സമയം സന്ധ്യ. രണ്ട് സുഹൃത്തുക്കൾ, രാജുവും ബാബുവും അവർ തമാശ പറഞ്ഞ് ആടി ചിരിച്ച് നടക്കുകയാണ്. അപ്പോൾ അതാ വഴിയരികിൽ സാമാന്യം വലിയ ഒരു ബാഗ് ഇരിക്കുന്നു.രാജു ഓടിച്ചെന്ന് ബാഗ് എടുത്തിട്ട് സുഹൃത്തിനോട് പറഞ്ഞു: എനിക്ക് ഒരു നല്ല ബാഗ് ലഭിച്ചിരിക്കുന്നു ഇങ്ങനെയുള്ള ഒരെണ്ണം വാങ്ങണം എന്ന് ഞാൻ കരുതിയിരുന്നതാണ്”. ബാബു പറഞ്ഞു:നാം ഒരുമിച്ചല്ലേ യാത്ര, അപ്പോൾ നമുക്ക് കിട്ടി എന്നല്ലേ പറയേണ്ടത്? രാജു പറഞ്ഞു: യാത്ര ഒരുമിച്ചാണ്, പക്ഷേ ഓടിച്ചെന്ന് ബാഗെടുത്തത് ഞാനാണ്. അതിനാൽ ഇതെനിക്കുള്ളതാണ്. ഇത് നിനക്കും കൂടെ ഉള്ളതാണെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.വീണ്ടും അവർ മുന്നോട്ട് നടന്നു, അതാ മൂന്നു നാലുപേർ, എന്തോ തിരക്കി വരുന്നതുപോലെ അവർക്കെതിരെ വന്നു. രാജുവിന്റെ കയ്യിലെ ബാഗ് കണ്ട് അതിൽ വിരൽ ചൂണ്ടിക്കൊണ്ട് അവർ വേഗത്തിൽ നടന്നടുക്കുന്നത് കണ്ടപ്പോൾ രാജു പറഞ്ഞു: “അയ്യോ നാം കുഴപ്പത്തിലായി എന്നാണല്ലോ തോന്നുന്നത്.
ബാബു പറഞ്ഞു:എന്തിനാണ് നാം എന്നു പറയുന്നത്? ഞാൻ കുഴപ്പത്തിലായി എന്നല്ലേ നീ ഇപ്പോൾ പറയേണ്ടത്? ഗുണമുണ്ടാവുമ്പോൾ അതെനിക്ക്.ദോഷം ഭവിക്കുമ്പോൾ അത് നമുക്ക് എല്ലാവർക്കും കൂടെ, ഇതാണ് മിക്കവരുടെയും മനോഭാവം. ലഭിച്ച നന്മ പങ്കുവയ്ക്കുവാൻ മനസ്സില്ലാത്തവൻ ദോഷത്തിന് മറ്റുള്ളവരെ കൂടെ പങ്കാളികളാക്കുവാൻ ശ്രമിക്കുന്നത് വളരെ സാധാരണമാണ്. കാര്യങ്ങൾ വിജയത്തിലേക്ക് നീങ്ങുമ്പോൾ അത് എന്റെ സാമർത്ഥ്യം.എന്തെങ്കിലും കുഴപ്പമുണ്ടായാൽ അത് മറ്റുള്ളവർ കാരണം.ഞാൻ സാമർത്ഥ്യമുള്ളയാൾ, എല്ലാം നന്നായി ചെയ്യുവാൻ അറിയാം.നീ വെറുമൊരു കഴുത കുഴപ്പങ്ങൾ ഉണ്ടാക്കാനേ അറിയുള്ളൂ’, ഇതല്ലേ അപരനോടുള്ള ബന്ധത്തിൽ നമ്മുടെ മനോഭാവം? എന്നാൽ നന്മ പങ്കുവയ്ക്കുവാനും ദോഷം ഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും ആരെങ്കിലും തയ്യാറാകുമോ?
അതിന് തയ്യാറാകാൻ മനസ്സുള്ള ഒരു ഹൃദയം നമുക്കുണ്ടെങ്കിൽ ഈ ഭൂമി തന്നെ സ്വർഗ്ഗമാവില്ലേ? ഇവിടെയാണ് ഒരു യഥാർത്ഥ സ്നേഹിതനെ നാം തിരിച്ചറിയുക. നന്മ പങ്കിടാൻ വൈമനസ്യമുള്ള ആരും ഒരു നല്ല സുഹൃത്തല്ല.ദോഷത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് മറ്റുള്ളവരെ വിമുക്തരാക്കുന്നതാണ് ഒരു നല്ല സുഹൃത്തിന്റെ ലക്ഷണം. ഇങ്ങനെയുള്ള ഒരു നല്ല സുഹൃത്ത് നമുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചേക്കാം. എന്നാൽ മറ്റുള്ളവർക്ക് ഇങ്ങനെയുള്ള ഒരു നല്ല സുഹൃത്തായി തീരുവാൻ നമുക്ക് കഴിയുമോ എന്നാണ് നാം ചിന്തിക്കേണ്ടത്.സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.ബൈബിൾ ദൈവം സഹായിക്കട്ടെ. ആമേൻ.
എഴുതിയത് : പി. റ്റി. കോശിയച്ചൻ.
