പണ്ട് പെണ്ണ് ആലോചിക്കാൻ വരുമ്പോൾ ആന ഉള്ള തറവാട് എന്ന് പറയും ഇന്ന് പറയുന്നത് ഇന്റർ ലോക്ക് ഇട്ട തറവാട് എന്ന് കാരണം

EDITOR

മകളെ പെണ്ണുകാണാൻ വരുന്നവർക്കു മുൻപിൽ മേനി നടിക്കാൻ മുറ്റത്ത് ആനപിണ്ഡവും ചങ്ങലയും ആനയെ തളക്കുന്ന കുറ്റിയും സെറ്റപ്പ് ചെയ്‌ത മഴവിൽകാവടിയിലെ കളരിക്കൽ ശങ്കരൻകുട്ടി മേനോനെ നമ്മളാരും മറന്നിട്ടില്ല.എന്റെ കുട്ടിക്കാലത്തെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ”അവർ വലിയ ആൾക്കാരാണ്.വീട്ടിൽ കൊയ്യാനും മുറ്റത്ത് വലിയ വൈകോൽ കൂനയുമൊക്കെയുണ്ട് എന്ന്പിന്നീട് ഞാൻ യുവാവായിരുന്ന സമയത്ത് ഒരു ബന്ധുവിന് വിവാഹ അന്യോഷണവുമായി വന്ന ബ്രോക്കർ പറഞ്ഞു കേട്ടത്: ‘അവർ വലിയ ആൾക്കാരാണ്.മുറ്റമൊക്കെ കട്ടയിട്ട വീടാണ്.” എന്ന്.ആനപിണ്ഡവും, ചാണകം മെഴുകിയ മുറ്റവും, വൈക്കോൽ കൂനയും, കട്ടയിട്ട മുറ്റമുള്ള വീടുമൊക്കെ അന്നും ഇന്നും ചിലർക്ക് സമ്പത്തിന്റെയും, അഭിമാനത്തിന്റെയും, വേറെ ചിലർക്ക് ആഡംബരത്തിന്റെയും, മറ്റു ചിലർക്ക് പൊങ്ങച്ചത്തിന്റേയും അടയാളങ്ങളായിരുന്നു എന്ന് ചുരുക്കം.ചാണകം മെഴുകിയ മുറ്റവും വൈക്കോൽ കൂനയുമെല്ലാം ഇപ്പോൾ നാട്ടിൽനിന്നും നാമാവിശേഷമായിരിക്കുന്നു. പകരം കട്ടയിട്ട മുറ്റമാണ് ഇപ്പോൾ ട്രെന്റ്.ഇന്റർലോക്ക് കട്ടകൾ വീട്ടുമുറ്റങ്ങൾക്കും അതിലൂടെ വീടിനും ഭംഗിയും വൃത്തിയും നൽകുന്നു എന്നത് ശരിതന്നെ.

പക്ഷെ, ഭംഗി നൽകുന്നതിനോടൊപ്പംതന്നെ പ്രകൃതിദത്തമല്ലാത്ത ഇന്റർലോക്ക് കട്ടകൾ പ്രകൃതിക്കും മനുഷ്യനും വലിയ ദോഷങ്ങളും വരുത്തുന്നുണ്ട്. നല്ല വെയിൽ കൊള്ളുന്ന സ്ഥലമാണെങ്കിൽ കട്ടകളിൽനിന്നും വരുന്ന അസഹ്യമായ ചൂട് വലിയൊരു പ്രശ്നമാണ്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്തും, മഴക്കുശേഷം മരക്കൊമ്പുകളിൽനിന്നു വെള്ളം ഉറ്റിറ്റി വീഴുന്ന ഭാഗങ്ങളിലെ കട്ടകളിലും എച്ചിൽ പിടിച്ച് വഴുക്കൽ വന്നു അപകടങ്ങളും വരുത്താം. ഇന്റർലോക്ക് കട്ടകൾ പ്രകൃതിയ്ക്ക് ദോഷമാണന്നത് നമുക്കെല്ലാവർക്കും അറിയാം. വരും തലമുറയ്ക്കും ഇത് നല്ല ഭാവിയല്ല നൽകുന്നത്. കുട്ടികളുടേയും പ്രായം ചെന്നവരുടെയും മണ്ണിലെ സ്പർശനം കുറയുന്നതിലൂടെ നമ്മുടെയെല്ലാം ആരോഗ്യത്തിനെയും പ്രതികൂലമായി ബാധിക്കുന്നു.ഇന്റര്ലോക് കട്ടകൾ ഇട്ടാൽ കട്ടകളുടെ താഴേക്ക് വെള്ളം ഇറങ്ങുകില്ല എന്ന തെറ്റായ ധാരണ ചിലരിലുണ്ട്. കട്ട പിടിപ്പിക്കാൻവേണ്ടി കട്ടകൾക്കടിയിൽ മിനി മെറ്റൽ ധാരാളമായി ഇടുന്നതുകൊണ്ടുതന്നെ കട്ടകളുടെ ഗ്യാപ്പിലൂടെ വെള്ളം താഴേക്ക് നല്ലതുപോലെ ഇറങ്ങും.കട്ട ഇട്ടതിനുശേഷം കോറിപ്പൊടികൊണ്ട് കട്ടകളുടെ ഗ്യാപ്പുകൾ അടക്കുന്ന രീതിയുണ്ട്.അത്തരം കട്ടകളാണങ്കിൽ വെള്ളം താഴേക്ക് ഇറങ്ങാൻ പ്രയാസമാണ്.

