വീട് വെക്കാൻ എടുത്തത് 25 വർഷം ജീവിതത്തിന്റെ നല്ലൊരു ഭാഗം വീട് വെക്കാൻ മെനക്കെട്ട അയാൾക്ക് വട്ടാണെന്ന് നിങ്ങൾക്ക് തോന്നാം എന്നാൽ

EDITOR

ഒരാൾ ഒരു വീടുവെച്ച കഥ മാതാവും-പിതാവും അവരുടെ എട്ട് മക്കളും അടക്കം പത്ത് അംഗങ്ങളുള്ളതാണ്‌ അയാളുടെ കുടുംബം.അവരെല്ലാവരും സന്തോഷത്തോടെ ഒന്നിച്ചു താമസിച്ചിരുന്നത് ‘അധികം വലുതും എന്നാൽ അത്രക്ക് ചെറുതുമല്ലാത്ത’ ഓടിട്ട ഒറ്റനില വീട്ടിലാണ്.എട്ടു മക്കളിൽ ഏറ്റവും ഇളയ മകൻ 1993’ൽ (അന്ന് 22’വയസ്സ്) വിദേശത്തേക്ക് പോയി. അവിടെയുള്ള ഒരു ഗാർമെൻറ്സിൽ ഡിസൈനറായിട്ടായിരുന്നു ജോലി. (1994’ൽ അയാളുടെ ഇളയ സഹോദരിക്ക് ഒരു മേജർ അപകടം പറ്റുകയും, വളരെ ക്രിട്ടിക്കലാകുകയും ചെയ്തു. അതുമൂലം ആ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതകൾ വന്നതിനാൽ വസ്തുവില്നിന്നു ചില ഭാഗങ്ങളും, അയാളുടെ സഹോദരൻമാർ നടത്തിയിരുന്ന കച്ചവട സ്ഥാപനവുമെല്ലാം കിട്ടിയ വിലക്ക് പലർക്കും വിൽക്കേണ്ടി വരുകയും ചെയ്തു.

രണ്ടു വർഷത്തിനുശേഷം 1995’ൽ അയാൾ ആദ്യമായി ലീവിന് നാട്ടിൽ പോയപ്പോഴാണ് താമസിക്കുന്ന കുടുംബ വീട് അല്പം വികസിപ്പിക്കേണ്ടുന്ന ആവശ്യകത അയാളുടെ മനസ്സിൽ ഉദിച്ചത്.പക്ഷെ,നിലവിലുള്ള കുടുംബ വീടിന്മേൽ പണം ചെലവിടുന്നത് പലതുകൊണ്ടും അഭികാമ്യമല്ല എന്നും, വേണേൽ വീടിനോട് ചേർന്ന് (Out house പോലെ) ഒന്നോ രണ്ടോ കിടപ്പു മുറികൾ പണിയുന്നതാകും നല്ലത് എന്നുമുള്ള പിതാവിന്റെ ഉപദേശപ്രകാരം വീടിന്റെ മുൻവശത്തായി (കാഴ്ച്ചയിൽ കുഞ്ഞു വീടുപോലെ തോന്നിക്കുന്ന അറ്റാച്ചഡ് ബാത്ത് റൂമോടുകൂടിയ രണ്ടു കിടപ്പു മുറിയും, കുഞ്ഞു സിറ്റ് ഔട്ടും പണി കഴിപ്പിച്ചു. ഈ പണി പൂർത്തീകരിക്കുന്നതിന് മുൻപുതന്നെ അയാളുടെ അനുവദിച്ച ലീവ് തീരുകയും ഒപ്പം കയ്യിലുള്ള പണവും തീർന്നു പണി പാതി വഴിക്കു നിർത്തിവെച്ചു അയാൾ തിരികെ വിദേശത്തേക്കു പോയി.രണ്ടു വർഷത്തിനുശേഷം, (1997’ൽ) വീണ്ടും അയാൾ ലീവിന്‌ നാട്ടിൽ എത്തിയപ്പോൾ ഈ കുഞ്ഞു ഔട്ട് ഹൌസിന്റെ ബാക്കി പണികൾ തീർക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അങ്ങിനെ പണികൽ ഒരുവിധം പൂർത്തീകരിച്ചു.

