സ്വർണ്ണ ഖനിയിൽ മാസങ്ങളോളം പണി ചെയ്തിട്ടും അയാൾക്ക് സ്വർണ്ണം കിട്ടിയില്ല ശേഷം മടുത്തു നിർത്തി മറ്റൊരാൾക്ക് കൊടുത്തു ശേഷം സംഭവിച്ചത് കണ്ണ് നിറച്ചു

EDITOR

കൊളറാഡോയിലെ സ്വർണ്ണ ഖനികളിൽ മാസങ്ങളോളം ഖനനം ചെയ്തിരുന്ന ഒരാൾ അതുവരെ സ്വർണ്ണം കണ്ടെത്താൻ കഴിയാഞ്ഞതിനാലും ജോലി വളരെ പ്രയാസമേറിയതായിരുന്നതിനാലും നിരാശപ്പെട്ട് ആ ഖനനം നിർത്തിവച്ചു. അദ്ദേഹം തന്റെ ഉപകരണങ്ങൾ മറ്റൊരാൾക്ക് വിറ്റു. പുതുതായി ഖനനം ആരംഭിച്ചയാൾ, പഴയ ആൾ ഖനനം നിർത്തിയിടത്തു നിന്നു തന്നെ പുനരാരംഭിച്ചു. അയാൾ മൂന്നടി കൂടെ മാത്രം ഖനനം ചെയ്തപ്പോൾ സ്വർണ്ണം കണ്ടെത്തുവാൻ കഴിഞ്ഞു. അതായത് ആദ്യത്തെയാൾ സ്വർണ്ണത്തിനു വളരെ അടുത്തെത്തിയിരുന്നു എന്നാൽ നിരാശനായി ഖനനം ഉപേക്ഷിച്ചതിനാൽ അത് കണ്ടെത്താൻ കഴിഞ്ഞില്ല.കാര്യങ്ങൾ വഷളാകാൻ തുടങ്ങുമ്പോൾ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ആവശ്യമായ ആത്മവിശ്വാസം ഉള്ളവർക്കു മാത്രമേ വിജയം വരിക്കാനാവൂ. ജോലി വളരെ ബുദ്ധിമുട്ടുള്ളതോ മടുപ്പിക്കുന്നതോ ആയതിനാൽ പലരും അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് പിൻവാങ്ങാറുണ്ട്. അതോടുകൂടെ അതുവരെ ചെയ്ത എല്ലാ പ്രയത്നങ്ങളും നിഷ്ഫലമായിത്തീരുന്നു.

ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടെ മുന്നേറുവാൻ കഴിഞ്ഞാൽ വിചാരിക്കുന്നതിലും വേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചേരുവാൻ കഴിയും. ഓട്ടക്കാരൻ ഫിനിഷിംഗ് ലൈനിന് സമീപം എത്തിയിട്ട് ഓട്ടം നിർത്തുന്നത് എന്തൊരു കഷ്ടമാണ്! ഓടിയതെല്ലാം വെറുതെയായി. അല്പം കൂടെ ബദ്ധപ്പെടുവാൻ തയ്യാറായിരുന്നെങ്കിൽ ഓട്ടം ഫിനിഷ് ചെയ്യുവാൻ കഴിയുമായിരുന്നു. മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകാത്ത ആരും തന്നെയില്ല. അവയെ ധൈര്യപൂർവ്വം മറികടന്നെങ്കിൽ മാത്രമേ ശുഭ തുറമുഖത്ത് എത്തുവാൻ കഴിയൂ. അടഞ്ഞ വാതിൽക്കൽ നോക്കി നിൽക്കുന്നവന് തുറക്കപ്പെട്ട വാതിൽ കാണുവാൻ കഴിയില്ല. ജീവിതമെന്ന പുസ്തകത്തിലെ നിരാശയുടെയും സങ്കടത്തിന്റെയും പേജുകളിൽ എത്തുമ്പോൾ പുസ്തകം വായന നിർത്തരുത്. പേജുകൾ മറിക്കൂ, അടുത്തത് സന്തോഷത്തിന്റെയും വിജയത്തിന്റെയും പേജ് ആയിരിക്കാം. തിരമാല എത്ര ശക്തമായിരുന്നാലും അതിന് ഒരു അവസാനം ഉണ്ട്.മറുകരയില്ലാത്ത ഒരു കടലുമില്ല. കാർമേഘത്തിനുള്ളിൽ സൂര്യോഭ കാണുവാൻ ആവശ്യമായ കണ്ണുകൾ ഉള്ളവർ ഒരിക്കലും പരാജയപ്പെടില്ല. ദൈവാശ്രയവും ആത്മവിശ്വാസവും ധീരതയും നമ്മെ വിജയത്തിലെത്തിക്കുക തന്നെ ചെയ്യും. ധൈര്യപൂർവ്വം ദൈവത്തിൽ ആശ്രയിച്ച് നമുക്ക് മുന്നേറാം വിജയം സമീപയാണ്.