ഭംഗിക്ക് മാത്രമല്ല, മുറ്റത്തുള്ള മണ്ണും ചളിയും വീടിനകത്തേക്ക് കയറാതിരിക്കാൻകൂടിയാണ് നമ്മൾ മുറ്റത്ത് കട്ടകൾ വിരിക്കുന്നത്.
അതിന് സിമന്റ് ചേർത്തുണ്ടാക്കുന്ന ഇത്തരം കട്ടകൾതന്നെ വേണമെന്നില്ല.മുറ്റത്ത് പുല്ലു പിടിപ്പിച്ചു ഭംഗിയാക്കുന്ന രീതി ഇപ്പോൾ പലരും അനുവർത്തിക്കുന്നുണ്ട്. മെക്സിക്കൻ ബഫല്ലോ, കൊറിയൻ ബർമുഡ തുടങ്ങിയ പ്രകൃതിദത്തമായ പുല്ലുകൾ ഇതിനായി ഉപയോഗിക്കാം. നല്ല ചുവന്ന മണ്ണാണെങ്കിൽ ഈ പുല്ലു നന്നായി വളരും. ചരൽപൊടികൾ നിറഞ്ഞ മണ്ണും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവുമാണങ്കിൽ പുല്ല് കൂടുതൽ കാലം കേട് വരാതെ നിൽക്കുകയും ചെയ്യും.ഇന്റർലോക്ക് കട്ടകൾക്ക് ബദൽ മാർഗ്ഗമായ കരിങ്കല്ല് കട്ടകൾ പ്രകൃതിക്ക് ഇണങ്ങുന്നതാണെങ്കിലും ചെലവ് കൂടുതലാണ്. നല്ല ഉറപ്പുള്ള ചെങ്കല്ല് (വെട്ടുകല്ല്) പ്രകൃതിയോട് കൂടുതൽ ഇണങ്ങുന്ന വളരെ നല്ലൊരു ബദൽ മാർഗ്ഗമാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ നല്ല കല്ല് കിട്ടുക എന്നത് എളുപ്പമല്ല, മറ്റുള്ളവയെ അപേക്ഷിച്ച് ചെലവു കൂടുകയും ചെയ്യും.മുറ്റത്ത് ബേബി മെറ്റൽ ഇടുന്നത് ചില ഗുണങ്ങൾ നൽകുന്നതും ചെലവ് കുറഞ്ഞതുമായ മാർഗ്ഗമാണെങ്കിലും മെറ്റൽ ഇടുന്നതുകൊണ്ടുള്ള ചില ദോഷങ്ങൾ മനസ്സിലാക്കുമ്പോൾ മറ്റു മാർഗ്ഗങ്ങൾ ഇല്ലങ്കിൽ മാത്രമേ ബേബി മെറ്റൽ മുറ്റത്ത് ഇടാവൂ എന്നാണ് ‘അനുഭവത്തിൽനിന്നുള്ള’ എന്റെ അഭിപ്രായം!

എഴുതിയത് : അബുഹമൂദ്‌