ആദ്യ മഹാമാരി സമയം ഞാനും അതിൽ പെട്ടു കണ്മുന്നിൽ ആളുകൾ പിടഞ്ഞു വീഴുന്ന ഭാഷ പോലും അറിയാതെ പേടിയോടെ ആ ആശുപത്രിയിൽ കഴിഞ്ഞത്

EDITOR

ഇന്ന് നഴ്സസ് ദിനത്തിൽ പല പോസ്റ്റുകൾ നാം സോഷ്യൽ മീഡിയയിൽ കണ്ടു എന്നാൽ എബ്രഹാം വർഗീസ് എന്ന ഇ ചെറുപ്പക്കാരൻ എഴുതിയ പോസ്റ്റ് ഏറെ വ്യത്യസ്തമാണ് പോസ്റ് ഇങ്ങനെ.ആദ്യ മഹാമാരി ഉണ്ടായ സമയം 2020 ൽ ഞാനും ആ മഹാമാരിയിൽ പെട്ടു എന്താണ് ഈ അസുഖം എന്നോ എങ്ങനനെയാണ് ഇതിനെ ട്രീറ്റ് ചെയ്യേണ്ടത് എന്നോ വ്യക്തമായ രൂപം ആർക്കുമില്ലാത്ത ആ കാലഘട്ടം.മൂവായിരത്തിൽ കൂടുതൽ ആളുകൾ ഉള്ള ഒരു താൽക്കാലിക ആശുപത്രയിൽ ആരെയും പരിചയമില്ലാതെ കുറെ മനുഷ്യർ.ദുബായ് എന്ന മായാ നഗരത്തിൽ ഏതൊക്കെയോ ഭാഷ സംസാരിക്കുന്ന ആരൊക്കെയോ.ഒരു വലിയ ഹാൾ, അതിൽ താൽക്കാലിക ക്യാബിൻ അടിച്ചിരിക്കുകയാണ്. എല്ലാ സജ്ജീകരണങ്ങളും ഈ ക്യാബിനിൽ ഉണ്ട് . ഈ ഹാളിൻറ്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ ണ്ടടന്നാൽ ഏതാണ്ട് പത്തു മിനിറ്റു വേണം .മരണപ്പെട്ടു പോയാൽ ശവശരീരം ആർക്കും കാണുവാനോ മറ്റു കർമ്മങ്ങൾ ചെയ്യുവാനുള്ള അനുമതി പോലും ഇല്ലാതിരുന്ന ആ കാലത്തു പേടിയോടെ മാത്രം ആ ആശുപത്രിയിൽ കഴിഞ്ഞത് പേടി സ്വപനം പോലെ ഇന്നും ഓർക്കുന്നു

മാസ്കുകൾ ഉറങ്ങുംമ്പോൾ പോലും വയ്ക്കണം. സംസാരിച്ചു നിൽക്കുന്നവർ കുഴഞ്ഞു വീണു മരിക്കുന്നു. ഒപ്പം കാപ്പി കുടിച്ചു ഇരുന്നയാൾ യാത്രയായി. അടുത്ത കട്ടിലിൽ കിടന്ന ചെറുപ്പക്കാരൻ നിന്ന നിൽപ്പിൽ പോയി.നല്ല ഭക്ഷണം നല്ല താമസം നല്ല ചികത്സ തന്ന ആ രാജ്യത്തോട് ഇന്നും കടപ്പെട്ടിരിക്കുന്നു, ആദ്യത്തെ മൂന്നാഴ്ച മണമോ രുചിയോ ഇല്ലാത്തതിനാൽ ഭക്ഷണം ഒരു ചടങ്ങിന് വേണ്ടി കഴിച്ചു. പിന്നീട് ഒരു വിധം ഭേദമായി തുടങ്ങിയപ്പോൾ മസാലകളില്ലാത്ത, പുഴുങ്ങിയ ഇറച്ചിയോടും പച്ചക്കറികളോടും വിരക്തിയായി.പുറത്തു നിന്നും ഒരു മുട്ടുസൂചി പോലും കൊണ്ടുവരുവാൻ അവിടെ സാധ്യമല്ല. കറിമസാലയുടെ കുത്തൽ ഇല്ലാതെ ഇഡ്ഡലി സാംബാർ ഇല്ലാതെ പുട്ടും കടലയും ഇല്ലാതെ ടിപ്പിക്കൽ മലയാളിയായ ഞാൻ എങ്ങനെ അവിടെ കഴിച്ചുകൂട്ടി എന്ന് എനിക്ക് തന്നെ അറിയില്ല ദിവസവും ഭക്ഷണവും മരുന്നും ഒപ്പം സോപ്പ് ഷാമ്പൂ ടവൽ കുളിച്ചു മാറാൻ ഉള്ള ഉടുപ്പ് എല്ലാം കൃത്യമായി നമ്മുളുടെ ക്യാബിനിൽ എത്തും.

