ആഗ്രഹിച്ച സ്ഥലം വാങ്ങാൻ എത്തിയപ്പോ വാസ്തുവിദ്യക്കാരൻ പറയുന്നു ഇവിടെ ഒരാത്മാവ് ജീവനോടെ വെന്തെരിഞ്ഞിട്ടുണ്ട് ആളുടെ ഉദ്ദേശം മനസിലായ ഞാൻ ചെയ്തത്

EDITOR

ഇക്കഴിഞ്ഞ അവധി ദിവസങ്ങളിലാണ് ഒരു ദിവസം രാവിലെ ആ മൂന്നുപേർ എന്നെ കാണാൻ എത്തുന്നത്.മൂന്നുപേർ എന്നാൽ ദമ്പതികളായ രണ്ടു ഐ ടി പ്രൊഫഷണലുകൾ, പിന്നെ ആ പെൺകുട്ടിയുടെ പിതാവ്.ഞാൻ അവർക്കുവേണ്ടി ചെയ്തുകൊടുക്കേണ്ട കർമ്മം വളരെ ലളിതമാണ്.അവർ വാങ്ങാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് ഒന്ന് കാണണം, കണ്ടു ഇഷ്ടപ്പെട്ടാൽ അവിടെ ഒരു വീട് രൂപകൽപ്പന ചെയ്തു കൊടുക്കണം. അതിനുള്ള ദക്ഷിണയും കിട്ടും.നിസ്സാരം.അവധിക്കുവന്ന പ്രവാസിക്ക് എ ടി എമ്മിൽ നിന്നും പണം പിൻവലിച്ചു മറ്റുള്ളവർക്ക് കൊടുക്കുക എന്നതിലപ്പുറം വലിയ പണിയൊന്നും ഇല്ലാത്തതിനാൽ അതിനിടയിൽ ഇങ്ങോട്ടു കിട്ടുന്ന ഓരോ രൂപയും നൽകുന്ന മൂല്യം വളരെ വലുതാണ്.അങ്ങനെ ഞാനും അവരോടൊപ്പം വണ്ടിയിൽ കയറി, വഴിക്കു വച്ച് ഒരു ബ്രോക്കറും വണ്ടിയിൽ കയറിക്കൂടി.വസ്തു ബ്രോക്കർമാർ ഇടപെടുന്ന കേസുകളിൽ ഞാൻ പ്രാഥമികമായി ക്ലയന്റുകളെ ഉപദേശിക്കാറുള്ള ഒരു കാര്യമുണ്ട്.അതായത് വസ്തു കണ്ടു ഇഷ്ടപ്പെട്ടാലും വലിയ താൽപ്പര്യം കാണിക്കരുത്. അത് വിലയെ ബാധിച്ചുകളയും.

ഓ  തരക്കേടില്ല” എന്നും പറഞ്ഞു താല്പര്യമില്ലാതെ ചൊറിയും കുത്തി മാറി നിൽക്കണം, കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം എന്ന്.അതിനാണല്ലോ ദക്ഷിണ.സൈറ്റിൽ എത്തിയപ്പോഴാണ് ന്യൂറോസിസിന്റെ ഏറ്റവും ഭയാനകമായ ഒരു വേർഷൻ അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നത്.അൽപ്പം പൂജാ സാമഗ്രികളും, കുറച്ചു പൂവും, അരിയും, ഒരു നാളികേരവും, ഒരു കൊടുവാളും ഒക്കെയായാണ് മൂപ്പരുടെ നിൽപ്പ്.സൈറ്റിന്റെ വാസ്തു നോക്കാനായി പെൺകുട്ടിയുടെ അപ്പൻ കൊണ്ടുവന്നതാണ്.ഒരു പറമ്പിൽ രണ്ടു കുട്ടിച്ചാത്തന്മാർ വേണ്ടെന്നൊക്കെ ഞാൻ പറഞ്ഞു നോക്കിയെങ്കിലും സംസാരിച്ചു വന്നപ്പോഴാണ് എനിക്ക് സംഗതികളുടെ കിടപ്പുവശം പിടികിട്ടിയത്.ഞാൻ സൈറ്റ് കണ്ടു ഇഷ്ടപ്പെട്ടാൽ ഐ ടി ദമ്പതികൾ അത് വാങ്ങും. അതിനിടക്ക് വാസ്തുവിദ്യക്കാരൻ ഇടംകോലിട്ടാൽ അങ്ങോരെ ഒതുക്കാൻ കൂടിയാണ് എന്നെ ഇറക്കിയിരിക്കുന്നത്.ഒരു വെടിക്ക് രണ്ടു പക്ഷി. സൈറ്റും കാണണം, വാസ്തുവിദ്യക്കാരനെ ഒതുക്കുകയും വേണം.പിള്ളേര് കൊള്ളാം.അങ്ങനെ ഞാൻ സൈറ്റ് പരിശോധനയിലേക്കു കടന്നു.

