പ്രൈവറ്റ് പോലെ KSRTC ബസ്സിൽ ആളെ വിളിച്ചു കയറ്റുന്ന ആ ഡ്രൈവറെ കണ്ടപ്പോ ഇയാൾക്ക് ഇത് എന്തോന്ന് എന്ന് തോന്നി ശേഷം അവിടെ സംഭവിച്ചത്

EDITOR

കോതമംഗലത്തെ പ്രദീപാണ് താരം:വെഞ്ഞാറമൂട് KSRTC ഡിപ്പോയിലെ ഡ്രൈവറും കോതമംഗലം:പല്ലാരിമംഗലം രണ്ടാം വാർഡിൽ താമസിക്കുന്ന T.M പ്രദീപിനെ കുറിച്ച് കേരള യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ dr muneera J എഴുതിയ വാക്കുകൾ നന്മമരങ്ങൾ.തോരാതെ പെയ്യുന്ന മഴയത്ത് വളവിലും തിരിവിലും കയറിയിറങ്ങിയുള്ള ഡ്രൈവിംഗ്, അപരിചിതമായ സ്ഥലങ്ങൾ , ഇടയ്ക്കിടെ നിർത്തി വഴി ചോദിക്കാനുള്ള മടി, ഒറ്റയ്ക്കൊരു യാത്രയ്ക്ക് വേണ്ടി വെറുതേ കുറേ പെട്രോൾ കത്തിച്ചു കളയേണ്ടന്ന ചിന്ത, ഒക്കെയും കൂടിയായപ്പോൾ എൻ്റെ പഴയ ആനവണ്ടി സ്നേഹം പൊങ്ങി വന്നു. മുപ്പതോളം വർഷം ഒരുപാട് വിലപ്പെട്ട അനുഭവങ്ങൾ തന്ന നീണ്ട മണിക്കൂർ യാത്രകൾ, കെ എസ് ആർ ടി സി ജീവനക്കാരുമായുണ്ടായിരുന്ന നല്ല സൗഹൃദങ്ങൾ ഇടയ്ക്കിടെ വലിയ മാറ്റങ്ങൾക്കുവേണ്ടി ചില ജീവനക്കാർക്കെതിരേ കൊടുക്കേണ്ടി വന്നിട്ടുള്ള ചെറിയ പരാതികൾ എല്ലാം ഓർത്തുകൊണ്ട് യാത്രയ്ക്കൊരുങ്ങുമ്പോൾ ടിവിയിൽ “ഈ പറക്കും തളിക ” സിനിമ പൊടിപൊടിക്കുകയായിരുന്നു.

ഒന്നര മാസം മുമ്പ് സ്വിഫ്റ്റ് ബസിൽ കയറാൻ ആശ മൂത്ത് എറണാകുളത്തിന് വെച്ച് വിട്ട് പാതിരാത്രി വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ കഥയും ഓർമ്മിപ്പിച്ച് വന്ന പതിമൂന്നുകാരി മകൾ മൂന്നു മണിക്കെങ്കിലും കല്യാണത്തിനെത്തുമോന്ന് ചോദിച്ചപ്പോൾ ഉള്ളിൽ ചെറിയൊരു ആന്തലുണ്ടായി. എങ്കിലും കൈവിട്ടില്ല ആനവണ്ടിയോടുള്ള വിശ്വാസം.കാറ്റത്തു മടങ്ങിപ്പോകുന്ന പൂനിറഞ്ഞ ത്രീ ഫോൾഡിന് കാലൻ കുടയോളം ആത്മാർത്ഥത വരില്ലെന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരുന്നു. അക്ഷമയോടെ ബസ് സ്റ്റോപ്പിൽ വീണ്ടും വീണ്ടും വാച്ചു നോക്കിനില്ക്കെ വെഞ്ഞാറമൂടേയ്ക്ക് ഒരു ജീപ്പ് യാത്ര തരപ്പെട്ടു. തുള്ളിയെടുത്തു തുടങ്ങിയ മഴയെ നോക്കി തെല്ലാശ്വാസത്തോടെ പുള്ളിപ്പൂക്കുടയെ ബാഗിലൊതുക്കി നിരത്തിയിട്ട ആന വണ്ടികളുടെ ബോർഡു വായിക്കവേ.എങ്ങോട്ടേയ്ക്കാ?’ എന്ന തികച്ചും അപ്രതീക്ഷിതമായ ചോദ്യം.നല്ല ചോദ്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു പോകുന്ന കെട്ടകാലത്തിലാണ് ജീവിക്കുന്നതെങ്കിലും തികച്ചും അസാധാരണമായിത്തീർന്ന ആ സാധാരണ ചോദ്യകർത്താവിനെ മെല്ലെ മുഖമുയർത്തി നോക്കി. വളഞ്ഞുപുളഞ്ഞ മീശയൊന്നു കൊണ്ടു മാത്രം വീരപ്പനെയോർമ്മിപ്പിച്ച ആൾ ഇളം നീല ഷർട്ടു കൊണ്ടു തന്നെ ഞാൻ കെ എസ് ആർ ടി സിയാന്ന് പറയാതെ പറയുന്നുണ്ടായിരുന്നു.

