നമ്മുടെ നാട്ടിൽ വിവാഹം കഴിക്കുന്നതും ഡിഗ്രി പഠനത്തിന് ചേരുന്നതും ഒരേ റിസ്‌ക് ആണ് ഒരിക്കൽ ചെന്നുപെട്ടാൽ അത് നമുക്ക് പറ്റുന്നത് അല്ല എന്ന് മനസ്സിലായാൽ പോലും ഒഴിയാൻ പറ്റില്ല

EDITOR

ബിനോയ് മറ്റമന എഴുതുന്നു ബിരുദ പഠനത്തിന് നല്ല കോളേജുകൾ എങ്ങനെ തെരഞ്ഞെടുക്കും?നമ്മുടെ നാട്ടിൽ വിവാഹം കഴിക്കുന്നതിനും ബിരുദ പഠനത്തിന് ചേരുന്നതിനും ഒരേ റിസ്‌ക് ആണ്. ഒരിക്കൽ ചെന്നുപെട്ടാൽ, അത് നമുക്ക് പറ്റുന്നത് അല്ല എന്ന് മനസ്സിലായാൽ അതിൽ നിന്ന് ഒഴിവാകുക എന്നത് ഒരു ബുദ്ധിമുട്ടേറിയ സംഗതിയാണ്. അങ്ങനെ മാറിയാൽതന്നെ അതേത്തുടർന്നുണ്ടാകുന്ന സാമൂഹിക വിലയിരുത്തലും മോശമായിരിക്കും. എന്നാൽ വികസിത രാജ്യങ്ങളിൽ അത് രണ്ടും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് ഇവിടെ രണ്ടും സൂക്ഷിച്ച് വേണം തെരഞ്ഞെടുക്കാൻ.പ്ലസ് റ്റു പഠിക്കുന്ന/കഴിയുന്ന സമയത്ത് മിക്കവാറും എല്ലാ കുട്ടികളെയും കേരളത്തിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളിൽ നിന്നും ആരെങ്കിലുമൊക്കെയായി അവരെ വിളിച്ചിട്ടുണ്ടാകും. അവർ അവരുടെ എല്ലാ നല്ല വശങ്ങളും അവരെ അറിയിച്ചിട്ടുമുണ്ടാകും. അവരുടെ പരസ്യങ്ങളിലും വെബ് സൈറ്റിലും അതെല്ലാം വിവരിച്ചിട്ടുമുണ്ടാകും. അതിലെ യാഥാർഥ്യം എന്തെന്ന് കൃത്യമായി അറിഞ്ഞിട്ടേ ആ കോളേജുകളെ പഠനത്തിനായി തെരെഞ്ഞെടുക്കാവൂ. പക്ഷെ ആ യാഥാർഥ്യങ്ങളെ എങ്ങനെ തിരിച്ചറിയും? ഉന്നത വിദ്യാഭ്യാസ രംഗത്ത്, സർക്കാർ തലത്തിലെ മൂന്ന് ദശാബ്ദവും സ്വാശ്രയ തലത്തിൽ നാലഞ്ച് വർഷവും കൂട്ടി എനിക്ക് ലഭിച്ച അനുഭവത്തിൽ നിന്ന് കുറച്ച് പ്രായോഗിക മാർഗ്ഗങ്ങൾ നിർദേശിക്കാം.

ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിൻറെയും ഗുണനിലവാരം നിശ്ചയിക്കുന്നതിൽ അവിടുത്തെ അദ്ധ്യാപകരുടെ പങ്കാണ് ഏറ്റവും പ്രധാനം. അവരുടെ എണ്ണവും ഗുണവും തീരുമാനിക്കാൻ സർവ്വകലാശാലകളും മറ്റ് സർക്കാർ ഏജൻസികളും പല നിബന്ധനകളും വച്ചിട്ടുണ്ട്. അത് കോളേജുകൾ പാലിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി. സർക്കാർ/ഐയ്ഡഡ് കോളേജുകളിൽ അത് നിയമപ്രകാരം ആയിരിക്കും. പക്ഷെ മറ്റ് കോളേജുകളിൽ അങ്ങനെ ആകണം എന്നില്ല. പ്രായോഗികമായി ആ അന്വേഷണം അത്ര എളുപ്പമല്ല. എന്നിരുന്നാലും ഏതെങ്കിലും ബിരുദത്തിന് ചേരാൻ പോകുന്ന കുട്ടികളോ അവരുടെ രക്ഷാകർത്താക്കളോ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കുന്ന കുറച്ച് വഴികൾ പറയാം.ആദ്യമായി നോക്കേണ്ടത് ഏത് ബിരുദത്തിനാണോ ചേരാൻ ഉദ്ദേശിക്കുന്നത് അവിടുത്തെ അദ്ധ്യാപകരുടെ എണ്ണവും ഗുണനിലവാരവും ആണ്. അദ്ധ്യാപകൻ വിദ്യാർത്ഥി അനുപാതം ഏറ്റവും കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഓരോ 15 വിദ്യാർത്ഥിക്കും ഒരദ്ധ്യാപകൻ/അദ്ധ്യാപിക ആണ് ഏറ്റവും നല്ലത്. അതായത് 40 കുട്ടികൾ ഉള്ള ഒരു ബിരുദ കോഴ്‌സ്, 3 വർഷത്തേക്ക് 120 വിദ്യാർത്ഥികൾ. അപ്പോൾ അവിടെ ആ ഡിപ്പാർട്മെന്റിൽ ചുരുങ്ങിയത് 8 അദ്ധ്യാപകർ എങ്കിലും വേണം.

പൊതുവായ വിഷയങ്ങൾ എടുക്കാൻ മറ്റ് ഡിപ്പാർട്മെന്റിൽ നിന്ന് വരുന്ന അദ്ധ്യാപകരെ കിഴിച്ചാലും 7 അദ്ധ്യാപകർ വേണം. അതുപോലെ എൻജിനീയറിങ് ഉൾപ്പെടുന്ന പ്രൊഫഷണൽ കോഴ്‌സുകൾ നാല് വർഷമാണ്. അവിടെ 60 പേർക്കുള്ള ക്‌ളാസിൽ 4 വർഷവുമായി 240 വിദ്യാർത്ഥികൾ പഠിക്കുവാനുള്ള സൗകര്യം ഉണ്ടാകേണ്ടതാണ്. അതായത് അവിടെ ചുരുങ്ങിയത് 16 അദ്ധ്യാപകർ വേണ്ടതാണ്. AICTE അത് ലഘുകരിച്ച് കൊടുത്ത് 20 വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപകൻ എന്ന കണക്കിൽ കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ അത് ഒരു ആരോഗ്യകരമായ നടപടിയായി എനിക്ക് തോന്നിയിട്ടില്ല. ഇനി അങ്ങനെ നോക്കിയാലും 12 അദ്ധ്യാപകർ ആ ഡിപ്പാർട്മെന്റിൽ വേണം. പൊതുവിഷയങ്ങൾ പഠിപ്പിക്കുവാൻ ഒന്നോ രണ്ടോ അദ്ധ്യാപകരെ മാറ്റിവച്ചാലും 14 അദ്ധ്യാപകർ ആ ഡിപ്പാർട്മെന്റിൽ ഉണ്ടെങ്കിൽ, അദ്ധ്യാപകരുടെ എണ്ണത്തിൽ ആ സ്ഥാപനം ഒരു നിലവാരം പുലർത്തുന്നു എന്ന് കണക്കാക്കാം. പല സ്വകാര്യ കോളേജുകളിലും ഇപ്പറഞ്ഞതിൻറെ പകുതി പോലും അദ്ധ്യാപകർ ഇല്ല. ഉള്ളതായി വെബ്സൈറ്റിലും ബ്രോഷറിലും കണ്ടാലും അത് ഉന്നത ഏജൻസികളെ ബോധ്യപ്പെടുത്താനും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പരസ്യപ്പെടുത്താനും മാത്രം ‘കോളേജ് രേഖകളിൽ’ മാത്രമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. .

