ഞാൻ ടാക്സിയിൽ യാത്ര ചെയ്യുന്ന സമയം ഒരു കാർ ഇടിക്കാനായി വന്നു ശേഷം ഒരു തെറ്റും ചെയ്യാത്ത എന്റെ ഡ്രൈവറെ തെറിയും പക്ഷെ പെട്ടെന്ന് എന്റെ ഡ്രൈവറുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചു

EDITOR

ടോണി ഒരു ടാക്സി പിടിച്ച് എയർപോർട്ടിലേക്ക് പോവുകയായിരുന്നു. ടാക്സി ഡ്രൈവർ ശരിയായ ലെയ്നിൽ കൂടി തന്നെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു, പെട്ടെന്ന് മറ്റൊരു ടാക്സി പാർക്കിംഗ് സ്ഥലത്തുനിന്നും അവന്റെ ടാക്സിക്ക് തൊട്ടുമുന്നിലേക്ക് ഇറങ്ങി. ടോണിയുടെ ടാക്‌സി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയൊരു അപകടം ഒഴിവാക്കപ്പെട്ടു. എന്നാൽ ആ ടാക്‌സിയുടെ ഡ്രൈവർ തിരിഞ്ഞു ടോണിയുടെ ഡ്രൈവറോട് ആക്രോശിക്കാൻ തുടങ്ങി. ടോണിയുടെ ഡ്രൈവറാകട്ടെ, അവനോട് ദ്വേഷ്യപ്പെടാതെ അവന്റെ ആക്രോശത്തിന് മറുപടി എന്ന വിധം പുഞ്ചിരിച്ചു കൊണ്ട് ശാന്തനായി കൈ വീശുകയത്രെ ചെയ്തത്. തന്റെ ടാക്സി ഡ്രൈവറുടെ ഈ പ്രതികരണം കണ്ട് ടോണി ആശ്ചര്യപ്പെടുകയും എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്തത് എന്ന് ചോദിക്കുകയും ചെയ്തു.

അയാൾ നമ്മെ ഒരു അപകടത്തിൽ പ്പെടുത്തിയിട്ട് പിന്നെയും നമ്മോട് കയർക്കുകയല്ലേ? നമ്മെ അപകടത്തിൽ പെടുത്തിയതിൽ നിങ്ങൾക്കു ദ്വേഷ്യമില്ലേ എന്നും ചോദിച്ചു. ശാന്തനായി ആ ഡ്രൈവർ മറുപടി പറഞ്ഞു, ” അയാളോട് ദേഷ്യപ്പെട്ടിട്ട് എന്തു ഗുണം? അപകടത്തിൽ പെടാതെ ദൈവം നമ്മെ കാത്തുസൂക്ഷിച്ചില്ലേ? അപ്പോൾ അയാളോട് കയർക്കുന്നതിനു പകരം ദൈവത്തോട് നന്ദി പറയുകയല്ലേ വേണ്ടത്? ഒരുപക്ഷേ നാം രണ്ടുപേരുടെയും ജീവൻ നഷ്ടപ്പെടാമായിരുന്നു, എന്നാൽ ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് ദൈവത്തെ സ്തുതിക്കാം”. ആ ഡ്രൈവറുടെ വാക്കുകൾ ടോണിയെ ആശ്ചര്യഭരിതനാക്കി. ഇങ്ങനെയും ഒരു ഡ്രൈവറോ! ഏതൊരാൾക്കും കോപവും വെറുപ്പും ഉണ്ടാകാവുന്ന സാഹചര്യത്തിൽ ദൈവത്തിനു നന്ദി പറയുന്ന ഡ്രൈവർ! അപകടമുണ്ടാകുമ്പോൾ കോപവും ദേഷ്യവും കൊണ്ട് യാതൊരു ഗുണവുമില്ല എങ്കിലും നാം എല്ലാവരും ഇപ്രകാരമുള്ള സാഹചര്യത്തിൽ കോപിക്കുവാനും ചിലപ്പോൾ അയാളെ അടിക്കുവാൻ പോലും ഒരുങ്ങിയേക്കാം. അയാൾ തെറ്റ് ചെയ്തിട്ട് നമ്മോട് കോപിക്കുന്നത് നമുക്ക് മിക്കവർക്കും സഹിക്കുവാൻ കഴിയുന്നതല്ല.

