നമുക്ക് വേണ്ടത് സുരേന്ദ്ര ശർമ്മയെ പോലുള്ള ജീവനക്കാരാണ്!ഇത് സുരേന്ദ്ര ശർമ്മ. ഹരിയാന സർക്കാരിന്റെ കീഴിലുള്ള ഹരിയാന റോഡ് വെയ്‌സിൽ (നമ്മുടെ കെ എസ് ആർ ടി സി പോലെ) കഴിഞ്ഞ 12 വർഷമായി ബസ്സ് കണ്ടക്ടറായി ജോലി ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ബസ്സിൽ കഴിഞ്ഞ 12 വർഷമായി കയറിയവർ ഇദ്ദേഹത്തെ ഒരിക്കലും മറക്കില്ല. കാരണം, ആര് ബസ്സിൽ കയറിയാലും ഇദ്ദേഹം ഒരു ഗ്ലാസ് വെള്ളം കൊടുത്തു സ്വീകരിക്കും. മാന്യമായി പെരുമാറും. ചൂടേറ്റ് തളർന്ന് ബസ്സിൽ കയറുന്ന യാത്രക്കാർ ഒരു ഗ്ലാസ് വെള്ളം വെച്ച് നീട്ടുന്ന ഹരിയാന റോഹക്ക് സ്വദേശിയായ ഇദ്ദേഹത്തെ പിന്നെ എങ്ങിനെ മറക്കാനാണ്.
നമ്മൾ കണ്ടിട്ടുള്ള പല സർക്കാർ സ്ഥാപനങ്ങളും എന്ത് കൊണ്ടാണ് നഷ്ടത്തിലോടുന്നത്? എന്ത് കൊണ്ടാണ് അവിടെ എന്തെങ്കിലും സേവനത്തിനായി ചെല്ലുന്ന ഒട്ടു മിക്ക സാധാരണക്കാർക്കും ഈ ജീവനക്കാരിൽ നിന്ന് മോശം അനുഭവങ്ങളുണ്ടാവുന്നത്?
സംഭവം വെറും സിമ്പിൾ, ഇവർക്ക് സർക്കാരാണ് ശമ്പളം കൊടുക്കുന്നത് എന്ന ചിന്ത! അതിപ്പോ നല്ല സർവീസ് കൊടുത്തില്ലെങ്കിലും, നഷ്ടത്തിലായാലും കൃത്യ സമയത്ത് കിട്ടുമെന്നുള്ള ഉറപ്പ്. ഇല്ലെങ്കിൽ സമരം ചെയ്ത് വാങ്ങാൻ യൂണിയനുകളുടെ പിൻബലം ഉണ്ടെന്നുള്ള ധൈര്യം. ഇനിയിപ്പോ വിരമിച്ചാലും മരിക്കുന്നത് വരെ പെൻഷൻ കിട്ടുമെന്നും അറിയാം.എന്നാൽ ഇവർ മറന്ന് പോകുന്ന ഒരു സത്യമുണ്ട്, തൊഴിൽ ചെയ്ത് ജീവിക്കുന്ന എല്ലാവർക്കും ശമ്പളം കൊടുക്കുന്നത് കസ്റ്റമേഴ്‌സ് ആണ്. അവരെ സേവിക്കാനാണ് ഇവരെ വച്ചിരിക്കുന്നത്. ഇനി സർക്കാർ ജീവനക്കാരാണെങ്കിൽ ജീവിത കാലം മുഴുവൻ കിട്ടുന്ന ഈ പണം സാധാരണക്കാരന്റെ നികുതി പണമാണ്. ഈ സത്യം മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇവർക്കുള്ളു. സുരേന്ദ്ര ശർമ്മയെ പോലെ അന്നം തരുന്ന കസ്റ്റമറെ ബഹുമാനിക്കാനും, അവർക്ക് വേണ്ടത് ചെയ്തു കൊടുക്കാനുമുള്ള മനസ്സുണ്ടായാൽ ഏത് പ്രസ്ഥാനവും വളരും, ലാഭം നേടുകയും ചെയ്യും. ഈ തിരിച്ചറിവുള്ള സുരേന്ദ്ര ശർമ്മയ്ക്കിരിക്കട്ടെ വലിയ ഒരു സല്യൂട്ട്.
എഴുതിയത് :ഷമീം റഫീഖ് കോർപ്പറേറ്റ് ട്രെയിനർ | ബിസിനെസ്സ് കോച്ച്