ഇരുപത്തിമൂന്ന് വയസുള്ള ഒരു പെൺകുട്ടി സിസേറിയൻ കഴിഞ്ഞപ്പോൾ പെട്ടെന്ന് ബ്ലഡ്പ്രഷർ വളരെ താഴ്ന്നു പോകുന്നു ഹൃദയത്തിന്റെ താളം തെറ്റുന്നു കാർഡിയാക് എമർജൻസിയാണ്

EDITOR

ഇരുപത്തിമൂന്ന് വയസുള്ള ഒരു പെൺകുട്ടി സിസേറിയൻ കഴിഞ്ഞപ്പോൾ പെട്ടെന്ന് ബ്ലഡ്പ്രഷർ വളരെ താഴ്ന്നു പോകുന്നു.ഹൃദയത്തിന്റെ താളം തെറ്റുന്നു.കാർഡിയാക് എമർജൻസിയാണ്.സിസേറിയൻ ചെയ്ത ഹോസ്പിറ്റലുകാർ രോഗിയെ ഉടൻ തന്നെ അടുത്തുള്ള കാർഡിയാക് സെന്ററിലേക്ക് ഷിഫ്റ്റ് ചെയ്തു.കാർഡിയാക് സെന്ററിൽ എത്തിയപ്പോഴേക്കും രോഗിയുടെ അവസ്ഥ അതീവ ഗുരുതരമായി കഴിഞ്ഞിരുന്നു. ഉടൻ തന്നെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. ജീവൻരക്ഷാ മരുന്നുകൾ എല്ലാം വലിയ അളവിൽ സ്റ്റാർട്ട് ചെയ്തു.ബിപി ഹോൾഡ് ചെയ്യുന്നില്ല ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നു,തുടരെ തുടരെ ഷോക്ക് കൊടുക്കേണ്ടി വരുന്നു.കഴിഞ്ഞ ദിവസത്തെ ഡ്യൂട്ടിക്കിടയിലെ അനുഭവങ്ങളാണ്. ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ രണ്ട് ദിവസമായി കേസ് ഒന്നും ഇല്ലാതിരുന്നതിനാൽ വെറുതെ ഇരുപ്പ് ആയിരുന്നു. അങ്ങനെ ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ തന്നെ അടുത്തുള്ള കാർഡിയാക് സെന്ററിൽ നിന്നും എന്റെ ഫ്രണ്ട് വിളിച്ച് ഈ കേസിനെ കുറിച്ച് പറയുന്നത്.സിസേറിയൻ ആയിരുന്നു.

ഒരു കുഞ്ഞ് ആരോഗ്യവാനാണ്,ഒരു കുട്ടിക്ക് ഭാരം കുറവായതുകൊണ്ട് അടുത്തുള്ള പീഡിയാട്രിക് ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിമെച്ചപ്പെട്ടിട്ടുണ്ട്, കുഴപ്പം ഒന്നുമില്ല.പക്ഷെ ഇവിടെ അമ്മ വെന്റിലേറ്ററിൽ ജീവനോട് മല്ലിട്ട് കിടക്കുകയാണ്.രോഗിയുടെ ലക്ഷണങ്ങളും എക്കോകാഡിയോഗ്രാഫിയിൽ നിന്നും പെരിപാർട്ടം കാർഡിയോമയോപ്പതി
എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞു.ഹൃദയപേശികളുടെ ബലഹീനതയാണ് പെരിപാർട്ടം കാർഡിയോമയോപ്പതി.ഇത് ഗർഭാവാസ്ഥയിലെ അവസാന മാസത്തിലോ ഡെലിവറി കഴിഞ്ഞുള്ള ആദ്യത്തെ അഞ്ചു മാസത്തിനുള്ളിലോ
കണ്ടു വരുന്ന ഒരു അവസ്ഥയാണ്.ഇതിന്റെ കൃത്യമായ കാരണങ്ങൾ എന്തെന്ന് കണ്ടെത്തിയിട്ടില്ല.നേരിയതോ അല്ലെങ്കിൽ കഠിനമോ ആയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നഒരു അപൂർവ അവസ്ഥയാണിത്.പെരിപാർട്ടം കാർഡിയോമയോപ്പതിയിൽരോഗിയുടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് വളരെ കുറവ് ആയിരിക്കും.

