന് അല്ലെങ്കിൽ മകൾക്ക് അപ്പൊ ഒരാവശ്യം വരും. കഴിച്ചു പകുതി പോലുമാക്കാതെ എഴുന്നേറ്റ് പോകേണ്ടി വന്ന ദിനങ്ങളുടെ ഓർമ്മകൊണ്ടോ എന്തോ പിന്നെ അതിനു മുതിർന്നിട്ടില്ല.കേട്ടോ അച്ഛാ.അമ്മ ഇന്നലെ എന്നോട് ഭയങ്കര ഉപദേശം ആയിരുന്നു. ടീച്ചർ ആയാൽ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു.സർട്ടിഫിക്കറ്റ് എല്ലാം അലമാരയിൽ വച്ചു പൂട്ടി പുട്ടും കടലേം ഉണ്ടാക്കി വീട്ടിൽ ഇരിക്കുന്ന അമ്മയാണ് ടീച്ചർ ആയാൽ ഉള്ള ഗുണത്തെ പറ്റി പറയുന്നത്.

നിത്യ പറഞ്ഞു ചിരിച്ചു.കൂടെ പ്രസാദും.എന്തോ വലിയ തമാശ കേട്ടിട്ടെന്നപോലെ പൊട്ടിചിരിക്കുന്ന അയാളെ കാൺകെ അവളിൽ ദേഷ്യം നുരഞ്ഞു.എന്തിനാണ് അച്ഛനും മോളും ഇത്രയും പരിഹസിച്ചു ചിരിക്കുന്നത്.എന്റെ സർട്ടിഫിക്കറ്റുകൾ ഇരുന്നു പൊടി പിടിച്ചതുകൊണ്ടാണ് ഈ വീട് ഇങ്ങനെ വൃത്തിയായി കിടക്കുന്നത്. എന്റെ ലോകം ഇവിടെ ഒതുങ്ങിയതുകൊണ്ടാണ് യാതൊരു തടസങ്ങളും ഇല്ലാതെ വിശാലമായ ലോകത്തേക്ക് സ്വാതന്ത്രമായി ഇറങ്ങി പോകാൻ നിങ്ങൾക് പറ്റുന്നത്. എല്ലാം എന്റെ ത്യാഗം ആണ്. നിനക്കും നിന്റെ അച്ഛനും വേണ്ടിയല്ലേ നിത്യേ ഞാൻ ഇങ്ങനെ ഒന്നുമല്ലാതെ ആയത്.നിറഞ്ഞു വന്ന ദേഷ്യവും സങ്കടവും സരയുവിൽ നിന്നു വാക്കുകളായി പുറത്തു ചാടി.സരയൂ.നീ എന്നാ കണക്ക് പറയാൻ പഠിച്ചത്. എനിക്കും എന്റെ മകൾക്കും വേണ്ടി നീ എന്ത് മല മറിച്ചെന്നാ ഈ പറയുന്നത്. അല്ലെങ്കിൽ തന്നെ ഞങ്ങൾക്കു വേണ്ടി നീ എന്തെങ്കിലും ചെയ്യുന്നുവെങ്കിൽ അത് നിന്റെ കടമ മാത്രമാണ്. പിന്നെ നിനക്ക് എന്താ ഇവിടെ ഒരു കുറവ്. ഉടുക്കാൻ തുണിയും കഴിക്കാൻ നല്ല ഭക്ഷണവും കിട്ടുന്നില്ലേ സമൂഹത്തിൽ എന്റെ ഭാര്യ എന്നുള്ള സ്ഥാനം ഇല്ലേ പിന്നെ നിനക്ക് എന്ത് വേണം. നിന്റെ ഭാവി ഇവിടെ ഒതുക്കിയത് നീ മാത്രമാണ്.

