ഇന്നത്തെ അടുക്കള ജോലികൾ വേഗം തീർന്നു.5 മണിക്ക് എഴുന്നേറ്റ് 7 മണിയാകുമ്പോഴേക്കും കുളിയും അലക്കും സർവ പണികളും തീർത്ത് ഇതെഴുതാനിക്കിരിക്കുമ്പോൾ എനിക്ക് തോന്നി ഇതെനിക്ക് മുൻപേ ചെയ്യാമായിരുന്നു എന്ന്.പ്രിയപ്പെട്ട പെണ്ണുങ്ങളെ അടുക്കള ഒരിക്കലും ഒരിക്കലും നിങ്ങളെ ഒരു തരത്തിലും വളർത്തുന്ന ഇടമല്ല. ഏറ്റവും വൃത്തിയുള്ള പെണ്ണ്, ഏറ്റവും നന്നായി പാചകം ചെയ്യുന്ന പെണ്ണ്, ഏഴര വെളുപ്പിന് എഴുന്നേറ്റ് വീടുണർത്തുന്ന പെണ്ണ് എന്നിങ്ങനെ ആരും നിങ്ങൾക്ക് പുരസ്ക്കാരങ്ങൾ നൽകില്ല.അഭിനന്ദനങ്ങൾ വാരിച്ചൊരിയില്ല.എന്തിന് തോളിൽ തട്ടി ഒരു നല്ല വാക്ക് പോലും പറയില്ല.അത് കൊണ്ട് എല്ലാ ദിവസവും തറ തുടക്കണമെന്ന് നിർബന്ധപ്പെടേണ്ട.. അൽപ്പം പൊടി പിടിച്ചു കിടന്നാലും തറയല്ലേ തേഞ്ഞൊന്നും പോകില്ലല്ലോഎല്ലാ ദിവസവും അടുക്കളയുടെ സിങ്കും പാത്രങ്ങളും പള പള മിന്നിത്തിളങ്ങേണ്ട കാര്യമില്ല അടുക്കളയല്ലേ.
അൽപ്പം കരിയും കറയുമൊക്കെ ആയെന്നു വരും ചെയ്യുന്ന എന്തിലും പെർഫെക്ഷനും വൃത്തിയും നോക്കി അടുക്കളയിൽ കിടന്നു രാവന്തിയോളം വെരകുമ്പോൾ ഒന്നുകിൽ നിങ്ങൾക്ക് ഓൾക്ക് ഓവർ വൃത്തിയാണ്” എന്നോ, അതല്ലെങ്കിൽ ‘വൃത്തീന്ന് പറയുന്നത് ഓൾടെ അടുത്ത്ക്കൂടെ പോയിട്ടില്ല’ എന്നോ രണ്ട് പട്ടങ്ങൾ ചാർത്തിക്കിട്ടാനാണ് സാധ്യത.. ഈ രണ്ട് എക്സ്ട്രീമുകൾക്കപ്പുറം അടുക്കളയിലോ വീടെന്ന ഇടത്തിലോ മറ്റു സാധ്യതകൾ ഇല്ല.ഇനി ഇതൊന്നുമല്ല, ഞാൻ അടുക്കളയിൽ അടിപൊളിയാണെന്ന് തെളിയിച്ചേ അടങ്ങു എന്നാണെങ്കിൽ മനസിലാക്കുക, ഒരു പപ്പടം കാച്ചുമ്പോൾ പോലും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവിടെ ആരും വക വെക്കില്ല. പണികളെല്ലാം കഴിഞ്ഞു എല്ലു നുറുങ്ങുന്ന ശരീര വേദനയും ക്ഷീണവും തലവേദനയും കൊണ്ട് ഓഫീസിൽ ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ ആരും നിങ്ങളോട് നിനക്ക് സുഖമില്ലേ എന്ന് ചോദിക്കില്ല. ഇതിനെല്ലാം ഇടയിൽ നിന്നു പോയ, ചെയ്തു തീർക്കാനുള്ള നിങ്ങളുടെ മറ്റു ജോലികളെ കുറിച് വീട്ടിലെ ആരും തന്നെ വ്യാകുലപ്പെടില്ല.
