മാധവേട്ടന് വാസ്തുവിൽ വിശ്വാസം ഇല്ലെങ്കിലും ഭാര്യ പറഞ്ഞത് കേട്ട് വാസ്തു നോക്കി വീട് വെച്ചു പക്ഷെ ജീവിതത്തിൽ സംഭവിച്ചത്

EDITOR

നാട്ടിൽ പ്ലാൻ വരപ്പും സൂപ്പർവിഷനും ഒക്കെയായി ചുറ്റിത്തിരിയുന്ന കാലത്താണ് ഒരു ദിവസം ഒരു പ്ലാൻ വരക്കാനായി മാധവേട്ടൻ എന്നെ അന്വേഷിച്ചു വരുന്നത്.മാധവേട്ടൻ ആള് പുലിയാണ്, പുലിയെന്നാൽ പുപ്പുലി.പുള്ളി ആളൊരു ശാസ്ത്രജ്ഞനാണ്. ശാസ്ത്രജ്ഞൻ എന്നാൽ ചില്ലറ ശാസ്‌ത്രജ്ഞനല്ല. ആണവ ശാസ്ത്രജ്ഞൻ. ഇപ്പൊ റിട്ടയറായി നാട്ടിൽ വന്നതാണ്, ഒരു വീട് പണിയണം, ഇനിയുള്ളകാലം സ്വസ്ഥമായി ജീവിക്കണം.കാര്യം ആറ്റം ബ് വരെ ഉണ്ടാക്കാൻ അറിയുമെങ്കിലും മുൻപൊരിക്കൽ സ്വന്തം വീട് നിർമ്മിക്കുന്ന കാര്യത്തിൽ പുള്ളിക്കൊരു പറ്റുപറ്റി.സംഭവം നടക്കുന്നത് ഇങ്ങു കേരളത്തിലില്ല, ബാബാ ആറ്റോ  മിക്ക് റിസർച് സെന്റർ സ്ഥിതിചെയ്യുന്ന ട്രോംബെയിലാണ്.ജോലിയുടെ ഭാഗമായി ഏറെക്കാലം ട്രോംബെയിൽ താമസിക്കണം എന്നുള്ളതുകൊണ്ട് പുള്ളി അവിടെ ഒരു വീടുവെക്കാൻ തീരുമാനിച്ചു.വിചാരിച്ചു തീർന്നതും ദാ വരുന്നു അടുത്ത പണി.പണി വന്നത് പാക്കി സ്ഥാന്റെ ഭാഗത്തുനിന്നല്ല, ഭാര്യവീട്ടുകാരുടെ ഭാഗത്തുനിന്നാണ്.വാസ്തു നോക്കണം.കാര്യം മാധവേട്ടന് വാസ്തുവിൽ ഒന്നും വിശ്വാസം ഇല്ലെങ്കിലും ഭാര്യ പറഞ്ഞത് കേൾക്കാം എന്ന് വിചാരിച്ചു.

അല്ലെങ്കിലും ആണവോർജ്ജം സമാധാനപരമായ കാര്യങ്ങൾക്കു വിനിയോഗിക്കുക എന്നതാണ് അന്നും ഇന്നും ഇന്ത്യയുടെയും, മാധവേട്ടന്റെയും പോളിസി.അങ്ങനെ ഭാര്യവീട്ടിനടുത്തുതന്നെയുള്ള ഒരു വാസ്തുവിദ്യക്കാരനെയും കൂട്ടി അദ്ദേഹത്തിൻറെ അമ്മായിയപ്പൻ ട്രോംബേക്കു വണ്ടി കയറി, വീടിനു സ്ഥാനം കണ്ടു, കുറ്റിയടിച്ചു, തിരിച്ചു പോന്നു.ഇതാണ് കഥയുടെ ഒന്നാം പാർട്ട്.ആറ്റം ബോം  ബിന്റെ നിർമ്മാണമൊക്കെ അവസാനിപ്പിച്ചു റിട്ടയറായി മാധവേട്ടൻ നാട്ടിൽ പോരാൻ നേരത്താണ് കഥയിലെ വില്ലൻ രംഗപ്രവേശം ചെയ്യുന്നത് വാസ്തു നല്ല ഒന്നാം തരാം ലൊക്കേഷൻ ആണെങ്കിലും മാധവേട്ടന്റെ വീട് വാങ്ങാൻ ആ നാട്ടിൽ ആളില്ല.കാരണം വീടിന്റെ വാസ്തു ശരിയല്ല, പ്രത്യേകിച്ച് വടക്കു കിഴക്കേ മൂലയിൽ ഉള്ള അടുക്കളയുടെ സ്ഥാനം.കാരണമുണ്ട്.കേരളം ഒഴിച്ച് നിർത്തിയാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അടുക്കളയുടെ സ്ഥാനം വീടിന്റെ തെക്കുകിഴക്കേ കോർണറിൽ, അഗ്നികോണിൽ ആണ്.കേരളത്തിൽ മാത്രം വടക്കുകിഴക്കേ മൂലയിലാണ്.വാസ്തുവിന്റെ പ്രാമാണിക ഗ്രന്ഥങ്ങളും സപ്പോർട്ട് ചെയ്യുന്നത് അഗ്നികോണിനെ ആണ്.അതായത് വാസ്തുശാസ്ത്രപ്രകാരം മലയാളിയുടെ അടുക്കള സ്ഥാനം തെറ്റാണ് എന്നർത്ഥം. ഇത് മനസ്സിലാക്കി ചിലരെങ്കിലും ഇപ്പോൾ അടുക്കളക്ക് വേറെ ലൊക്കേഷനുകൾ സ്വീകരിക്കുന്നുണ്ട്.

