നീയില്ലാതെ ഇരുപത് വർഷം.നീ വിടപറഞ്ഞു പടിയിറങ്ങി പോയിട്ട് ഇന്നേക്ക് ഇരുപത് വർഷം.അല്ലെങ്കിൽ നിന്റെ അദൃശ്യ സാന്നിധ്യവുമായി ഞങ്ങൾ ജീവിച്ചു തുടങ്ങിയിട്ടും ഇന്നേക്ക് ഇരുപത് വർഷംഎത്രവേഗത്തിലാണ് വർഷങ്ങൾ കടന്നുപോയത്.ഇരുപത് വർഷങ്ങൾക്ക് മുന്നേയുള്ള സെപ്റ്റംബർ 18 ന്റെ കാളരാത്രി ഇന്നും എന്റെ ഓർമ്മയിൽ മങ്ങാതെ നിൽക്കുന്നുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും നീരുവന്നു വീർത്തു തിരിച്ചറിയാൻ പോലും പറ്റാത്തായി പോയിരുന്ന നിന്നെകിടത്തിയിരുന്ന സ്ട്രെച്ചറും തള്ളിക്കൊണ്ട് ഗേറ്റിന് പുറത്തെ ഡയാലിസിസ് കേന്ദ്രത്തിലേക്ക് നടുറോഡിലൂടെ നടന്നുനീങ്ങിയിരുന്ന അന്നത്തെ നട്ടുച്ച ഞാനെങ്ങനെ മറക്കാനാണ്.ടാറിട്ട റോഡിലൂടെ സ്ട്രെച്ചർ നീങ്ങുന്നതിനിടയിൽ നീരുവന്നു വീർത്തിരുന്ന നിന്റെ ശരീരം ഓരോ തവണ കുലുങ്ങിയപ്പോഴുമുള്ള നിന്റെ വേദനയോടെയുള്ള ഞരക്കം മ രിച്ചു മണ്ണടിഞ്ഞു കഴിഞ്ഞാലും എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരിക്കുംഎന്നെയും എന്റെ നിസഹായകതയെയും ഞാൻ ആദ്യമായി ശപിച്ചു തുടങ്ങിയതും അന്നുതന്നെയായിരിക്കണം.
ആ ശപിക്കൽ ഇന്നും മുടക്കമില്ലാതെ തുടരുന്നുമുണ്ട്.ഡയാലിസിസ് തുടങ്ങുന്നതിനു തൊട്ടുമുന്നേ നിന്റെ കവിളിലും നെറ്റിയിലും തലോടിക്കൊണ്ട് ഡയാലിസിസ് കഴിഞ്ഞാൽ നിന്റെ അസുഖം ഭേദമാകുമെന്നും അതിനുശേഷം എന്താണ് കഴിക്കാൻ വേണ്ടതെന്നും നിന്റെ ചെവിയിൽ ചോദിച്ചതും എനിക്കൊരു മസാലദോശ വാങ്ങിതരണമെന്ന് പാതിബോധത്തിൽ നീ മറുപടി പറഞ്ഞതും എപ്പോഴാണ് ഞാൻ മറക്കുക.എങ്ങനെയാണ് ഞാൻ മറക്കുക.നീ ചോദിച്ചത് എനിക്ക് വാങ്ങിത്തരുവാനും നിനക്കു കഴിക്കുവാനും പറ്റാത്തത് കൊണ്ടാകണം അന്നുമുതൽ ഇന്നുവരെ മസാലദോശയെന്ന വിഭവം ഞാനും ഉപേക്ഷിച്ചിരുന്നു.ഞാൻ മരി ച്ചു പോകുമോ പ്രദീപേട്ടാ.ഡയാലിസിസ് കഴിഞ്ഞു മുറിയിലെത്തിയ ശേഷമുള്ള ഹസ്ര്വസമയ ഉന്മേഷത്തിനിടയിയിൽ എന്റെ ചൂണ്ടുവിരലിൽ മുറുകെ പിടിച്ചുകൊണ്ടു നീ ചോദിച്ചിരുന്ന ചോദ്യമോർക്കുമ്പോൾ ഇന്നും എന്റെ ഇടനെഞ്ച് പിടയാറുണ്ട്ജീവൻ വെടിയാറായെന്നു തോന്നിയപ്പോൾ ഡോക്ടർമാർ എന്നെക്കൊണ്ട് നിന്നെ പേരെടുത്തു വിളിപ്പിച്ചപ്പോഴെങ്കിലും നീ തിരിച്ചു വരുമെന്ന് ഞാൻ വെറുതെ മോഹിച്ചിരുന്നു.