ഇനി അദ്ധ്യാപകരുടെ എണ്ണം തികഞ്ഞാലും അവരുടെ ഗുണനിലവാരം ഉറപ്പ് അവരുത്തേണ്ടതുണ്ട്. അതിനായി അവർ എവിടെ പഠിച്ചതാണ് എന്ന് വിളിച്ചന്വേഷിക്കുക. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചുരുങ്ങിയത് ബിരുദാന്തര ബിരുദമെങ്കിലും എടുത്തവരാണെങ്കിൽ ഒരു പരിധിവരെ അത് അവരുടെ ഗുണനിലവാരം കാണിക്കുന്നു. പ്രസിദ്ധമായ യൂണിവേഴ്സിറ്റി കോളേജിലോ അല്ലെങ്കിൽ പഴയ പ്രസിദ്ധമായ കോളേജുകളിലോ, IISc പോലുള്ള സ്ഥാപങ്ങളിലോ, എൻജിനീയറിങ് ആണെങ്കിൽ അത് IIT, NIT പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ചവരാണോ എന്നന്വേഷിക്കുക. ചുരുങ്ങിയത് 50% പേരെങ്കിലും അതേപോലത്തെ സ്ഥാപനങ്ങളിൽ പഠിച്ചവരാണെങ്കിൽ അത് താരതമ്യേന നല്ല ഡിപ്പാർട്മെന്റായി കണക്കാക്കാം. അതേപോലെ തന്നെയാണ് അദ്ധ്യാപകരുടെ അദ്ധ്യാപന പരിചയം. ഡിപ്പാർട്ടമെന്റ് അദ്ധ്യാപകരിൽ 50% പേരെങ്കിലും ചുരുങ്ങിയത് 5 വർഷം എങ്കിലും അദ്ധ്യാപകവൃത്തിയിൽ ഉണ്ടായിരുന്നവർ ആണോ എന്ന് പരിശോധിക്കുക. അദ്ധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കാൻ ഏറ്റവും മികച്ച സൂചിക അവരുടെ വേതനം ആണ്. ഈ അദ്ധ്യാപകരുടെ വേതനം എത്രയായിരിക്കണം എന്ന് UGC, AICTE പോലുള്ള ഏജൻസികൾ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും, പല സ്ഥാപനങ്ങളും ഈ ബിരുദാന്തര ബിരുദ ധാരികൾക്ക് കൊടുക്കുന്ന വേതനം 8000 – 10000 രൂപയാണ്.

ആരാണ് ഈ ശമ്പളത്തിന് ഈ ജോലിക്ക് വരുന്നത് എന്നറിയാൻ ആർക്കും ബുദ്ധിമുട്ടൊന്നുമില്ല. നിയമം പാലിക്കുന്നതിനായി പലരുടെയും വലിയ ശമ്പളം ബാങ്കിൽ നിക്ഷേപിച്ച് അത് സ്ഥാപന മേധാവികൾ തിരിച്ച് വാങ്ങുന്നതായി കേട്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് ചുരുങ്ങിയത് 25,000 രൂപയെങ്കിലും ഏറ്റവും കുറഞ്ഞ വേതനമായി ഏറ്റവും ജൂനിയർ അദ്ധ്യാപകർക്ക് കിട്ടുന്നുണ്ടെങ്കിൽ അത് ഒരു നല്ല സ്ഥാപനമായി കണക്കാക്കാം. പക്ഷെ ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്ന് കയറ്റമാണ്. എങ്കിലും അവരെ നേരിൽ കണ്ടാൽ പൊതുവായി ഇക്കാര്യം ചോദിക്കാം. ഇത്ര കുറഞ്ഞ ശമ്പളം വാങ്ങാനായി എൻറെ കുട്ടിയെ ഞാൻ ഈ ഡിപ്പാർട്മെന്റിൽ പഠിപ്പിക്കണോ? മനഃസാക്ഷിയുള്ള അദ്ധ്യാപകർ നേര് പറയും. ചുരുക്കി പറഞ്ഞാൽ അദ്ധ്യാപകരുടെ എണ്ണം, അവരുടെ വിദ്യാഭ്യാസ നിലവാരം, അവരുടെ വേതനം, അവിടെ അവർക്ക് ജോലി ചെയ്യാനുള്ള ഒരു തൃപ്‌തികരമായ ഒരന്തരീക്ഷം എന്നിവയൊക്കെയാണ് ഒരു ഡിപ്പാർട്ടമെന്റ് നല്ലതാണോ എന്ന് തീരുമാനിക്കുന്നതിൽ നല്ല പങ്ക് വലിക്കുന്നത്.ഇനി നോക്കാനുള്ളത് കുട്ടികളുടെ എണ്ണം ആണ്. കഴിഞ്ഞുപോയ രണ്ട് വർഷങ്ങളിൽ ആ പൊതുവെ ആ കോളേജിലും പ്രത്യേകിച്ച് ചേരാനുദ്ദേശിക്കുന്ന ഡിപ്പാർട്മെന്റിലും എത്ര കുട്ടികൾക്ക് ആണ് അഡ്‌മിഷൻ സൗകര്യം ഉള്ളത്, അതിൽ എത്ര കുട്ടികൾ ചേർന്നു എന്നുള്ളത് ഒരു മാനദന്ധം ആയി കണക്കാക്കാം.

