കുറച്ചു ദിവസമായി നാം സ്ഥിരം കാണുന്ന ഒരു പോസ്റ്റ് ആണ് യുവ തലമുറ കൂട്ടമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു എന്നുള്ളത് സത്യത്തിൽ ആരാണ് അതിനു കാരണക്കാർ ? വിദേശത്തു പോകുന്ന കുട്ടികൾ ക്ളീനിംഗ് ജോലി ആണ് എടുക്കുന്നത് എന്നുള്ളതും നാട്ടിൽ ആ ജോലി ചെയ്യാൻ വയ്യ എന്നുള്ളതും കണ്ടു അതിനാൽ ഇ കുറിപ്പ് ഇവിടെ ഷെയർ ചെയ്യുന്നു.വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് വെയ്റ്ററുടെ അല്ലെങ്കിൽ ക്ളീനിംഗ് ജോലി എന്നത് വലിയ വാർത്തയാകുന്നതിന്റെ കാരണം എന്താണ്? ഇത്തരം ആരോപണങ്ങൾ ഒരിക്കലും വിദേശരാജ്യത്തെ രീതികൾ അറിയാത്തവർ, ഒരിക്കലെങ്കിലും ഏതെങ്കിലും വിദേശരാജ്യത്ത് പോകാത്തവരുമായിരിക്കും. ചെയ്യുന്ന ജോലി എന്താണെങ്കിലും അതിന്റെ മാന്യത മനസിലാക്കാത്ത ഒരു വിഭാഗം നശിപ്പിക്കാൻ ശ്രമിക്കുന്നത് തൊഴിലിൽ വിവേചനബുദ്ധി ഇല്ലാതെ വളരാൻ ശ്രമിക്കുന്ന ഒരു യുവ തലമുറയെ ആണ്.
വിദേശരാജ്യങ്ങളിൽ എത്തുകയും ജീവിതത്തിന്റെ പുതിയ രീതികളെ അറിഞ്ഞു വളരാൻ ശ്രമിക്കുകയും ചെയ്യുന്ന നമ്മുടെ ഇളം തലമുറക്കാറിൽ അനാവശ്യമായ ചിന്തകൾ ഊട്ടി വളർത്തുന്നത് ശരിയാണോ? . ഈ നാട്ടിലൊക്കെ ഏത് ജോലിക്കും അതിന്റേതായ അന്തസ്സും വരുമാനവും ഉണ്ടെന്നുള്ളത് ഇപ്പറയുന്നവർ അറിയുന്നില്ല. ഏത് ജോലിക്കും മിനിമം വേതനം നിഷ്ക്കർഷിക്കുന്ന ഇന്നാട്ടിലെ സമ്പ്രദായങ്ങൾ അവർക്ക് ആലോചിക്കാൻ കൂടി പറ്റില്ല. നാല് മണിക്കൂർ പഠനം തുടർന്ന് പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരം തുടങ്ങി പാശ്ചാത്യ രാജ്യങ്ങളിലെ പഠന സമ്പ്രദായം ഭാരതത്തിലും നടപ്പാക്കാൻ പോകുന്ന വിവരങ്ങളൊന്നും ഇക്കൂട്ടർ അറിഞ്ഞു കാണില്ലെന്ന് വിചാരിക്കുന്നു. ഐ ടി ഐയ്യിൽ പഠിക്കുന്ന എന്റെ ഒരു സ്നേഹിതന്റെ മകൻ നാട്ടിലെ ഒരു വലിയ സൂപ്പർമാർക്കറ്റിൽ ജോലി ചോദിച്ചപ്പോൾ ജോലി തരാം പക്ഷേ 1500 രൂപ മാസം ശമ്പളം തരാം എന്നാണ് പറഞ്ഞത് . അതിന് കാരണം മിനിമം വേതനം എന്ന പരിരക്ഷ ഇല്ല എന്നതാണ്.
US ഇൽ ജനിച്ചു വളർന്ന ഭാര്യയും ഭർത്താവും ഡോക്ടർമാരായുള്ള എന്റെ ഒരു സ്നേഹിതന്റെ കോളേജിൽ പഠിക്കുന്ന മകൾ ഒരു റെസ്റ്ററന്റിൽ വെയിറ്ററസ് ആയി ജോലി ചെയ്യുന്നു. അവിടെ ജനിച്ചു വളർന്ന കുട്ടിക്ക് അതിൽ ആക്ഷേപമില്ല. കാരണം അവരുടെ സംസ്കാരം അതനുവദിക്കുന്നുണ്ട്. പക്ഷേ നമ്മൾ മലയാളികൾക്ക് അത് ദഹിക്കുന്നില്ല എന്നത് അറിവില്ലായ്മകൊണ്ടാവനെ തരമുള്ളൂ. അല്ലെങ്കിൽ ജന്മനാൽ വളർത്തിയെടുത്ത ദുരഭിമാനം ആയിരിക്കാം. നാട്ടിലെ മലയാളികൾ മറുനാടൻ മലയാളികളെപ്പോലെ മറ്റ് രാജ്യത്തിലെ പൗരന്മാരെ പോലെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.പിന്നെ വിദ്യാഭ്യാസ ശൈലിയുടെ കാര്യം. നിയോഗാഭ്യാസം അഥവാ assignments എന്ന പാശ്ചാത്യ സമ്പ്രദായം ഭാരതത്തിലും നടപ്പിലാക്കുന്നു. കാണാപാഠം പഠിച്ചിറങ്ങുന്ന ഒരു തലമുറ അവസാനിക്കുകയാണ്. IGNOU പോലുള്ള കേന്ദ്ര വിദ്യാഭ്യാസ സർവ്വകലാശാലകൾ അത് എന്നെ പ്രാവർത്തികമാക്കി കഴിഞ്ഞിരിക്കുന്നു.
ഭാഗികമായി ജോലി ചെയ്യുകയും പഠിച്ചിറങ്ങുമ്പോൾ ജോലി ചെയ്യാനുള്ള സാങ്കേതികത സ്വായത്തമാക്കാനും നമ്മുടെ പുതിയ പഠനരീതികൾ പദ്ധതിയിടുന്നുണ്ട്.കുട്ടികൾ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്നതിന് പ്രധാന കാരണം രാഷ്ട്രീയ- മത അസമത്വങ്ങൾ മാത്രമല്ല എന്നതാണ് സത്യം. ആ രീതിയിൽ ചിന്തിക്കാൻ പ്രധാന കാരണം ചെയ്യുന്ന ജോലിക്ക് അർഹിക്കുന്ന വേതനം ലഭിക്കുന്നില്ല എന്നത് തന്നെ . ജീവിത നിലവാരം ലോകോത്തരമാവുകയും എന്നാൽ അതെല്ലാം പ്രാപ്യമാക്കാൻ തക്ക വരുമാനം ഇല്ലെങ്കിൽ ആഡംബരങ്ങൾ അവശ്യം ആവശ്യമായി മാറുന്ന രാജ്യങ്ങളിലേക്ക് അവസരമുണ്ടെങ്കിൽ ചേക്കേറാൻ മലയാളികൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അക്കാലങ്ങളിൽ ജോലി തേടി പോകാനേ അവസരമുണ്ടായുള്ളൂ എങ്കിൽ ഇന്ന് പഠനവും തുടർന്നുള്ള ജീവിതവും അവിടെ ആകാൻ കിട്ടുന്ന അവസരങ്ങൾ അവർ വിനിയോഗിക്കുന്നു. അത്രമാത്രം. അതിലാർക്കാണ് തെറ്റ് പറയാൻ കഴിയുക?