തങ്ങളുടെ ഉറ്റ സുഹൃത്ത് കരയുന്നതു കണ്ടു അവർ കാരണം ചോദിച്ചു എന്റെ ഒരു കോടി രൂപ നഷ്ടപ്പെട്ടെന്ന് സുഹൃത്ത് ഒരുഗതിയും ഇല്ലാത്ത ഇവന് എങ്ങനെ ഒരു കോടി ശേഷം

EDITOR

റോയിയും രാമുവും ശശിയും വലിയ സുഹൃത്തുക്കളായിരുന്നു. എല്ലാദിവസവും അവർ ഒരുമിച്ചു കൂടി വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. ഒരു ദിവസം റോയിയെ കാണാഞ്ഞതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നു. അപ്പോൾ റോയി വളരെ ദുഃഖിതനായി കാണപ്പെട്ടു. രാമവും ശശിയും കാര്യം അന്വേഷിച്ചു. ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും കൂട്ടുകാർ നിർബന്ധമായി വിവരം തിരക്കിയപ്പോൾ റോയ് പറഞ്ഞു എനിക്ക് ഒരു കോടി രൂപ നഷ്ടപ്പെട്ടു. കൂട്ടുകാർ ആശ്ചര്യപ്പെട്ടു . ഒരു കോടി രൂപയോ? നിന്റെ കയ്യിൽ അത്രയും പണം ഉണ്ടായിരുന്നുവോഎങ്ങനെയാണത് നഷ്ടപ്പെട്ടത്? റോയ് ഒന്നും പറയാതെ മൗനമായിരുന്നു. അന്വേഷണങ്ങൾ വർധിച്ചപ്പോൾ റോയ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പത്രത്തിൽ ഒരു ലോട്ടറിയുടെ പരസ്യം ഉണ്ടായിരുന്നു. ഒന്നാം സമ്മാനം ഒരു കോടി രൂപ. ഞാൻ ഒരു ടിക്കറ്റ്… ഇത്രയും പറഞ്ഞപ്പോൾ കൂട്ടുകാർ ചോദിച്ചു എന്നിട്ട് ടിക്കറ്റ് എവിടെ പോയി? ആ ടിക്കറ്റിനായിരുന്നുവോ സമ്മാനം? റോയ് പറഞ്ഞു: അല്ല. കൂട്ടുകാർ ചോദിച്ചു പിന്നെ എന്തിനാണ് നീ ദുഃഖിക്കുന്നത്? അവൻ പറഞ്ഞു: ഞാൻ ടിക്കറ്റ് എടുക്കണം എന്ന് കരുതിയിരുന്നതാണ്. പക്ഷേ സാധിച്ചില്ല.

ഇന്നായിരുന്നു നറുക്കെടുപ്പ്. ഞാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിൽ എനിക്ക് സമ്മാനം കിട്ടുമായിരുന്നു. ഇപ്പോൾ ഒരുകോടി രൂപയല്ലേ നഷ്ടപ്പെട്ടത്? സുഹൃത്തുക്കൾ കണ്ണിൽ കണ്ണിൽ നോക്കി. പലരും ഇങ്ങനെയാണ്! എടുക്കാത്ത ടിക്കറ്റിന്റെ സമ്മാനം കിട്ടിയില്ല എന്നതിൽ ദുഃഖിക്കുന്നു! മനസ്സിൽ ആഗ്രഹം തോന്നിയപ്പോഴേ കാര്യം നിർവഹിച്ച പ്രതീതി. വേണ്ടത് പ്രവർത്തിക്കാതെ ആഗ്രഹിച്ചത് കൊണ്ട് മാത്രം എന്ത് ഗുണമാണുള്ളത്? പലരുടെയും ടെൻഷൻ ഇങ്ങനെ ഭാവനയിലുള്ള വിഷയങ്ങൾ കാരണമാണ്. അന്ന് ആ സ്ഥലം വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ എത്ര ലക്ഷം രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നു! വാങ്ങിയില്ല, വാങ്ങിയിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന നേട്ടത്തെക്കുറിച്ച് ചിന്തിച്ച് വശാവുന്നു. ‘പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ’, എന്ന ചൊല്ലു പോലെ സാധിക്കാഞ്ഞ കാര്യങ്ങളെ ഓർത്ത് ദുഃഖിച്ചിട്ട് ഇനിയും എന്ത് കാര്യം? പ്രവർത്തിക്കേണ്ട കാര്യങ്ങൾ തക്ക സമയത്ത് വേണ്ടുംവിധം പ്രവർത്തിക്കുവാൻ സജ്ജരാകുകയാണ് ആവശ്യം. ഇനിയും നമ്മുടെ മുൻപിൽ എന്തെല്ലാം സാധ്യതകൾ ഉണ്ട്! അവയെ കണ്ടെത്തി വേണ്ടവിധം പ്രവർത്തിക്കുവാൻ കഴിയുകയാണ് ആവശ്യം. ദുഃഖവും നിരാശയും ആ സാധ്യതകളെ കണ്ടെത്തുന്നതിന് മിക്കപ്പോഴും തടസ്സമായി തീരും. പിന്നിലേക്ക് നോക്കുന്നത് തെറ്റുകൾ തിരുത്തുവാൻ വേണ്ടി മാത്രമാവണം. ഇന്നലകളുടെ ലോകത്തും സാഹചര്യങ്ങളിലും ജീവിക്കുവാൻ ശ്രമിക്കാതെ മുൻപിലേക്ക് നോക്കി യാത്ര തുടരാം. ഉന്നത ദർശനമുള്ളവരായി അധ്വാനിക്കുക, പ്രതിഫലം ലഭിക്കും.