ചുരുങ്ങിയത്, യൂണിവേഴ്സിറ്റി അനുവദിച്ചതിൻറെ 50% പേരെങ്കിലും കോളേജിലും അതാത് ഡിപ്പാർമെന്റിലും ഉണ്ടെങ്കിൽ മാത്രമേ ആ കോളേജ് പഠനത്തിനായി തെരെഞ്ഞെടുക്കാവൂ. അല്ലെങ്കിൽ അവിടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ഥാപനം ആയിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോളേജ് ഉടമസ്ഥർ അധികകാലം ആ ബാധ്യത കൊണ്ട് നടക്കാൻ സാധ്യത ഇല്ല. അത് അദ്ധ്യാപകരുടെ മറ്റ് ജീവനക്കാരുടെയും വേതനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. കുട്ടികൾ കുറഞ്ഞ കോളേജാണെങ്കിൽ അവിടെ അദ്ധ്യാപകരുടെ എണ്ണവും അവരുടെ ഗുണനിലവാരവും കുറയുവാൻ സാധ്യത ഉണ്ട്.ഇനി ശ്രദ്ധിക്കേണ്ടുന്ന അടുത്ത കാര്യം, കഴിഞ്ഞ രണ്ടുകൊല്ലമായി ആ കോളേജിലെ പരീക്ഷാഫലം ആണ്. ഓരോ സെമെസ്റ്ററിലും ആകെയുള്ള കുട്ടികളിൽ എത്ര ശതമാനം പേർ എല്ലാ വിഷയങ്ങൾക്കും ജയിച്ചിട്ടുണ്ട് എന്നതും ഒരു നല്ല സൂചനയാണ്. ഒരു സെമെസ്റ്ററിൽ 5-6 വിഷയവും 1-2 പ്രാക്ടിക്കൽ പരീക്ഷകളും ഉണ്ടാകും. ഇന്നത്തെ സാഹചര്യത്തിൽ സാമാന്യ ബുദ്ധിയുള്ള കുട്ടികൾക്ക് അൽപം ആഗ്രഹമുണ്ടെങ്കിൽ അവ പാസാവുക എന്നത് തീരെ ബുദ്ധിമുട്ടുള്ള കാര്യമല്ല, പ്രത്യേകിച്ച് ആവശ്യത്തിന് അദ്ധ്യാപകർ ആ കോളേജിൽ ഉണ്ടെങ്കിൽ. അപ്പോൾ ആ കുട്ടികൾ ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലെ താത്പര്യമുള്ള ഡിപ്പാർട്മെന്റിലെ എല്ലാ സെമെസ്റ്ററിലെയും കഴിഞ്ഞ രണ്ട് വർഷത്തെ റിസൽറ്റ് ചോദിച്ചറിയുക.

ചുരുങ്ങിയത് 50% പേരെങ്കിലും എല്ലാ വിഷയങ്ങൾക്കും പാസ്സായിട്ടുണ്ടെങ്കിൽ മാത്രം ആ കോളേജ് തെരഞ്ഞെടുക്കുക. ആ ഡിപ്പാർട്ട്മെന്റിലെ കുറച്ച് കുട്ടികളെ വ്യക്തിപരമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുക. കോളേജധികൃതർ തരുന്ന വിവരങ്ങൾ അവർക്ക് നല്ലതായി തോന്നുന്നവ മാത്രമായായിരിക്കും. മോശമായ കാര്യങ്ങൾ അവർ മറച്ച് പിടിക്കും. അത് അവിടെ ചേരുന്നതിന് ശേഷമേ കുട്ടികൾക്കും മാതാപിതാക്കൾക്കും മനസ്സിലാവുകയൊള്ളു.അടുത്തതായി ഏറ്റവും പ്രധാനപ്പെട്ട കാര്യം, പ്ലേസ്മെന്റ് ആണ്. കോളേജിൽ നിന്നും പ്രത്യേകിച്ച് കുട്ടികൾ ചേരാൻ ഉദ്ദേശിക്കുന്ന ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ മൂന്ന് വർഷമായി എത്ര കുട്ടികൾ ജോലി കിട്ടിപ്പോകുന്നുണ്ട്? അത് എത്ര ഉയർന്ന് നിൽക്കുന്നോ അത്രയും നല്ലത്. ഇക്കാര്യം കോളേജിൽ നിന്നും ഒരു വിവരം കിട്ടും. പക്ഷെ അത് പൂർണ്ണമായും