24 വർഷമായി ഞാൻ ഒരു പോലീസ് സ്റ്റേഷനിലേക്കും പോയിട്ടില്ല ഒരു പോലീസുകാരനോടു൦ സംസാരിച്ചിട്ടില്ല എന്നാലും ഇത് പറയാതിരിക്കാൻ കഴിയില്ല കുറിപ്പ്

EDITOR

കഴിഞ്ഞ ദിവസം കുന്നംകുളം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുദ്യോഗസ്ഥന്റെ വാട്സ് ആപ്പിലേക്ക് ആരോ അയച്ചു ലഭിച്ച ഒരു സന്ദേശമാണിത്.കഴിഞ്ഞ 24 വർഷമായി ഞാൻ ഒരു പോലീസ് സ്റ്റേഷനിലേക്കും ഇതുവരെയും പോയിട്ടില്ല, ഒരു പോലീസുകാരനോടുപോലും നേരിട്ട് സംസാരിച്ചിട്ടില്ല. എനിക്ക് അതിനുള്ള ഒരാവശ്യവും വന്നിട്ടില്ലായിരുന്നു.ഇന്ന് ഞാൻ പെരിന്തൽമണ്ണയിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ബസ് യാത്രക്കിടെ കുന്നംകുളത്ത് എത്തിയപ്പോൾ എനിക്ക് വല്ലാത്ത ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഞാൻ ഛർദ്ദിക്കാൻ തുടങ്ങി. എന്റെ ബോധം നഷ്ടപ്പെട്ടു. ആരൊക്കെയോ പറഞ്ഞ് ഒരു പോലീസ് ഉദ്യോഗസ്ഥ എന്റടുത്ത് വന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എനിക്ക് അവരുടെ പേരറിയുകയില്ല. എങ്കിലും ആ വനിതാ ഓഫീസറെ ഞാൻ ഒരിക്കലും മറക്കുകയില്ല. പോലീസ് വാനിൽ കയറി ഞാൻ ആ ഉദ്യോഗസ്ഥയുടെ മടിയിൽ കിടന്നു.

എനിക്ക് വളരെ ഏറ്റവും അടുപ്പമുള്ള ഒരാളുടെ കൂടെയെന്നപോലെയാണ് അനുഭവപ്പെട്ടത്.എന്നോടൊപ്പം മറ്റ് രണ്ട് പോലീസുദ്യോഗസ്ഥർ കൂടി ഉണ്ടായിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം അവർ എനിക്കുവേണ്ടി സമയം ചിലവഴിച്ചു. ഞാൻ പോലീസുകാരോടൊപ്പമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയില്ല.വളരെ നല്ല അഭിപ്രായമാണ് എനിക്ക് കേരള പോലീസിനെ കുറിച്ച് പറയാനുള്ളത്. ഇപ്പോൾ ആ അഭിപ്രായത്തോട് ഒന്നുരണ്ടു കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കുകയാണ്. പോലീസുദ്യോഗസ്ഥർ വളരെ ദയയുള്ളവരാണ്. അവരുടെ സാമീപ്യംമൂലം എനിക്ക് വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടു.ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമാണ്.എന്താണ് ഈ വാട്സ് ആപ്പ് സന്ദേശത്തിനുപിറകിലെന്ന് അന്വേഷിക്കുകയുണ്ടായി.

സംഭവം ഇങ്ങനെ:കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നിന്നും തൃശ്ശൂരിലേക്കു പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സ്, യാത്രാമധ്യേ കുന്നംകുളം എത്തിയപ്പോൾ ബസ്സിലെ ഒരു യാത്രക്കാരിയ്ക് സുഖമില്ലാതെ വളരെ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. ഉടൻ തന്നെ ബസ്സ് ഡ്രൈവർ കുന്ദംകുളം പോലീസ് സ്റ്റേഷനുമുൻവശം, റോഡിൽ ബസ് നിർത്തി. ബസ് കണ്ടക്ടർ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഡി. വിനീത ഉടൻതന്നെ അവിടെയെത്തുകയും, യാത്രക്കാരിയെ ബസ്സിൽ നിന്നും ഇറക്കി, പോലീസ് വാഹനത്തിൽ കയറ്റി, കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമുണ്ടായി.രോഗിയെ പരിശോധിച്ച ഡോക്ടറുടെ നിർദ്ദേശപ്രകാരം യാത്രക്കാരിയെ വിദഗ്ദ ചികിത്സക്കായി പോലീസ് വാഹനത്തിൽ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മികച്ച ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ബോധം വീണ്ടെടുത്ത യാത്രക്കാരിയിൽ നിന്നും ഫോൺ നമ്പർ ശേഖരിച്ച്, അവരുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

വീട്ടുകാർ അറിയിച്ചതു പ്രകാരം, അൽപ്പസമയത്തിനകം തന്നെ, യാത്രക്കാരിയുടെ ഒരു സുഹൃത്ത് ആശുപത്രിയിലെത്തി. തക്കസമയത്ത് ചികിത്സ ലഭ്യമാക്കിയതുവഴി യാത്രക്കാരി സുഖം പ്രാപിക്കുകയുണ്ടായി. കുറേ നേരം കഴിഞ്ഞ്, യാത്രക്കാരിയെ അവരുടെ കൂട്ടുകാരനെ ഏൽപ്പിച്ച് വിനീത പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുപോയി.പിറ്റേദിവസം സമൂഹമാധ്യമത്തിൽ യാത്രക്കാരി എഴുതിയ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.കുന്നംകുളത്തെ എന്റെ പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥരെ,ഞാൻ നിങ്ങളോട് നന്ദി പറയുന്നു. എനിക്ക് ഇപ്പോൾ ശാരീരികമായി വളരെ ആശ്വാസം തോന്നുന്നുണ്ട്. നന്ദി.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുകയെന്ന കർത്തവ്യം ഭംഗിയായി നിർവ്വഹിച്ച കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഡി. വിനീത, എസ്. സന്ദീപ്, ബി. ബിനീഷ് എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്