മുഖ്യമായും അളവുകൾ, സൈറ്റിലേക്ക് എത്താനുള്ള റോഡിൻറെ വീതി, സൈറ്റിലോ പരിസരത്തോ വെള്ളം വെട്ടി നിൽക്കാനുള്ള സാധ്യതകൾ, നിർമ്മാണ സാമഗ്രികളുടെ ലഭ്യത, മണ്ണിന്റെ ഘടന, സമീപത്തു റെയിൽവെ ലൈനോ, പാറമടകളോ ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മുഖ്യമായും ഞാൻ അന്വേഷിച്ചത്.അതെല്ലാം ഓക്കേ. നല്ല പ്ലോട്ടാണ്. പറയുന്ന വില അൽപ്പം കൂടുതൽ ആണെന്ന് മാത്രം.പരിശോധനകൾ എല്ലാം കഴിഞ്ഞു ഞാൻ തിരികെ എത്തുമ്പോൾ പ്ലോട്ടിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ വാസ്തുവിദ്യക്കാരൻ അരങ്ങു തകർക്കുകയാണ്.അദ്ദേഹത്തിൻറെ മുന്നിൽ വച്ച നാക്കിലയിൽ സൈറ്റിൽ നിന്നും വെട്ടിയെടുത്ത അൽപ്പം മണ്ണുണ്ട്, അതിന്റെ വശത്തായി അൽപ്പം പൂക്കളും, വെട്ടി മലർത്തിവച്ച തേങ്ങയും, അരിയും ഒക്കെയുണ്ട്. കൂടെ ഒന്നുരണ്ടു ചന്ദനത്തിരിയും ചെറിയൊരു വിളക്കും ഉണ്ട്.എല്ലാത്തിനും സാക്ഷിയായി കൃഷ്ണനും, സുബ്രഹ്മണ്യനും, ശിവനും, ഗണപതിയും ഓക്കേ അടങ്ങുന്ന ഹിന്ദു ദൈവങ്ങളുടെ ഒരു ഗ്രൂപ്പ് ഫോട്ടോയും ഉണ്ട്.പൂജയുടെ അന്ത്യത്തിൽ നാക്കിലയുടെ തുമ്പത്തിരുന്ന മണ്ണെടുത്തു അദ്ദേഹം ഉള്ളം കയ്യിലിട്ടു തിരുമ്മി, പിന്നെ അതിലേക്കു സൂക്ഷിച്ചു നോക്കിയാ ശേഷം റിസൾട്ട് പബ്ലിഷ് ചെയ്തു.

