ബസ്സിൽ അടുത്തിരുന്ന ആൾ കാൽ ഉപയോഗിച്ച് സീറ്റ് കുലുക്കുന്നു അവസാനം സഹികെട്ടു കാര്യം അറിയാൻ ആളുടെ മുഖത്ത് കോപത്തോടെ നോക്കിയ ഞാൻ ഞെട്ടിപ്പോയി

EDITOR

ഇത് വർഷങ്ങൾക്ക് മുമ്പ് നടന്നതാണേ.അന്ന് എന്റെ ബന്ധത്തിൽപെട്ട ഒരാളുടെ മരണവാർത്ത അറിഞ്ഞു, അവിടെ പോകണമെന്ന് കെട്യോനോട് പറഞ്ഞപ്പോൾ പുള്ളി വരുന്നില്ല, വീട്ടിലേക്ക് വിളിച്ച് അവരുടെ കൂടെ പോക്കോളാൻ പറഞ്ഞു.ഇല്ല, വീട്ടിലേക്കൊന്നും വിളിക്കുന്നില്ല ഞാൻ ഒറ്റക്ക് ബസ്സിൽ പൊക്കോളാമെന്നും പറഞ്ഞ് ,സങ്കടവും ദേഷ്യവും വന്ന ഞാൻ ഒറ്റക്ക് തന്നെ പോകാൻ തീരുമാനിച്ചു.ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്നാകുമ്പോൾ സീറ്റ് കിട്ടി, സ്വസ്ഥമായി ഇരുന്ന് പോകാം.ബസിൽ കയറിയ ഞാൻ ബസിന്റെ നടുക്കുള്ള ഒരു വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചു.ബസ് പോകുന്നതിനു മുമ്പ് തന്നെ കണ്ടക്ടർ വന്നു ടിക്കറ്റും തന്നു കഴിഞ്ഞു.പിന്നീട് ഞാൻ പുറത്തേക്കു നോക്കി ഒറ്റ ഇരിപ്പായിരുന്നു.ദേഷ്യവും സങ്കടവും ഒക്കെ മനസ്സിൽ ഒതുക്കി, പുറത്തേ കാഴ്ചകൾ നോക്കി അങ്ങനെ ഇരുന്നു.ബസ് പോയിത്തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് എന്റെ അടുത്ത സീറ്റിൽ ആരോ വന്ന് ഇരുന്നതായി എനിക്ക് തോന്നിയത്.