ഇന്നും നീ ഞങ്ങളുടെയിടയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നു കരുതുന്നത് പോലുള്ള വെറുമൊരു വ്യാമോഹം.അതായിരുന്നു ഞാനും നീയും തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ച്ച അല്ലെ.അതിനുശേഷം ഡോക്ടർമാർ നിർബന്ധിച്ചിട്ടും നിന്നെ കാണുവാൻ ഞാൻ കൂട്ടാക്കിയിരുന്നില്ല.കാരണം നിന്നെയെനിക്ക് പിന്നെയും അങ്ങനെ കാണുവാൻ വയ്യായിരുന്നു.ഇരുപത് വർഷങ്ങൾക്ക് മുന്നേയുള്ള സെപ്റ്റംബർ 19 നു ഞാനും ഒരുതരത്തിൽ നിന്റെ കൂടെ മ രിച്ചു പോയിരുന്നെന്നു ഇപ്പോൾ ഞാനോർക്കുന്നു.കാരണം 20 വർഷങ്ങൾക്ക് മുന്നേയുള്ള ഞാനായിട്ട് പിന്നെയൊരിക്കലും എനിക്കു ജീവിക്കുവാൻ സാധിച്ചില്ലെന്നു ഇപ്പോൾ ഞാൻ ശരിക്കും തിരിച്ചറിയുന്നുണ്ട്.എനിക്കു നഷ്ട്ടപെട്ടത് ജീവനിൽ പാതിയായ ഭാര്യ മാത്രമായിരുന്നില്ല.എന്റെ മക്കളുടെ അമ്മ മാത്രമായിരുന്നില്ല.പ്രണയം എന്താണെന്ന് എന്നെ പഠിപ്പിച്ചിരുന്ന എന്നെ പ്രണയത്തിന്റെ കടലിൽ മുക്കിക്കൊന്നുകൊണ്ടിരുന്ന എന്റെ പ്രണയനിയെയായിരുന്നു.നേരമ്പോക്കിന് വഴക്കടിക്കാനും ശണ്ഠകൂടാനും ഇണങ്ങാനും പിണങ്ങാനുമുള്ള കൂട്ടുകാരിയെയായിരുന്നു.അതുവരെ അനുഭവിച്ചറിയാത്ത കരുതലും സ്നേഹവും കൊണ്ടു എന്നെ വീർപ്പുമുട്ടിച്ചിരുന്ന എന്റെ പ്രീയതമയെയായിരുന്നു.
എല്ലാറ്റിനും ഉപരിയായി എന്റെ ഹൃദയത്തിലും രക്തത്തിലും തലച്ചോറിലും മാത്രമല്ല മജ്ജയിലും മാംസത്തിലും വരെ അലിഞ്ഞു ചേർന്നിരുന്ന പ്രീയപ്പെട്ടവളെന്ന വികാരത്തെയായിരുന്നു.നീ പോയതിനു ശേഷമുള്ള ഇരുപത് വർഷങ്ങൾ.എന്തൊക്കെ മാറ്റങ്ങൾ.പൊന്നുവിന് 24 വയസ് തികഞ്ഞു.അവൾ ഇച്ചാമ്പി (ഇഷാൻവി)യെന്ന ഒരുവയസുകാരി കുസൃതി പെണ്ണിന്റെ അമ്മയുമായിനിനക്കു ഒരുവട്ടം പോലും അമ്മിഞ്ഞ പാൽ നൽകുവാൻ പറ്റാതെ പോയിരുന്ന.അമ്മിഞ്ഞ പാലിന്റെ രുചിയറിയുവാൻ ഭാഗ്യമില്ലാതെ പോയിരുന്ന ചക്കരയ്ക്ക് 20 വയസ് തികഞ്ഞെങ്കിലും അവൾക്കിപ്പോഴും അമ്മ നിന്റെ അനിയത്തിയായിരുന്ന നിന്റെ സ്ഥാനത്തേക്ക് എന്റെ ജീവിതത്തിലേക്ക് യാദൃശ്ചീകമായി വന്നുകയറിയ നിന്റെ അനിയത്തിയായ എന്റെ ഇന്നത്തെ പ്രീയപ്പെട്ടവൾ തന്നെ.ചക്കരയ്ക്ക് ഇപ്പോഴും നീ ഉഷയമ്മയും അവൾ സ്വന്തം അമ്മയുമാണ്.അതുപോലൊരു കൂടപ്പിറപ്പിനെ നിനക്കു കിട്ടിയത് ഒരുപക്ഷേ നിന്റെ ജന്മ സുകൃതമോ എന്റെയും മക്കളുടെയും ഭാഗ്യമോ ആയിരിക്കണംമക്കളെ കൊഞ്ചിച്ചും ലാളിച്ചും വഷളാക്കി എന്നല്ലാതെ ശാസിച്ചും പേടിപ്പിച്ചും തല്ലിയും പീഡിപ്പിച്ചെന്നു ലോകത്തിൽ ഒരാളും പറയില്ലെന്നതുതന്നെ ഒരു ഭാഗ്യമല്ലേ.
