രണ്ടാഴ്ചയിൽ എനിക്ക് അറിയുന്ന വീടുകളിൽ ഉണ്ടായ രണ്ട് സംഭവ൦ ഒന്ന് എട്ടാം ക്ലാസുകാരിക്ക് 24 വയസ്സുള്ള ഓൺലൈൻ കാമുകൻ അവൻ തേയ്ക്കത്തില്ല അമ്മേ എനിക്കുറപ്പാണ് എന്ന് കുട്ടി

EDITOR

രണ്ടാഴ്ചക്കുള്ളിൽ എനിക്ക് നേരിട്ടറിയാവുന്ന വീടുകളിൽ ഉണ്ടായ രണ്ട് സംഭവങ്ങൾ പറയാം.1. ആറാം ക്ലാസുകാരി മൊബൈൽ കൊടുക്കാത്തതിന് അമ്മയ്ക്കു നേരെ കത്തിയെടുത്തു.2. എട്ടാം ക്ലാസുകാരിക്ക് 24 വയസ്സുള്ള ഓൺലൈൻ കാമുകൻ. “അവൻ എന്നെ തേയ്ക്കത്തില്ല അമ്മേ, എനിക്കുറപ്പാണ്” എന്ന് വലിയ വായിൽ ഉദ്ഘോഷിക്കുന്ന സാമർത്ഥ്യം.ഓൺലൈൻ സൗഹൃദങ്ങളിലെ അപകടങ്ങൾ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ സൈബർ സെല്ലിലെ സുഹൃത്തിനെ ഏർപ്പാടാക്കുന്നു. പോലീസാന്റിയെ കണ്ടതും കുട്ടി അപകടം മണത്തു. സന്ധ്യാനേരത്ത് തീരെ പ്രതീക്ഷിക്കാതെ അവൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി. ആകെ സീനായി
ഓൺലൈൻ ക്ലാസുകൾ 2020-ലാണ് വ്യാപകമാകുന്നത്. അതിന് മുൻപ് അച്ഛൻ്റേയോ അമ്മയുടെയോ മൊബൈലിൽ അരമണിക്കൂർ ഗെയിം കളിച്ചിരുന്ന നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന പല കുട്ടികൾക്കും ഇന്ന് സ്വന്തമായി ഫോൺ ഉണ്ട്. സ്വന്തമായി.

ഇതിൻ്റെ നേർഫലമായി ഒട്ടുമിക്ക കുട്ടികളുടെയും വികാരവിചാര ശാരീരിക മാനസിക സാമൂഹിക മാനുഷിക വീക്ഷണകോണുകളിൽ ഒരു സ്ഫോടനാത്മകത ഉണ്ടായി.പെട്ടെന്നൊരു ദിവസം മൊബൈൽ ഫോൺ തിരികെ വാങ്ങിയാൽ അത് വലിയ പൊട്ടിത്തെറിയിലേക്ക് വഴിവെയ്ക്കും. വിഷാദം, അക്രബോത്സുകത തുടങ്ങിയ അവസ്ഥകൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാവാം അത്.
80 ശതമാനത്തിലധികം സ്കൂൾ കുട്ടികളും അണ്ടർ വേൾഡിനേക്കാൾ അപകടകരമായ സൈബർ വേൾഡിലെ നിലയില്ലാക്കയങ്ങളിൽ നീന്തിത്തുടിക്കുന്നവരാണ്. ഇവർക്ക് മുതിർന്നവരെക്കാൾ നന്നായി നീന്താനറിയാം. പക്ഷേ അതുകൊണ്ട് മാത്രം അവർ സുരക്ഷിതരാവുന്നില്ല.കുട്ടികളെ ഇനി പൂർണ്ണമായും ഫോണിൽ നിന്ന് അകറ്റാൻ സാധിക്കുകയില്ല എന്നതാണ് സത്യം. പക്ഷേ ബെല്ലും ബ്രേക്കുമില്ലാത്ത ഇന്നത്തെ അവസ്ഥ മാറണം.അതിന് കെമിസ്ട്രിക്കും ഇംഗ്ലീഷിനും മാത്ത്സിനും മുൻപായി സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടവയാണ്-How children should keep themselves safe on cyber world. Responsible using of mobile phones.സ്കൂളുകളിലെ Counselling പോലുള്ള പ്രോഗ്രാമുകളിൽ മൊബൈൽ ഫോൺ വിഷയം ഉൾപ്പെട്ട് വരുന്നുണ്ട്. എന്നാൽ ഇതിന് ഏറ്റവും മുന്തിയ പരിഗണന നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ചുവരുണ്ടെങ്കിലെ ചിത്രമെഴുതാൻ സാധിക്കൂ.

