തൊട്ടടുത്ത ഫ്ലാറ്റിലെ പുതിയ താമസക്കാരെ കുറിച്ച് ചിലത് അറിഞ്ഞപോ അകൽച്ച കാണിച്ചു പക്ഷെ അവർ ചെയ്ത നന്മ ഇന്ന് എന്റെ ജീവിതം കുറിപ്പ്

EDITOR

കഥ എന്റെ അയൽക്കാരി ,തൊട്ടടുത്ത ഫ്ലാറ്റിൽ പുതിയ താമസക്കാർ വന്നതറിഞ്ഞത് സാധനങ്ങൾ മാറ്റുന്നതിന്റെയും ചെറിയ കുട്ടികളുടെയും ബഹളങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോഴാണ്. നല്ലൊരു അയൽക്കാരിക്ക് വേണ്ടി കൊതിച്ചു കൊതിച്ചിരുന്ന എന്റെ മനസ്സ് തുടികൊട്ടാൻ തുടങ്ങിയിരുന്നു.അപ്പുറത്തെ പുതിയ താമസക്കാർ പച്ചകളാണ്, നാത്തൂർ പറയുന്ന കേട്ടു പാകിസ്താനി കുടുംബമാണ് ആ ഫ്ലാറ്റ് എടുത്തതെന്ന്. ഞാൻ പോയിക്കഴിഞ്ഞാൽ എപ്പോഴും വാതിലടച്ച് ഇരിക്കണം. കണ്ണേട്ടൻ അങ്ങനെ പറഞ്ഞപ്പോഴാണ് പച്ചകൾ എന്നാൽ പാകിസ്ഥാനികളെ ഇവിടെയുള്ളവർ വിളിക്കുന്ന പേരാണ് എന്നെനിക്ക് മനസിലായത്. പാകിസ്ഥാനികൾ ഭയങ്കരന്മാരല്ലേ എന്ന വിചാരം എന്റെ ഉത്സാഹത്തെയും അന്നത്തെ ഉറക്കത്തെത്തന്നെയും കെടുത്തിക്കളഞ്ഞു.നാട്ടിൽ നിന്നും അബുദാബിയിലേക്കുള്ള പറിച്ചുനടൽ ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ എതിരേറ്റത്, എങ്കിലും പുതിയ നാട്, പുതിയ സംസ്‍കാരം, പല പല രാജ്യങ്ങളിലുള്ള ആൾക്കാർ എന്നീ ചിന്തകൾ എന്നെ ആകുലയുമാക്കി.

സുദാ, നീ ആരുമായും അധികം അടുപ്പത്തിനൊന്നും പോകണ്ട, നമ്മളായി നമ്മുടെ പാടായി. കണ്ണേട്ടൻ എന്റെ ചെവിയിൽ ഓതിക്കൊണ്ടേയിരുന്നു.വളരെയധികം സംസാരിക്കുന്ന, കൂട്ടു കൂടുവാനും, വായനയും, എഴുത്തും ഏറെയിഷ്ടമുള്ള എനിക്ക് കിട്ടിയ ആൾ നേരെ വിപരീത സ്വഭാവമുള്ളത്. കൂട്ടുകാരില്ലാത്ത, അളന്നു മുറിച്ചു സംസാരിക്കുന്ന, ഉറക്കെ ചിരിക്കാത്ത, കളിചിരികൾ പറയാത്ത, പുസ്തകം കൈ കൊണ്ട് തൊടാത്ത ഒരു ഗൗരവക്കാരൻ. പ്രവൃത്തിയിലും, മുഖത്തും, നടപ്പിലും, ഇരിപ്പിലും എല്ലാം ഗൗരവം മാത്രം. പുറത്തേക്കിറങ്ങുമ്പോൾ മലയാളികളെപ്പോലെയുള്ള ആൾക്കാരെ കാണുമ്പോൾ എനിക്ക് സംസാരിക്കാൻ കൊതിവരുമായിരുന്നു, ആ ആഗ്രഹങ്ങളെയെല്ലാം ഞാൻ മനോഹരമായ ചിരിയിൽ ഒതുക്കി നടന്നു പൊയ്പ്പോയി. പുസ്തകങ്ങളും ഞാനുമായി ഒരു ലോകം തന്നെ തീർത്തു വരുമ്പോഴാണ് ആ അയൽക്കാരുടെ വരവ്.ആ വീടിന്റെ വാതിൽ തുറക്കുമ്പോൾ ഞാനും എന്റെ വീടിന്റെ വാതിലിലെ ചെറിയ ഹോളിൽക്കൂടി അവരെ നിരീക്ഷിക്കാൻ ആരംഭിച്ചു. കുട്ടികൾ കോറിഡോറിൽ കളിക്കുമ്പോൾ വാതിൽ ചെറുതായി തുറന്ന് അവരുടെ കളികൾ കണ്ട് നിൽക്കാനും തുടങ്ങി. നാലും മൂന്നും വയസ്സ് തോന്നിക്കുന്ന രണ്ട് സുന്ദരിക്കുട്ടികൾ.

