എന്തോ തപ്പുന്നതിനു ഇടയിൽ ആണ് അമ്മയുടെ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് കണ്ടത് മാർക്ക് കണ്ടു ശരിക്കും ഞെട്ടി ചോദിച്ചപ്പോൾ അമ്മയുടെ വാക്കുകൾ ഇങ്ങനെ

EDITOR

അമ്മയ്ക്ക് ഇത്രയും മാർക്കോ?അച്ഛന്റെ അലമാരയിൽ എന്റെ sslc സർട്ടിഫിക്കറ്റ് തിരയുന്നതിനിടയിലാണ് അമ്മയുടെ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് എന്റെ കയ്യിൽ കിട്ടിയത്. അച്ഛനത് ഭദ്രമായി ഡയറിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
സർട്ടിഫിക്കറ്റുമായി നേരെ അമ്മയുടെ അടുത്ത് ചെന്നപ്പോൾ അമ്മ കറിവെക്കുന്ന തിരക്കിലാണ്.അമ്മേ, അമ്മയ്ക്ക് പ്രീഡ്രിഗ്രിക്ക് നല്ല മാർക്കുണ്ടായിരുന്നു അല്ലേ? അമ്മ പഠിച്ചു എന്നറിയാമെങ്കിലും മാർക്കിനെ പറ്റിയൊന്നും ഞങ്ങളോട് പറയാറില്ല, ചോദിച്ചാലും ഒഴിഞ്ഞു മാറും.അമ്മയ്ക്ക് നല്ല ജോലി കിട്ടുമായിരുന്നില്ലേ?അമ്മ എന്നെനോക്കിക്കൊണ്ട് പറഞ്ഞു -ആ ഞാൻ നന്നായി പഠിക്കുമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡിസ്റ്റിംഗ്ഷന്റെ അടുത്ത് മാർക്ക് ഉണ്ടായിരുന്നു. പ്രീഡഗ്രിക്കും നല്ല മാർക്ക് ഉണ്ടായിരുന്നു.ഡിഗ്രിക്കു ഫസ്റ്റ് ക്ലാസ്സ്‌ ആയിരുന്നു. പിന്നെ രണ്ടു വർഷം ടീച്ചർ ട്രെയിനിങ്ങും ചെയ്തു.അന്നത്തെകാലത്ത് ജോലികിട്ടാൻ ആ പഠിപ്പൊക്കെ കൂടുതലായിരുന്നു. അമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു.
അമ്മ ജോലിക്കൊന്നും ശ്രമിച്ചില്ലേ?

ആ, ശ്രമിച്ചിരുന്നു, പക്ഷെ അതിനിടയിലായിരുന്നു കല്യാണം. ഇപ്പോഴത്തെ പ്പോലെയല്ല പണ്ട്, കൂട്ടുകുടുംബമായിരുന്നു. ജോലിക്ക് പോവുന്നത് അച്ഛന്റെ വീട്ടിലുള്ള കാരണവന്മാർക്ക് ഇഷ്ടമല്ലായിരുന്നു.പെണ്ണ് ജോലിക്കുപോയിട്ട് വീട് കഴിയേണ്ട ഗതികേട് ഞങ്ങൾക്കില്ല, എന്നതായിരുന്നു അവരുടെ നിലപാട്.
എന്നിട്ടും ഞാൻ ജോലിക്കുപോയി,അടുത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചർ ആയിട്ട്,പക്ഷെ വീട്ടിൽ പലയിടത്തായി അസ്വാരസ്യങ്ങളും ഒച്ചപ്പാടുകളും, കുറ്റപ്പെടുത്തലുകളും ഉയർന്നുവന്നു. അത് മാനസികമായി ബാധിക്കാൻ തുടങ്ങിയപ്പോൾ ഞാനാ ജോലി വേണ്ടാന്ന് വെച്ചു.എനിക്കുവേണ്ടി സംസാരിക്കാനോ എന്നെ മനസ്സിലാക്കാനോ അന്നാരും ഉണ്ടായില്ല, സ്വന്തം വീട്ടുകാർ പോലും!
പിന്നെ നിന്റെ അച്ഛൻ സ്വന്തമായി വീടുവെച്ചു നമ്മൾ അങ്ങോട്ട് മാറിയപ്പോൾ, എന്നോട് ജോലിക്ക് പോവാൻ നിന്റെ അച്ഛൻ തന്നെ ആവശ്യപ്പെട്ടു. ഞാൻ മറ്റൊരു സ്കൂളിൽ ജോലിക്ക് പോവാൻ തുടങ്ങി.പക്ഷെ അവിടെയും വിധിയെന്നെ തോൽപ്പിച്ചു.
പെട്ടന്നാണ് അച്ഛന് അസുഖം വന്നത്. അച്ഛന് ജോലിക്ക് പോവാൻ പാടില്ല, ബെഡ് റസ്റ്റ്‌ വേണം, ഒരാൾ എപ്പോഴും അച്ഛന്റെ കൂടെ വേണമെന്ന് പറഞ്ഞപ്പോൾ ആ ജോലിയും വേണ്ടാന്ന് വെച്ചു.