മറ്റൊരു കഥ നമുക്ക് ചിന്തിക്കാൻ വേണ്ടി നൽകുന്നു ഒരു യാത്രാകപ്പൽ ഒരു കൊടുങ്കാറ്റിൽ തകർന്നു, അതിലുണ്ടായിരുന്ന രണ്ടുപേർ നീന്തി ഒരു ദ്വീപിലെത്തി. അവിടെ നിന്നും രക്ഷപ്പെടുവാൻ അവർ ദൈവത്തോട് പ്രാർത്ഥിച്ചു. അവർ ഇരുവരും ദ്വീപിന്റെ രണ്ടു ഭാഗങ്ങളിലായി താമസിച്ചു. ദൈവം ആരുടെ പ്രാർത്ഥനയാണ് സ്വീകരിക്കുന്നത് എന്നറിയുവാൻ അവർ കാത്തിരുന്നു. അവരിൽ ഒരുവൻ ആദ്യം പ്രാർത്ഥിച്ചത് ഭക്ഷണത്തിനായിരുന്നു. അടുത്ത ദിവസം രാവിലെ, അയാൾ താമസിച്ചിരുന്നതിന് അടുത്ത് ഒരു ഫലവൃക്ഷം കണ്ടു, അവൻ അതിന്റെ ഫലം തിന്നു. മറ്റേയാളുടെ ഭൂമി തരിശായി കിടന്നു.താമസിയാതെ ആദ്യത്തെയാൾ ഒരു വീടിനും വസ്ത്രത്തിനും കൂടുതൽ ഭക്ഷണത്തിനും വേണ്ടി പ്രാർത്ഥിച്ചു. പിറ്റേന്ന്, മാന്ത്രികത പോലെ, ഇവയെല്ലാം അവനു ലഭിച്ചു. രണ്ടാമത്തെ മനുഷ്യന് അപ്പോഴും ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ അയാൾ ഒരു കപ്പലിനായി പ്രാർത്ഥിച്ചു, രാവിലെ, അയാൾ താമസിച്ചിരുന്ന ഭാഗത്ത് ഒരു കപ്പൽ നങ്കൂരമിട്ടു. രണ്ടാമന് അനുഗ്രഹങ്ങൾ ഒന്നും ലഭിക്കായ്കയാൽ അയാൾ രക്ഷപെടാൻ അർഹനല്ലയെന്നു കരുതി അയാളെ ദ്വീപിൽ വിട്ടിട്ട് പോകുവാൻ തീരുമാനിച്ച് ഒന്നാമൻ കപ്പലിൽ കയറുവാൻ ചെന്നപ്പോൾ നിങ്ങളുടെ കൂട്ടാളി എവിടെ”? എന്നൊരു ശബ്ദം അയാളുടെ അന്തരംഗത്തിൽ മുഴങ്ങി.
ദൈവമേ, അവന്റെ പ്രാർത്ഥന അവിടുന്ന് സ്വീകരിക്കായ്കയാൽ അവൻ രക്ഷപെടാൻ അർഹനല്ലല്ലോ” എന്നയാൾ മറുപടി നൽകി. “നിനക്ക് തെറ്റു പിണഞ്ഞിരിക്കുന്നു”. ശബ്ദം അവനെ ശാസിച്ചു. “അവന്റെ പ്രാർത്ഥനയാണ് ഞാൻ സ്വീകരിച്ചത്. അവന് ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിന് ഞാൻ ഉത്തരം നൽകി. അല്ലായിരുന്നുവെങ്കിൽ, നിനക്ക് അനുഗ്രഹങ്ങളൊന്നും ലഭിക്കുമായിരുന്നില്ല”. അയാൾ ചോദിച്ചു: അവൻ എന്താണ് പ്രാർത്ഥിച്ചത്?” “നിന്റെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നൽകണമേ എന്നു മാത്രമാണ് അവൻ പ്രാർത്ഥിച്ചത്”. നമ്മുടെ അനുഗ്രഹങ്ങൾ നമ്മുടെ പ്രാർത്ഥനയുടെ മാത്രം ഫലമല്ല, മറിച്ച് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അനേകരുടെ പ്രാർത്ഥനകളുടെ ഫലങ്ങളാണ്. സ്വാർത്ഥ പൂർത്തീകരണത്തിനല്ല, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ് യഥാർത്ഥമായ പ്രാർത്ഥന. നമ്മുടെ പ്രാർത്ഥനകൾ അധികവും സ്വാർത്ഥ താല്പര്യങ്ങൾ സാധ്യമാകുന്നതിന് വേണ്ടിയല്ലേ? വിശന്നു വലയുന്നവരെയും ഭവനരഹിതരെയും മറ്റും അവഗണിച്ച് സ്വാർത്ഥ താൽപര്യങ്ങളിലേക്ക് ശ്രദ്ധിക്കുകയും അതിനുവേണ്ടി മാത്രം പ്രാർത്ഥിക്കുകയും ചെയ്യുന്നവർ എങ്ങനെയാണ് അനുഗ്രഹിക്കപ്പെടുക? നാം അനുഗ്രഹീതരാകുമ്പോൾ മറ്റുള്ളവരെ അവഗണിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും ഇടയാകാതെ അനുഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ സാധ്യമാകണം