നിങ്ങളുടെ പേരെന്താ?” ഒരു ദിവസം കുട്ടികളുടെ കളിചിരികൾ കണ്ട് നിൽക്കുമ്പോഴാണ് ഇംഗ്ലീഷിൽ ആ ചോദ്യം കേട്ടത്. ആ കുട്ടികളുടെ അമ്മ. മക്കൾ സുന്ദരികളായതിന്റെ മൂലഹേതു എന്താണെന്നു അവരെ കാണുന്ന ആർക്കും ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും.സുദക്ഷിണ”, ഞാൻ ചെറിയ വിക്കലോടെ മറുപടി കൊടുത്തു.ഞാൻ ഫെറ.” മനോഹരമായ ചിരിയോടെ അവർ അടുത്ത് വന്ന് എന്റെ കൈയിൽ പിടിച്ചു. ആ കൈയുടെ തണുപ്പ് എന്റെ ശരീരത്തിലേക്കും മനസ്സിലേക്കും മഞ്ഞു വീഴുംപോലെ പടർന്നുകയറിയത് ഞാനറിഞ്ഞു.
ഫെറയുടെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും എന്റെ മുറി ഇംഗ്ലീഷും എങ്ങനെ ചേർന്ന് പോയി എന്നറിയില്ല, ഞങ്ങളുടെ സൗഹൃദം അവിടെ ആരംഭിച്ചു. ഇംഗ്ലീഷിൽ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുമ്പോൾ ആംഗ്യഭാഷയും ചിലപ്പോൾ മലയാളം തന്നെയും ഞാൻ പറഞ്ഞുപോന്നു. അവൾ ഒട്ടും തന്നെ മുഖം ചുളിക്കാതെ, കളിയാക്കാതെ എന്റെ വാക്കുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. സൗഹൃദത്തിന് ഒരു ഭാഷയേയുള്ളു എന്ന് പറയുന്നത് പോലെ ഞങ്ങളുടേതായ ഭാഷയിൽ പരസ്പരം എല്ലാകാര്യങ്ങളും ഞങ്ങൾ പങ്കുവെച്ചു.

കണ്ണേട്ടൻ ഇല്ലാത്ത അവസരങ്ങളിൽ ഒന്നുകിൽ ഞാൻ അവിടെയോ അല്ലെങ്കിൽ അവൾ മക്കളുമായി ഇവിടെയോ സമയം ചിലവഴിക്കൽ പതിവായി. “സുദക്ഷിണ” എന്ന എന്റെ പേരിനെ ചുരുക്കി “സുദ” എന്ന് എല്ലാവരും വിളിച്ചു പോന്നപ്പോൾ അവൾ മാത്രം കുറച്ചു കൂടി മധുരമായി “സുദു” എന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് ഞാൻ എന്റെ പേരിനെ സ്നേഹിക്കാൻ തുടങ്ങിയത്.സുദു നിനക്കറിയുമോ എനിക്ക് കേരള വലിയ ഇഷ്ടമാണ്, ഫോട്ടോകളിൽ എന്ത് ഭംഗിയാണ് കേരളം കാണാൻ”, ഒരു ദിവസം ഫെറ എന്നോടിത് പറഞ്ഞപ്പോൾ കണ്ണേട്ടൻ അവരെക്കുറിച്ചു കുറ്റം പറയുന്നതോർത്ത്, ഞാൻ അവരെക്കുറിച്ച് ചിന്തിച്ചു കൂട്ടിയിരുന്നതോർത്ത് ലജ്ജയാൽ എന്റെ തലതാഴ്ന്നു പോകാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു, കഴിഞ്ഞില്ല.ഫെറ എന്നെ പാകിസ്ഥാനി ബിരിയാണിയും, അവിടുത്തെ വിഭവങ്ങളും ഉണ്ടാക്കുവാൻ പഠിപ്പിച്ചപ്പോൾ ഞാൻ അവളെ കുടംപുളിയിട്ട മീൻകറിയും സദ്യയും ഉണ്ടാക്കുവാൻ പഠിപ്പിച്ചു.