ആ സമയത്തുതന്നെ അയാളുടെ വിവാഹവും നടന്നു. കുടുംബത്തെ പിരിഞ്ഞുള്ള പ്രവാസ ജീവിതം മാനസികമായി ഒട്ടും തൃപ്തിപ്പെടാത്ത അയാൾ വിവാഹശേഷം വിദേശത്തേക്ക് തിരികെ പോയില്ല.പിന്നീടങ്ങോട്ട് ഈ കുഞ്ഞു വീട് കുടുംബ വീടിന്റെ ഭാഗമായി മാറുകയും അവിടേയും അവർ താമസിക്കാനും തുടങ്ങി. (നേരത്തെ മറ്റൊരാൾക്ക് വില്പന നടത്തിയിരുന്ന ഔട്ട് ഹൌസിനോട് ചേർന്ന കുറച്ചു വസ്തു പല തവണകളായി പണം അയാൾ നൽകി തിരികെ വാങ്ങുകയും ചെയ്തിരുന്നു.പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷം അയാളുടെ പിതാവ് മരണപ്പെടുകയും, അതിനുശേഷം വസ്തുവഹകൾ മക്കൾക്കായി ഭാഗിക്കുകയും ചെയ്തു. വസ്തുവാഹകൾ പങ്കുവച്ചപ്പോൾ ‘ഭാഗ്യമെന്നോണം’ ഈ Out House നിൽക്കുന്ന ഭാഗം അയാളുടെ അവകാശത്തിലേക്ക് വന്നു ചേർന്നു.

പിന്നീട് ആ രണ്ടുമുറി ഔട്ട് House അയാളുടെ സ്വന്തം വീടായി മാറുകയാണുണ്ടായത്. കുടുംബവീട് അവരിൽ ഒരു സഹോദരിയുടെ ഭാഗമാകുകയും അവരത് പൊളിച്ചു കളഞ്ഞു അവിടെ പുതിയ വീട് പണിയുകയും ചെയ്തു അപ്പോഴേക്കും അയാൾക് രണ്ടു കുട്ടികൾ ജനിച്ചിരുന്നു. 1999’ൽ ഒരു മകളും. 2003’ൽ ഒരു മകനും.2005’ൽ അയാൾ വീണ്ടും ഒരു വിദേശ യാത്ര നടത്തി. ആ യാത്രയിൽ ഒരു കമ്പനിയിൽ അയാൾക്ക് ചെറിയൊരു ജോലിയും ലഭിച്ചു.2007’ൽ അയാൾ വെക്കേഷന് നാട്ടിൽ വന്ന സമയത്ത് ഭാര്യയുടെ കേടുവന്നു ഉപയോഗിക്കാതിരുന്ന മൂന്നര പവന്റെ മെഹർ മാല (താലി മാല) തട്ടാന്റെ അടുക്കൽ കൊടുത്ത് ശരിയാക്കാൻ കൈയിൽ എടുത്തപ്പോഴാണ് ഭാര്യ പറഞ്ഞത്: ‘മാല ശരിയാക്കി കഴുത്തിലിട്ട് നടന്നിട്ട് എന്താണ് കാര്യം..? അത് വിറ്റു കിട്ടുന്ന പണംകൊണ്ട് നമുക്ക് ഈ കുഞ്ഞു വീട് ഒന്ന് ശരിയാക്കി എടുത്തുകൂടെ,, എന്ന്. (പറയാതെ വയ്യ: ആ വിലപ്പെട്ട ഉപദേശം അവരുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു..അങ്ങിനെ ഭാര്യയുടെ താലിമാല വിൽക്കുകയും, ആ പൈസകൊണ്ട് ഔട്ട് ഹൌസിനെ രണ്ടു കിടപ്പു മുറികളോടുകൂടിയ വൃത്തിയുള്ള ഒരു കുഞ്ഞു വീടാക്കി മാറ്റാനുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു

ഈ പണി പൂർത്തീകരിക്കുന്നത് 2010’ലാണ്.ആദ്യത്തെ രണ്ടു കിടപ്പു മുറികളിൽ ഒന്നിനെ അടുക്കളയും, മറ്റേതിനെ ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് ഏരിയ ആക്കി മാറ്റുകയും ചെയ്തു.2018 മകൾ നല്ല മാർക്കോടെ Bca പാസ്സാകുകയും തുടർന്ന് ഏവിയേഷൻ കോഴ്‌സിന് ചേരുകയും ചെയ്തു.എവിയേഷൻ കോഴ്സ് പൂർത്തിയാക്കി മകൾക്ക് വിവാഹാലോചനകൾ തുടങ്ങിയപ്പോഴാണ് താമസിക്കുന്ന കുഞ്ഞു വീട് വീണ്ടുമൊന്നു റെനോവിഷൻ ചെയ്യേണ്ടതായി വന്നത്.2018’ൽ അതിനുള്ള പ്ലാൻ തയ്യാറാക്കി പണികൾ തുടങ്ങി. 2020’ൽ (പഴയ വീടിനോട് അറ്റാച്ചു ചെയ്തുകൊണ്ടുതന്നെ) താഴെ വിശാലമായ ലിവിങ് ഹാൾ, സിറ്റ് ഔട്ട്, പോർച്ച്, മുകളിൽ അറ്റാച്ചഡ് ബാത്ത് റൂമോട് കൂടിയ രണ്ട് ബെഡ് റൂം ബാൽക്കണി പണിതു.അങ്ങിനെ Bathroom അടച്ചടോടുകൂടിയ 4 കിടപ്പു മുറികളുള്ള അത്യാവശ്യം സൗകര്യമുള്ള മനോഹരമായ ഒരു വീട് അയാൾക്കും കുടുംബത്തിനും യാഥാർഥ്യമായി ഇദ്ദേഹം വീടുവെച്ച വഴികൾ അല്പം കഠിനവും ദുർഘടവുമാണ് എന്ന് തോന്നാമെങ്കിലും സാഹചര്യം തിരിച്ചറിഞ്ഞു, സാഹചര്യങ്ങളോട് തൃപ്തിപ്പെട്ടു, നന്നായി ആസ്വദിച്ചു കൊണ്ടുതന്നെയാണ് പല ഘട്ടങ്ങളായി ഇത്രയും കാര്യങ്ങൾ അയാൾ ചെയ്തു തീർത്തത്.

അതു കൊണ്ടു തന്നെ സ്വപ്നത്തിലേക്കുള്ള യാത്രയിൽ മാനസികമായി ഒരു പ്രയാസവും അയാൾ അറിഞതെയില്ല. (എല്ലാത്തിനും അയാളുടെ സഹ ധര്മിണി അയാളോടൊപ്പം പൂർണ്ണ മനസ്സോടെ കൂട്ടുണ്ടായിരുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ പൂർണ്ണ വിജയത്തിന്റെ പിന്നാമ്പുറം.1995’ൽ തുടങ്ങി, 2020’ൽ അവസാനിച്ച ഒരു ജൈത യാത്ര.ചിലർക്ക് തോന്നിയേക്കാം ജീവിതത്തിന്റെ നല്ലൊരു ഭാഗം വീട് വെക്കാൻ മെനക്കെട്ട അയാൾക്ക് വട്ടാണെന്ന്. സത്യത്തിൽ അയാളെ അങ്ങിനെ ചെയ്യാൻ നിർബന്ധിതനാക്കിയത് അയാൾ കടന്നുപോയ ജീവിത സാഹചര്യവും വീട് എന്ന സ്വപ്നത്തോടും ആവശ്യത്തോടുമുള്ള സമർപ്പണവുമാണ്. യാതൊരു മടുപ്പുമില്ലാതെ ക്ഷമയോടെ ഉള്ളതുകൊണ്ട് ഉള്ളതുപോലെ വീട് പണിത, ഏതുതരം വീട്ടിലും സന്തോഷം കണ്ടത്തിയ ആ വെക്തി.അൽപം നീണ്ട കുറിപ്പാണ്. വായിച്ചു ബോറടിച്ചെങ്കിൽ ക്ഷമിക്കുക പ്ലീസ്ഈ വെക്തി മറ്റാരുമല്ല ഈ ഞാൻ തന്നെയാണ്.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുമല്ലൊ സ്വന്തമായൊരു കൊച്ചു വീട് എന്ന സ്വപ്നം കാണുന്നവരോട് പറയാനുള്ളത്:എൻ്റെ ഈ അനുഭവക്കുറിപ്പ് നിങ്ങൾക്കുള്ളതാണ്. നിങ്ങൾ നിരാശപ്പെടരുത്. ക്ഷമയോടെ യാതൊരു മടുപ്പുമില്ലാതെ, ഉള്ളതുകൊണ്ട് ഉള്ളതുപോലെ ശ്രമിച്ചുകൊണ്ടേയിരിക്കുക.അല്പം വൈകിയാലും നിങ്ങളുടെ സ്വപ്നം ഒരുനാൾ യാഥാർഥ്യമാകുകതന്നെ ചെയ്യും! All the best ഈ കഥയിലെ മൂന്ന് വീടുകളാണ് ചിത്രത്തിൽ.

കടപ്പാട് : Abuhamood Shabil