ഓരോ സ്പന്ദനത്തിലും ഹൃദയം പമ്പ്ചെയ്യുന്ന രക്തത്തിന്റെ ശതമാനം എക്കോകാഡിയോഗ്രാഫിയിലൂടെ നോക്കി മനസ്സിലാക്കി അവസ്ഥയുടെ ഗൗരവത്തിന്റെ ഒരു സൂചന അളക്കാൻ കഴിയും. ഇജക്ഷൻ ഫ്രാക്ഷൻ ( EF ) എന്നാണ് ഇതിനെ വിളിക്കുന്നത്. സാധാരണ ഒരു വ്യക്തിയുടെ ഇജക്ഷൻ ഫ്രാക്ഷൻ ഏകദേശം 60% ആണ്.പെരിപാർട്ടം കാർഡിയോമയോപ്പതിയുടെ നേരിയ അവസ്ഥയിൽ, പാദങ്ങളിലും കാലുകളിലും നീർവീക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ പ്രസവത്തിന്റെ അവസാന മാസങ്ങളിൽ സാധാരണയായി കണ്ട് വരുന്നത് ആയതുകൊണ്ട്പെരിപാർട്ടം കാർഡിയോമയോപ്പതിയുടെ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാം. ചില സമയങ്ങളിൽ വൈദ്യസഹായംകൂടാതെ രോഗി സുഖം പ്രാപിച്ചേക്കാം.
ഒരു രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും പ്രസവശേഷം കാലുകൾ നന്നായി വീർക്കുകയും ചെയ്താൽ ഗുരുതരമായ കാർഡിയോമയോപ്പതി ആണോഎന്ന് സംശയിക്കാം.

ഹൃദയം നന്നായി പമ്പ് ചെയ്യുന്നില്ലെങ്കിൽ, ശരീരത്തിൽ ഫ്ലൂയിഡിന്റെ അളവ് കൂടുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത്‌ കാരണമാവുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നത് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നു. VT ( Ventricular Tachycardia )ഒരു പ്രധാന പ്രശ്‌നമാണ്.ഈ.സി.ജിയുടെ സഹായത്തോടെഇത് മനസ്സിലാക്കാൻ കഴിയും.ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ ഹൃദയസ്തംഭനത്തിനും കാരണമാകുന്നു.കാർഡിയോമയോപ്പതിയുടെ തീവ്രത കൂടുന്നത് രോഗിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനെ ബാധിക്കുന്നില്ല.വളരെ കുറഞ്ഞ ഇജക്ഷൻ ഫ്രാക്ഷൻഉള്ള രോഗികൾക്ക് പെരിപാർട്ടം കാർഡിയോമയോപ്പതിയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാൻ കഴിയും.പക്ഷെ ശരിയായ ചികിത്സ ശരിയായ സമയത്ത് കിട്ടണം എന്നുള്ളത് വളരെ പ്രധാനമാണ്.ഞങ്ങളുടെ ഹോസ്പിറ്റലിൽ അടിയന്തര ശിശ്രൂഷകൾ നൽകാം എന്നല്ലാതെ ഈ അവസ്ഥയ്ക്ക് തുടർചികിത്സ നൽകാൻ മറ്റ് ഏതെങ്കിലും വലിയ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു ബാംഗ്ലൂർ ആയിരുന്നു ബെറ്റർ ഓപ്ഷൻ.

അനന്തപൂർ നിന്നും ബാംഗ്ലൂരിലേക്ക് സാധാരണ ഗതിയിൽ എത്തിച്ചേരാൻനാല് മണിക്കൂർ വേണം. ആംബുലൻസ് ഡ്രൈവർ രണ്ട് മണിക്കൂർ കൊണ്ട് എത്തിക്കാം എന്ന് പറഞ്ഞു. അനന്തപൂർ പോലെഒരു സ്ഥലത്ത് ആംബുലൻസിൽ ഒരുപാട് ഫെസിലിറ്റീസ് ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല.വെന്റിലേറ്റർ സൗകര്യവും ഷോക്ക് കൊടുക്കാൻ Defibrillator ഉം ഉണ്ട്.ജീവൻരക്ഷാ മരുന്നുകൾ നാലെണ്ണം ഇൻഫ്യൂഷൻ പമ്പിൽ പോകുന്നുണ്ട്.ഹൃദയമിടിപ്പ് കൂടിയാൽ( Ventricular Tachycardia ) ഇടയ്ക്ക് ഷോക്ക് കൊടുക്കേണ്ടതും ഉണ്ട്.ആംബുലൻസ് വന്നെങ്കിലും രോഗിയെ ബാംഗ്ലൂർ വരെ എത്തിക്കണമെങ്കിൽഒരു ഐ.സി.യുവിൽ കിട്ടാവുന്ന
എല്ലാ അടിയന്തര ചികിത്സകളും ആംബുലൻസിൽ ലഭിക്കണം.അത് കൂടാതെ പ്രൊഫഷണൽ ആയി ഇങ്ങനെയുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സ്റ്റാഫ് കൂടി വേണം.എന്നാൽ ആംബുലൻസിൽ ഡ്രൈവറുംഒരു സാധാരണ കാർഡിയാക് ടെക്‌നീഷനും വന്നിട്ടുള്ളൂ. രോഗിയുടെ ബന്ധുക്കൾക്കും ഞങ്ങൾക്കും അത് വലിയ തൃപ്തികരം ആയിരുന്നില്ല. കാരണം ബാംഗ്ലൂർ എത്തുന്നതിന് മുമ്പ് തന്നെ രോഗിക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം.