നിനക്കു പകരം അവളായതുകൊണ്ട് മാത്രമാണല്ലോ ഇന്നും നിന്നെക്കുറിച്ചു ചിന്തിക്കുവാനും പറയുവാനും ഇതുപോലെ ഇവിടെ കുറിക്കുവാനും എനിക്കു സാധിക്കുന്നതുംനിന്നെപ്പോലെ കാണണമെന്നല്ലാതെ നിന്നെ മറക്കണമെന്നോ നിന്നെ കുറിച്ചു പറയരുതെന്നോ ഇതുവരെ അവൾ ആവശ്യപ്പെട്ടിട്ടുമില്ലെന്നു മാത്രമല്ല നിന്നെ മറന്നുപോയെന്നു തോന്നുന്ന ചില പ്രവർത്തികൾ എന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോൾ തിരുത്തിക്കുന്നതും നിന്നെ ഓർമ്മിപ്പിക്കുന്നതും അവൾ തന്നെയാണ്.നീ ഒരിക്കലും കാണാത്ത നമ്മുടെ കുഞ്ഞുമോളായ മുത്തുമണിക്കും 15 തികഞ്ഞു.ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത നീയാണ് അവളുടെ മാതൃകയും ദൈവവുമെന്നോർക്കുമ്പോൾ എനിക്കു പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.പ്രീയപ്പെട്ടവളെ.ഇരുപത് വർഷങ്ങൾ എന്നിൽ വരുത്തിയ മാറ്റങ്ങളും വളരെ വലുതാണ്.പഴയ ധൈര്യവും വിപ്ലവവീര്യവുമൊക്കെ പതിയെ പതിയെ ചോർന്നൊലിച്ചു പോയി കൊണ്ടിരിക്കുന്നതുകൊണ്ടാകണം പ്രതിബന്ധങ്ങളോട് പോരാടുന്നതിനു പകരം സന്ധിചെയ്യുന്നത് ഇപ്പോളൊരു ശീലമായി മാറിയിരിക്കുന്നു.എന്നെക്കുറിച്ച് നിനക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റാത്തൊരു മാറ്റം.നിന്നെക്കുറിച്ചു ഇനിയൊരു ഓർമ്മകുറിപ്പെഴുതുവാൻ അടുത്ത സെപ്റ്റംബർ 19 വരെ ഞാനുണ്ടാകുമോ എന്നൊരു ആശങ്ക എന്നിൽ ബലപ്പെട്ടു വരികയാണ്.
കഴിഞ്ഞ സെപ്റ്റംബർ 19 മുന്നേ തുടങ്ങിയിരുന്ന ശാരീരിക അസ്വസ്ഥതകളും വയ്യായ്കകളും കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല.
അതുകൂടാതെ ഉറക്കത്തിൽ പോലും പേടിപ്പെടുത്തുന്ന സാമ്പത്തിക ബാധ്യതകൾ ഒരു കുരുക്കുപോലെ കഴുത്തിൽ മുറുകി എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരിക്കുന്നു.അതുകൊണ്ടാകണം നീയും ഞാനും തമ്മിലുള്ള 20 വർഷത്തെ അകലം കുറഞ്ഞു കുറഞ്ഞു വരുന്നതായാണ് എനിക്കിപ്പോൾ തോന്നുന്നത്.വെളിച്ചം നൽകാൻ പറ്റുന്ന മിന്നാമിന്നികളൊക്കെ അവരെക്കൊണ്ട് കഴിയുന്നതുപോലെ വെളിച്ചം തെളിച്ചു കഴിഞ്ഞു.ഇപ്പോൾ മുന്നിൽ കൂരിരുട്ടാണ് ഒന്നും കാണുവാൻ സാധിക്കാത്ത കൂരിരുട്ട്.പേടിതോന്നുന്ന കൂരിരുട്ട്.ഭാവിയിലേക്ക് നോക്കുമ്പോൾ പേടി തോന്നുന്നുണ്ട്.നീ പടിയിറങ്ങി പോയതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊട്ടുമുന്നിലുള്ളത്.ഇതുവരെ സംഭവിച്ചതുപോലെ ഈ കാലവും കടന്നുപോകുമെന്ന ശുഭപ്രതീക്ഷയൊന്നും ഇപ്പോഴില്ല.കടന്നുപോയാൽ അതിനുശേഷമുള്ള വിശേഷങ്ങളുമായി അടുത്തവർഷം ഇതേദിവസം പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിന്റെ ഓർമ്മകുറിപ്പുകൾ ഞാൻ വീണ്ടും ഇവിടെ കുറിച്ചേക്കാം..ഇല്ലെങ്കിൽ നിന്നെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓർമ്മകുറിപ്പായിരിക്കും ഇരുപതാമത്തെ വർഷത്തെ ഈ ഓർമ്മകുറിപ്പ്.
എഴുതിയത് : പ്രദീപ് കുമാർ വേങ്ങര