ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസ്സീസ് എഴുതുന്നു മക്കളെ എല്ലാവരുടെയും മുന്നില്‍ നിന്ന് ചീത്ത പറഞ്ഞും ചിലപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും ആശുപത്രിയുടെ ലോബിയിലും വരെ ഇട്ട് തല്ലിയും നാണം കെടുത്തിയും വിഷമിപ്പിച്ചിട്ട് “അച്ഛന്‍/അമ്മ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതല്ലേ” എന്ന് ചോദിച്ചു രണ്ടു ചോക്കലേറ്റ് മേടിച്ചു കൊടുത്താല്‍ തീരുന്നതാണ് നമ്മുടെ കുട്ടികളുടെ പ്രശ്നം എന്നാണു നമ്മളില്‍ ചിലരുടെയെങ്കിലും ധാരണ.അതല്ലെങ്കില്‍ നിങ്ങളുടെയും പങ്കാളിയുടെയും അണ്ഡവും ബീജവും ആയതു കൊണ്ട് കുട്ടികളുടെ മൊത്തത്തില്‍ ഉള്ള അവകാശം (തല്ലാനും കൊല്ലാനും ഉള്‍പ്പെടെ) രക്ഷിതാവിനാണ് എന്നും രക്ഷിതാവ് ദൈവതുല്യനാണ് എന്നും അടുത്ത സെറ്റ് ഓഫ് തോട്ട്സ്.
എല്ലാവരും ഇങ്ങനെയെന്നല്ല, ഇങ്ങനെയും ചിലരുണ്ടല്ലോ എന്നോര്‍മ്മിപ്പിച്ചത് ‘പുഴു’ സിനിമയാണ്. കടുത്ത ജാതിബോധം ഉള്‍പ്പെടെ മറ്റ് വിഷാംശങ്ങളോടൊപ്പം ടോക്സിക് പാരെന്റിംഗ് എന്താണെന്ന് വ്യക്തമായി ഓര്‍മ്മിപ്പിച്ച് മമ്മൂട്ടിയുടെ കഥാപാത്രം ആദിമധ്യാന്തം വല്ലാത്ത അറപ്പുളവാക്കി. നല്ല സിനിമ.മക്കളെ കുറ്റം പറച്ചിലും വഴക്കും തെറി വിളിയും നടത്തി ഇടക്ക് പശുവിനു കാടി കൊടുക്കുന്നത് പോലെ നാലുമ്മ കൊടുത്തു ബാലന്‍സ് ചെയ്യുന്ന മാതാപിതാക്കള്‍ ഇന്നും വലിയ അപൂര്‍വ്വത ഒന്നുമല്ല. അമിതമായി പൊതിഞ്ഞു പിടിച്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചും, മറ്റു കുട്ടികളുമായി താരതമ്യം ചെയ്തും, കടുത്ത ശിക്ഷകള്‍ നല്‍കിയും, അവകാശങ്ങള്‍ നിഷേധിച്ചും, ആവശ്യങ്ങള്‍ നിരസിച്ചും നിരാകരിച്ചും അമ്മ/അച്ഛന്‍ സ്ഥാനത്തില്‍ അഭിരമിക്കുന്നവര്‍ എത്ര മാത്രം ഹീനമായാണ് കുഞ്ഞുങ്ങളെ കാണുന്നത്.
കുട്ടികള്‍ നമ്മളെ സ്നേഹിക്കാന്‍ വേണ്ടി പടച്ച മെഷീനുകള്‍ അല്ല. അങ്ങോട്ട് പ്രകടമായ സ്നേഹം കൊടുക്കാതെ ഇങ്ങോട്ട് സ്നേഹമോ സന്തോഷമോ ഒന്നും തരാന്‍ അവര്‍ ബാധ്യസ്ഥരല്ല. അവരോടു ഇങ്ങോട്ട് ‘ആവശ്യപ്പെടാന്‍’ അല്ല, അങ്ങോട്ട് ‘നല്‍കാന്‍’ ഉള്ളതാണ് അവരുടെ കുട്ടിക്കാലം. നോ പറയേണ്ടിടത്ത് നോ പറയുക തന്നെ വേണം. പക്ഷെ, “നോ പറയാന്‍ മാത്രമായി എനിക്കെന്തിനാണ് ഒരു തന്തയും തള്ളയും!”എന്ന് മക്കള്‍ പ്രാകുന്ന അവസ്ഥ ആകരുത്.അവരോടൊപ്പം നല്ല സമയങ്ങള്‍ ചിലവഴിക്കണം, കളിക്കണം, ചിരിക്കണം, അവരുടെ കുഞ്ഞാശകള്‍ നിറവേറ്റി കൊടുക്കണം. അവരുടേതാകണം. അവരോടു ചേര്‍ന്ന് നിന്ന് ‘എനിക്കെന്റെ അമ്മയുണ്ട്/അച്ഛനുണ്ട്’ എന്ന തോന്നല്‍ നിങ്ങള്‍ ശരീരം കൊണ്ട് അടുത്തില്ലാത്ത അവസ്ഥയില്‍ പോലും കുട്ടികള്‍ക്ക് ഉണ്ടാക്കാന്‍ ഈ വീഡിയോ കോള്‍ കാലത്ത് എന്ത് ബുദ്ധിമുട്ടാനുള്ളത്.
ഇഷ്ടം കൂടിയും സ്നേഹിച്ചു മതി വരാതെയുമിരിക്കുമ്പോള്‍ തിരുത്തുന്നതാണ് സദാ വഴക്ക് പറയുന്നതിലും കലഹിക്കുന്നതിലും കൂടുതല്‍ ഫലവത്താകുക. സംശയമുണ്ടെങ്കില്‍ സ്വന്തം കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ.നല്ലതും അല്ലാത്തതുമായ ഓര്‍മ്മകള്‍ നമുക്കും കാണുമല്ലോ. ആ നമ്മള്‍ ഇന്നൊരു രക്ഷിതാവായി മാറിയത് നമ്മുടെ സങ്കടങ്ങള്‍ നമ്മുടെ കുട്ടികളില്‍ ആവര്‍ത്തിക്കാനല്ല, നമുക്ക് കിട്ടിയതും കിട്ടാതെ പോയതുമായ സന്തോഷങ്ങള്‍ അവര്‍ക്ക് കൊടുക്കാനാണ്. അതിനാണ് ശ്രമിക്കേണ്ടതും.ഇന്ന് മുതല്‍ നമുക്കെല്ലാവർക്കും കുറച്ചു കൂടി നല്ലൊരു രക്ഷിതാവാകാം. അതാണ് ആ നെഗറ്റിവ് കഥാപാത്രം ഓര്‍മ്മിപ്പിച്ച കാര്യങ്ങളിലൊന്ന്. അതാണ് ഇവിടെ വീണ്ടും പറഞ്ഞു വെക്കുന്നതും.