മരണ സാധ്യത വളരെ ഏറെയായിരുന്നു. ഞങ്ങൾ ആരെങ്കിലുംഒരാൾ കൂടെ ചെല്ലണമെന്ന് ബന്ധുക്കൾ റിക്വസ്റ്റ് ചെയ്തു.മൂന്ന് ജീവനുകളുടെ കാര്യമാണ്.രണ്ട് കുഞ്ഞുങ്ങൾക്ക്’അമ്മ നഷ്ട്ടപ്പെട്ടാൽ, ആ അവസ്ഥ.ആരും ഒരു നിമിഷം സ്വന്തം
ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കും.ഈ അവസ്ഥ നാളെ നമുക്കും സംഭവിക്കാം.കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ലകൂടെ പോകാൻ ഞാൻ തീരുമാനിച്ചു.ഞാൻ സാധാരണയായി ആംബുലൻസിൽ അങ്ങനെ പോകാറില്ല, കാരണം കുറച്ച് സമയം കഴിയുമ്പോൾ ഒരു സഫോക്കേഷൻ എപ്പോഴും ഫീൽ ചെയ്യും. എന്ത് തന്നെ ആയാലും പോകാമെന്ന് വിചാരിച്ചു.എല്ലാവിധ ജീവൻരക്ഷാ ഉപകരണങ്ങളോട് കൂടി രോഗിയെ ആംബുലൻസിലേക്ക് ഷിഫ്റ്റ് ചെയ്തു. എന്റെ മുന്നിൽഉണ്ടായിരുന്ന വെല്ലുവിളി ജീവൻരക്ഷാ മരുന്നുകൾ എല്ലാം പോകുന്നതിന് രണ്ട് കൈകളിൽ കുത്തിയിരിക്കുന്ന സൂചികൾ ( Peripheral line) മാത്രമേ ഉള്ളൂ.
മരുന്നുകൾ എല്ലാം തന്നെ കൃത്യമായി ഡെലിവർ ആകണം. ഇടയ്ക്ക് ഹൃദയത്തിന്റെ താളം തെറ്റിയാൽ ഷോക്ക് കൊടുക്കണം. മോണിറ്ററിൽ കണക്ട് ചെയ്തിരിക്കുന്നഈ. സി. ജി പലപ്പോഴും ശരിയായി കാണിക്കുന്നില്ല.

രണ്ടര മണിക്കൂർ അത് വളരെപ്രധാനപ്പെട്ടത് ആയിരുന്നു.വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല.രോഗിയെ സേഫ് ആയിബാംഗ്ലൂർ ഹോസ്പിറ്റലിൽ എത്തിച്ചു.ഷിഫ്റ്റ് ചെയ്തപ്പോൾ വീണ്ടും ഷോക്ക് കൊടുക്കേണ്ടി വന്നു.ആ രോഗി രക്ഷപെടാനുള്ള സാധ്യത പത്തുശതമാനം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. സ്വന്തം ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തി എന്നിൽ ഉണ്ടായിരുന്നു. ഡോക്ടർമാരും, നഴ്സുമാരും, ആംബുലൻസ് ഡ്രൈവറും, ടെക്നീഷനും എല്ലാവരും അവരുടെ ജോലി നന്നായി ചെയ്തു. പക്ഷെ, ഇത്രയൊക്കെ ചെയ്തിട്ടും ആ അമ്മയ്ക്ക് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ ?പൂർണ്ണ ആരോഗ്യവതിയായിഅവർ ജീവിതത്തിലേക്ക് തിരിച്ചു വരാൻആത്മാർത്ഥമായി ആഗ്രഹിക്കാം.ആ സ്ത്രീയുടെ ജീവൻ തിരിച്ചു കിട്ടിയാൽ അതിന് കാരണക്കാരായ പകുതി ആളുകളെയും അവരുടെ മുഖങ്ങളുംഅവർ തിരിച്ചറിയില്ല.ഇങ്ങനെ ഒരു പോസ്റ്റ് എഴുതാൻ കാരണംഈ ഒരു അവസ്ഥയെ കുറിച്ച് ആളുകൾ കൂടുതൽ അറിഞ്ഞിരിക്കുന്നതിനും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ സമയം പാഴാക്കരുത് എന്ന അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി മാത്രമാണ്.
എഴുതിയത് : ലാൽ കിഷോർ