ഉൾക്കൊള്ളേണ്ട, കാരണം ആ കണക്കുകൾ കോളേജ് പരസ്യത്തിനായി ഉപയോഗിക്കുന്ന എണ്ണമായിരിക്കും. കുറച്ചുകൂടെ കൃത്യമായി അറിയാൻ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾ ആയി ആ കോളേജിലെ ചേരാനുദ്ദേശിക്കുന്ന ഡിപ്പാർമെന്റിലെ പാസ്സായി പോയ വിദ്യാർത്ഥികളുടെ ബന്ധപ്പെടാൻ പറ്റുന്ന നമ്പർ കോളേജിൽ നിന്നും ശേഖരിക്കുക. അവരിൽ നിന്നും അവരുടെ കൂട്ടുകാരുടെ നമ്പറും ശേഖരിക്കുക. എന്നിട്ട് അവരെ വിളിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. അതായിരിക്കും കൂടിതൽ വിശ്വനീയം. എന്തായാലും ഒരു 50% പേരെങ്കിലും ആ ഡിപ്പാർട്മെന്റിൽ നിന്നും ജോലിക്കെടുത്തിട്ടുണ്ടെങ്കിൽ മാത്രം ആ കോളേജിനെ ചേരാൻ ഉദ്ദേശിക്കുന്ന കോളേജായി പരിഗണിക്കുക.

ഇനി പരിശോധിക്കേണ്ടത് കോളേജിലെ സൗകര്യങ്ങൾ ആണ്. കോളേജിലെ ലാബുകൾ എത്ര മെച്ചപ്പെട്ടതാണ് എന്ന് സാധാരണക്കാരായ കുട്ടികൾക്കോ അവരുടെ മാതാപിതാക്കൾക്കോ പരിശോധിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. എങ്കിലും അവയെല്ലാം ഒന്ന് ചെന്ന് കാണുന്നത് അവയുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് വിലയിരുത്തുവാൻ സഹായിക്കും. പിന്നീട് ഹോസ്റ്റൽ അല്ലെങ്കിൽ ബസ് സൗകര്യം തുടങ്ങിയവ തൃപ്തികരമാണോ എന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടുക. ഇത്രയും ഒക്കെ ഉണ്ടെങ്കിൽ കുട്ടികൾക്ക് കളിക്കാനും സ്പോർട്സിനും മറ്റ് കലാപരിപാടികൾക്കും എത്ര സൗകര്യം ഉണ്ട് എന്നന്വേഷിക്കാം.ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കണം. നേരിട്ട് കണ്ട് മുറികൾക്ക് സാമാന്യം സൗകര്യങ്ങൾ ഉണ്ടോ, ഭക്ഷണം, വസ്ത്രം കഴുകാൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുക. ഇതിനേക്കാൾ പ്രധാനം അവിടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്ന ഒരു വാർഡൻ ഉണ്ടോ? അത് ഒരദ്ധ്യാപകൻ തന്നെയാണോ? അവിടെ മയക്ക് മരുന്നുകൾ വ്യാപനം നടക്കാൻ സാധ്യതയുള്ള സ്ഥലമാണോ എന്നെല്ലാം കൃത്യമായി അന്വേഷിച്ചുറപ്പ് വരുത്തുക. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആണ് ഹോസ്റ്റൽ എങ്കിൽ അവിടെ അനധികൃതമായി മയക്ക് മരുന്ന് വ്യാപനം ഉണ്ടാകാൻ സാധ്യത കൂടും. മാതാപിതാക്കൾ ഇത് ഒരു നിസ്സാര കാര്യമായി കരുതാതെ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഒരിക്കൽ മയക്ക് മരുന്നിന് അടിപ്പെട്ടാൽ പിന്നെ തിരികെ പൂർണ്ണമായി ലഭിക്കുക ഏതാണ്ട് അസാധ്യമാണ്.