തിരോന്തരം ഡയലക്ടിനെ കേരളത്തിലൊന്നാകെ പോപ്പുലറാക്കിയ വെഞ്ഞാറമൂട് സുരാജിൻ്റെ സ്വന്തം നാട്ടിലെ ബസ്റ്റാൻ്റിൽ നിന്നു കൊണ്ട് അയാൾ എറണാകുളം പോലെയേതോ പുറം നാട്ടിൻ്റെ ഡയലക്ടിൽ സംസാരം തുടർന്നു.ഒതുക്കി നിർത്തിയ *RNM 324* എന്ന ബസിലേയ്ക്ക് സ്റ്റേ ഹത്തോടെ വിളിച്ചു കയറ്റുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൈകൂപ്പി സ്വീകരിക്കുന്ന റിസപ്ഷനിസ്റ്റുകൾ കാണിക്കുന്നതിലേറെ സ്വാഭാവിക വിനയം ആ മുഖത്തുണ്ടായിരുന്നു. ഞാനെത്തുന്നതിന് മിനുട്ടുകൾക്ക് മുന്നെ എൻ്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് സ്റ്റാൻ്റ് വിട്ടു പോയ ബസിനെക്കുറിച്ചു പറയുന്നതോടൊപ്പം, കുഴപ്പമില്ല ഈ ബസും ഉടനെ പോകുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ആ നല്ല മനുഷ്യൻ ശ്രമിക്കുന്നുണ്ടായിരുന്നു. എവിടെയാ? എങ്ങോട്ടാ ?എന്താ? കല്യാണത്തിനാണോ? പോകുന്നതെന്നൊക്കെ ഒന്നിനു പുറകേ ഒന്നായി ചോദിച്ചപ്പോൾ അത്ര പരിചയമില്ലാത്ത സ്ഥലത്തേയ്ക്കാണെന്ന് പറയാൻ തെല്ലും പേടി തോന്നിയില്ല. കാരണം ആ യൂണിഫോം കെ എസ് ആർ ടി സി യുടേതാണല്ലോ?പക്ഷേ പിന്നീടാണ് ആ മനുഷ്യൻ എനിക്കൊരതിശയമായത്.കല്ലറ–മുതുവിള ബോർഡ് വച്ച ആ ബസിൻ്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റാൻ്റിൽ വരുന്ന ഓരോരുത്തരോടും എങ്ങോട്ടാന്ന് ചോദിച്ച് അവർക്കു വേണ്ട ബസിലേക്ക് വഴികാട്ടിയത് ഇൻഫർമേഷൻ കൗണ്ടർ ജീവനക്കാർ ചെയ്യുന്ന അതേ ചാതുരിയോടു കൂടിയായിരുന്നു.