കല്യാണം കഴിഞ്ഞു ജോലിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു അധ്യാപനം ഉപേക്ഷിച്ചത് നീയാണ് അല്ലാതെ ഞാൻ പറഞ്ഞോ നിന്നോട്.. ഇല്ലല്ലോ…പിന്നെ എന്റെ ചിലവിൽ കഴിയുമ്പോ എനിക്കും മോൾക്കും നേരെ ഇത്തരം വർത്തമാനം ഒന്നും വേണ്ട. ഇനി മേലിൽ നീയിത് ആവർത്തിക്കരുത്.ഞാൻ കൊണ്ട് വരുന്നത് ചുമ്മാ ഇരുന്നു തിന്നിട്ട് എല്ലിനിടയിൽ കുത്തുന്നത് ആണെങ്കിൽ അത് കുറയ്ക്കാൻ എനിക്ക് അറിയാം. മേലിൽ നീയിതു ആവർത്തിക്കരുത് കേട്ടല്ലോ.ഇരുന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റു കൊണ്ട് പ്രസാദ് എച്ചിൽ കൈകൊണ്ടവളുടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് പറഞ്ഞു.അച്ഛന്റെ പ്രവർത്തിയിൽ അമ്പരന്നു പോയെങ്കിലും പെട്ടന്ന് തന്നെ നിത്യ എഴുന്നേറ്റു കൈ കഴുകി ബാഗും പൊതിഞ്ഞു വച്ച ചോറുമെടുത്തു പുറത്തേക്കിറങ്ങി പോയി.മകൾക്കു പിന്നാലെ പ്രസാദ് ഇറങ്ങി പോകുന്നതും വണ്ടിയിൽ കയറി രണ്ടാളും യാത്രയാകുന്നതും സരയു യാന്ത്രികമായി നോക്കി നിന്നു.കഴിച്ചു പകുതിയാക്കിയ ആഹാരം മേശമേൽ അനാഥമായി കിടക്കുന്നുണ്ടായിരുന്നു.അതെല്ലാം എടുത്തു വൃത്തിയാക്കി ബാക്കി ജോലികളും തീർത്ത് അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും പിടിച്ചു നിർത്തിയിരുന്ന കണ്ണുനീർ കണ്ണിനോട് വിട ചൊല്ലി കവിളുകളിൽ ചാലുകൾ തീർത്തു.

വിശപ്പെല്ലാം കെട്ടുപോയി.ഇന്നുവരെ ഇവിടുന്നു കഴിച്ചതൊക്കെയും തൊണ്ടക്കുഴിയിൽ വന്നിരുന്നു പുറത്തേക്കു വരാൻ ആഗ്രഹം പറയുന്നതായി സരയുവിന് തോന്നി.ഭർത്താവിനും മകൾക്കുമായി മാത്രം മാറ്റി വച്ച കാലമെല്ലാം തിരിഞ്ഞു നിന്നു കളിയാക്കുന്നത് ആദ്യമായ് അവൾ കണ്ടു.നല്ലൊരു സ്കൂളിൽ അധ്യാപികയായി ജോലി ഉണ്ടായിരുന്നതാണ്.വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടി ജനിച്ചതോടെ ജോലി രാജിവച്ചു. മുഴുവൻ സമയവും അവൾക്കും പ്രസാദിനും വേണ്ടി മാത്രമായി നീക്കി വച്ചു. അതിനിടയിൽ സ്വന്തം മാതാപിതാക്കൾ കഷ്ടപ്പെട്ട് നേടി തന്ന വിദ്യാഭ്യാസത്തിന്റെ വില പോലും മറന്നു.. പ്രാരാബ്ദങ്ങൾക്കിടയിൽ സ്നേഹവും ദാമ്പത്യസുഖങ്ങളും എന്നോ കിടപ്പുമുറിക്ക് പുറത്തേക്ക് നടന്നു മറഞ്ഞു.അപ്പോഴും തോന്നിയില്ല ഒന്ന് മാറി ചിന്തിക്കാൻ.. എങ്കിലും ഒന്നുമല്ലാതെ ആയി തീരുന്ന നാളുകൾ വിദൂരമല്ലായെന്ന് ഓർമപ്പെടുത്താൻ മകളുടെ വളർച്ച മാത്രം മതിയായിരുന്നു.. എന്തിനും സൊല്യൂഷൻ കണ്ടെത്താൻ കഴിയുന്ന ജോലിയും ശമ്പളവുമുളള സ്മാർട്ടായ ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനെ മാത്രമവൾ പരിഗണിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് നഷ്ടപ്പെടുത്തിയ പലതും എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയാൻ തുടങ്ങിയത്.അപ്പോഴേക്കും
ഒരു രൂപയ്ക്ക് ഗതിയില്ലാതെ അച്ഛന്റെ ചിലവിൽ ആഹാരം കഴിക്കാനും വീട്ടു ജോലികൾ ചെയ്യാനുമുള്ള ഒരാളായി മകളും ഒരു പരിഗണനയ്ക്കും അർഹതയില്ലാത്ത വെറുമൊരു വേലക്കാരിയായി ഭർത്താവും അവൾക് സ്ഥാനമാറ്റം നൽകി കഴിഞ്ഞിരുന്നു.