പ്ലസ് റ്റു കഴിഞ്ഞ കുട്ടികൾക്ക് ഒരു കോളേജ് നല്ലതാണോ എന്ന് തീരുമാനിക്കുന്നത് മിക്കപ്പോഴും കൂട്ടുകാർ പറയുന്ന “അടിപൊളി” പരിപാടികളായ ആർട്സ് ഫെസ്റ്റ്, ടെക് ഫെസ്റ്റ്, ടൂർ പ്രോഗ്രാം എന്നിവയെ മാനദണ്ഡം മാക്കി ആയിരിക്കും. അതെല്ലാം പ്രധാന മാനദണ്ഡം അല്ല, മറിച്ച് ഒരു ചെറിയ ഘടകമായി കണ്ടാൽ മാത്രം മതി.കുട്ടികളുടെ മാതാപിതാക്കളുടെ മറ്റൊരു വേവലാതി ആയിരിക്കും അവരുടെ ഫീസ്. സമാനമായ കോഴ്‌സുകൾക്ക് സമീപത്തെ രണ്ടോ മൂന്നോ കോളേജുകളിലെ ഫീസ് ഘടനയും ഇക്കൂട്ടത്തിൽ ഒന്ന് താരതമ്യം ചെയ്യുന്നത് സാമ്പത്തികമായി മാതാപിതാക്കൾക്ക് ഗുണം ചെയ്യും.കോളേജുകൾ പരസ്യമായി ഉപയോഗിക്കുന്നത് അവർ നടത്തുന്ന കോൺഫെറെൻസ്‌, സെമിനാർ, അദ്ധ്യാപകരുടെ ട്രെയിനിങ് പ്രോഗ്രാം പോലുള്ള പ്രോഗ്രാമുകൾ ഉപയോഗിച്ചായിരിക്കും. അതിനായി അവിടെ കൊണ്ട് വരുന്ന വലിയ വ്യക്തികൾ ആരാണ് എന്നൊക്കെ പരസ്യത്തിൻറെ മറ്റൊരു വഴിയാണ്. ഇതെല്ലാം പഴയ കാലത്ത് അക്കാദമിക ലോകത്തെ പുതിയ വിവരങ്ങൾ മറ്റുള്ളവരിലേക്ക് പകർത്തുന്നതിനായി ഉപയോഗിച്ച്ചിരുന്ന വിവിധ വഴികളാണ്. ഇന്ന് ഇന്റർനെറ്റിന്റെ വരവോടെ വിവരശേഖരം വിരൽത്തുമ്പിലായതോടെ ഇപ്പറഞ്ഞ വേദികൾക്ക് പ്രസക്തിയില്ലാതായി.

നമുക്ക് താത്പര്യമുള്ള എന്ത് വിഷയയത്തിന്റെയും ഏറ്റവും പുതിയ അറിവ് ഇൻറർനെറ്റിൽ ലഭ്യമാണ്. അതുകൊണ്ട് ഇക്കാലത്ത് കോളേജുകൾ നടത്തുന്ന വലിയ കോൺഫെറെൻസ് സെമിനാർ പോലുള്ള കാര്യങ്ങൾ പ്രായോഗികമായി പ്രയോജനം ഇല്ലാത്തവയായി. ഇന്ന് എല്ലാ കോളേജുകളും അവ നടത്തുന്നുണ്ട്, അത്തരം പ്രോഗ്രാം നടത്തിയത് ഒരു കോളേജ് തെരഞ്ഞെടുക്കുന്നതിന് കാരണമായി കണക്കാക്കേണ്ട കാര്യമില്ല. അതുമല്ലെങ്കിൽ വലിയ പ്രമുഖരെ കൊണ്ടുവന്ന് എന്തെങ്കിലും നിസ്സാരമായ പൊതുപ്രവർത്തങ്ങളുടെ ഉത്ഘടനം നടത്തും അതും മുഖവെലക്ക് എടുക്കേണ്ട, കാരണം അവരല്ല കോളേജിന്റെ നിലവാരം ഉണ്ടാക്കുന്നത്. ഉദാഹരണത്തിനായി പൊതുസ്ഥല ശുചീകരണം, പരിസ്ഥിതിസംരക്ഷണം, മയക്ക് മരന്നിനെതിരെ പ്രചാരണം, വൃക്ഷത്തൈ നടൽ തുടങ്ങിയ പോലുള്ള കാര്യങ്ങൾ, അവ സ്ഥാപനത്തിൽ നല്ല രീതിയിൽ അക്കാദമിക കാര്യങ്ങൾ നടക്കുമ്പോൾ കൂടെ ചെയ്യേണ്ടുന്ന കാര്യങ്ങളാണ് അല്ലാതെ അതിന് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. മിക്കപ്പോഴും ഇതെല്ലം ഒരു പരസ്യത്തിനായി ഉപയോഗിക്കുന്ന ഒരു പ്രവൃത്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഇത്തരം കാര്യങ്ങളിൽ Accreditation നൽകുന്ന ഏജൻസികളാണ് ISO/NAAC/NBA… തുടങ്ങിയവ.