ഈ സ്ഥലം കൊള്ളില്ല. ഇവിടെ ഒരാത്മാവ് ജീവനോടെ വെന്തെരിഞ്ഞിട്ടുണ്ട്. അതിന്റെ ശാപം ഈ മണ്ണിലുണ്ട്.അതോടെ ബ്രോക്കർ അടക്കം എല്ലാവരുടെയും മുഖം മ്ലാനമായി. പുള്ളി എന്നെ പ്ലോട്ടിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി
ഇക്കാലത്തു ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഹേ. നല്ല പ്ലോട്ടാണ്. പാർട്ടിയെ നിങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണംവലിയ താല്പര്യമെടുക്കാതെ ഞാൻ പറഞ്ഞു ശ്രമിച്ചു നോക്കാം. സാധ്യത കുറവാണ്. പിന്നെ വില കുറയ്ക്കുക കൂടി ചെയ്തെങ്കിൽ മാത്രമേ അവർക്കു താൽപ്പര്യം തോന്നൂ. വിശ്വാസം, അതാണല്ലോ എല്ലാം. വിലയൊക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യിക്കാം. കച്ചവടം നടക്കണം. അതാണ് പ്രധാനം.അതും പറഞ്ഞു ബ്രോക്കർ വണ്ടി കയറിപ്പോയി.ബ്രോക്കറുമായി രഹസ്യം പറഞ്ഞു തിരിച്ചെത്തിയപ്പോൾ ഞാൻ ഐടി എൻജിനീയർമാരെ അടുത്തേക്ക് വിളിച്ചു.പ്രോപ്പർട്ടിയുടെ വില കുറയ്ക്കാൻ നിങ്ങളുടെ വാസ്തുവിദ്യക്കാരൻ നല്ലൊരു വഴിയാണ് കാണിച്ചു തന്നത്. അത് ഏറ്റിട്ടും ഉണ്ട് പക്ഷെ അച്ഛൻ അടുക്കുന്ന മട്ടില്ല. പുള്ളി ആകെ പേടിച്ചിരിക്കുകയാണ്. വേറെ പ്ലോട്ട് നോക്കാം എന്നാണു പറയുന്നത്നമുക്ക് നോക്കാം

ഞാൻ വാസ്തുവിദ്യക്കാരന്റെ അടുത്തേക്ക് ചെന്നു.എന്താണ് ഈ പ്ലോട്ടിലെ ദോഷം ..? പറഞ്ഞത് കേട്ടില്ലേ ..? ഈ മണ്ണിൽ ഒരാത്മാവ് ജീവനോടെ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്”ആത്മാവ് എങ്ങനെയാണ് ദഹിക്കുന്നത്..? അതെന്താ ആത്മാവിനു ദഹിച്ചാല് ” എന്ന മട്ടിൽ പുള്ളി എന്നെ നോക്കി.സംഗതി ഏൽക്കുന്നുണ്ടെന്നു കണ്ടപ്പോൾ വിഷയത്തിൽ ഞാനല്പം നാടകീയത കലർത്തി. ആത്മാവിനെ ആയുധങ്ങൾക്ക് മുറിവേൽപ്പിക്കാനോ, അഗ്നിക്ക് ദഹിപ്പിക്കാനോ, വെള്ളത്തിനു നനയ്ക്കാനോ, കാറ്റിന് ഉണക്കാനോ കഴിയില്ലെന്നാണ് പരമാത്മാവായ ശ്രീകൃഷ്ണൻ ഗീതയിൽ പറയുന്നത്. പിന്നെ എങ്ങനെയാണ് ഈ മണ്ണിൽ ഒരു ആത്മാവ് ദഹിപ്പിക്കപ്പെട്ടു എന് താങ്കൾ പറഞ്ഞത് കറക്ടാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് ” ഫോട്ടോയിലെ കൃഷ്ണൻ തൊട്ടടുത്തിരുന്ന ശിവനോടും, ഗണപതിയോടും പറഞ്ഞു.