മറ്റുള്ളവരുടെ തെറ്റിനെ കണക്കാക്കാതെ, അത്ഭുതകരമായി നമ്മെ പരിപാലിക്കുന്ന ദൈവകൃപയെ ഓർത്ത് ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുന്നത് എത്ര മഹത്തായ അനുഭവം! ഏത് പ്രതിസന്ധിയിലും ദൈവിക സാന്നിദ്ധ്യത്തെ കുറിച്ചും ദൈവിക ഇടപെടലിനെ കുറിച്ചുമുള്ള ബോധം ശാന്തതയോടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുവാൻ നമ്മെ പ്രാപ്തരാക്കും. നാം പ്രതിസന്ധിയിൽ ആകുന്നത് മറ്റുള്ളവരുടെ കുഴപ്പം കൊണ്ടോ, പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുന്നത് നമ്മുടെ മിടുക്കോ സാമർത്ഥ്യമോ കൊണ്ടല്ല എന്നത് ഓർക്കുക. സകലത്തെയും നിയന്ത്രിക്കുന്ന ദൈവത്തിന്റെ കരുണയാണ് നമ്മെ ദിനം തോറും പരിപാലിക്കുന്നത്. ആ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നമുക്ക് മുൻപോട്ടു പോകാം.

മറ്റൊരു കഥ ഇങ്ങനെ ഒരു സ്ഥലത്ത് പണ്ഡിതനായ ഒരു വൃദ്ധൻ ജീവിച്ചിരുന്നു. അയാളുടെ ശക്തിയുള്ള വെള്ളക്കുതിര കാരണം രാജാവിനു പോലും അയാളോട് അസൂയയായിരുന്നു. അതിന് എന്തു വില വേണമെങ്കിലും നൽകുവാൻ രാജാവും മറ്റു പലരും തയ്യാറായിരുന്നു. എന്നാൽ ആ വൃദ്ധൻ അതിനെ വിൽക്കാൻ തയ്യാറായില്ല. ഒരിക്കൽ അതിനെ കാണാതെ പോയി. ഗ്രാമവാസികൾ എല്ലാവരും കൂടിവന്ന് വൃദ്ധന്റെ നിർഭാഗ്യത്തിൽ സങ്കടം അറിയിച്ചു. ഇതിനെ മുന്നമേ വിൽക്കാഞ്ഞത് ഭോഷത്തമായി പോയല്ലോ എന്ന് പറഞ്ഞു. അയാൾ പറഞ്ഞു നിർഭാഗ്യമോ ഭാഗ്യമോ, അത് പറയാറായിട്ടില്ലല്ലോ, ഇനി എന്താണ് സംഭവിക്കുക എന്ന് നമുക്കറിയില്ലല്ലോ . ആളുകൾ അയാളെ കളിയാക്കി. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതേ ഇനത്തിൽപ്പെട്ട മൂന്ന് കാട്ടു കുതിരകളുമായി അയാളുടെ കുതിര തിരികെ എത്തി. എല്ലാവരും പറഞ്ഞു നിങ്ങൾ പറഞ്ഞതാണ് ശരി, നിങ്ങൾ ഭാഗ്യവാനാണ്. വൃദ്ധൻ പറഞ്ഞു, തീരുമാനിക്കാൻ വരട്ടെ, ഇനി എന്തു സംഭവിക്കും എന്ന് അറിയില്ലല്ലോ.