അവയെ ഒരു പരിധി വരെ വിശ്വസിക്കാം. അവർ നൽകുന്ന certification, സൂഷ്‌മ പരിശോധന നടത്തിയതിന് ശേഷമാണ്. പക്ഷെ അവർ പരിശോധനക്ക് വരുമ്പോൾ തത്കാലത്തേക്ക് മാത്രം അദ്ധ്യാപകരെയും അനുബന്ധ സൗകര്യങ്ങളും എവിടെനിന്നെങ്കിലും കൊണ്ടുവന്ന് എണ്ണവും സൗകര്യങ്ങളും കാണിച്ച്, പരിശോധന കഴിയുമ്പോൾ അതെല്ലാം മടക്കി അയക്കുന്ന രീതിയും പലയിടത്തും കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് കോളേജുകളിൽ പറയുന്ന അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും നേരിട്ട് ബന്ധപ്പെട്ട് സ്ഥിതി വിവരം അന്വേഷിച്ചിട്ട് വേണം തീരുമാനങ്ങൾ എടുക്കുവാൻ.ഇപ്പറയുന്നതെല്ലാം പ്രശസ്‌തമായ നല്ല രീതിയിൽ പോകുന്ന കോളേജുകളെക്കുറിച്ചല്ല. നേരെമറിച്ച് അതിൽ താഴെ വരുന്ന കോളേജുകളെക്കുറിച്ചാണ്. അതായത് കുട്ടികളെ ‘ക്യാൻവാസ്’ ചെയ്യാനായി ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ, ആ കോളേജുകളിലെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു കോളേജ് കുട്ടികൾക്ക് ബിരുദ പഠനത്തിന് ഉതകുന്നതാണോ എന്നറിയാൻ മേൽപ്പറഞ്ഞ അദ്ധ്യാപകരുടെ എണ്ണം, അവരുടെ ഗുണനിലവാരം, വിദ്യാർത്ഥികളുടെ എണ്ണം, അവർക്ക് കിട്ടുന്ന ജോലി മുതലായവയാണ് പ്രാഥമികമായി അന്വേഷിക്കേണ്ടത്. അതും കുട്ടികളുടെ മാതാപിതാക്കൾ നേരിട്ടന്വേഷിച്ചിട്ട് മാത്രം കുട്ടികളെ ആ സ്ഥാപനങ്ങളിലേക്ക് അയക്കുക.

ഇത് കൂടാതെ കുറച്ച് വർഷങ്ങളായി വിദേശരാജ്യങ്ങളിൽ ബിരുദ പഠനത്തിനായി കുട്ടികൾ പോകുന്ന പ്രവണത ഏറി വരുന്നുണ്ട്. IELTS, OET മുതലായ ടെസ്റ്റുകൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളുടെ എണ്ണം എല്ലാ കൊച്ചു പട്ടണങ്ങളിലും വർദ്ധിച്ച് വരുന്നുണ്ട്. വിദേശ യൂണിവേഴ്സിറ്റികളിലെ നിലവാരം എന്തെന്ന് നേരിട്ടന്വേഷിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവിടെ പഠിച്ചിറങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ശേഖരിച്ച് അവിടുത്തെ സത്യാവസ്ഥ എന്താണ് എന്ന് ഉറപ്പ് വരുത്തിയിട്ട് പോകുന്നതായിരിക്കും അഭികാമ്യം.