ഓരോന്നും ഓർത്തു മനസ്സൊരുപാട് നോവുന്നതായി തോന്നിയപ്പോൾ ഒരുപാട് നാളുകൾക്കു ശേഷം അമ്മയുടെ ശബ്ദം കേൾക്കണമെന്നു തോന്നി.വിളിച്ചപ്പോൾ മറുതലയ്ക്കൽ ബെല്ലടിച്ചു നിന്നുപിന്നെ വിളിക്കാൻ തോന്നിയില്ല. നേരെ മുറിയിലേക്ക് നടന്നു വേഷം മാറി. വീട് പൂട്ടിയിറങ്ങി കിട്ടിയ ഓട്ടോയിൽ നേരെ വീട്ടിലേക്കുപോയി.ചെല്ലുമ്പോൾ അമ്മ പച്ചക്കറിക്ക് വെള്ളമൊഴിച്ചുകൊണ്ട് നിൽക്കുന്നു.കൂടെ അച്ഛനും ഉണ്ടായിരുന്നു. കണ്ടപാടെ ജോലിഒക്കെ മതിയാക്കി രണ്ടാളും അടുത്തേക്ക് വന്നു.സാരു മോളേ നീയെന്താടി പറയാതെ വന്നേ.സ്നേഹത്തോടെയുള്ള അച്ഛന്റെ വാക്കുകളിൽ അന്നേരം വരേ പിടിച്ചു കെട്ടിയ സങ്കടത്തിന്റെ മേഘങ്ങൾ മുഴുവൻ പെയ്തുതോർന്നു.അന്നൊരു പകൽ മുഴുവൻ അവർക്കൊപ്പം വെറുമാരു മകൾ മാത്രമായി ഒതുങ്ങി കൂടാനാണ് അവൾക് തോന്നിയത്.സാരു മോളേ… നീ അന്ന് ജോലിയും പഠിപ്പും ഒന്നും വേണ്ട എന്നൊരു തീരുമാനം എടുത്തു വീട്ടിൽ ഒതുങ്ങിയപ്പോൾ ഞങ്ങൾ ഒന്നും പറയാഞ്ഞത് അതാണ് നിന്റെ സന്തോഷമെങ്കിൽ അങ്ങനെയാവട്ടെ എന്നുകരുതിയാണ്.. ഇന്ന് ആ തീരുമാനം തെറ്റായി എന്ന് നിനക്ക് തിരിച്ചറിവുണ്ടായെങ്കിൽ ആ തെറ്റ് നീ തിരുത്തണം.. അച്ഛൻ നാളെ വിളിക്കാം എന്റെ മോളിപ്പോ സന്തോഷം ആയിട്ട് പോയിട്ട് വാ.

തിരിച്ചിറങ്ങാൻ നേരം അച്ഛനവളെ ചേർത്ത് പിടിച്ചു പറഞ്ഞു.ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു. പിറ്റേന്ന് അച്ഛന്റെ വിളി വന്നത് വലിയൊരു സന്തോഷവാർത്തയുമായി ആയിരുന്നു.അച്ഛന്റെ സുഹൃത്തിന്റെ പ്രൈവറ്റ് സ്കൂളിൽ അവൾക് അധ്യാപികയായി നിയമനം. അതും അച്ഛന്റെ പ്രത്യേക ശുപാർശയിൽ തന്നെ. എല്ലാം ആദ്യം മുതലേ തുടങ്ങണമെന്ന വാശിയിൽനഷ്ടമായ ദിനങ്ങളെ തിരിച്ചുപിടിക്കാനവളിറങ്ങിയപ്പോൾ ആദ്യദിനങ്ങളിലെഅച്ഛന്റെയും മകളുടെയും പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അവൾ കണ്ടില്ലയെന്നു നടിച്ചു.ഭർത്താവിനും മകൾക്കും വേണ്ടി മാത്രമായി മാറ്റിച്ച ജീവിതം സ്വന്തം ശരികൾക്കൊപ്പം കൂടി തിരിച്ചു വിട്ടത്തോടെ ശരീരവും സൗന്ദര്യവും ശ്രദ്ധിക്കാൻ കൂടിയവൾ സമയം കണ്ടെത്തി. നാൽപതുകളിൽ വിരുന്നെത്തിയ പുതിയ ഉത്തരവാദിത്തങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ അവളും തയാറായിരുന്നു.സരയുവിലെ മാറ്റങ്ങൾ കാണെ പതിയെ പതിയെ പ്രസാദും നിത്യയും അവളിലേക്ക് നടന്നടത്തു.മുഷിഞ്ഞു നാറിയ സ്വന്തം വസ്ത്രങ്ങൾ മുറികളിൽ ഇടംപിടിച്ചതോടെ അമ്മയുടെ ഭാരിച്ച ജോലികൾ എന്തൊക്കെയായിരുന്നുവെന്ന് നിത്യ തിരിച്ചറിയുകയായിരുന്നു. സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം
വീട്ടുജോലികളിൽ പോലും പതിയെ അവൾ അമ്മയ്‌ക്കൊപ്പം ചേരാൻ തുടങ്ങി.