നമ്മുടെ വാസ്തുവിദ്യക്കാരൻ അങ്ങ് ട്രോംബെയിൽ പോയി കേരളീയ രീതിയിൽ അടുക്കള സെറ്റു ചെയ്തതാണ് മാധവേട്ടന് പണിയായത്. ഒടുവിൽ വാസ്തുദോഷമുള്ള വീട് കിട്ടിയ വിലക്ക് വിറ്റു മാധവേട്ടൻ തടിയൂരി.അടുക്കളയുടെ സ്ഥാനം സംബന്ധിക്കുന്ന ഇക്കാര്യം പറയാൻ ഒരു കാരണമുണ്ട്.രണ്ടു കൊല്ലം മുൻപ് നാട്ടിൽ ചെന്ന് സിറ്റൗട്ടിൽ അച്ഛനുമൊത്തു നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് തൃശൂരിൽ നിന്നുള്ള കോളേജ് അധ്യാപകരായ രണ്ടു ദമ്പതികൾ എന്നെ കാണാൻ വരുന്നത്. കൂടെ ഒരു വസ്തുവിദ്യക്കാരനും ഉണ്ട്.അവരുടെ പ്രശ്നവും മാധവേട്ടന്റെ പ്രശ്നവും ഒന്നാണ്.അടുക്കളയുടെ സ്ഥാനം.ഇവർക്ക് വേണ്ടി നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിന്റെ മുഖം കിഴക്കോട്ടാണ്. ആ നിലക്ക് അടുക്കള വടക്കുകിഴക്കോ, തെക്കുകിഴക്കോ വേണം എന്നാണു വാസ്തുക്കാരന്റെ വാദം.രണ്ടായാലും വീടിന്റെ മുൻവശത്തായിരിക്കും അടുക്കള.എന്നാൽ ടീച്ചർക്കും മാഷക്കും ഈ പരിപാടിയിൽ അത്ര താൽപ്പര്യമില്ല, അടുക്കളയും വർക്ക്‌ ഏരിയ യും ഒക്കെക്കൂടി വീടിന്റെ മുൻവശത്ത് ശരിയാവില്ലെന്നാണ് അവരുടെ പക്ഷം. എനിക്കും അവരോട് യോജിപ്പാണ്.എന്നാൽ വാസ്തുവിദ്യക്കാരൻ അയയുന്ന മട്ടില്ല. പുള്ളി “കലണ്ടർ മനോരമ തന്നെ” എന്ന മട്ടിൽ ഉറച്ചു നിൽക്കുകയാണ്.

ഇവിടെ നമുക്ക് വാസ്തു വിടാം, പ്രായോഗികതയിലേക്കു വരാം.വീടിന്റെ മുൻ വശത്തായി അടുക്കള സംവിധാനം ചെയ്യുമ്പോൾ സത്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്.നമ്മുടെ സാഹചര്യം അനുസരിച്ചു ഏതൊരു വീടിന്റെയും സിറ്റൗട്ടും ഡ്രോയിങ് റൂമും തീർച്ചയായും മുൻവശത്തായിരിക്കും.ഇതേ മുൻ വശത്തേക്ക് തന്നെ അടുക്കള വരുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ട്.മണം.അത്യാവശ്യം വറുക്കുകയും, പൊരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ അടുക്കളകളിൽ നിന്നും ഉള്ള മണം എളുപ്പത്തിൽ തൊട്ടടുത്തുള്ള ഡ്രോയിങ് റൂമിലെത്തും.ആ പോയിന്റിൽ വാസ്തുവിദ്യക്കാരൻ ഔട്ട്. എന്തുവന്നാലും അടുക്കള മുൻ വശത്തുനിന്നും മാറ്റണമെന്ന് ടീച്ചർ കട്ടായം.
എന്തായാലും ചർച്ച അവിടെയെത്തിയപ്പോൾ അച്ഛൻ ചെറിയൊരു ചിരിയും ചിരിച്ചു പതിയെ അകത്തേക്ക് പോയി.ആ ചിരിയുടെ ഗുട്ടൻസ് പിടികിട്ടിയില്ലെങ്കിലും ഞാൻ എന്റെ വിശകലനം തുടർന്നു.മുൻ വശത്ത് അടുക്കളയും ഡ്രോയിങ് റൂമും അടുത്തടുത്തു വരുമ്പോൾ വേറെയും പ്രശ്നം ഉണ്ട്.അടുക്കളയിലെ മിക്സി.അബുധാബിയിൽ എന്റെ ഫ്‌ളാറ്റിലെ ടീവിയിൽ മനോരമ ടീവിയിലെ ഷാനിയോ , ഏഷ്യാനെറ്റിലെ വിനുവോ വാർത്ത വായിക്കാനായി വാ തുറക്കുന്ന നിമിഷം അടുക്കളയിലെ മിക്സി ഓണാവും.

