കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ ഒരു സുരക്ഷാ ആശങ്ക പ്രിയ സുഹൃത്തുക്കളെ,ഇന്ന് എനിയ്ക്ക് വളരെയധികം പ്രാധാന്യം തോന്നിയ ഒരു വിഷയത്തെ പറ്റിയാണ് സംസാരിക്കാൻ പോകുന്നത്!!!!
പ്രാധാന്യം എന്ന് പറയാൻ കാരണം അത് ആളുകളുടെ സുരക്ഷയെപ്പറ്റിയാണ് എന്നുള്ളത് കൊണ്ടാണ്!ഇന്ന് രാവിലെ മംഗലാപുരം കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിൽ ഞാൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി.തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് റെയിൽവേ സ്റ്റേഷനാണ് കൊച്ചുവേളി.
നഗരങ്ങളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ അതിന്റെ പരിധിയിൽ എത്തുമ്പോൾ തിരക്ക് കുറയ്ക്കാനായി തൊട്ടടുത്തുതന്നെ നിർമ്മിക്കുന്ന അനുബന്ധ റെയിൽവേ സ്റ്റേഷനുകളെയാണ് ഇങ്ങനെ അഭിസംബോധന ചെയ്യുന്നത് എന്നാണ് എന്റെ അറിവ്.ഇപ്പോൾ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന മിക്ക ദീർഘദൂര വണ്ടികളും കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുന്നത്.
ഉദാഹരണം ചണ്ഡിഗഡ് കേരള സമ്പർക്രാന്തി, പോർബന്ധർ എക്സ്പ്രസ്, ഹുബ്ബള്ളി എക്സ്പ്രസ് എന്നിവ.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ എഞ്ചിൻ നിർത്തുന്ന ഏറ്റവും മുമ്പിൽ നിന്നും ഏകദേശം അഞ്ചോ ആറോ കമ്പാർട്ട്മെന്റ് കഴിഞ്ഞാണ് ഞാൻ ഇറങ്ങിയത്.
അപ്പോഴാണ് ഒരു പ്രധാന പ്രശ്നം ഞാൻ നേരിൽ കണ്ടത് —തീവണ്ടിയുടെ കമ്പാർട്ട്മെന്റിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്ന ഭാഗത്തേക്ക് അത്യാവശ്യം ഉയര വ്യത്യാസമുണ്ട്. കൂടാതെ പ്ലാറ്റ്ഫോമും തീവണ്ടിയുടെ ബോഗികളും തമ്മിൽ അത്യാവശ്യം ഗ്യാപ്പുമുണ്ട്.ഒരിക്കലും ഇങ്ങനെയൊരു വ്യത്യാസം ഉണ്ടാകാൻ പാടില്ലാത്തതാണ്.കുറച്ചു വർഷങ്ങൾക്കു മുമ്പ് പയ്യന്നൂരിൽ ഒരാൾ തീവണ്ടിയുടെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽപെട്ട് അതിദാരുണമായി മരണപ്പെട്ട ഒരു സംഭവം ഞാൻ അപ്പോൾ ഓർത്തു.
ഇങ്ങനെയൊരു വ്യത്യാസം ഉള്ളതിന് ചിലപ്പോൾ പലവിധ കാരണങ്ങൾ ഉണ്ടാകാം.എന്നാൽ ഞാനിത് എഴുതാനുള്ള കാരണം എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അതിനേക്കാളേറെ വിലപ്പെട്ടതാണ് ഒരു മനുഷ്യജീവൻ എന്ന ഉത്തമ ബോധ്യം ഉള്ളതിനാലാണ്.ഇത് വായിക്കുന്ന കുറച്ചുപേർക്കെങ്കിലും ഇങ്ങനെയൊരു സംഭവം അവിടെയുണ്ടെന്ന് മനസ്സിലാകുമല്ലോ.നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സ് എല്ലാം ഇവിടെ നിന്നാണ് തുടങ്ങുന്നത്.RCC യിലേക്ക് എല്ലാം ധാരാളം രോഗികളെല്ലാം വരുന്ന തീവണ്ടിയാണ്.കൂടാതെ ഇത് എത്തുന്നതും പുറപ്പെടുന്നതുമായ സമയങ്ങൾ ഇരുട്ട് ആയതിനാൽ ചിലപ്പോൾ ആളുകൾ ശ്രദ്ധിക്കുകയുമില്ല.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും വണ്ടികൾ പുറപ്പെടുന്നുണ്ടോ എന്ന് എനിക്കറിയില്ല.
ചിലപ്പോൾ അവിടെ എത്തിച്ചേരുന്ന തീവണ്ടികൾ മാത്രമായിരിക്കാം നിർത്തുന്നത്.പക്ഷേ എപ്പോളെങ്കിലും ഇവിടെ നിന്നും തീവണ്ടികൾ പുറപ്പെടുകയാണെങ്കിൽ ആ സമയത്ത് തീവണ്ടി പ്ലാറ്റ്ഫോമിലേക്ക് വന്നുചേർന്നു കൊണ്ടിരിക്കുമ്പോൾ ചില യാത്രക്കാർക്ക് ഒരു വിചിത്ര സ്വഭാവമുണ്ട് ഓടുന്ന വണ്ടിയിൽ ചാടി കയറുന്നത്.
അത് ചിലപ്പോൾ ഈയൊരു സ്റ്റേഷനിൽ ഭവിഷത്തിലായിരിക്കും ചെന്നെത്തുക കൂടാതെ നല്ല മഴ പെയ്യുന്ന സമയമാണെങ്കിൽ ഇത് ശ്രദ്ധിക്കുകയുമില്ല.
മറ്റൊരു കാര്യം കൂടി പറയാനുള്ളത് ഇവിടുത്തെ പ്ലാറ്റ്ഫോമിൽ ചിലഭാഗങ്ങളിൽ നല്ല വഴുക്കലുണ്ട്.ഒരു യാത്രികൻ എന്ന നിലയിൽ സമൂഹത്തിനോട് കുറച്ചെങ്കിലും കടപ്പാട് വെക്കണം എന്ന ബോധ്യമുള്ളതുകൊണ്ട് എഴുതി.ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഈയൊരു വിഷയം ചെന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നന്ദി രോഹിത് സി പി