മാസാവസാനം താളം തെറ്റുന്ന കുടുംബ ബഡ്ജറ്റിനെ അവളുടെ ചെറിയ ശമ്പളം കൂടി പിടിച്ചു നിർത്താനും നിക്ഷേപങ്ങളിൽ അവളും പങ്കാളിയാകുകയും ചെയ്തത്തോടെ പണ്ടെങ്ങോ നഷ്ടപെട്ട ചെറിയ സംസാരങ്ങളും പങ്കുവയ്ക്കലുകളും പ്രസാദിനും സരയുവിനുമിടയിൽ വീണ്ടും കടന്നു വന്നു.മനോഹരമായ ഉടുത്തൊരുങ്ങലുകളിൽ സുന്ദരിയായ ഭാര്യ പ്രസാദ് എന്ന ഭർത്താവിനെ പിന്നെയും അവളിലേക്ക് അടുപ്പിച്ചു.മാസങ്ങൾക്കു ശേഷമുള്ള ഒരു പ്രഭാതം.സാരൂ.നീ ഇറങ്ങിയില്ലേ പെട്ടന്ന് വായോ ദേ മോള് ഇറങ്ങി നിക്കുന്നു.കാറിൽ ഇരുന്നുകൊണ്ട് പ്രസാദ് ഉറക്കെ വിളിച്ചു പറഞ്ഞുവരുന്നു പ്രസാദേട്ടാ.വീട് പൂട്ടട്ടെ.പെട്ടന്നിറങ്ങി വീട് പൂട്ടി പ്രസരിപ്പോടെ ഓടി വന്നു കാറിന്റെ മുൻ സീറ്റിലേക്കിരുന്ന സരയുവിന്റെ നെറ്റിയിലെ പൊട്ടിലേക്ക് ഒന്നുകൂടി വിരലമർത്തി അതിനെ ഉറപ്പിച്ചതിനു ശേഷം കാറ് സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കുന്ന പ്രസാദിനെ കാണെ പുറകിലിരുന്ന നിത്യ ഉറക്കെ ചിരിച്ചു.അച്ഛനിപ്പോ ഭയങ്കര റൊമാൻസ് ആണല്ലോ… ഇത്രേം നാൾ ഇതൊക്കെ എവിടായിരുന്നു.അവൾ ചോദിച്ചു.ഒന്നും മിണ്ടാതെ ചിരിയോടെ പ്രസാദ് കാറോടിക്കുമ്പോൾ സരയു തിരിച്ചറിയുന്നുണ്ടായിരുന്നു അവനവനെ ഇല്ലാതാക്കിക്കൊണ്ട് മറ്റുള്ളവർക്കായി ജീവിക്കുന്നൊരു ജീവിതം ജീവിതമേ അല്ലായെന്ന്.ചില തിരിച്ചറിവുകളും തിരികെ നടക്കലുമെല്ലാം പലപ്പോഴും നല്ലതാണ്ചില ത്യാഗങ്ങളെ മണ്ടത്തരം എന്നുകൂടി വിളിക്കേണ്ടി വരുമെന്നറിയുന്നത് കാലം ഒരുപാട് കഴിഞ്ഞാവുംപുതിയ ജീവിതം തിരുത്തലുകളുടേത്‌കൂടിയാണെന്നുള്ള ഓർമയിൽ സരയു പുറത്തേക്ക് കണ്ണു പായിക്കുമ്പോൾ അവളുടെ കഴിഞ്ഞ കാലംപോലെ പുറം കാഴ്ചകളും പിന്നിലേക്ക് ഓടി മറയുന്നുണ്ടായിരുന്നു.
എഴുതിയത് : രേഷ്മദേവു