ഈ കാട്ടുകുതിരകളെ അയാളുടെ മകൻ പരിശീലിപ്പിക്കുമ്പോൾ കുതിരപ്പുറത്തു നിന്നും വീണ് അവന്റെ കാലൊടിഞ്ഞു. ആളുകൾ പിന്നെയും പറഞ്ഞു നിർഭാഗ്യം കൈവിടുന്നില്ലല്ലോ. അയാൾ പറഞ്ഞു തീരുമാനിക്കാൻ വരട്ടെ ഇനി എന്ത് സംഭവിക്കും എന്ന് അറിയില്ലല്ലോ. ഒരാഴ്ച കഴിഞ്ഞപ്പോൾ രാജ്യത്ത് യുദ്ധം പൊട്ടി പുറപ്പെടുകയും എല്ലാ യുവാക്കളും നിർബന്ധമായും പട്ടാളത്തിൽ ചേരുകയും ചെയ്യേണ്ടിവന്നു. എന്നാൽ ഈ വൃദ്ധന്റെ മകന്റെ കാലു ഒടിഞ്ഞതിനാൽ പോകേണ്ടി വന്നില്ല. അപ്പോൾ ആളുകൾക്ക് മനസ്സിലായി ജീവിതത്തിൽ സംഭവിക്കുന്ന ഒരു ചെറിയ കാര്യം കൊണ്ട് ജീവിതത്തെ മുഴുവൻ വിലയിരുത്തരുത് എന്ന്. നാമെല്ലാവരും മിക്കപ്പോഴും ആ ഗ്രാമവാസികളെ പോലെയാണ്. എന്തെങ്കിലും ഒരു ചെറിയ അനുഭവത്തിന്റെ പേരിൽ ഭാഗ്യം എന്ന് കരുതി സന്തോഷിക്കുകയോ, അല്ലെങ്കിൽ നിർഭാഗ്യം എന്ന് കരുതി നിരാശപ്പെടുകയോ ചെയ്യുന്നവരാണ്
ഇപ്പോഴത്തെ സ്ഥിതി വിശേഷം അതിവേഗം മാറ്റപ്പെടാവുന്നതാണ്.

ഒരു അനുഭവത്തിന്റെ പേരിൽ ജീവിതത്തെ മുഴുവൻ വിലയിരുത്തുന്നത് മൗഢ്യമാണ്. അതിനാൽ നന്മയുണ്ടാകുമ്പോൾ അധികമായി സന്തോഷിക്കുകയോ, പ്രതിസന്ധിയിൽ തളർന്നു പോവുകയോ ചെയ്യുവാൻ ഇടവരരുത്. ഇന്നത്തെ ദുഃഖം നാളത്തെ സന്തോഷമായി രൂപാന്തരപ്പെടാം. തോൽവി വിജയത്തിന്റെ ആരംഭം എന്ന് പറയുന്നതുപോലെ, കഷ്ടങ്ങൾ അനുഗ്രഹത്തിന്റെ മുന്നോടിയാണ്. മറിച്ച് നന്മകൾ നാശത്തിന് മുഖാന്തരവും ആകാം. അതുകൊണ്ടാണ് “ഒരു കുന്നുണ്ടെങ്കിൽ ഒരു കുഴിയുമുണ്ട്” എന്ന് പൂർവികർ പറഞ്ഞിരുന്നത്. ഭൗതികമായ നേട്ടങ്ങളും കോട്ടങ്ങളും ആത്യന്തികമല്ല.എന്നാൽ ജീവിതത്തിന്റെ ആത്യന്തികമായ വിജയം, സ്രഷ്ടാവായ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾ നിവർത്തിക്കുവാൻ കഴിയുന്നതാണ്. അതിനാൽ ദൈവഹിതം മനസ്സിലാക്കി അത് നിവർത്തിപ്പാനുള്ള സമർപ്പണത്തോടെ നമുക്ക്ജീവിക്കാം.