വിദേശ രാജ്യങ്ങളിൽ അവസരം കിട്ടിയാൽ കുട്ടികൾ അവിടെ പഠിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി നല്ല യോജിപ്പാണ്. പുറം ലോകത്തെ വിവിധ ആളുകളുമായി ഇടപെടാനും, അവരുടെ സാമൂഹിക സംസ്‌കാരവും തൊഴിൽ സംസ്‌കാരവും അനുഭവിച്ചറിയുന്നത് നല്ല കാര്യമാണ്. നിയമാനുസൃതമായ എന്ത് ജോലിയും ചെയ്യന്നത് മോശമല്ല എന്ന തിരിച്ചറിവ് ഉണ്ടാകുവാൻ അത്തരം പഠനങ്ങൾ വളരെ സഹായിക്കും. പഠിക്കുന്ന സമയത്ത് തന്നെ പാർട്ട് ടൈം ജോലി ചെയ്യുക, സൂപ്പർ മാർക്കറ്റിൽ സെയിൽസ്, ഹോട്ടലിൽ സപ്ലയർ തൊട്ട് തറ വൃത്തിയാക്കുന്നതുവരെയുള്ള ജോലികൾ ദുരഭിമാനം വെടിഞ്ഞ് സാമ്പത്തികമായും ജാതിപരമായും ഉന്നതരെന്ന് ഇവിടെ കരുതുന്ന കുടുംബങ്ങളിലെ കുട്ടികൾ അവിടെ ചെയ്യുന്നതായിട്ടറിയാം. ആ സംസ്‌കാരം ഇവിടെയും വരണം, കുട്ടികൾ ജോലി ചെയ്‌ത്‌ സ്വയം പണം സമ്പാദിച്ച് വേണം ഉപരി പഠനത്തിന് അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ എന്ന് തന്നെയാണ് എൻറെ അഭിപ്രായം. ജോലിതേടി വേറെ ദേശങ്ങളിലേക്ക് പോകുക എന്നത് ഏതാണ്ട് എഴുപതിയായിരം കൊല്ലം മുമ്പ് നമ്മുടെ പൂർവികർ ആഫ്രിക്കയിലെ പുൽമേടുകളിൽ നിന്ന് പുതിയ മേച്ചിൽ സ്ഥലം നോക്കി ലോകം എമ്പാടും പോയതിൻറെ ഒരു തുടർച്ച മാത്രമാണ്.

അതാണ് പ്രകൃതി നിയമം. അത് ഇവിടുത്തെ വ്യവസ്ഥിതിയുടെ പ്രശ്‌നമായി കണക്കാക്കേണ്ട കാര്യമില്ല.മേൽപ്പറഞ്ഞതെല്ലാം ഒരു സ്ഥാപനമോ അല്ലെങ്കിൽ ഡിപ്പാർട്മെന്റോ ‘ചുരുങ്ങിയ’ നിലവാരം പുലർത്തുന്നുണ്ടോ എന്നറിയാനുള്ള കുറച്ച് ചെറിയ നിർദ്ദേശങ്ങൾ ആണ്. അവ കൊള്ളാമെന്ന് തോന്നിയാൽ ‘ക്യാൻവാസ്’ ചെയ്യാൻ വരുന്നവരോട് കുട്ടികൾക്കും മാതാപിതാക്കൾക്കും ചോദിക്കാൻ നല്ല ഒരു ചോദ്യമാണ് സമീപ പ്രദേശത്തെ സമാനമായസ്ഥാപനങ്ങളിൽ നിന്നും ‘കൂടുതൽ മെച്ചപ്പെട്ട എന്ത് സേവനം’ ആണ് ഈ സ്ഥാപനത്തിൽ തങ്ങൾക്ക് ലഭിക്കുക? അതിന് വസ്‌തുതാപരമായി വിശ്വസിനീയമായി ഉത്തരം നൽകുന്ന സ്‌ഥാപനങ്ങളിൽ നിന്നും ഏറ്റവും നല്ല ഡിപ്പാർട്മെൻറ് പഠനത്തിനായി തെരഞ്ഞെടുക്കുക. ഒരു കാരണവശാലും പരസ്യങ്ങളിൽ വീഴാതിരിക്കുക.വിദ്യാഭ്യാസം എന്നത് തൊഴിൽ നേടാൻ മാത്രമല്ല, അത് ഒരാളുടെ സാമൂഹികവും സാംസ്‌കാരികവും ആയ വ്യക്തിത്വ വികസനത്തിൻറെ അടിത്തറയാണ്, അത് ഒരായുസ്സിലേക്കാണ്. കേവലം പരസ്യങ്ങളിൽ മാത്രം വിശ്വസിച്ച് പരീക്ഷിക്കാതെ, അത് വസ്തുനിഷ്ഠമായി അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം എവിടെ പഠിക്കണം എന്ന് വിദ്യാർത്ഥികളും അതോടൊപ്പം തന്നെ മാതാപിതാക്കളും മനസ്സിലാക്കി ഏത് കോളേജിൽ ചേരണം എന്ന് തീരുമാനിക്കുക.ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.
ഉന്നതവിദ്യാഭ്യാസത്തിനായി അല്ലെങ്കിൽ ഉപരി പഠനത്തിനായി പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും Risk Free ആശംസകളോടെ