ശരിയാണ്. എനിക്കും ഓർമ്മയുണ്ട് ആ നാളുകൾ. ആ സമയത്ത് സാമ്പത്തികമായും അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി.പിന്നെ ഏട്ടനു വിദേശത്തു നല്ല ജോലി കിട്ടിയപ്പോഴാണ് ഞങ്ങൾ ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ തുടങ്ങിയത്.അമ്മ എന്റെ ചിന്തകൾക്കിടയിൽ കയറി പറഞ്ഞു -പഠിപ്പു മാത്രം പോര മോളെ, ജോലി ചെയ്യാനുള്ള ഭാഗ്യവും വേണം.ആ ഭാഗ്യമുണ്ടാവാൻ പ്രാർത്ഥിക്ക്.നിനക്കുമില്ലേ ഇത്പോലെ സർട്ടിഫിക്കറ്റുകൾ. ഒരു ജോലി നോക്ക്,ജോലിക്ക് വേണ്ടി എവിടെ വേണമെങ്കിലും അമ്മയും കൂടെ വരാം. നിനക്ക് നിന്റെ ഭർത്താവിനെ ഒരു ശതമാനം പോലും അട്ജെസ്റ്റ് ചെയ്യാനാവുന്നില്ല എന്നല്ലേ പറഞ്ഞത്, ഇഷ്ടമില്ലെങ്കിൽ ഇനി ആ ജീവിതത്തിലേക്ക് പോവണ്ട,വേണ്ടാന്ന് തോന്നുന്നെങ്കിൽ ആ നിമിഷം വേണ്ടാന്ന് വെക്കണം,ഇല്ലെങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ ദുഖിക്കേണ്ടി വരും ആരും എന്തും പറഞ്ഞോട്ടെ നിനക്ക് ഞങ്ങളുണ്ട്. പോയി നിന്റെ സർട്ടിഫിക്കറ്റെല്ലാം എടുത്ത് വെക്ക്.അമ്മയുടെ സർട്ടിഫിക്കട്ട് ഞാൻ സൂക്ഷിച്ചു വെക്കട്ടെ?എന്തിന്?അതുകൊണ്ട് ഇനി എന്ത് പ്രയോജനം, കീറിക്കളഞ്ഞേക്ക്. പറയുമ്പോൾ അമ്മയുടെ തൊണ്ടയിടറി.തിരിഞ്ഞ് നടക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി, അമ്മയുടെ സെർട്ടിഫിക്കറ്റിലേക്ക് ഞാൻ വീണ്ടും നോക്കി. ഭദ്രമായി അത് ഡയറിൽ തന്നെ വച്ചു.അതിന് ഒരുപാട് വിലയുണ്ട്, എന്റെ അമ്മയുടെ സ്വപ്നങ്ങളോളം.

എഴുതിയത് : സരിത