അവളുടെ ഭർത്താവ് എന്നെ കാണുന്ന മാത്രയിൽ ബഹുമാനപൂർവ്വം എഴുന്നേറ്റ് , “വരൂ സഹോദരി”, എന്ന് പറയുമ്പോഴെല്ലാം ആര് വീട്ടിൽ വന്നാലും കാലിന്മേൽ കാൽകയറ്റി, താനാണ് ഏറ്റവും വലുത് എന്ന വിചാരത്തിൽ ഇരിക്കുന്ന കണ്ണേട്ടനെക്കുറിച്ച് ഞാൻ സങ്കടത്തോടെ ഓർത്തു.ഫെറയുടെ മക്കളെക്കൊണ്ട് എന്നെ “സുദുമ്മ” എന്ന് വിളിക്കാൻ അവൾ പഠിപ്പിച്ചപ്പോഴും അവർ അങ്ങനെ എന്നെ വിളിക്കുമ്പോഴും അമ്മയാകാത്ത എന്റെ മനം മാതൃത്വത്താൽ നിറയും. അവളുടെ അമ്മ വീഡിയോകോൾ ചെയ്യുമ്പോൾ, എന്നെ പ്രത്യേകമായി അന്വേഷിക്കുമ്പോൾ, എന്നോട് മാത്രമായി കുറേയധികം നേരം സംസാരിക്കുമ്പോൾ, വിശേഷങ്ങൾ ചോദിക്കുമ്പോൾ, എന്റെ അമ്മ മരിച്ചു പോയ സങ്കടം ഞാൻ മറന്ന് പോകും.
ഫെറ നാട്ടിൽ വെക്കേഷന് പോകുമ്പോൾ മാത്രമാണ് ഏറ്റവും കൂടുതൽ ഏകാന്തത ഞാൻ അനുഭവിച്ചിട്ടുള്ളത്. അവൾക്ക് എന്നെയും എന്റെ സൗഹൃദത്തേക്കാളും എനിക്ക് ഫെറയെയും അവളുടെ സൗഹൃദവുമാണ് ആവശ്യം എന്ന് ഞാൻ മനസിലാക്കിയതും അത്തരം അവസരങ്ങളിലാണ്.