ഒരു ദിവസം അവിടെ മരുന്ന് കൊണ്ടുവന്ന മലയാളി നേഴ്സ് പെൺകുട്ടിയോട് എന്റെ ആവശ്യം പറഞ്ഞു. ഒരു രണ്ടു പച്ചമുളക് നാളെ വരുമ്പോൾ കൊണ്ടുവരുമോ പെങ്ങളെ എന്ന്. ഒന്ന്പ ആലോചിച്ച ശേഷം ഉറച്ച ശബ്ദത്തിൽ പറ്റില്ല ചേട്ടാ എന്ന് അവൾ തീർത്തും പറഞ്ഞു. കാരണം അവർക്കു ഗേറ്റിൽ ചെക്കിങ് ഉണ്ട് . ഒന്നും കൈയിൽ കൊണ്ടുപോവാൻ പാടില്ല .എല്ലാ പ്രതീക്ഷയും അവിടെ തീർന്നു, രാത്രി കിട്ടിയ ഭക്ഷണം കഴിച്ചു കിടന്നു.പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കും മുന്നേ എന്റെ ടേബിളിൽ ഒരു ചെറിയ ഒരു പൊതി. അതിൽ മലയാളത്തിൽ ഒരു കുറുപ്പും.ശാരീരികമായി ബുദ്ധിമുട്ടു ആയതിനാൽ വളരെ പാടുപെട്ടാണ് എഴുന്നേൽക്കുന്നത് .
ആ പൊതിയിൽ നാല് പച്ച മുളക്, രണ്ടു ഉപ്പിലിട്ട നെല്ലിക്ക, ഒരു ചെറിയ അലൂമിനിയം ഫോയിൽ പേപ്പറിൽ രണ്ടു അല്ലി നാരങ്ങാ അച്ചാർ .. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി .ഒപ്പം ആ കുറിപ്പിൽ ഇങ്ങനെ എഴുതീരുന്നു .. ഡ്യൂട്ടി ചേഞ്ച് ആണ് ചേട്ടായി. ഇനി വേറെ സ്ഥലത്താണ്. ക്ഷമിക്കണം ഇതിൽ കൂടുതൽ കൊണ്ടുവന്നാൽ ഒരു പക്ഷെ ഞാൻ പിടിക്കപ്പെടും. വേഗം സുഖം പ്രാപിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കും.രണ്ടു ദിവസം മാത്രം ഓരോ ദിവസവും രണ്ടു പ്രാവശ്യം മാത്രം കണ്ട സഹോദരി.. ആരാണെന്നോ എന്താണന്നോ അറിയില്ല.

PPE കിറ്റ് ഇട്ടു ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണ് അവര് ഡ്യൂട്ടി ചെയ്യുന്നത്. ഒരു പക്ഷെ ഈ കിറ്റ് ധരിക്കുവാൻ അരമണിക്കൂർ നേരമെങ്കിലും വേണം, ഡ്യൂട്ടിക് ഇടയ്ക്കു ടോയ്‌ലറ്റ്ൽ പൊയ്ക്കുവാൻ പോലും സാധിക്കുമോ എന്ന് തോന്നുന്നില്ല. അതിന്റെ ഒക്കെ ഇടയ്ക്കു മൂവായിരം പേരിൽ എന്റെ ചെറിയ അപേക്ഷ കേട്ട ആ വ്യക്ത്തി ഞങ്ങൾക്ക് മാലാഖയാണ്.
ഇന്ന് ഇന്റർനാഷൻൽ നഴ്സസ് ഡേ ആയി ആഘോഷിക്കുംമ്പോൾ പേരറിയാത്ത രണ്ടു ദിവസം മാത്രം പരിചയമുള്ള ആ പെങ്ങളൂട്ടിയെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. പേര് ചോദിക്കാനുള്ള അവസരമോ സാവകാശമോ കിട്ടിയില്ല.