ഞാനും മോനും മാത്രമേ വീട്ടിലുള്ളു ഉച്ച ഭക്ഷണം ഓർഡർ ചെയ്തു ഡെലിവറിബോയ് വിളിക്കുന്ന കേട്ട് മകൻ വാങ്ങാൻ പോയി ശേഷം കണ്ടത് ഹൃദ്യം

EDITOR

അതിജീവനത്തിന്റെ പുതിയ മുഖങ്ങൾ.ഞായറാഴ്ച്ചയാണ്,ഞാനും മോനും മാത്രമേ വീട്ടിലുള്ളു. അതുകൊണ്ട് ഉച്ച ഭക്ഷണം സ്വിഗ്ഗി വഴി ഓർഡർ ചെയ്തു.എന്റെ ഭക്ഷണം ആദ്യം വന്നു, കഴിച്ചു തീരുമ്പോഴാണ് മോൻ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാൻ വന്നയാൾ പുറത്തു നിന്ന് വിളിക്കുന്നത് കേട്ടത്. മകനെ വിളിച്ചു അത് വാങ്ങാൻ പറഞ്ഞു. അവനത് വാങ്ങുന്ന സമയത്ത് അയാൾ എന്തോ ചോദിക്കുന്നത് കേട്ടു, അവൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ ഞാൻ ചോദിച്ചു, അയാൾ എന്താണ് ചോദിച്ചത്? കുറച്ചു വെള്ളം വേണം എന്നാണയാൾ പറഞ്ഞത്. ഞാൻ കൈ കഴുകി പുറത്തു ചെല്ലുമ്പോൾ കണ്ടത് ഒരു ചെറിയ പയ്യൻ, തളർന്നോടിഞ്ഞ പോലെ നിന്ന് മകൻ കൊടുത്ത വെള്ളം ആർത്തിയോടെ കുടിക്കുന്നു.ഗ്ലാസ് തിരിച്ചു തന്നപ്പോൾ ഞാൻ ചോദിച്ചു, ഒരു ഗ്ലാസ് വെള്ളം കൂടി തരട്ടെ, തലയാട്ടികൊണ്ട് പറഞ്ഞു, തന്നാൽ നന്നായിരുന്നു, കാലത്തു തൊട്ട് ഒന്നും കഴിച്ചിട്ടില്ല. വെള്ളം എടുക്കുമ്പോൾ അടുക്കളയിൽ പരതി കണ്ണിൽ പെട്ടതു നാല് പഴമായിരുന്നു.

അതു കൊടുത്തപ്പോൾ ദയനീയമായി ഒരു നോട്ടം നോക്കി പാവം പടിയിലിരുന്നു അത് മുഴുവൻ കഴിച്ചു. പേര് ചോദിച്ചപ്പോൾ പറഞ്ഞു, വിഷ്‌ണു, മലപ്പുറം കാരനാണ്. ഓയിൽ റിഗ്ഗ് കോഴ്‌സ് പഠിക്കുന്നു, ചെലവിനായി എല്ലാദിവസവും പാർട്ട് ടൈം ജോലി ചെയ്യുന്നു. ഇന്നലെ വെളുപ്പിന് മൂന്നര വരെ ജോലി ചെയ്തു, 450 രൂപയോളം ഉണ്ടാക്കാനായി. നന്ദിയോടെ ഗ്ലാസ് തിരിച്ചു തന്നപ്പോൾ ഒരു ചോദ്യം, ഏട്ടൻ എന്ത് ചെയ്യുകയാണ്? മറുപടി പറഞ്ഞപ്പോൾ തലയാട്ടി. സൈറൻ അടിക്കുന്ന പോലെ ഫോൺ അടിച്ചപ്പോൾ എന്നെ നോക്കി അടുത്ത പിക്ക് അപ്പ് ആണ്, വേഗം ഓടി ബൈക്കിൽ കേറി പോയി.തിരിച്ചു മകനെ നോക്കി ചോദിച്ചു, മോന് ഇത് കണ്ടിട്ട് എന്താണ് തോന്നിയത്? അവൻ ഉത്തരം പറഞ്ഞു “ആ ചേട്ടൻ നല്ല സ്ട്രഗ്ഗിൾ ചെയ്തിട്ടാണ് ജീവിക്കുന്നത്!”. അതെ ഇത് അതിജീവനത്തിന്റെ പുതിയ മുഖങ്ങളാണ്. സ്വന്തം വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താനായി പാർട്ട് ടൈം ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാരിൽ ഒരാൾ.

പലപ്പോഴും ഡെലിവറി ഇത്തിരി വൈകുമ്പോൾ ചോദിച്ചിട്ടുണ്ട്, എന്ത് പറ്റി വൈകിയത് എന്ന്? ഇനി ആ ചോദ്യം അല്ല ചോദിക്കേണ്ടത് എന്ന് മനസ്സിലായി, കുടിക്കാൻ വെള്ളം വേണോ എന്നായിരിക്കണം! സ്വന്തം നാടും, വീടും വിട്ടു, പഠനത്തിനും, ജീവിക്കാനും അധ്വാനിക്കുന്ന ഈ ചെറുപ്പക്കാരോട് നമുക്ക് വേണ്ടത് ഇത്തിരി കരുണയല്ലേ? വിഷ്ണുവിനെ ഇനി കാണുമോ എന്നറിയില്ല, എന്നാൽ മനസ്സിൽ ഒരു സ്പാർക്ക്, ആ ചെറുപ്പക്കാരൻ പഠിച്ചു, നല്ല തൊഴിൽ നേടി രക്ഷപെടും. അങ്ങിനെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഷമീം റഫീഖ് കോർപ്പറേറ്റ് ട്രെയിനർ | ബിസിനെസ്സ് കോച്ച്