അന്ധയായതിന്റെ പേരിൽ മറ്റുള്ളവരെയും തന്നെത്തന്നെയും വെറുക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ വെറുക്കാഞ്ഞ ഒരേയൊരു വ്യക്തി അവളുടെ സ്നേഹനിധിയായ ആൺ സുഹൃത്തിനെ മാത്രമായിരുന്നു, കാരണം അവൻ അവളെ എപ്പോഴും സ്നേഹപൂർവ്വം കരുതിയിരുന്നു. തനിക്ക് ലോകം കാണാൻ കഴിയുമെങ്കിൽ അവനെ വിവാഹം കഴിക്കുമെന്ന് അവൾ പറയാറുണ്ടായിരുന്നു. ആ നാളുകളിൽ, ഒരാൾ അവൾക്ക് ഒരു ജോടി കണ്ണുകൾ ദാനം ചെയ്യുകയും അവൾക്ക് കാഴ്ച ലഭിക്കുകയും ചെയ്തു. അപ്പോൾ അവൾക്ക് അവളുടെ കാമുകൻ ഉൾപ്പെടെ എല്ലാവരെയും എല്ലാറ്റിനെയും കാണാൻ കഴിഞ്ഞു. എന്നാൽ അവനെ കണ്ട് അവൾ ഞെട്ടിപ്പോയി. തന്റെ കാമുകനും അന്ധനാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. അവൻ അവളോട് ചോദിച്ചു ഇപ്പോൾ നിനക്ക് ലോകം കാണാൻ കഴിയുമല്ലോ, നീ പറഞ്ഞിരുന്നത് പോലെ എന്നെ വിവാഹം കഴിക്കുമോ?”
എന്നാൽ അന്ധനായ അവനെ വിവാഹം കഴിക്കാൻ അവൾ വിസമ്മതിച്ചു.അവൻ അവളെ നിർബന്ധിക്കാതെ കണ്ണീരോടെ നടന്നകന്നു. പിന്നീട് അവൾക്ക് എഴുതിയ ഒരു കത്തിൽ അവൻ ഇങ്ങനെ എഴുതി: “പ്രിയേ, എന്റെ കണ്ണുകളെ പരിപാലിച്ചു കൊള്ളണേ. നമ്മുടെ സാഹചര്യങ്ങൾ മാറുമ്പോൾ, നമ്മുടെ മനസ്സും മാറുന്നു. ചില ആളുകൾക്ക് കാര്യങ്ങൾ മുൻപിലത്തെ രീതിയിൽ കാണാൻ കഴിയുകയില്ല. മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാതെ വരുമ്പോൾ അതുവരെ സഹായിച്ചവരെയും ആവശ്യമില്ലാതെ വന്നേക്കാം. പുതിയ സാഹചര്യത്തിൽ സഹായം സ്വീകരിക്കുന്നത് അപമാനമായി തോന്നിയേക്കാം. മുൻപ് പ്രോത്സാഹനവും അഭിനന്ദനങ്ങളും നൽകിയിരുന്നവരുടെ സാന്നിധ്യം പോലും ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരണമായാണ് നാം എല്ലാവരെയും എല്ലാറ്റെയും ദർശിക്കുന്നത്.
സ്വാർത്ഥ താല്പര്യങ്ങൾക്ക് വിഘാതം വരുന്ന ഒന്നും തന്നെ നാം ഉൾക്കൊള്ളാറില്ല. അതിനാൽ മികച്ച സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ നാം പഴയ കാര്യങ്ങളെ വിസ്മരിച്ച് സ്വാർത്ഥരായി പ്രവർത്തിച്ചേക്കാം.സാഹചര്യങ്ങൾ നമ്മിൽ ഉളവാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. എന്നാൽ സാഹചര്യങ്ങൾക്കതീതമായി കാര്യങ്ങളെ കാണുവാൻ കഴിയുന്നതാണ് ജീവിതത്തിന്റെ മഹത്വം. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ അല്ല, ജീവിതമൂല്യങ്ങൾ തന്നെയാണ് എപ്പോഴും വിലയുള്ളത്.സാഹചര്യങ്ങൾ വ്യത്യാസപ്പെടുമ്പോഴൊക്കെയും ഓന്തിനെ പോലെ നിറം മാറുന്നവരാകാതെ, സാഹചര്യങ്ങളെ രൂപാന്തരപ്പെടുത്തുന്ന വരായി ജീവിപ്പാൻ നമുക്ക് ഇടയായിത്തീരണം അതിനായി സമർപ്പിക്കാം.