മൊബൈൽ ഫോണിന് അടിമകളാകുന്ന കുട്ടികളെ അതിൽ നിന്നും രക്ഷിക്കാനായി സർക്കാർ ആസൂത്രണം ചെയ്ത ഡി ഡാഡ് പദ്ധതി അൽപം വൈകിയാണ് നടപ്പാക്കാനൊരുങ്ങുന്നതെങ്കിലും, സന്ദർഭോചിതമാണ്. പഠനവൈകല്യങ്ങളും പെരുമാറ്റ വൈകല്യങ്ങളുമുണ്ടാക്കുന്ന മൊബൈൽ ഫോൺ അടിമത്തത്തിൽ നിന്നും വിദ്യാർത്ഥി സമൂഹത്തെ മോചിപ്പിച്ചെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് പോലീസിനുള്ളത്.കേരള പോലീസിന്റെ നേതൃത്വത്തിൽ ആറ് കമ്മീഷണറേറ്റുകൾക്ക് കീഴിലാണ് ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രമായ ഡി ഡാഡ് നടപ്പിലാക്കുന്നത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും വർധിച്ചുവരുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.മനഃശാസ്ത്ര വിദഗ്ദരുടെ മേൽനോട്ടത്തിലാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുക. നവജാത ശിശുക്കൾക്ക് ചുണ്ടിൽ തേനും വയമ്പും ചാലിച്ച് കൊടുക്കുന്നതിന് പകരം മൊബൈൽ ഫോൺ നൽകുന്ന കെട്ട കാലത്തിലേക്കാണ് കേരളം പോയ്ക്കൊണ്ടിരിക്കുന്നത്. പിച്ചവെക്കാൻ തുടങ്ങുന്ന കുഞ്ഞിന്റെ കൈയിൽ കളിപ്പാട്ടത്തിന് പകരം മൊബൈൽ ഫോൺ നൽകുന്ന രക്ഷിതാക്കളുള്ള നാട്ടിൽ നന്നേ ചെറുപ്പത്തിൽത്തന്നെ കുട്ടികൾ മൊബൈൽഫോണുകളുടെ അടിമകളാകുന്നതും സ്വാഭാവികം.

പഠനം ക്ലാസ് മുറികളിൽ നിന്നും ഓൺലൈനിലായതോടെ സംസ്ഥാനത്ത് കൂടുതൽ കുട്ടികളുടെ കൈകളിലാണ് മൊബൈൽ ഫോണുകൾ എത്തിച്ചേർന്നത്. വിജ്ഞാനത്തോടൊപ്പം കളികളും കൗതുകങ്ങളും സമ്മാനിക്കുന്ന മൊബൈൽ ഫോണുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന കൗമാരപ്രായക്കാർ പടിപടിയായി മൊബൈൽ ഫോണുകളുടെ അടിമകളായിത്തീരുകയാണുണ്ടായത്. കോവിഡ് അടച്ചിടലിന് ശേഷം സ്കൂളുകൾ പഴയപടി തുറന്നതോടെയാണ് വിദ്യാർത്ഥികൾ അൽപ്പമെങ്കിലും മൊബൈൽ ഫോൺ അടിമത്തത്തിൽ നിന്ന് മോചിതരായത്.മൊബൈൽ ഫോൺ ഗെയിമുകൾക്ക് അടിമകളായ വിദ്യാർത്ഥികളിൽ അക്രമവാസന വർദ്ധിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. ഓൺലൈനിലെ അക്രമണോത്സുകമായ കളികൾ കുട്ടികളുടെ ജീവനെടുക്കുന്ന സാഹചര്യം വരെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അമിതമായ കോപം, വിഷാദരോഗം, പഠനത്തിൽ താൽപ്പര്യമില്ലായ്മ എന്നിവയാണ് മൊബൈൽ ഫോൺ അടിമത്തത്തിന്റെ ഉപോത്പന്നങ്ങൾ. ഇവയ്ക്കെല്ലാം പരിഹാര മാർഗ്ഗമാണ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ.

ഭസ്മാസുരന്റെ വരം പോലെയാണ് മൊബൈൽ ഫോണുകൾ കുട്ടികളുടെ കൈകളിലെത്തിച്ചേർന്നത്. വരം കൊടുത്തവനെത്തന്നെ ഭസ്മീകരിക്കുന്ന വിധത്തിൽ മൊബൈൽ ഫോൺ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്ന ഉപകരണമായിത്തീർന്നിട്ട് നാളുകളേറെയായി. രക്ഷിതാക്കൾ മക്കളെ ഉപദേശിക്കാൻ പോലും ഭയക്കുന്ന മൊബൈൽ ഫോൺ അഡിക്ഷനിൽ നിന്നുംഅവരെ മോചിപ്പിക്കുകയെന്നത് ഭഗീരഥ യത്നം തന്നയെണ്.കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഉത്തരവാദികൾ രക്ഷിതാക്കൾ തന്നെയാണ്. പഠനാവശ്യങ്ങൾക്കായി നൽകുന്ന മൊബൈൽ ഫോണുകൾ മക്കൾ ഏതുവിധത്തിൽ പ്രയോജനപ്പെടുന്നുവെന്ന് നിരീക്ഷിക്കാൻ രക്ഷിതാക്കൾ മറന്നുപോയെന്നതാണ് യാഥാർത്ഥ്യം. കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്ക്കരിച്ച ഡി ഡാഡ് പദ്ധതിയുമായി രക്ഷിതാക്കൾ സഹകരിക്കുകയെന്നത് മാ്ത്രമാണ് ഇനി കരണീയം.