എനിക്ക് സ്ത്രീധനം വേണ്ട എന്ന് പറഞ്ഞപ്പോ പെൺവീട്ടുകാർ ബ്രോക്കറോട് ചോദിച്ചു പയ്യന് അംഗവൈകല്യം ഉണ്ടോ എന്ന് കുറിപ്പ്

EDITOR

പണ്ട് എനിക്ക് പല കല്യാണ ആലോചനകൾ വന്നപ്പോൾ ഞാൻ ബ്രോക്കറോട് പറഞ്ഞിരുന്നു, പെൺ വീട്ടുകാരോട് പറയണം എനിക്ക് സ്ത്രീധനം ഒന്നും വേണ്ട. അന്ന് ആ ബ്രോക്കറോട് ഒരു പെൺവീട്ടുകാർ ചോദിച്ചതാണ് പയ്യന് അംഗവൈകല്യം വല്ലതുമുണ്ടോ? എന്തേലും കുഴപ്പമുണ്ടോ? അതാണ് നാട്ടുനടപ്പ്. സ്ത്രീധനത്തിനെതിരെ ഇപ്പോൾ ജനങ്ങളുടെ പ്രതികരണം കണ്ടാൽ, കേരളത്തിൽ സ്ത്രീധനം വാങ്ങിച്ചവരായി ആരും ഇല്ല എന്ന് തോന്നും. കല്യാണം ഇപ്പോഴും വലിയൊരു കച്ചവടം തന്നെയാണ്. ഇതുപോലെ ഒരുപാട് വിസ്മയമാർ നമുക്ക് ചുറ്റുമുണ്ട് 100 പവന്റെയും കാറിന്റെ വലുപ്പം ഇല്ലാത്തതു കൊണ്ടും അവർ മുന്നോ നാലോ ദിവസത്തെ വാർത്തയിൽ വന്ന് മറഞ്ഞു പോകുന്നു.സ്ത്രീധന മോഹികളുടെ കൂടെ വിവാഹ ജീവിതം നയിക്കുന്നതിനെക്കാൾ നല്ലത് എന്തെങ്കിലും ജോലി ചെയ്ത് അവിവാഹിതയായി അന്തസ്സോടെ ജീവിക്കുന്നതാണ്.

ഞങ്ങൾക്ക് പെൺകുട്ടിയെ ഇഷ്ട്ടമായി. സ്ത്രീധനമൊന്നും നോക്കുന്നില്ല. എന്നാലും നിങ്ങടെ മോൾക്ക് എന്തെങ്കിലും കരുതി വച്ചിട്ടുണ്ടെങ്കിൽ കൊടുത്തോളു. ഞങ്ങടെ മൂത്തമോൾക്ക് നൂറ്റൊന്ന് പവൻ കൊടുത്താണ് കെട്ടിച്ചത്. അതാണ് പല മേനി നടിപ്പുകാരുടെയും ഊള ഡയലോഗ്. നമ്മുടെ മകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ എത്തിപ്പെടുമ്പോൾ നിരന്തര സമ്പർക്കം മാതാപിതാക്കളുമായി പുലർത്തുക. ഉയർന്ന വിദ്യാഭ്യാസത്തോടൊപ്പം പ്രതികരിക്കാൻ പഠിപ്പിക്കണം. ക്രിമിനൽ സ്വഭാവം കണ്ട് തുടങ്ങിയാൽ രണ്ട് പൊട്ടിച്ച് ഇറങ്ങി വരാൻ അവൾക്ക് കഴിയേണ്ടതുണ്ട്. താലി കെട്ടിയത് കൊണ്ട് ജന്മം മുഴുവനും സഹിക്കേണ്ട ഗതികേടാകരുത് നമ്മുടെ പെൺകുട്ടികൾക്ക്.അച്ഛനമ്മമാർ പെണ്മക്കളെ അടക്കവും ഒതുക്കവും പാചകവും സഹന ശീലവും എല്ലാം ഒരുമിച്ച് പഠിപ്പിക്കുമ്പോഴും പരിധിവിട്ടു പെരുമാറിയാൽ അവന്റെ മോന്തയ്ക്ക് ഒന്ന് പൊട്ടിക്കാനും പഠിപ്പിക്കണം, എല്ലാം സഹിച്ചു നിൽക്കണമെന്ന് പഴഞ്ചൻ ഡയലോഗ് ഇനിയെങ്കിലും ഉപേക്ഷിക്കണം.

അല്ലെങ്കിൽ പിന്നെ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ അച്ഛനായി രക്ഷിതാക്കൾ മാറണം. മകളുടെ ഭാവി സുരക്ഷിതമാക്കണമെങ്കിൽ അവർക്കു ആരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തമായി ജീവിക്കാനുള്ള സാഹചര്യം ആദ്യം നൽകു. അതിനു മുൻപ് പ്രായം പറഞ്ഞു കെട്ടിക്കാൻ വരുന്ന കാർന്നോൻമാരെയും ഓടിക്കണം.സ്ത്രീധനത്തിനെതിരെ ശക്തമായ നിയമങ്ങൾ ഒന്നും പാസ്സാകാത്തതുകൊണ്ട് ഇനി അടുത്ത ഒരു വിസ്മയക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം. വാങ്ങിക്കുന്നവരും കൊടുക്കുന്നവരും ഉള്ളിടത്തോളം ഇത് തുടർന്ന് കൊണ്ടിരിക്കും.
കടപ്പാട് : വിനോദ് പണിക്കർ