ഇതിനിടെ സ്വന്തം ബസിൽ കയറിയ ഓരോരുത്തരോടും എന്തേലുമൊന്ന് ചോദിക്കാൻ മെനക്കെടുന്നതിനൊപ്പം പ്രൈവറ്റ് ബസിലെ ”ഡെഡിക്കേറ്റഡായ കിളി”കളെപ്പോലെ “പോത്തൻകോട് കഴക്കൂട്ടം ലുലു മാൾ എന്ന് നിരന്തരം വിളിച്ചു കൂവി അടുത്ത ബസിൽ ആളെക്കയറ്റിനിറയ്ക്കാൻ കാണിച്ച ഉത്സാഹം കണ്ട് ശരിക്കും ഞാൻ അമ്പരന്നത് അദ്ദേഹത്തിൻ്റെ ആത്മാർത്ഥത ശരിക്കും പൊതുജനങ്ങളോടോ അതോ സ്വന്തം തൊഴിൽ മേഖലയോ ടോയെന്ന് ചിന്തിച്ചായിരുന്നു. പക്ഷേ അതു രണ്ടും ഒപ്പം മത്സരിക്കുന്ന ഒരു നല്ല മനുഷ്യനാണതെന്ന് മനസ്സിലാക്കാൻ അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല.അവധി ദിനത്തിൽ രാവിലെ തന്നെ തുടങ്ങിയ തോരാമഴ കമ്പനിയ്ക്കു നഷ്ടമാണെന്ന് പറയുന്നതിനൊപ്പം ഉച്ചയ്ക്കെങ്കിലും തോ രണേയെന്ന അപേക്ഷ അയാൾ മഴയുടെ മുമ്പിൽ വച്ചു.അതു വഴി പോയ ഓരോ സഹ പ്രവർത്തകരേയും വിളിച്ച് കുശലം പറഞ്ഞ് സുഖാന്വേഷണം നടത്തുന്നതിനിടയിലും സ്വന്തം വണ്ടിയിൽ കയറിയിരിക്കുന്ന യാത്രക്കാരോട് ഉടനേ പോകാം കുറച്ചു പേർ കൂടി കേറട്ടേയെന്നു പറയാൻ സമയം കണ്ടെത്തി.

ഇനിയും വൈകുമോയെന്ന് ചോദിക്കാതെ ചോദിച്ച എന്നോട് പേടിക്കണ്ട സദ്യ തീരുമ്മുമ്പേ എത്തിച്ചേക്കാമെന്ന് തമാശയിലൂടെ പറഞ്ഞു.കീഴായിക്കോണത്ത് നിന്ന് ഇരുപത്തഞ്ച് രൂപേടെ ഊണ് ഞങ്ങൾക്കും കൂടി എടുക്കാമോ”ന്ന് ഓടി വന്നു ചോദിച്ച അടുത്ത ബസിലെ ഡ്രൈവറോട് സമയം നോക്കി സൗകര്യം പോലെ വിളിച്ചിട്ടു ചെയ്യാം എന്നു സന്തോഷത്തോടെ പറയുമ്പോഴും മഴയത്ത് ഓട്ടം റോഡിലെ ആളനുസരിച്ച് മാറുമെന്ന് കൂട്ടിച്ചേർത്തു.സ്വന്തം വയർ നിറയ്ക്കണമെങ്കിൽ ബസിനൊപ്പം കണ്ടക്ടറുടെ ബാഗും നിറയണമെന്ന് ഉറപ്പിച്ചിട്ടുള്ള തായിരുന്നു ആ മറുപടി.ബസും ബാഗും നിറഞ്ഞാലും നിറയാത്ത ഖജനാവും മാറ്റിവയ്ക്കപ്പെടുന്ന ശമ്പളവും ഒന്നും സന്തോഷവാനായ ആ മനസ്സിനെ അലട്ടുന്നു ണ്ടായിരുന്നില്ല .പറഞ്ഞ സമയത്തിലും കുറച്ച് വൈകി ബസ് പുറപ്പെട്ടപ്പോഴേയ്ക്കും മഴ പിന്നെയും ചാറിത്തുടങ്ങിയിരുന്നു. ഇടവും വലവും ഓടിയെത്താൻ പാടുപെടുന്ന വൈപ്പറുകൾ ക്കിടയിലൂടെ മുന്നിലെ വളവും തിരിവും നോക്കി കയറ്റവും ഇറക്കവും ചവിട്ടിയും തിരിച്ചും ഓടിക്കുമ്പോഴും സ്വന്തം ജോലി ആത്മാർത്ഥതയോടെ ആസ്വദിച്ച് ആഘോഷിക്കുകയായിരുന്നു അയാൾ.

