ആദ്യശമ്പളം 6000 കിട്ടിയപ്പോ 4000 വീട്ടുചിലവ് കഴിഞ്ഞു 2000 സേവ് ചെയ്യാന്നു കരുതി പക്ഷെ ഇപ്പൊ 40000 കിട്ടുമ്പോഴും ഒരു രൂപ സേവിങ് ഇല്ല ചിലവ് മാത്രം അനുഭവം ഉണ്ടോ ?

EDITOR

എന്തൊക്കെ പറഞ്ഞാലും ഒരു സാധാരണക്കാരനെ സംബന്ധിച്ച് അവന്‍റെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികം തന്നെയാണ്.കുറേ പണമുണ്ടായിട്ടെന്താണ് എന്ന് ചോദിക്കുന്നവരും ദിവസം മിനിമം 8 മണിക്കൂറെങ്കിലും ജോലി ചെയ്യാറുണ്ട്.കുറേ പണമുണ്ടാക്കുക എന്നതിനേക്കാള്‍,ലഭ്യമായ പണം കൊണ്ട് എങ്ങനെ സന്തോഷകരമായതും സമാധാനപരമായ ജീവിതം നയിക്കാം എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.2015 ല്‍ വെറും ₹6000 രൂപ സാലറിയിലാണ് ബില്ലിങ് സ്റ്റാഫായി തുടക്കം കുറിക്കുന്നത്.₹4000 രൂപ വീട്ടിലെ ചെലവിനായി മാറ്റിവെച്ചാല്‍ ₹2000 രൂപ എന്‍റെ ചെലവുകള്‍ക്കായി കൈവശമുണ്ടാകും.ബസ് ചാര്‍ജ്,എപ്പോഴെങ്കിലുമൊക്കെയുള്ള പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കല്‍,മറ്റുള്ള ചെലവുകളെല്ലാം കഴിഞ്ഞ് മാസ അവസാനം ആകുമ്പോഴേക്ക് ബാക്കി ഒന്നും ഉണ്ടാകില്ല.ഏതാനും മാസങ്ങള്‍ക്ക് ശേഷം ശമ്പളം വര്‍ധിച്ച് ₹8000 ആയപ്പോള്‍ അധികമായി ലഭിക്കുന്ന ₹2000 സേവിങ് ഉണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്.പക്ഷെ ആ ₹ 2000 വും കഴിയും ₹500 രൂപ കടം മേടിച്ച് അതും കഴിയും ഇതായിരുന്നു അവസ്ഥ.

അടുത്ത മാസം സാലറി ലിഭിക്കുമ്പോള്‍ ₹ 500 രൂപ കടം വീട്ടണം.അതിനിടക്ക് അപ്രതീക്ഷിതമായി ഹോസ്പിറ്റല്‍ കേസ് കൂടി വന്നാല്‍ പിന്നെ പറയുകയേ വേണ്ട.അക്കൗണ്ടന്‍റായി ഉയര്‍ന്ന സാലറിയില്‍ മറ്റു കമ്പനികളിലേക്ക് മാറിയപ്പോഴും നിലവിലുള്ളതിനേക്കാള്‍ രൂക്ഷമായിരുന്നു അവസ്ഥ.വരുമാനം കൂടുന്നതിനനുസരിച്ച് ചെലവും കൂടുന്ന പ്രതിഭാസം.മാത്രവുമല്ല ഒരു ഭാഗത്ത് കടം കേറി കൊണ്ടേയിരുന്നത് മനസ്സിനെ ഏറെ അലോസരപ്പെടുത്തി.എന്തായാലും ഒരു പരിഹാരം കണ്ടെത്തിയേ പറ്റൂ..കുറച്ച് സ്വസ്ഥത വേണം.യാത്രകള്‍,വായനകള്‍,പുതിയ ആളുകള്‍,കോഴ്സുകള്‍,പരീക്ഷണങ്ങള്‍,പുതിയ മേച്ചില്‍ പുറങ്ങള്‍ അങ്ങനെ പലതും ജീവിതത്തിലേക്ക് കടന്നുവന്നു,ഓരോന്നും പഠിച്ചു കൊണ്ടേയിരുന്നു.ഒട്ടും താല്പര്യമില്ലാത്ത വിഷയവും,ജോലിയുമായിരുന്നു അക്കൗണ്ടിംഗ്.പക്ഷെ ഞാന്‍ പഠിച്ചതും ജോലി ചെയ്തതും ആ ഫീല്‍ഡിലായിരുന്നു.പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ നടക്കുന്ന സമയത്ത് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചതും ഈ അക്കൗണ്ടിംഗ് പഠിച്ചത് തന്നെയാണ്.

ഇത്രകാലം മറ്റു കമ്പനികള്‍ക്ക് വേണ്ടിയാണ് അക്കൗണ്ടിംഗ് ചെയ്തിരുന്നതെങ്കില്‍,അവ സ്വന്തം ജീവിതത്തിന് വേണ്ടി ചെയ്യാന്‍ തീരുമാനിച്ചു.വീട്ടില്‍ എന്തെങ്കിലും വാങ്ങുമ്പോഴൊക്കെ അത് നഷ്ടമാണ് ഇപ്പോ വേണ്ട എന്ന് പറഞ്ഞ് മുടക്കുമ്പോള്‍ ഉമ്മയും പെങ്ങന്മാരും പറയേണ്ടി വന്നിട്ടുണ്ട് നീ അക്കൗണ്ടിംഗ് പഠിച്ചതാണ് കുടുങ്ങിയതെന്ന് പണത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ,ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നോ,അവയെ എങ്ങനെ തരണം ചെയ്യണമെന്നോ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പിക്കുന്നില്ല.പഠനകാലത്ത് ഇതൊക്കെ പറഞ്ഞു തരാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്രയും സ്ട്രഗ്ള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു.കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും അവന്‍റെ വരുമാനം കൊണ്ട് സമ്പന്നനാകാന്‍ കഴിയും, സ്വസ്ഥതയോടെയും, സമാധാനത്തോടെയും ജീവിക്കാന്‍ കഴിയും.പക്ഷെ,അത് പെട്ടെന്നൊന്നും സാധ്യമാകില്ല.കൃത്യമായ പ്ലാനും,ക്ഷമയും,അച്ചടക്കവുമുണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ.എന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ തേടിയാണ് ഞാന്‍ യാത്ര തുടങ്ങിയത് ഇടക്കൊക്കെ പേഴ്സണല്‍ ഫിനാന്‍സ് സംബന്ധിച്ച് എഴുതി തുടങ്ങിയാലോ അഭിപ്രായം കമന്‍റില്‍ പറയുക.പോസ്റ്റ് കാര്യമുണ്ടെന്ന് തോന്നിയാല്‍ ഷയര്‍ & ലൈക്ക് മറക്കരുത്

എഴുതിയത് : ഫാറൂഖ് രണ്ടത്താണി