മറ്റൊരു ഗുണപാഠം ഇങ്ങനെ ഞാൻ കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. അപ്പോൾ വന്ന ഒരു ട്രെയിൻ എന്റെ ശ്രദ്ധ പ്രത്യേകാൽ ആകർഷിച്ചു. ട്രെയിൻ രണ്ടു പാളങ്ങളിൽ കൂടി മാത്രമാണ് സഞ്ചരിക്കുന്നത് എന്ന് ഏവർക്കും അറിവുള്ളതെങ്കിലും അന്ന് അത് എന്റെ പ്രത്യേക ചിന്തയ്ക്ക് വിഷയമായി ഭവിച്ചു. എത്ര ദീർഘയാത്രയാണെങ്കിലും ട്രെയിൻ നിശ്ചിത പാളങ്ങളിൽ കൂടെ മാത്രമേ യാത്ര ചെയ്യൂ. ഏതെങ്കിലും ഒരു പാളത്തിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ അൽപ്പം മാറണമെന്ന് ട്രെയിനിന് ഒന്നു തോന്നി എന്ന് കരുതൂ, എന്തു സംഭവിക്കും? ഭയങ്കര വിനാശം, അതോടൊപ്പം യാത്ര അവസാനിക്കുകയും ചെയ്യും. അല്പം പോലും ഇടംവലം മാറാതെ ഈ രണ്ടു പാളങ്ങളിൽ കൂടി മാത്രം ട്രെയിൻ സഞ്ചരിക്കത്തക്ക വിധമാണ് അത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.അതുകൊണ്ടാണ് സുരക്ഷിതരായി നമുക്ക് പോയി വരുവാൻ കഴിയുന്നതും. മനുഷ്യ ജീവിതവും ഇതുപോലെയാണ്. നമുക്ക് സഞ്ചരിക്കുവാൻ നിശ്ചിത വഴികൾ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ആ വഴികൾ വിട്ട് ഇടം വലം മാറിയാൽ വിനാശമാണ് ഫലം.

ഇന്ന് ലോകത്തിൽ സംഭവിക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങളുടെയും കാരണം നിശ്ചിത വഴികൾ വിട്ട് മനുഷ്യൻ മാറിയിരിക്കുന്നു എന്നതാണ്. പരസ്പരം സ്നേഹിക്കേണ്ടവർ പരസ്പരം വെറുക്കുന്നു. തലമുറയെ പരിപാലിക്കേണ്ടവർ, തലമുറയെ നശിപ്പിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടവർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. സമൂഹത്തിന് അനുഗ്രഹമായിരിക്കേണ്ടവർ സമൂഹത്തിന് ദ്രോഹമായിത്തീരുന്നു. ജീവിതമൂല്യങ്ങളെ അവഗണിച്ച് ധാർമിക പ്രമാണങ്ങളെ നിരസിച്ച് ബോധിച്ചതുപോലെ ജീവിക്കുന്നതിന്റെ ഫലമാണ് മാനവ സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും. പ്രകൃതിയോടുള്ള നമ്മുടെ ക്രൂരത  രൂപത്തിലും, ജലപ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും രൂപത്തിലും നിരവധി പകർച്ചവ്യാധികളുടെ രൂപത്തിലും വിനാശകരമായ പരിണിതഫലങ്ങൾ ഉളവാക്കി കൊണ്ടിരിക്കുന്നു.

പാലങ്ങളുടെ തകർച്ചയും, റോഡുകളിലെ കുഴികളും മനുഷ്യജീവിതം നിശ്ചിത മാർഗങ്ങളിൽ നിന്ന് മാറിയതിന്റെ പരിണിതഫലങ്ങൾ അല്ലേ? എന്നാൽ ഇവയെല്ലാം കണ്ടിട്ടും ശരിയായ നിശ്ചിത മാർഗത്തിലേക്ക് മടങ്ങി വരുവാൻ എന്തേ മനുഷ്യൻ വിസമ്മതിക്കുന്നു? കുഴപ്പങ്ങൾ ഉണ്ടാകുന്നത് തങ്ങൾക്കല്ലല്ലോ മറ്റുള്ളവർക്കല്ലേ എന്ന ചിന്തയായിരിക്കാം. എന്നാൽ ‘താന്താൻ കുഴിയിൽ തോന്തും’ എന്നത് ആരും വിസ്മരിക്കരുത്. എല്ലാവർക്കും വിനാശമുണ്ടായാലും എനിക്ക് സുഖമായി ജീവിക്കാം എന്ന ചിന്ത സ്വയവിനാശത്തിലേക്ക് നയിക്കുന്ന സ്വാർത്ഥ ചിന്തയാണ് എന്നത് ഓർത്തു കൊണ്ടാൽ നന്ന് . നിശ്ചിത മാർഗം വിട്ടുമാറിയ മാനവ സമൂഹം സൃഷ്ടിക്കുന്ന വിനാശം എത്ര വലുത്! “ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു;… മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്കു അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിന്നുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്ന് അവർ ഹൃദയത്തിൽ പറയുന്നതുമില്ല.