ചെറിയ ട്രാഫിക് ബ്ലോക്കുകളിൽ ബസിലിരുന്ന് തന്നെ ഒരു ട്രാഫിക് പോലിസിൻ്റെ ജോലിയും ചെയ്ത അയാൾ എതിരേ വന്ന ബസ് ഡ്രൈവർമാരോട് കൈ കൊണ്ടും മുഖം കൊണ്ടും കാണിച്ചു കൊണ്ടിരുന്ന സൗഹൃദ മുദ്രകൾ മുഖമുയർത്താതെ മൊബൈലിൽ കുനിഞ്ഞു പോയ പുതുതലമുറ കണ്ടു തന്നെ പഠിക്കേണ്ടതാണ്.വെറും ഒരു മണിക്കൂർ മാത്രം കണ്ടുപോയ പേരറിയാത്ത ഡ്രൈവർ സോദരാ നിങ്ങൾ ദൈനം ദിനം കാണുന്ന ആയിരക്കണക്കിന് യാത്രക്കാരിലൊരാൾ മാത്രമാണ് മാസ്ക്കി നടിയിൽ മറച്ച മുഖവുമായി ലക്ഷ്യസ്ഥാനത്തിറങ്ങിപ്പോയ ഞാൻ. പക്ഷേ നിങ്ങളെപ്പോലുള്ളവരുടെ നന്മ കണ്ടുo കാണാതെയുo അറിഞ്ഞും അറിയാതെയും അനുഭവിക്കുന്ന ആയിരങ്ങൾക്ക് നിങ്ങൾ അനുഗ്രഹമാണ മാതൃകയാണ് കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ചുറ്റുമുള്ളവരെ കാണാനുള്ള മനസ്സ് സ്റ്റാൻ്റിൽ കിടന്ന ബസിൽ ഓടിക്കയറി വന്ന സൂസിയെന്ന പട്ടിയെ നോക്കി “ഗെറ്റ് ഔട്ട് സൂസി ” എന്ന് നിങ്ങൾ സ്റ്റേഹത്തോടെ ഉറക്കെപ്പറഞ്ഞപ്പോൾ അനുസരണയോടെ ഇറങ്ങിപ്പോയ അവൾ പോലും നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.നിങ്ങളെപ്പോലുള്ളവരുടെ നിറഞ്ഞ ചിരിയും സൗഹൃദവും ജോലിയോടുള്ള കൂറുമാണ് റോഡിലൂടെപ്പായുന്ന പറക്കും തളികകളെ ജനകീയമാക്കുന്നത്. ആനവണ്ടി ഉയിർ എന്ന് ഞങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിക്കുന്നത്. നിങ്ങളുടെ ഓരോ പ്രവൃത്തിയും വാക്കും വീണ്ടും വീണ്ടും വിളിച്ചു പറയുന്നു *കെ എസ് ആർ ടി സി ഉയിർ അതിൻ്റെ ഉയിർപ്പിന് നിങ്ങളും നിങ്ങളെപ്പോലുള്ളവരും ചെയ്യുന്ന സേവനങ്ങൾ എന്നും അങ്ങനെ തുടരട്ടെ
Dr Al Muneera J Assistant Professor of English, University College, Thiruvananthapuram
Pic Vaisakh V S