മറ്റൊരു അനുഭവ കഥ പറയാം തന്റെ ഭാര്യ ഡോളിയുടെ കേൾവി ശക്തി കുറയുന്നു എന്ന് സാമിക്ക് തോന്നി തുടങ്ങിയിട്ട് കുറെ നാളുകളായി. സാമി ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ല എന്നുള്ളതാണ് അതിന് കാരണം.അദ്ദേഹം ഒരു ഡോക്ടറുമായി തന്റെ ഭാര്യയുടെ പ്രശ്നം ചർച്ച ചെയ്തു.കേൾവിക്കുറവ് എത്രമാത്രം ഉണ്ട് എന്നറിയുവാൻ വീടിന്റെ പല ഭാഗങ്ങളിൽ നിന്ന് ചില ചോദ്യങ്ങൾ ചോദിക്കുവാൻ ഡോക്ടർ നിർദ്ദേശിച്ചു.അതിൻ പ്രകാരം അദ്ദേഹം വീട്ടുവാതുക്കൽ നിന്ന് “ഡോളി, എന്താണിന്ന് അത്താഴത്തിന്” എന്നു ചോദിച്ചു. ഒരു പ്രതികരണവും ലഭിച്ചില്ല. കുറേക്കൂടെ അടുത്ത് ചെന്ന് വീണ്ടും ചോദിച്ചു. ഉത്തരമില്ല. പലസ്ഥാനങ്ങളിൽ മാറിമാറി നിന്ന് ചോദിച്ചു. ഉത്തരം കിട്ടിയില്ല. അടുക്കളയിൽ ഏകദേശം അടുത്തു ചെന്നു ചോദിച്ചു: “ഡോളി എന്താണ് അത്താഴത്തിന്?” ഡോളി ദേഷ്യത്തോടെ ചോദിച്ചു ചിക്കൻ കറിയും ബ്രെഡും ആണെന്ന് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു”.
ആർക്കാണ് യഥാർത്ഥത്തിൽ കേൾവിക്കുറവ്? അപ്പോഴാണ് ഡോളിക്കല്ല തനിക്കാണ് കേൾവിക്കുറവ് ഉള്ളതെന്ന് സാമിക്കു മനസ്സിലായത്. നാം പലപ്പോഴും യാഥാർത്ഥ്യം മനസ്സിലാക്കാതെ ചില നിഗമനങ്ങളിൽ എത്തുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവരല്ലേ? നാം കാരണമുണ്ടായ പ്രശ്നമാണെങ്കിലും മറ്റുള്ളവരെ അതിന്റെ കാരണക്കാരാക്കി കാണിക്കുന്നതാണ് യഥാർത്ഥത്തിൽ നമുക്ക് ഇഷ്ടം. മാത്രമല്ല, സ്വന്തം കുഴപ്പം കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാൽ മറ്റുള്ളവരുടെ കുറ്റവും കുഴപ്പവും കണ്ടെത്തുവാൻ ഒരു പ്രയാസവും ഇല്ല. ബോധപൂർവ്വമെങ്കിലും അല്ലെങ്കിലും അങ്ങനെയാണ് സംഭവിക്കുക. കുഴപ്പങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ എത്ര പ്രയാസം! മറ്റുള്ളവരുടെ മേൽ അതിന്റെ ഉത്തരവാദിത്വം ആരോപിക്കുവാൻ എത്ര എളുപ്പം! ചിലർ സ്വന്തം കുറ്റം മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റക്കാർ ആക്കുന്ന സ്വഭാവമുള്ളവരാണ്. അല്ലെങ്കിൽ തന്നെയും തങ്ങൾ നീതിമാന്മാരാണ് എന്ന് കാണിക്കുവാൻ പരിശ്രമിക്കുമ്പോൾ കുറ്റങ്ങൾ മറ്റുള്ളവരിൽ ആരോപിച്ചെങ്കിലേ കഴിയുകയുള്ളല്ലോ. പല സാമൂഹ്യ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം ഒരാൾക്ക് മാത്രമായിരിക്കുകയില്ലല്ലോ. നമുക്കും അവയിൽ പങ്കുണ്ടെങ്കിലും മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടുവാനല്ലേ ശ്രമിക്കുന്നത്? എന്നാൽ അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ കഴിയുന്നവർ മഹത്തായ ആളത്തത്തിന്റെ ഉടമകളായിരിക്കും
എഴുതിയത് : പി. റ്റി. കോശിയച്ചൻ.