മറ്റൊരു കഥ ഇങ്ങനെ ജപ്പാൻകാരുടെ ഒരു ഇഷ്ടഭോജ്യമാണ് സുഷി. ഈ ഡിഷിലെ ഒരു പ്രധാന ഐറ്റം പച്ച മത്സ്യമാണ്. ജപ്പാൻകാർക്ക് ധാരാളം പച്ച മത്സ്യം ലഭിച്ചിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ, കടലിൽ ദീർഘദൂരം യാത്ര ചെയ്തെങ്കിലേ നല്ല പച്ച മത്സ്യം ലഭിക്കുകയുള്ളൂ എന്ന സ്ഥിതി വന്നു. അങ്ങനെ ദൂരെ പോയി കൊണ്ടുവരുന്ന പച്ച മത്സ്യം കരയിലെത്തുമ്പോഴേക്കും അതിന്‍റെ പുതുമ നഷ്ടപ്പെടുമായിരുന്നു. അതിനാൽ അവർ മത്സ്യം പിടിക്കുമ്പോൾ തന്നെ ഫ്രീസറിലേക്ക് വയ്ക്കുവാൻ ഉള്ള ക്രമീകരണം ചെയ്തു. എന്നാൽ പുതിയ മത്സ്യത്തെപ്പോലെ അത് രുചികരമായിരുന്നില്ല. അതിനാൽ ജീവനോടെ മത്സ്യങ്ങളെ കരയിൽ കൊണ്ടുവരുവാൻ തക്കവണ്ണം വലിയ വാട്ടർടാങ്ക് കൂടെ മത്സ്യബന്ധന ബോട്ടുകളിൽ സജ്ജീകരിച്ചു. വാട്ടർ ടാങ്കുകളിൽ മത്സ്യങ്ങൾ അലസമായി കിടന്നതിനാൽ അങ്ങനെയുള്ള മത്സ്യവും രുചികരമല്ലെന്നായി. അപ്പോൾ അവർ ഒരു കാര്യം ചെയ്തു. വാട്ടർ ടാങ്കിൽ ഒരു ചെറിയ സ്രാവിനെ കൂടെ ഉൾപ്പെടുത്തി. അതിനാൽ വാട്ടർ ടാങ്കിൽ കിടക്കുന്ന മത്സ്യങ്ങൾക്ക് അലസമായി കിടക്കുവാൻ കഴിഞ്ഞിരുന്നില്ല.

സ്രാവിൽ നിന്ന് രക്ഷപ്പെടാനായി അവ എപ്പോഴും നീന്തി മാറിക്കൊണ്ടേയിരുന്നു. അങ്ങനെ ഊർജ്ജസ്വലമായ മത്സ്യങ്ങളെ കരയിൽ എത്തിക്കുവാൻ കഴിഞ്ഞു. വെല്ലുവിളികൾ ഇല്ലാത്ത ജീവിതം ചത്തതു പോലെയാണ്. പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ജീവിതത്തെ എപ്പോഴും ഊർജ്ജസ്വലമാക്കുന്നത്. ധനസമൃദ്ധിയുള്ള ഭവനങ്ങളിലെ കുട്ടികൾ പലരും അലസരും ദുശ്ശീലങ്ങൾക്ക് വശംവദരും ആയിത്തീരുവാൻ സാധ്യത കൂടുതലാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോഴാണ് അദ്ധ്വാനവും കഷ്ടപ്പാടും സ്വയം ഏറ്റെടുക്കുന്നതിന് നാം തയ്യാറാവുക. ‘ഒരു കാരണം ഇല്ലാതെ ഒരു കാര്യമില്ല’ എന്ന് കേട്ടിട്ടുണ്ടല്ലോ. ഏതൊരു കാര്യവും സംഭവിക്കണമെങ്കിൽ, അതിന് ഒരു കാരണം ഉണ്ടായിരിക്കണം. ജീവിതത്തിലെ വെല്ലുവിളികളാണ് നമ്മെ ഔന്നത്യത്തിലേക്ക് നയിക്കുന്നത്. ‘ആവശ്യം സൃഷ്ടിയുടെ മാതാവ്’ എന്നാണല്ലോ പറയുക. വെല്ലുവിളികളാണ് നമ്മെ പുതിയ പുതിയ മേഖലകളിലേക്ക് നയിക്കുന്നത്. ഇന്ന് മലയാളികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. എങ്ങനെയാണ് അവർ അവിടെയൊക്കെ എത്തിച്ചേർന്നത്? നമ്മുടെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികളാണതിന് കാരണം. അങ്ങനെ വിദേശരാജ്യങ്ങളിൽ എത്തിച്ചേർന്ന മിക്കവരും സാമ്പത്തിക ഭദ്രത ഉള്ളവരായിത്തിർന്നു. പ്രതിസന്ധികൾ എല്ലായിപ്പോഴും വെല്ലുവിളികൾ ഉയർത്തുന്നു. വെല്ലുവിളികളെ നേരിടുവാൻ ഭയപ്പെടുന്നവർ ഒരിക്കലും വിജയം വരിക്കാൻ ഇടയില്ല.