ആത്മാവ് എന്ന് ഞാൻ പറഞ്ഞത് ശരീരത്തെ ഉദ്ദേശിച്ചാണ്”ശരീരവും ആത്മാവും രണ്ടും രണ്ടാണല്ലോ..?പുള്ളി മറുപടി പറയുന്നില്ലെന്ന് കണ്ടപ്പോൾ എനിക്ക് ഒന്നുകൂടി ധൈര്യമായി. സംഗതി ഏശുന്നുണ്ട്.എന്ത് ശരീരമാണ് ഇവിടെ ദഹിപ്പിക്കപ്പെട്ടിട്ടുള്ളത് ?അത് റഡാറിൽ ക്ലിയർ ആവുന്നില്ല. എന്തോ ഒരു ശരീരം.അത് ഇവിടത്തെ കരിയിലകൾ കൂട്ടിയിട്ടു കത്തിച്ചപ്പോൾ ചത്തുപോയ ഒരു ഉറുമ്പിന്റെ ആത്മാവാവ് ആകാം, അല്ലെങ്കിൽ പ്ലോട്ടിന്റെ കോർണറിലൂടെ കടന്നു പോകുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കടിച്ചു ചത്തുപോയ വവ്വാലിന്റെയോ കാക്കയുടെയോ ആത്മാവാകാം, അല്ലേ..?”ആകാം. ആത്മാവ് എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ.”
അതോടെ പെൺകുട്ടിയുടെ അപ്പൻ ഒന്ന് ദീർഘ നിശ്വാസം വിട്ട. മൂപ്പർ ഹാപ്പി.ഉറുമ്പിന്റെയോ, വവ്വാലിന്റെയോ ഒക്കെ ശാപം ഒരു വിഷയമല്ല, നമുക്ക് മാനേജ് ചെയ്യാം.പ്രശ്നം സോൾവ്ഡ്.എങ്കിലും വാസ്തുക്കാരനെ ഒന്നുകൂടി സയലന്റ്‌ ആക്കാൻ ഞാൻ ഒന്നുകൂടി പറഞ്ഞു.

ഒരു പ്ലോട്ടിൽ നിർമ്മാണ കർമ്മം ആരംഭിക്കുമ്പോൾ ആ മണ്ണിലെ പക്ഷി മൃഗാദികളോടും, മർത്യരോടും, അമർത്യരോടും അവിടം വിട്ടുപോകാൻ അപേക്ഷിക്കുകയും ചെയ്യുകയാണ് ഒരു വാസ്തുവിദ്യക്കാരൻ ആദ്യം ചെയ്യേണ്ടത്. ഇവിടെ വച്ച് ജീവഹാനി സംഭവിച്ച ജീവികൾക്കായി ഒരു ചെറിയ പൂജ താങ്കൾ തന്നെ അങ്ങ് ചെയ്‌താൽ മതി”അടുത്ത പൂജക്ക്‌ വഴി തെളിഞ്ഞതോടെ ഉസ്താദ് ഫ്ലാറ്റ് .മൂപ്പരും ഹാപ്പി ഒക്കെ ഞാനേറ്റു, അങ്ങ് ധൈര്യമായി അബുദാബിക്ക് പോയാട്ടെ അങ്ങനെ രണ്ടു പക്ഷികളെ വെടിവെക്കാൻ പോയ എനിക്ക് മൂന്നു പക്ഷികളുമായി തിരിച്ചെത്താനായി .പ്ലോട്ട് നോക്കി, വാസ്തുവിദ്യക്കാരനെ ഒതുക്കി, വിലയിലും ഇടപെടാൻ കഴിഞ്ഞു.ദക്ഷിണയും കേമമായിരുന്നു, അതോടെ ഞാനും ഹാപ്പി തിരിച്ചു ഞാൻ വണ്ടിയിൽ കേറാൻ നോക്കുമ്പോഴും ഗ്രൂപ് ഫോട്ടോയിലെ ദൈവങ്ങളുടെ ചർച്ച അവസാനിച്ചിട്ടില്ല.ഓൻ ഞമ്മടെ ആളാ ദൈവങ്ങളും ഹാപ്പിയാണെന്നു തോനുന്നു
സുരേഷ് മഠത്തിൽ വളപ്പിൽ.