നിങ്ങൾ ഉറക്കമിളച്ചും അതി കാലതെഴുന്നേറ്റും ലാപിനും പുസ്തകങ്ങൾക്കും മുന്നിലിരിക്കുമ്പോൾ ഇവൾക്കെന്താ ഉറക്കമില്ലേ എന്നു പിറു പിറുക്കാനെ അവർക്ക് നേരം കാണു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാലെടുത്തു വെക്കും മുൻപേ ആണുങ്ങൾക്ക് വിഭവ സമൃതമായ ആഹാരങ്ങൾ മേശപ്പുറത്തു വിളമ്പി റെഡിയാക്കി വെക്കുന്നവരാരും പണി കഴിഞ്ഞു വരുന്ന നിങ്ങൾക്ക് ഒരു ഗ്ലാസ് വെള്ളം പോലും വച്ചു നീട്ടിയെന്നു വരില്ല. കാരണം ഇവിടെ ഇങ്ങനാണ്.. ഇനിയും ഇങ്ങനെത്തന്നെയാകും. എത്ര തന്നെ ആത്മാർത്ഥത കാണിച്ചാലും, പെണ്ണുങ്ങളെ നിങ്ങളുടെ കുറവുകളും കുറ്റങ്ങളും മാത്രം ചികഞ്ഞെടുക്കാനാണ് ഇവിടെ ഏറിയ പങ്കിനും തിടുക്കം.. അപ്പോൾ പിന്നെ നിങ്ങളിത് ആരെ ബോധിപ്പിക്കാനാണ് ഈ കിടന്നു കഷ്ടപ്പെടുന്നത്.അശ്വതി ശ്രീകാന്ത് പറഞ്ഞത് പോലെ പറ്റുന്ന പോലൊക്കെ മതി.. നിങ്ങളുടെ മുൻഗണനകളും സ്വപ്നങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതിയെന്നെ വീടും അടുക്കളയുമൊക്കെ.പ്രിയപ്പെട്ട ആണുങ്ങളെ, നിങ്ങൾക്കിനിയും ആണെന്ന നിങ്ങളുടെ പ്രിവിലേജിന്റെ ആഴം മനസിലായിക്കാണില്ല. അത് മനസിലാകണമെങ്കിൽ കൈ കഴുകി ഉണ്ണാനിരിക്കുമ്പോൾ,നിങ്ങളൊന്നും പറയാതെ തന്നെ എങ്ങനെയാണ് തനിക്കിഷ്ടപ്പെട്ട വിഭവങ്ങൾ മേശപ്പുറത്തു നിരന്നു നിൽക്കുന്നതെന്ന് നിങ്ങൾ ഓർക്കണം.
നേരം വെളുത്തു വസ്ത്രം മാറാൻ നേരം ചുളിവുകളില്ലാത്ത ഷർട്ടും നനഞ്ഞു കഴിഞ്ഞാൽ എടുത്താൽ പൊങ്ങാത്ത ജീൻസും അലക്കിയുണക്കി മടക്കി നിങ്ങള്ക്ക് മുൻപിലേക്ക് നീട്ടിയത് ആരായിരിക്കുമെന്ന് നിങ്ങളാലോചിക്കണം. രാവിലെ നിങ്ങളെഴുന്നേറ്റു പോയപ്പോൾ അലങ്കോലമായിക്കിടന്ന കിടക്ക, രാത്രി കിടക്കാൻ നേരം വൃത്തിയോടെ അറേഞ്ച് ചെയ്തതാരായിരിക്കുമെന്ന് വെറുതെയെങ്കിലും ഒന്നാലോചിക്കണംഏയ്, ഇതൊക്കെ ഇരുന്ന് ആലോചിക്കാനുള്ള കാര്യമാണോ.Silly matters അല്ലെ ബുദ്ധിമുട്ട് കാണും.ഇതിനെല്ലാമൊടുക്കം, രണ്ടും മൂന്നും നാലും അഞ്ചും മണിക്കൂർ ഒറ്റ നിൽപ്പിൽ നിന്ന് വീട്ടുപണികളെല്ലാം ചെയ്തു തീർക്കുന്ന പെണ്ണുങ്ങളോട് നിങ്ങളുടെ ഒരു ചോദ്യമുണ്ട്, നിനക്കെന്താ ഇതിനു മാത്രം ഇവിടെ പണി, ചുമ്മാ കിടന്നുറങ്ങ എന്നല്ലാതെ.അത് കൊണ്ട്, ആത്മാർത്ഥത അൽപ്പം കുറക്കാം പെണ്ണുങ്ങളെ.നിങ്ങളുടെ എഴുതുകൾക്ക് വായനക്ക് യാത്രകൾക്ക് ചെയ്തു തീർക്കാനുള്ള ഒത്തിരി ഉത്തരവാദിത്തങ്ങൾക്ക് കൂടുതൽ സമയം നൽകാം.ഞാൻ വീണ്ടും പറയുന്നു അടുക്കള ഒരിക്കലും സേഫ് അല്ല.
കടപ്പാട്