പിന്നെ നിവിൻ പോളി പറഞ്ഞപോലെ ചുറ്റുമുള്ളതൊന്നും കേൾക്കാൻ പറ്റില്ല.ഈ ടീവിയും അടുക്കളയിലെ മിക്സിയും തമ്മിൽ അത്രമാത്രം ഒരു അന്തർധാര ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.അതോടെ വാസ്തുവിദ്യക്കാരൻ ഫ്‌ളാറ്റ്, എന്ത് കോപ്പാണെങ്കിലും അടുക്കള വീടിനു മുന്നിൽ വേണ്ടെന്ന തീരുമാനത്തിൽ മാഷും ടീച്ചറും എത്തി, എന്നോട് നന്ദി പറഞ്ഞു അവർ സ്ഥലം വിട്ടു, എന്നെ ഒന്ന് തുറിച്ചു നോക്കിയ ശേഷം വാസ്തുക്കാരനും അവരോടൊപ്പം സ്ഥലം കാലിയാക്കി.ചർച്ച കഴിഞ്ഞു ഞാൻ അകത്തേക്ക് ചെന്നപ്പോൾ ഡൈനിങ്ങ് ടേബിളിൽ അച്ഛൻ രാവിലെ പതിവുള്ള കഞ്ഞി കഴിച്ചുകൊണ്ട് ഇരിപ്പുണ്ട്.ഈ അടുക്കളയിൽ നിന്നുള്ള മണം ഒഴിവാക്കാൻ നിന്റെ എൻജിനീയറിങ്ങിൽ എന്താണ് പോംവഴി ..?”അച്ഛാ അടുക്കളയിൽ പാചകം നടക്കുമ്പോൾ അന്തരീക്ഷവായുവിൽ കലരുന്ന വാതകങ്ങളും ധാതുക്കളുമാണ് ഈ മണം സൃഷ്ഠിക്കുന്നത്. ശാസ്ത്രീയമായ പ്ലാനിങ്ങിലൂടെ നമുക്കതിനെ മറികടക്കാവുന്നതേ ഉള്ളൂ .

ശാസ്ത്രം ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു.ഇപ്പോൾ നിനക്ക് ഇവിടെ വല്ല മണവും തോന്നുന്നുണ്ടോ..?ഞാൻ ശ്വാസം ആഞ്ഞു വലിച്ചു. ദൂരെ നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റിൽ നല്ല ഉണക്കമീൻ പൊരിച്ച ഗന്ധം.ആഹാ അന്തസ്സ്.അപ്പുറത്തെ വീട്ടിലെ അലവിക്കുട്ടി ഹാജിയുടെ വീട്ടിൽനിന്നാണ്. അതിനെ തടയാൻ ഈ പ്ലാനിങ്ങിനു പറ്റുമോ ..?”രാമൻകുട്ടി തളർന്നു.അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നും “സൂര്യകിരീടം വീണുടഞ്ഞു” എന്ന പാട്ടു കേൾക്കുന്നുണ്ട്.ഒരു കാര്യം എനിക്ക് മനസ്സിലായി.ശാസ്ത്രത്തിനും ചില പരിമിതികൾ ഉണ്ട്.അതുപോലെ ചിലനേരത്തൊക്കെ അടുക്കളയിലെ മണം മാത്രമല്ല, അയൽപക്കത്തെ റേഡിയോയിലെ പാട്ടും മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കും.അല്ലെങ്കിലും അച്ഛനാരാ മോൻ

കടപ്പാട് : സുരേഷ് മഠത്തിൽ വളപ്പിൽ