കുട്ടികളുണ്ടായില്ലെങ്കിലെന്താ സുദു, അതാണോ ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യം, അതൊക്കെ ആകുമ്പോൾ ആകട്ടെ. നിനക്ക് ഒരു വലിയ കഴിവ് ഭഗവാൻ തന്നിട്ടുണ്ട്, എഴുതാനുള്ള കഴിവ്, നീ അതിൽ കോൺസെൻട്രേറ്റ് ചെയ്യണം. നിന്റെ പേരിൽ ഒരു ബുക്ക്‌ നീ ഇറക്കണം.” കല്യാണം കഴിഞ്ഞ് നാല് കൊല്ലമായിട്ടും കുട്ടികളാകാത്തതിന്റെ സങ്കടം ഫെറയുമായി ഒരിക്കൽ പങ്കു വെച്ചപ്പോൾ അവൾ തന്ന പ്രചോദനമേറിയ വാക്കുകളാണിത്.ഞാനെഴുതിയ ഒരു കഥ പോലും വായിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാത്ത കണ്ണേട്ടനെ ദൈവം എനിക്ക് തന്നപ്പോൾ ആ സങ്കടം മുഴുവനും മറക്കാൻ ഞാനെഴുതുന്ന ഓൺലൈൻ കഥകളെല്ലാം ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്തു വായിച്ചു അഭിപ്രായങ്ങളും, ആശംസകളുമറിയിക്കുന്ന ഒരന്യരാജ്യക്കാരി അയൽക്കാരിയെ മറുവശത്ത് തന്ന് മതിയാവോളം അനുഗ്രഹിച്ചു.
ഒരു രാത്രി നിന്നനിൽപ്പിൽ കണ്ണൊക്കെ മങ്ങി, ശ്വാസതടസ്സവും, ചെറിയ നെഞ്ച് വേദനയും വന്ന് തളരാൻ തുടങ്ങിയ കണ്ണേട്ടനെ ഫെറയും ഭർത്താവും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രഷർ കൂടിയതാണെന്നും പെട്ടെന്ന് എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് സ്ട്രോക്കിൽ എത്തിയില്ല എന്നും ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ എന്റെ നല്ല അയൽക്കാരെ നന്ദിയോടെ നോക്കി, കണ്ണേട്ടന്റെ മിഴികളും നിറയുന്നത് ഞാനറിഞ്ഞു.

അവിടെ നിന്നും കണ്ണേട്ടനും മുഴുവനായി മാറി, എന്തിനും ഏതിനും ഫെറയും ഭർത്താവും എന്നായി. കണ്ണേട്ടൻ ഉള്ളപ്പോൾ വീട്ടിൽ പോലും കയറാൻ സമ്മതിക്കാതിരുന്ന ആ മക്കൾക്ക് വേണ്ടി ടോയ്‌സ് വാങ്ങി വീട് നിറച്ചു, അവർ എങ്ങും പോകാതെ ഇവിടെത്തന്നെ നിന്ന് കളിക്കുവാൻ വേണ്ടി. ഒരിക്കൽ വീട് അലങ്കോലമാക്കിയതിനു കുട്ടികളാണെന്നു പോലും നോക്കാതെ അവരെ ചീത്ത പറഞ്ഞയാൾ എത്ര കോലമായി വീട് കിടന്നാലും അവരെ തടഞ്ഞില്ല. എനിക്ക് വേണ്ടി പുസ്തകങ്ങൾ വാങ്ങി വരാനും, എന്റെ കഥകൾ വായിക്കാനും, അഭിപ്രായം പറയാനും തുടങ്ങി. എനിക്ക്‌ ഇരുന്ന് എഴുതാനും വായിക്കാനും വീടിനുള്ളിൽ ഒരു സ്ഥലം വരെ ഒരുക്കി. പിന്നീട് വന്ന വിഷുവും, ഓണവും, ഈദുമെല്ലാം ഞങ്ങൾ ഒരു കുടുംബമായി ആഘോഷിച്ചു.ഫെറയും കുടുംബവും ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. “നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”, എന്ന വേദവാക്യം അത് പോലെ പകർത്തിയ ജീവിതമാണ് ഫെറയുടേത്.ഫെറയുടെ പ്രചോദനത്താൽ മാത്രം സാധ്യമായ എന്റെ ആദ്യപുസ്തകം “അയൽരാജ്യവും പ്രിയപ്പെട്ടവരും” പ്രകാശനം ചെയ്തത് ഫെറയാണ്, അപ്പോഴേക്കും ഞങ്ങളുടെ സൗഹൃദം ആരംഭിച്ചിട്ട് മൂന്ന് കൊല്ലമായിരുന്നു. ഫെറക്ക് വേണ്ടി മാത്രം പുസ്തകം ആംഗലേയഭാഷയിലും അച്ചടിച്ചു.എന്റെ ജീവിതം പാടെ മാറ്റിമറിച്ച ഇവൾ, ഫെറ, എനിക്ക് പ്രിയപ്പെട്ടവൾ, എന്റെ അയൽക്കാരി, അയൽരാജ്യത്തിലെയും അന്നം തരുന്ന നാട്ടിലെയും.
എഴുതിയത് :മഹാലക്ഷ്മി മനോജ്