പുറത്തെ കാഴ്ചകൾ മതിയാക്കി, പതുക്കെ എന്റെ അടുത്ത് വന്ന് ഇരുന്ന ആളെ മുഖം ഉയർത്താതെ തന്നെ ആ സീറ്റിലേക്ക് നോക്കി. ഒരു പാന്റ്കാരനാണ്.ഏതോ ഒരു ആണാളാണ് ഇരിക്കുന്നത് എന്നറിഞ്ഞതും, ഞാൻ ഒന്നുകൂടി ഒതുങ്ങി വിൻഡോ സീറ്റിനോട് ചേർന്നിരുന്നു. വീണ്ടും പുറത്തേക്ക് നോക്കി ചിന്തകളിൽ മുഴുകി കുറച്ചു കഴിഞ്ഞതും, എന്റെ ചിന്തകൾക്ക് ഭംഗം വരുത്തിക്കൊണ്ട് സീറ്റ് കിടന്ന് അനങ്ങാൻ തുടങ്ങി.അതിയാൻ ഇരുന്ന് കാലുകൾ ആട്ടിക്കൊണ്ടിരിക്കുകയാണ്. ഒരുതരം പെടപ്പിക്കൽ. കൂടെ അയാളും, അയാളുടെ സീറ്റും അടുത്തിരിക്കുന്ന ഞാനും കുലുങ്ങുന്നു.ഞാൻ ശ്രദ്ദിക്കുന്നു എന്നായപ്പോൾ നിർത്തി.ഞാൻ പഴയപടി പുറത്തേക്കു നോക്കി ഒതുങ്ങി ഇരുന്നു.കുറച്ചു കഴിഞ്ഞ്,ശ്ശെടാ..വീണ്ടും അയാൾ കാലാട്ടൽ തുടങ്ങി.ഇടക്ക് നിർത്തും. വീണ്ടും തുടങ്ങും.ഇയാളിതെന്തോന്നിത്.
ഒന്ന് നിർത്തുന്നുണ്ടോ എന്ന് ഉറക്കെ വിളിച്ചു ചോദിക്കണമെന്നുണ്ടെങ്കിലും ഉള്ളിൽ നിന്നും ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.
.
അയാളുടെ കാലാട്ടലും, പെടപ്പിക്കലും തുടർന്ന് കൊണ്ടേ ഇരുന്നു.എന്റെ മനസ്സ് അയാളെ നൂറുവട്ടമെങ്കിലും വിലക്കിയിട്ടുണ്ടാകും.
കുറേ ആയപ്പോഴാണ്‌, ഏകാന്തതയിൽ മുങ്ങാൻകുഴിയിട്ട് പുറത്തേക്ക് നോക്കി ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ, അടങ്ങിയൊതുങ്ങി ഇരുന്ന എന്നെ ഇത്രമേൽ ഉപദ്രവിക്കുന്ന ഇവനെ പ്രതിയോഗിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന ദേഷ്യത്തിൽ തലയുയർത്തി രൂക്ഷമായി ഒരു നോട്ടം വെച്ചു കൊടുക്കാനെങ്കിലും എനിക്ക് സാധിച്ചത്. ആളുടെ മുഖത്തേക്ക് കോപത്തോടെ നോക്കിയ ഞാൻ ഞെട്ടിപ്പോയി.യ്യോ.. ഇത് എന്റെ കസിൻ ബ്രോ ആണല്ലോ.. ഇവനാണോ ഈ തെണ്ടിത്തരം എന്നോട് ചെയ്തുകൊണ്ടിരുന്നത്.ഞാൻ അവനെ നോക്കി മിഴുങ്ങസ്യ ഇരുന്നതും, അവൻ ചിരിച്ചു.എന്നെ കണ്ടിട്ട് തന്നെ അടുത്ത് വന്നിരുന്നതാണ് അവൻ.
ഞാൻ നോക്കാതിരുന്നപ്പോൾ ,ചെയ്ത പണിയാണ്. തുടങ്ങിയപ്പോൾ തന്നെ അങ്ങനെ ചെയ്യല്ലേ എന്നു പറയാനായെങ്കിലും തല നിവർത്തി നോക്കും,അപ്പൊ ഹായ് പറയാം എന്നു കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്തത്.പ്രതികരണമൊന്നും ഇല്ലാതായപ്പോൾ കുസൃതിയോടെ അത് തുടർന്നുകൊണ്ടിരുന്നു.

ഇത്രയൊക്കെ ആയിട്ടും നീയെന്താ ഒന്നും മിണ്ടാത്തത് എന്നാണ് അവൻ അത്ഭുതപ്പെട്ടു കൊണ്ട് എന്നോട് ചോദിച്ചത്.ഇങ്ങനെ പ്രതികരിക്കില്ല എന്നു തോന്നുമ്പോഴാണ് എന്തും ചെയ്യാമെന്ന് കരുതി പലരും പലതും ചെയ്യുന്നത്.എന്റെ പ്രതികരണം ഇങ്ങനെയല്ല വേണ്ടത് എന്നൊക്കെ പറഞ്ഞ് അവൻ എന്നെ ഉപദേശിച്ചു. അവനും മരണവീട്ടിലേക്ക് പോകുന്നതായിരുന്നു.സഹനത്തിന്റെ പാരമ്യതയിൽ എത്തിയപ്പോൾ മാത്രമാണ് എനിക്ക് രൂക്ഷമായ ഒരു നോട്ടത്തോടെയെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത്.അതിൽ എനിക്ക് കുറ്റബോധം തോന്നി.അപ്പൊ ഞാൻ പറഞ്ഞുവന്നത് ,ഇങ്ങനെ എത്രയോ ആൾക്കാർ പ്രതികരിക്കാൻ ആകാതെ, നിസ്സഹായരായി എല്ലാ പീഡനങ്ങളും സഹിക്കുന്നുണ്ടാകും.പ്രതികരിച്ചാൽ എന്താകും, പൊല്ലാപ്പിനൊന്നും പോകണ്ട എന്നു കരുതുന്നവർ, ഉപദ്രവിക്കുന്നവർക്ക് പ്രചോദനമാവുകയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്.അനാവശ്യ പ്രതികരണങ്ങൾ വഴി പൊല്ലാപ്പുണ്ടാക്കുന്നവരും ഇല്ലായ്കയില്ല.വർഷങ്ങൾ കഴിഞ്ഞു, ഇപ്പോ ഞാൻ ആ പഴയ പ്രതികരണത്തിൽ നിന്നും എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട് എന്നറിയാൻ ഒരു ബസ് യാത്രകൂടി നടത്തി നോക്കേണ്ടതുണ്ട് .
എഴുതിയത് : മുംതാസ്